ഡിസംബർ 14 ന് തുടങ്ങിയ ഈ തെറിക്കൽ ഒൻപത് ദിവസത്തോളം നീണ്ടു നിന്നു. ദിവസത്തിൽ ഒരു ലക്ഷത്തോളം ബാരൽ എണ്ണ എന്ന കണക്കിൽ പുറത്തേക്കു തെറിച്ചു.

വെനസ്വേലയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ജലാശയങ്ങളിലൊന്നായ സുന്ദരമായ 'മരക്കൈബോ തടാകം'.1917 ലെ ഒരു വരണ്ട വേനൽക്കാലം. ഇടതൂർന്ന വലിയ കണ്ടൽക്കൂട്ടങ്ങൾ അങ്ങിങ്ങ് വലിയ തുരുത്തുകൾ പോലെ തോന്നിച്ചു. പിങ്ക് പൂക്കളുള്ള 'അപ്പാമാത്തെ' മരങ്ങൾ കാറ്റത്ത് പൂക്കൾ പൊഴിച്ചു. തടാകത്തെ തഴുകി വരുന്ന കാറ്റ് തീരത്തെ കൃഷിസ്ഥലത്ത് മണ്ണ് കിളയ്ക്കുന്ന കർഷകർക്ക് കനത്ത വേനലിലും കുളിർമയുണ്ടാക്കി. അതുവരെ പരിചയമില്ലാത്ത ഒരു രൂക്ഷഗന്ധം അവിടെ കാറ്റിൽ അലയടിക്കുന്നുണ്ടായിരുന്നു. കർഷകർ അതിന്റെ ഉറവിടം തേടി തടാകത്തിന്റെ കിഴക്കു ഭാഗത്തേക്ക് നടന്നു. അവിടെ കറുത്ത കറ പോലെയുള്ള ഒരു ദ്രാവകം ഭൂമിക്കടിയിൽ നിന്നും മണ്ണിൽ കിനിഞ്ഞു വരുന്നുണ്ടായിരുന്നു. കുറച്ചു സമയം കൊണ്ട് അത് കുറേ ഭാഗത്തു വ്യാപിച്ചു. ആ പ്രദേശത്തെ മുക്കുവർ ഇത് ശേഖരിച്ചു. 'ചപ്പേപോട്ടെ' എന്ന് അവർ പേരിട്ട ഈ കറ അവർ അവരുടെ വള്ളത്തിനുണ്ടായിരുന്ന സുഷിരങ്ങളും കീറലുകളും അടയ്ക്കാൻ ഉപയോഗിച്ചു. മരക്കൈബോ തടാകത്തിന്റെ മറ്റിടങ്ങളിലും ഈ കറ കാണപ്പെട്ടതിനെ തുടർന്ന് ശാസ്ത്രജ്ഞന്മാർ ഈ പ്രതിഭാസത്തെ പറ്റി പഠിക്കാൻ തുടങ്ങി. ഈ കറ മറ്റൊന്നുമല്ല, നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമായ 'ക്രൂഡ് ഓയിൽ' ആണെന്ന് പിന്നീട് മനസ്സിലായി.
മരക്കൈബോ പ്രദേശത്ത് ക്രൂഡ് ഓയിൽ നിക്ഷേപങ്ങൾ കണ്ടെത്താൻ ' വെനസ്വേല ഓയിൽ കൺസെഷൻസ് (vOC)' എന്ന കമ്പനി 1917 ഓടെ തന്നെ ശ്രമങ്ങൾ തുടങ്ങി. അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ജിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ആയിരുന്നു മൈനിങ് നടത്തിയിരുന്നത്. ഗോപുരം പോലെ ഉയർന്ന സ്റ്റീൽ ടവറുകൾ തദ്ദേശീയരിൽ അത്ഭുതം വിടർത്തി. എന്താണ് സംഭവിക്കുന്നതെന്ന് അവർക്കു മനസ്സിലായില്ല. അവിടെ നിന്നും കുഴിച്ചെടുക്കുന്ന ഓയിൽ വളരെ കട്ടിയുള്ളതും മെഴുക് പോലെയുള്ളതുമായിരുന്നു. സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ടും വളരെ കുറഞ്ഞ വിപണന സാധ്യതയും മൂലം കമ്പനി ഒരു ഘട്ടത്തിൽ പ്രവർത്തനം നിർത്താൻ തന്നെ ആലോചിച്ചു. കൂടാതെ മലേറിയ പോലുള്ള രോഗങ്ങളും അവരെ ശല്യം ചെയ്തു. അങ്ങനെയിരിക്കേ ' ബൊറ്റോം' എന്ന വെനസ്വെലൻ ജിയോളജിസ്റ്റ് ഇതുവരെ കുഴിച്ചതിനേക്കാൾ ആഴത്തിൽ ബോറിംഗ് തുടരാൻ ആവശ്യപ്പെട്ടു. പുറമെയുള്ള കനം കൂടിയ പാളി കഴിഞ്ഞാൽ കൂടുതൽ നേർത്ത ഓയിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1922 ഡിസംബർ 14, മരക്കൈബോ തടാകത്തിന്റെ കിഴക്കേ തീരം, കബിമാസ് എന്ന സ്ഥലം. അവിടെയാണ് ലോസ് ബെറോസസ് രണ്ടാം നമ്പർ എണ്ണക്കിണർ. സമയം രാവിലെ 7. 30. കിണറിന്റെ കുഴി ഏതാണ്ട് 1400 അടി താഴ്ച്ചയായി. കുഴിച്ചു കൊണ്ടിരിക്കേ ബോറിംഗ് ബിറ്റ് അത്യന്തം മർദ്ദത്തോട് കൂടിയുള്ള ഒരു പാളിയിൽ തട്ടുന്നു. ഭൂമിയുടെ അടിയിൽ നിന്നും ഒരു മുരൾച്ച കേൾക്കുന്നു. പൊടുന്നനെ മണ്ണിനടിയിൽ നിന്നും ക്രൂഡ് ഓയിലും ഗ്യാസും വെള്ളവും മണലും അടങ്ങിയ ഒരു മിശ്രിതം ഒരു അത്യുഗ്രൻ സ്‌ഫോടനത്തോട് കൂടി പുറത്തേക്കു തെറിച്ചു. ഏതാണ്ട് 200 അടി ഉയരത്തിൽ ഒരു കറുത്ത കൂൺ പോലെ ഈ മിശ്രിതം ശക്തിയായി പൊങ്ങി. ആയിരം തീവണ്ടികൾ ഒന്നിച്ചു പോകുന്നത് പോലെയുള്ള ശബ്ദം. മരക്കൈബോ തടാകത്തിൽ എണ്ണപ്പാടകൾ ആയിരക്കണക്കിന് കറുത്ത പാമ്പുകളെപ്പോലെ അതിവേഗം ഇഴഞ്ഞു. മുകളിലേക്കു പൊങ്ങിയ ഗ്യാസിലും എണ്ണയിലും ചിറക് കുതിർന്നു ആകാശത്തിൽ നിന്നും പറവകൾ വീണു കൊണ്ടിരുന്നു. നിമിഷങ്ങൾ കൊണ്ട് മത്സ്യങ്ങൾ ചത്ത് പൊങ്ങി. കൃഷിസ്ഥലങ്ങളും മരങ്ങളും വീടുകളും നശിച്ചു. ഗത്യന്തരമില്ലാതെ ജനങ്ങൾ പരിഭ്രാന്തരായി നാലുപാടും ഓടി. എങ്ങും കറുപ്പ് മാത്രം.
ഡിസംബർ 14 ന് തുടങ്ങിയ ഈ തെറിക്കൽ ഒൻപത് ദിവസത്തോളം നീണ്ടു നിന്നു. ദിവസത്തിൽ ഒരു ലക്ഷത്തോളം ബാരൽ എണ്ണ എന്ന കണക്കിൽ പുറത്തേക്കു തെറിച്ചു. കിണർ ശാന്തമായപ്പോൾ ഒരു കാര്യം വ്യക്തമായി. പുറത്തേക്ക് വന്ന എണ്ണ നേർത്തതാണ്. ഗുണം കൂടിയതാണ്. കിണറിൽ നിന്നും മെല്ലെ ക്രൂഡ് ഓയിൽ കുഴിച്ചെടുക്കൽ തുടങ്ങി. മരക്കൈബയിൽ അങ്ങോളമിങ്ങോളം പുതിയ എണ്ണക്കിണറുകൾ തുറന്നു. ഓരോന്നും ഓരോ സാമ്രാജ്യത്തിന് തുല്യം. ഓടിപ്പോയവർ തിരിച്ചുവന്നു. കൃഷിയും വീടുകളും നശിച്ചെങ്കിലും അവർ സ്ഥലം കമ്പനികൾക്ക് ലീസിനു കൊടുത്തു. കൃഷിയും മത്സ്യബന്ധനവും പ്രകൃതിയും നശിച്ചതോടെ പതിയെ ജനങ്ങൾ അതെല്ലാം മറന്ന് ഈ കറുത്ത സ്വർണത്തിന്റെ പിന്നാലെ പോയി. അവർ പണക്കാരായി. ഭൂമിയിൽ നിന്നുമുള്ള പൊട്ടിത്തെറി അങ്ങനെ അനുഗ്രഹമായി. അതിന്റെ ചുവടു പിടിച്ചു വെനസ്വേല ലോകത്തിലെ മൊത്തം പെട്രോൾ ഉത്പാദനത്തിന്റെ 18 ശതമാനം കൈയ്യടക്കി. 1929 ഓടെ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ നാണ്യ വിനിമയ രാജ്യമായി മാറി.
ഇത്രയധികം എണ്ണ ഫോസിലുകൾ എങ്ങനെ വെനസ്വേലയിൽ ഉണ്ടായി? പത്തു കോടി വർഷം മുൻപേയുള്ള ക്രിറ്റേഷ്യസ് യുഗം. വടക്കൻ വെനസ്വേലയിൽ ലാ ലൂന എന്ന പ്രാചീന കടലിടുക്കായിരുന്നു. പ്ലാങ്ക്ടനുകൾ, ആൽഗകൾ, സൂക്ഷ്മജീവികൾ സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു. സമുദ്രത്തിന്റെ അടിവശത്ത് ഓക്‌സിജൻ ഇല്ലാത്ത അവസ്ഥയായിരുന്നു. കോടിക്കണക്കിന് ടൺ മൃതസൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങൾ വിഘടനം കൂടാതെ, അഴുകാതെ സമുദ്രത്തിന്റെ അടിവശത്ത് അടിഞ്ഞു കൂടി. ഇത് 'ലാ ലൂന ഫോർമേഷൻ' എന്ന പാറ പടലമായി മാറി. ഇതാണ് വെനിസ്വെലയിലെ എല്ലാ എണ്ണശേഖരങ്ങളുടെയും അമ്മ. കാലം കടന്നു പോയി. ഭൂമിയിൽ പിന്നെയും മാറ്റങ്ങളുണ്ടായി. ഏതാണ്ട് അഞ്ചു കോടി വർഷങ്ങൾക്കു ശേഷം കരീബിയൻ ടെക്ടോണിക് പാളികളും തെക്കേ അമേരിക്കൻ പാളികളും കൂട്ടിയിടിച്ചു ആൻഡീസ് പർവ്വതനിരകൾ ഉണ്ടായി. ശക്തിയേറിയ ഭൂചലനത്തിൽ ലാ ലൂന പാറ പടലങ്ങൾ വീണ്ടും താഴേയ്ക്ക് പോയി. അവിടെ ഭൂമിയുടെ താപനില നൂറ് ഡിഗ്രിക്ക് മുകളിൽ ഉയർന്നു. മർദ്ദം കൂടി ആ മേഖല ഒരു പ്രഷർ കുക്കർ പോലെയായി. വർഷങ്ങൾ നീണ്ടു നിന്ന രാസപ്രക്രിയയുടെ ഫലമായി പാറ പടലങ്ങൾ ദ്രാവക ഹൈഡ്രോകാർബണുകൾ അഥവാ എണ്ണയായി മാറി. മറ്റു ഭാഗത്തേക്ക്, പ്രേത്യേകിച്ച് കിഴക്കു ഭാഗത്തേക്ക് ഒഴുകിയ ദ്രാവക എണ്ണ ചില ബാക്ടീരിയകൾ ഭക്ഷിച്ചു. അതിന്റെ വിസർജനം കട്ടിയുള്ള എണ്ണയായി അടിഞ്ഞുകൂടി. ഇങ്ങനെ കട്ടി കുറഞ്ഞ എണ്ണയും കട്ടി കൂടിയ എണ്ണയും വെനസ്വേലയിൽ കാണാം. പർവ്വതങ്ങളാൽ ചുറ്റപ്പെട്ട മരക്കൈബോ മേഖല വളരെ താഴ്ന്ന പ്രദേശമായതിനാൽ ഈ എണ്ണ ശേഖരം അവിടെത്തന്നെ തളം കെട്ടി നിന്നു.
വെനസ്വേലയിലെ എണ്ണയുടെ കഥ ആ രാജ്യത്തിന്റെ തകർച്ചയുടെയും കൂടി കഥയാണ്. എണ്ണ സമ്പത്തിൽ മതിമറന്ന രാജ്യം കൃഷി മറന്നു, മറ്റു തൊഴിൽ സാധ്യതകളും വ്യവസായങ്ങളും മറന്നു. 1990 കളിൽ പക്ഷേ, എണ്ണവില കുതിച്ചുയർന്നെങ്കിലും സാധാരണക്കാർക്ക് അതിന്റെ ഫലം ലഭിച്ചില്ല. പണം കുമിഞ്ഞു കൂടിയെങ്കിലും അതുകൊണ്ട് നന്നായി ജീവിതം നയിക്കാൻ സാധിച്ചില്ല. പിന്നീട് വന്ന ഭരണകൂടങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ വെച്ചു. വിദേശ കമ്പനികളെയും എൻജിനീയർമാരെയും പുറത്താക്കി. ഭാരമുള്ള എണ്ണ തദ്ദേശീയമായി സംസ്‌കരിയ്ക്കാൻ ശാസ്ത്ര സാങ്കേതികവിദ്യകൾ പുതുക്കാൻ പറ്റിയില്ല. പതിയെ വെനസ്വെലയുടെ എണ്ണ ഉൽപ്പാദനം കൂപ്പുകുത്തി. അങ്ങനെ ഓയിൽ എന്ന വരദാനം ശാപമായി മാറി.
ഒരു കാലത്ത് വെനസ്വേലൻ ജനതയെ തീറ്റിപ്പോറ്റിയ മരക്കൈബോ തടാകം കാളിയന്റെ വിഷം കലർന്നതുപോലെയായി. ഇന്നത് പച്ചപ്പുകളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് ജീവനറ്റ പോലെ തോന്നിക്കുന്നു. ചതുപ്പു നിലങ്ങൾ പെരുകുന്നു. തടാകത്തിന്റെ അടിയിലൂടെ പോകുന്ന ഇരുമ്പു എണ്ണ പൈപ്പുകൾ തുരുമ്പെടുത്തു നശിച്ചു ഓയിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നു. കറുത്ത ജലത്തിൽ അലിഞ്ഞുപോയത് മത്സ്യങ്ങൾ മാത്രമല്ല സാധാരണക്കാരുടെ ജീവിതം തന്നെയായിരുന്നു. മരക്കൈബോ തടാകത്തിന്റെ സുവർണകാലവും പതനവും കണ്ട ഗോൺസാലോ എന്ന വൃദ്ധ കർഷകൻ തടാകത്തിന്റെ കരയിൽ ഇരുന്നു കൊണ്ട് കരയുകയാണ്. 'മണ്ണിൽ നിന്നും വന്ന പിശാച് നമുക്കെല്ലാം തന്നു. പക്ഷേ, നിമിഷങ്ങൾ കൊണ്ട് തന്നെ അതെല്ലാം തിരിച്ചെടുത്തു, എല്ലാം നശിപ്പിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപേ പച്ചപ്പ് നിറഞ്ഞ ആ പഴയ മരക്കൈബോ എനിക്കു വീണ്ടും കാണാൻ കഴിയുമോ?' വരുമോ വീണ്ടും ആ മാമ്പഴക്കാലം
കബിമാസിലെ ഭൂമി കറുത്ത എണ്ണ നീട്ടിത്തുപ്പിയ കിണർ പ്രദേശത്ത് ഇന്ന് ഒരു സ്മാരകം കാണാം. തണുപ്പുള്ള ശാന്തമായ രാത്രികളിൽ ഈ സ്മാരകത്തിനടുത്ത് നിൽക്കുമ്പോൾ ഭൂമിയ്ക്കടിയിൽ എവിടോ നിന്നോ പുറപ്പെടുന്ന എണ്ണയുടെ ഗന്ധം കാറ്റിൽ പരക്കുന്നത് പോലെ അനുഭവപ്പെടുന്നുവെന്ന് യാത്രക്കാർ പറയുന്നു.
(കോഴിക്കോട് എൻഐടിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ)
Content Highlights: Explore the captivating story of Lake Maracaibo, Venezuela`s oil discovery, its boom, and the subsequent economic and environmental devastation. A tale of fortune and ruin.
Published: 17 Jan 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented