
രാഷ്ട്രീയത്തിനെപ്പോഴും ആവശ്യം ഒരു വില്ലനേയോ നായകനേയോ ആണ്. രാഷ്ട്രീയക്കാരെ കറുപ്പ്-വെളുപ്പ് കള്ളികളിൽ ഒതുക്കിനിർത്താനാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. ഇതിന് ഇടയില്‍ നിന്നവരെയെല്ലാം കാലം അപ്രസക്തരാക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്‍റെ ഇത്തരം മുൻവിധികളെ മറികടക്കാന്‍ അസാമാന്യമായ പ്രജ്ഞ ആവശ്യമായിരുന്നു. അങ്ങനെ കാലത്തിന്റെ ഒതുക്കിനിര്‍ത്തലുകളെ അതിജീവിച്ച് അമരരായി തീര്‍ന്ന ചുരുക്കം ചില ഭരണാധികാരികളില്‍ ഒരാളാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സ്വയം അടയാളപ്പെടുത്തേണ്ട സന്ദർഭങ്ങളിലൊക്കെ അതിന് മുതിരാതിരുന്ന അദ്ദേഹം പലപ്പോഴും പരാജയപ്പെട്ട രാഷ്ട്രീയ നേതാവായി മുദ്രകുത്തപ്പെട്ടു. എന്നാൽ, കാലം അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകുകതന്നെ ചെയ്തു.
1932-ല്‍ അവിഭക്ത ഇന്ത്യയിലായിരുന്നു ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിന്റെ ജനനം. ഇന്നത്തെ പാകിസ്താനില്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പഞ്ചാബിൽ ഗുര്‍മുഖ് സിങ്- അമൃത് കൗര്‍ ദമ്പതിമാരുടെ മകനായായിരുന്നു മൻമോഹൻ പിറന്നത്. അമൃത്സറിലെ ഹിന്ദു കോളേജ്, ഹോഷിയാര്‍പുരിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ നഫില്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി. 1971-ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്തവര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. 76-വരെ പദവിയില്‍ തുടര്‍ന്നു. അതേവര്‍ഷം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറായ മന്‍മോഹന്‍സിങ് 82-ല്‍ ഗവര്‍ണറുമായി. 1985-വരെ സ്ഥാനത്ത് തുടര്‍ന്നു. ആര്‍.ബി.ഐ. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് പിറ്റേ ദിവസമാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായി നിയമിതനാവുന്നത്. 1990-91 കാലത്ത് രാജ്യം ഭരിച്ച ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് യു.ജി.സി. അധ്യക്ഷനായും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
അപ്രതീക്ഷിതം രാഷ്ട്രീയപ്രവേശം
അക്കാദമിക് മണ്ഡലത്തിൽനിന്ന് ഉദ്യോഗസ്ഥ തലത്തിലേക്ക്. അവിടെനിന്ന് രാഷ്ട്രീയത്തിലേക്ക്. മന്‍മോഹന്‍സിങ്ങിന്റെ യാത്ര ഇങ്ങനെയായിരുന്നു. അവിചാരിതമായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. 1991-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പി.വി. നരസിംഹറാവുവാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുക്കുന്നത്. റിസര്‍വ് ബാങ്കില്‍ മന്‍മോഹന് തൊട്ടുമുമ്പ് ഗവര്‍ണറായിരുന്ന ഐ.ജി. പട്ടേലിനായിരുന്നത്രേ റാവു ആദ്യം ധനമന്ത്രിദം വാഗ്ദാനം ചെയ്തത്. പട്ടേല്‍ നിരസിച്ചപ്പോള്‍ സ്ഥാനമേറ്റെടുക്കാന്‍ മന്‍മോഹന്‍ സിങ് തയ്യാറായി. മന്ത്രിസഭാ പ്രവേശത്തെക്കുറിച്ച് മന്‍മോഹന്‍സിങ് പങ്കുവെക്കുന്ന ഒരോര്‍മ ഇങ്ങനെയാണ്: മന്ത്രിസഭാ രൂപവത്കരണത്തിന്റെ ആലോചനകള്‍ നടക്കുന്ന ദിവസം നരസിംഹ റാവുവിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അദ്ദേഹം എന്റെ അടുത്തേക്ക് അയച്ചു. നിങ്ങള്‍ രാജ്യത്തിന്റെ ധനകാര്യമന്ത്രിയാവണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നോട് പറഞ്ഞു. ഞാനത് കാര്യമായി എടുത്തില്ല. പിറ്റേന്ന് എന്നെ വിളിച്ച്, അല്പം ദേഷ്യത്തോടെ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ രാഷ്ട്രീയത്തിലെത്തി.
1991-ല്‍ അസാധാരണായി തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാന്‍ മന്‍മോഹന്‍ സിങ്ങിനാവുമെന്ന് പി.വി. നരസിംഹറാവു പ്രതീക്ഷിച്ചു. സാമ്പത്തിക രംഗത്തെ രക്ഷയ്ക്കായി ഐ.എം.എഫ്. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യസംഘടനകളെ രാജ്യം സമീപിച്ചു. എന്നാല്‍, സഹായം ലഭിക്കണമെങ്കില്‍ ഇന്ത്യയുടെ ലൈസന്‍സ് രാജ് അവസാനിപ്പിക്കണമെന്നതടക്കമുള്ള ഉപാധികള്‍ ഐ.എം.എഫ്. മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിനെ നരസിംഹറാവു ധനമന്ത്രിയായി നിയോഗിക്കുന്നത്. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങളുടെ കെട്ടുകൾ അഴിക്കണമെന്നും പൊതുമേഖല സ്വകാര്യമേഖലയ്ക്കായി തുറക്കണമെന്നും മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചു. സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒന്നടങ്കം ഒഴിവാക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തെങ്കിലും മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ക്ക് നരസിംഹറാവു അംഗീകാരം നല്‍കി.
1991-ലെ പ്രതിസന്ധി ഉര്‍വശീശാപമായാണ് മന്‍മോഹന്‍സിങ് പിന്നീട് വിലയിരുത്തിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉദാരവത്കരിക്കാന്‍ പ്രതിസന്ധി സഹായിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ പ്രതിസന്ധിയുണ്ടായിരുന്നില്ലെങ്കില്‍ ഉദാരവത്കരണം സാധ്യമാവുമായിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മന്‍മോഹന്‍ ധനമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികനില വളരേ മോശമായിരുന്നു. ആഴ്ചകള്‍ മാത്രം ഇറക്കുമതി നടത്താനുള്ള വിദേശനാണ്യ നിക്ഷേപമായിരുന്നു ഇന്ത്യയുടെ കൈയില്‍ ബാക്കിയുണ്ടായിരുന്നത്. 1980-കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇന്ത്യയ്ക്ക് കുറഞ്ഞ തുകയ്ക്ക് എണ്ണയും അസംസ്‌കൃത വസ്തുക്കളും ലഭിക്കുന്നത് ഏതാണ്ട് നിലച്ചിരുന്നു. ഡോളറിലല്ലാതെ വിനിമയം നടത്താമായിരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപണിയും ഇല്ലാതായി. ഇതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടത്. ഇവിടെയാണ് മന്‍മോഹന്‍ സിങ് സാധ്യത കണ്ടത്.
ഉദാരവത്കരണവും സ്വകാര്യവത്കരണവും നടപ്പാക്കി. ആഗോളവത്കരണത്തിലൂടെ ഇന്ത്യന്‍ വിപണി തുറന്നിട്ടു. അമിതമായ കേന്ദ്രീകൃതസ്വഭാവവും സാമ്പത്തിക മേഖലയിലെ അമിതമായ ഉദ്യോഗസ്ഥ ഇടപെടലും സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടികള്‍ മാത്രമാണ് നല്‍കുന്നതെന്ന് ആദ്യ ബജറ്റ് പ്രസംഗത്തില്‍ മന്‍മോഹന്‍ ഇടര്‍ച്ചകളില്ലാതെ പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഘടനാപരമായ മറ്റങ്ങള്‍ക്ക് തുടക്കമിട്ട് പുതിയ വ്യവസായനയം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയോട് മുഖം തിരിച്ചുനിന്ന പല കമ്പനികളും രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറായി. ലൈസന്‍സ് രാജിന് തടയിട്ട് വ്യവസായങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കി. രൂപയുടെ മൂല്യം വെട്ടിക്കുറയ്ക്കുകയും ആഭ്യന്തര ഉത്പന്നങ്ങളുടെ സബ്‌സിഡികൾ കുറയ്ക്കുകയും ചെയ്തു.
സാമ്പത്തിക രംഗത്ത് സോഷ്യലിസ്റ്റ് ആശങ്ങളില്‍നിന്നുള്ള വ്യതിചലനമായിരുന്നു മന്‍മോഹന്റേത്. ഇത് വളരെക്കാലം വിമര്‍ശിക്കപ്പെട്ടെങ്കിലും ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ബലപ്പെട്ട് നില്‍ക്കുന്നത് ഈ തീരുമാനങ്ങളിലാണെന്ന് കാണാം. 1994-ലെ ബജറ്റോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഒരു കോടിയോളം തൊഴിലവസരങ്ങള്‍ നാലുവര്‍ഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടു. മത്സരാധിഷ്ടിതമായ വിപണി സൃഷ്ടിച്ചു.
പിന്നീട് നേട്ടമെന്ന് വിലയിരുത്തപ്പെട്ട മന്‍മോഹന്‍ സിങ്ങിന്റെ വലിയ ചുവടുകളെല്ലാം അന്ന് നേരിടേണ്ടിവന്നത് വലിയ വിമര്‍ശനങ്ങളായിരുന്നു. കുറഞ്ഞത് രണ്ടുതവണ ഇക്കാലയളവില്‍ മന്‍മോഹന്‍ സിങ് രാജിസന്നദ്ധത അറിയിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പേരില്‍ വലിയ വിമര്‍ശനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുതന്നെ മന്‍മോഹന് എതിരെ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ആദ്യം രാജിക്ക് തയ്യാറായത്. ഹര്‍ഷദ് മേത്ത ഉള്‍പ്പെട്ട ഓഹരി കുംഭകോണത്തിന്റെ അവസരത്തിലായിരുന്നു രണ്ടാമത്തേത്. രണ്ട് അവസരങ്ങളിലും പ്രധാനമന്ത്രി നരസിംഹറാവു രാജി നിഷേധിക്കുകയായിരുന്നു.
പ്രതിപക്ഷമുഖം
പ്രധാനമന്ത്രി പദവിവരെ എത്തിയിട്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞില്ല. ഒരിക്കലും ലോക്‌സഭാംഗമാകാത്ത മന്‍മോഹന്‍സിങ് അഞ്ചുതവണ രാജ്യസഭാംഗമായി. നരസിംഹറാവു ധനകാര്യമന്ത്രിയാക്കിയപ്പോള്‍ മന്‍മോഹന്‍ പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭ വഴിയാണ്. അസമില്‍നിന്നാണ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. 1991 മുതല്‍ 2019-വരെ അസമില്‍നിന്ന് രാജ്യസഭയില്‍ എത്തിയ മന്‍മോഹന്‍, 2019 മുതല്‍ 2024 വരെ രാജസ്ഥാനില്‍നിന്നുള്ള അംഗമായിരുന്നു. ഓരേയൊരു തവണയാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ വിജയ് കുമാര്‍ മല്‍ഹോത്രയോട് പരാജയപ്പെട്ടു. 1998 മുതല്‍ 2004-വരെ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷനേതാവായും മന്‍മോഹന്‍സിങ് കോണ്‍ഗ്രസിനെ നയിച്ചു.
പ്രധാനമന്ത്രിപദത്തില്‍
രാഷ്ട്രീയപ്രവേശനവും ധനമന്ത്രി പദവുംപോലെതന്നെ മന്‍മോഹന്‍ സിങ്ങിന്റെ പ്രധാനമന്ത്രി പദവും അവിചാരിതമായിരുന്നു. 2004-ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വാഭാവികമായും സോണിയാഗാന്ധിയായിരുന്നു പ്രധാനമന്ത്രിയാവേണ്ടിയിരുന്നത്. എന്നാല്‍, അവരുടെ ഇറ്റാലിയന്‍ വേരുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയടക്കം വലിയ വിമര്‍ശനം ഉന്നയിക്കുന്ന കാലമായിരുന്നു അത്. നേരിട്ട് അധികാരം കൈയാളുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ലഭിക്കുകയായിരുന്നു. പ്രണബ് മുഖര്‍ജിയടക്കം വലിയ പേരുകള്‍ ഒഴിവാക്കിയായിരുന്നു മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത്. അധികാരത്തോട് അകന്നുനില്‍ക്കുമ്പോഴും ഭരണത്തില്‍ തന്റെ സ്വാധീനം ഉറപ്പിക്കാനായിരുന്നു സോണിയ മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതെന്ന് വിലയിരുത്തപ്പെട്ടു. ആദ്യ സിഖ് പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ്ങിനെ തിരഞ്ഞെടുക്കുക വഴി, സിഖ് വിരുദ്ധകലാപത്തിന് ഗാന്ധി കുടുംബത്തിന്റെ പശ്ചാത്താപമായും ചിലര്‍ നീക്കത്തെ വ്യാഖ്യാനിച്ചു. പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് സിഖ് വിരുദ്ധകലാപത്തില്‍ ഖേദം പ്രകടിപ്പിച്ചതും കോണ്‍ഗ്രസിന്റെ വലിയ രാഷ്ട്രീയനീക്കമായിരുന്നു.
പ്രധാനമന്ത്രി പദത്തിലും വിപണി കേന്ദ്രീകൃതമായ സാമ്പത്തിക നയങ്ങള്‍ തന്നെ തുടര്‍ന്നുവെങ്കിലും മധ്യ- ഇടത് നിലപാടുകളുടെ പേരില്‍ കൂടിയാണ് മന്‍മോഹന്‍ സിങ്ങിന്റെ രണ്ടുസര്‍ക്കാരുകളും അറിയപ്പെടുന്നത്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇടതുകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ആണവകരാര്‍ സര്‍ക്കാരിന്റെ വലിയ വിജയമായിരുന്നു. രാജ്യം ആദ്യമായി ഒന്‍പതു ശതമാനം ജി.ഡി.പി. വളര്‍ച്ച രേഖപ്പെടുത്തുന്നത് ആദ്യ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് 2007-ലാണ്. ആരോഗ്യരംഗത്തെ ദേശീയ ആരോഗ്യദൗത്യമടക്കം വലിയ തീരുമാനമായിരുന്നു. ഐ.ഐ.ടികളിലും എയിംസിലും 27% ഒ.ബി.സി. സംവരണം വലിയ പ്രതിഷേധത്തിന് ഇടയാക്കി. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു യു.എ.പി.എ. നിയമങ്ങള്‍ ശക്തിപ്പെടുത്തിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ എന്‍.ഐ.എ. രൂപവത്കരിച്ചു. ആധാര്‍ നടപ്പിലാക്കിയതും ആദ്യ മന്‍മോഹന്‍ സര്‍ക്കാര്‍ക്കാരായിരുന്നു. വിവരാവകാശനിയമം, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, സര്‍ക്കാര്‍ ധനസഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി, ആറുമുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നിയമം, ഭൂമി ഏറ്റെടുക്കലിനുള്ള നിയമനിര്‍മാണം, ഇന്ത്യന്‍ കമ്പനീസ് ആക്ട്, ലോക്പാല്‍- ലോകായുക്ത നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവ മന്‍മോഹന്‍ സിങ്ങിന്റെ പത്തുവര്‍ഷ കാലയളവിലെടുത്ത ചരിത്രതീരുമാനങ്ങളായിരുന്നു.
ലോകം ഇന്ത്യയിലേക്ക് നോക്കിയ കാലം
2007- 08 കാലത്തെ മാന്ദ്യം ലോകരാജ്യങ്ങളെയാകെ സംഭ്രമിപ്പിച്ചപ്പോള്‍, വെല്ലുവിളിയെ വിജയകരമായി കടന്നുപോയത് ഇന്ത്യ മാത്രമായിരുന്നു. അതില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച കുത്തനെ ഇടിയുമെന്ന ലോകബാങ്കിന്റെ പ്രവചനം തള്ളി മാന്ദ്യത്തെ രാജ്യം പ്രതിരോധിച്ചു. 12 ബില്യണ്‍ ഡോളര്‍ ഓഹരി വിപണിയില്‍നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചപ്പോഴും രാജ്യം പതറാതെ നിന്നു. ഇന്ത്യന്‍ ബാങ്കുകളുടെ മൂലധനസ്ഥിരതയായിരുന്നു ഇതിനെ സഹായിച്ചത്. കാര്‍ഷിക വായ്പ കുടിശ്ശിക എഴുതിത്തള്ളിയതും വലിയ നീക്കമായിരുന്നു. കയറ്റുമതി പ്രതിസന്ധി നേരിട്ടപ്പോള്‍ ഉത്പന്നങ്ങള്‍ക്കുപകരം സേവനങ്ങള്‍ കയറ്റുമതി ചെയ്തായിരുന്നു ഇന്ത്യ പിടിച്ചുനിന്നത്. ലോകരാജ്യങ്ങളാകെ പകച്ചുനിന്നപ്പോള്‍ ഇന്ത്യയുടെ ചെറുത്ത് നില്‍പ് പലരേയും അമ്പരപ്പിച്ചു. ഇത് പിന്നീട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. 2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മന്‍മോഹന്‍ സിങ് സഹായിച്ചുവെന്നായിരുന്നു ഒബാമയുടെ വെളിപ്പെടുത്തല്‍.
മന്‍മോഹനെ കേട്ട ജെയ്റ്റ്‌ലി
മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരെ ആരോപണശരങ്ങള്‍ എയ്താണ് ആദ്യ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുമ്പ് മോദി സര്‍ക്കാരിലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു നീക്കം ഏവരേയും ഞെട്ടിച്ചു. മോദിയെ കാണാന്‍ പോകുംവഴി മന്‍മോഹന്‍ സിങ്ങിനെ ജെയ്റ്റ്‌ലി വീട്ടിലെത്തി കണ്ടു. ബജറ്റിന് മുന്നോടിയായുള്ള ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു. ധനമന്ത്രി പദമേറ്റെടുക്കുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി പൊതുചടങ്ങില്‍വെച്ച് സംസാരിച്ച മന്‍മോഹന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്തു. പ്രധാനമന്ത്രി പദം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, രാജ്യസഭാ പ്രതിപക്ഷനേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്‍മോഹനെ വിശേഷിപ്പിച്ചത് 'ജ്ഞാനിയായ മനുഷ്യന്‍' എന്നായിരുന്നു.
മഹാമൗനത്തെ ഭേദിച്ച വാക്കുകള്‍
മൗനിയായ പ്രധാനമന്ത്രിയെന്നായിരുന്നു മന്‍മോഹന്‍സിങ്ങിനെതിരായ ബി.ജെ.പിയുടെ പ്രധാനവിമര്‍ശനം. 'മൗനി ബാബ' എന്നായിരുന്നു പ്രതിപക്ഷം അദ്ദേഹത്തിന് നല്‍കിയ പേര്. 2014 വരെ പത്തുവര്‍ഷം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യം ശ്രദ്ധിച്ച വമ്പന്‍ കുംഭകോണങ്ങളും അഴിമതിയാരോപണങ്ങളും ഏറെയുണ്ടായിരുന്നു. കല്‍ക്കരിപ്പാടം, 2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അന്നത്തെ പ്രതിപക്ഷത്തിന് ആയുധം നല്‍കിയ ഒട്ടേറെ കേസുകള്‍. മന്‍മോഹന്‍ സിങ്ങോ അദ്ദേഹത്തിന്റെ ഓഫീസോ നേരിട്ട് അഴിമതിയാരോപണത്തിന് വിധേയരായില്ലെങ്കിലും ഇത്തരം കേസുകളിലെല്ലാം അദ്ദേഹത്തിന്റെ മൗനം എതിരാളികള്‍ ആയുധമാക്കി. കറപുരളാത്ത നേതാവ് എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയെ 2ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസുകള്‍ കുറച്ചൊന്നുമല്ല ബാധിച്ചത്.
മന്‍മോഹന്‍ മൗനത്തെ ഭേദിച്ചപ്പോഴൊക്കെ എതിരാളികള്‍ക്ക് നേരെയുള്ള വലിയ ചാട്ടുളികളായിരുന്നു അത്. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ അവസാനകാലത്ത് ആരോപണശരങ്ങളേറ്റുകൊണ്ടിരുന്നപ്പോള്‍ മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് പ്രവാചകതുല്യമായ ആത്മവിശ്വാസത്തോടെ മന്‍മോഹന്‍സിങ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- 'സമകാലിക മാധ്യമങ്ങളെക്കാളും ചരിത്രം എന്നോട് ദയാലുവായിരിക്കും'.
മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകളുടെ ചൂടറിഞ്ഞവരില്‍ മോദിയും അദ്വാനിയുമുണ്ട്. മോദിസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ 'സംഘടിത കൊള്ള'യെന്നും നിയമവിധേയ കവര്‍ച്ച'യെന്നും ആദ്യമായി പാര്‍ലമെന്റില്‍ വിമര്‍ശിച്ച മന്‍മോഹന്‍സിങ്ങിന്റെ പതിഞ്ഞ ശബ്ദം രാജ്യംമുഴുവന്‍ പ്രതിധ്വനിച്ചു. അധികാരമൊഴിഞ്ഞ് പ്രതിപക്ഷത്തെത്തിയപ്പോഴും ശാന്തനും മൗനിയുമായാണ് പാര്‍ലമെന്റിലും പുറത്തും മന്‍മോഹന്‍ സിങ് പെരുമാറിയത്. അതിനൊരപവാദമായിരുന്നു നോട്ട് നിരോധനത്തിന് ആഴ്ചകള്‍ക്കുശേഷം 2016 നവംബര്‍ 24-ന് രാജ്യസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം. ലോകം ശ്രദ്ധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ മന്‍മോഹന്‍ സിങ് നോട്ട് നിരോധനത്തെ സംഘടിതകൊള്ളയെന്ന് വിളിച്ചപ്പോള്‍ അത് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന സ്ഥിരം ആരോപണങ്ങളുടെ ഗണത്തില്‍ ഒതുങ്ങിയില്ല. നോട്ടുനിരോധനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി വളരെ വ്യക്തിപരമായാണ് കണ്ടത്.
'ദുര്‍ബലനായ പ്രധാനമന്ത്രി' എന്ന അദ്വാനിയുടെ വിമർശനത്തിന്, തന്‍റെ സ്വതസിദ്ധമായ സംയമനത്തോടെ മന്‍മോഹന്‍ സിങ് ശക്തമായ പ്രഹരം കൊടുത്തു: 'ഒരുപക്ഷേ, ദുര്‍ബലനായിരിക്കാം. എന്നാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയം ഒരുകൂട്ടം തെമ്മാടികള്‍ ചേര്‍ന്ന് തകര്‍ക്കുന്നതുകണ്ട് ഒരു മൂലയിലിരുന്ന് കരയാന്‍ മാത്രം കൊള്ളരുതാത്തവനല്ല ഞാന്‍' എന്നായിരുന്നു അദ്വാനിക്ക് നല്‍കിയ മറുപടി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോദിയെ ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്ന സമയത്ത് ഇരുവരും തമ്മില്‍ താരതമ്യമുണ്ടായി. അന്ന് മന്‍മോഹന്‍ സിങ്ങിന്റെ മറുപടി ഇങ്ങനെ: 'അഹമ്മദാബാദ് തെരുവുകളില്‍ പൗരന്മാരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുന്നതാണ് പ്രധാനമന്ത്രിക്കുവേണ്ട കരുത്തായി നിങ്ങള്‍ കാണുന്നതെങ്കില്‍ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അത്തരത്തിലൊരു കരുത്ത് വേണമെന്ന് ഞാന്‍ കരുതുന്നില്ല'. കൃത്യതയേറിയ വാക്കുകള്‍ക്കൊണ്ട് അന്നും വലിയ പ്രഹരമേല്‍പ്പിച്ചു മന്‍മോഹന്‍. മൗനത്തെ ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും ആരോപണങ്ങളുയര്‍ന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ ഏറ്റവും ഒടുവിലെ പ്രതിരോധം ചെന്നുതറച്ചത് നരേന്ദ്രമോദിയിലാണ്. 'ഞാനൊരു മൗനിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷേ, മാധ്യമങ്ങളെ കാണാന്‍ ഭയപ്പെടാതിരുന്ന പ്രധാനമന്ത്രിയായിരുന്നു ഞാൻ', അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
വെള്ളത്താടിയും കണ്ണടയും ചിരിക്കുന്ന മുഖവുമായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സൗമ്യരൂപമായിരുന്നു മന്‍മോഹന്‍ സിങ്ങിന്റേത്. കേംബ്രിഡ്ജ് കാലത്ത് തനിക്ക് നീലത്തലപ്പാവുകാരന്‍ എന്ന വട്ടപ്പേരുണ്ടായിരുന്നുവെന്ന് മന്‍മോഹന്‍സിങ് ഓര്‍ത്തെടുക്കുമായിരുന്നു. നീലയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിറം. ഒട്ടും രാഷ്ട്രീയക്കാരനല്ലായിരുന്ന ആ നീലത്തലപ്പാവുകാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചു. നടുവൊടിഞ്ഞുവീഴുമായിരുന്ന സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തി. ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ സംസാരിച്ചു. അവസാനകാലത്തുപോലും രാഷ്ട്രീയമായി പാര്‍ട്ടിയും രാജ്യവും പ്രതിസന്ധിയിലായപ്പോള്‍ വ്യക്തിപരമായ അവശതകള്‍ക്കിടയിലും കടമകള്‍ നിര്‍വഹിച്ചു. ഒടുവില്‍ മരണത്തില്‍പോലും തന്റെ വ്യക്തിത്വം വിട്ടില്ല- ഒച്ചപ്പാടുകളില്ലാതെ, അവകാശവാദങ്ങളില്ലാതെ, ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന് സാക്ഷ്യമായി ആ സൗമ്യതമാത്രം ബാക്കിവെച്ച് അദ്ദേഹം കടന്നുപോയി.
Content Highlights: Explore the life and legacy of Manmohan Singh, his economic reforms, and his quiet leadership
Published: 27 Dec 2024, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented