'വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവര്‍ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവര്‍ക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ..'
കൂത്തുപറമ്പ് വെടിവെപ്പിന്റെ ഒരു വാര്‍ഷികദിനത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി പുഷ്പനു സമ്മാനിച്ച ഫലകത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു. അവശതയുടെ കിടക്കയില്‍ മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കി വേദനയുടെ ലോകത്ത് നിന്നും പുഷ്പന്‍ വിടവാങ്ങുമ്പോള്‍ സംഭവബഹുലമായ ഒരു ചരിത്രത്തിന് കൂടിയാണ് അവസാനമാകുന്നത്.
സി.പി.എമ്മിന് പകരം വയ്ക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്കു പുഷ്പനെക്കാള്‍ വലിയ വൈകാരിക പ്രതീകമുണ്ടായിരുന്നില്ല. വീണുപോയിട്ടും വെളിച്ചം മങ്ങാതെ പുഷ്പന്‍ എന്നും പാര്‍ട്ടിയുടെ ഓരോ തലമുറയ്ക്കും ആവേശമായി കൂത്തുപറമ്പിലെ വീട്ടില്‍ ഇത്രനാള്‍ ജീവിച്ചുപോന്നു. മുപ്പത് വര്‍ഷം മലര്‍ന്നു മാത്രം കിടക്കാന്‍ കഴിയുമായിരുന്ന ശരീരത്തില്‍ ജീവിച്ചിട്ടും പണ്ട് നിറതോക്കിനു മുന്‍പിലേക്ക് എടുത്തുചാടിയിടത്തു തന്നെയായിരുന്നു ഇക്കലമത്രയും പുഷ്പന്റെ മനസ്സ്. അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിച്ചിരുന്നില്ല. അപ്പോഴും തന്റെ ആവേശപ്പോരാട്ടത്തെ ഒരിക്കല്‍ പോലും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നുല്ല. പാര്‍ട്ടിയുടെ തണലില്‍ സഖാക്കളുടെ പ്രിയപ്പെട്ടവനായി പുഷ്പന്‍ വലിയൊരു ജീവിതം ജീവിച്ചു തീര്‍ത്ത് ഒടുവില്‍ മടക്കം
'പുഷ്പനെ അറിയാമോ
ഞങ്ങളെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ'
ആ രണഗാഥ അറിയാമോ എന്ന വിപ്ലവ ഗാനം സി.പി.എം പരിപാടികളെല്ലാം ഇന്നും നിറഞ്ഞുനില്‍ക്കാറുണ്ട്. സ്വാശ്രയ സമര പോരാളി, ജീവിക്കുന്ന രക്തസാക്ഷി. പുഷ്പന്‍ ഓരോ പാര്‍ട്ടി അണികള്‍ക്കും അത്രമാത്രം ആവേശമായിരുന്നു. കൂത്തുപറമ്പിന്റെ മണ്ണിലെത്തുമ്പോള്‍ തീക്കാറ്റുപോലെ പുഷ്പന്റെ ഓര്‍മകള്‍ ഉയര്‍ന്ന് വരാത്തവരുണ്ടായിരുന്നില്ല. കാരണം, സമരമെന്ന് പറഞ്ഞാല്‍ പുഷ്പന് കുട്ടിക്കാലത്തെ ആവേശമായിരുന്നു. ബെംഗളൂരുവിലും മൈസൂരുവിലുമായി ജോലി ചെയ്തകാലമായിരുന്നു അത്. ഇടയ്ക്ക് നാട്ടിലെത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. അങ്ങനെയിരിക്കെ ഒരിക്കല്‍ നാട്ടില്‍ വന്ന സമയത്താണ് പുഷ്പനെ കിടക്കപ്പായയില്‍ കിടത്തിയ സമരം നടന്നത്.
സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രിമാരെ വഴിയില്‍ തടയാന്‍ ഡി.വൈ.എഫ്.ഐ പരിപാടിയിട്ടിരിക്കുന്ന സമയം. നവംബര്‍ 24 ന് മേനപ്രത്തെ സഖാക്കള്‍ പുഷ്പനോട് പറഞ്ഞു. നാളെ കൂത്തുപറമ്പ് ടൗണ്‍ഹാളില്‍ മന്ത്രി എം.വി രാഘവന്‍ വരുന്നുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം. പുഷ്പന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അങ്ങനെ സമരമുഖത്തേക്ക്.

കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സഖാവ് പുഷ്പന്‍ എത്തിയപ്പോള്‍
ചോരപടര്‍ന്നൊഴുകിയ കൂത്തുപറമ്പ്
1994 നവംബര്‍ 25 ഒരു വെള്ളിയാഴ്ചയായിരുന്നു. മനുഷ്യരുടെ ചോര പടര്‍ന്നൊഴുകിയ വെള്ളി. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങുന്നു. പിന്‍മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പോലീസ് സന്നാഹം. രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പോലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. തിരിച്ചും കല്ലേറ്. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പ് തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു.
പോലീസുകാര്‍ ഒരുക്കിയ വലയത്തിനുളളില്‍നിന്ന് നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആര്‍ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പോലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ് തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡി.വൈ.എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു.
തോക്കിന് മുന്നിലേക്കുള്ള എടുത്തുചാടല്‍
മേനപ്രം ഭാഗത്തുള്ള സഖാക്കള്‍ക്കൊപ്പം ജീപ്പിലായിരുന്നു കൂത്തുപറമ്പിലേക്കുള്ള പുഷ്പന്റെ യാത്ര. അവിടെയെത്തുമ്പോള്‍ എം.വി ജയരാജന്‍, എം.സുരേന്ദ്രന്‍, കെ.ധനഞ്ജയന്‍ തുടങ്ങിയവരെല്ലാം സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. അവരെയൊക്കെ കണ്ടപ്പോള്‍ വല്ലാത്ത ആവേശമായിരുന്നു പുഷ്പന്. പെട്ടന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് തുടര്‍ന്ന് വെടിവെപ്പ്.
പുഷ്പന്റെ മുന്‍പില്‍ വെടിയേറ്റുവീണ കെ.കെ രാജീവനെ താങ്ങിപ്പിടിക്കാന്‍ ചാടിയതായിരുന്നു പുഷ്പന്‍. പെട്ടന്നാണ് കഴുത്തിന് ഒരു തരിപ്പ് അനുഭവപ്പെടുന്നത് പുഷ്പന് തോന്നിയത്. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നീടുള്ള ജീവിതം.
കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അതിനിടെയാണ് നാട്ടിലെത്തുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തത്.
ഒറ്റവെടിയില്‍ തന്നെ റോഡില്‍ കുഴുഞ്ഞുവീണിരുന്നു പുഷ്പന്‍. ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വാഹനം പോലും കിട്ടിയില്ല. ഒടുവില്‍ ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പുഷ്പന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായിരുന്നു ചികിത്സ. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ സമരമുഖത്തായിരുന്നു റോഡുകള്‍ മുഴുവന്‍. അന്ന് ചോരപുരണ്ട ഷര്‍ട്ട് കൂടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആശുപത്രിയിലേക്കുള്ള വഴിയൊരുക്കിയത്. അന്ന് തുടങ്ങിയുള്ള ചികിത്സയായിരുന്നു പുഷ്പന്റേത്. പിന്നീട് ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു.
അമ്മയുണ്ടാക്കിയ കപ്പയും കഴിച്ച് സമരത്തിന് പോയി, തിരിച്ചെത്തിയത് സ്ട്രെച്ചറില്‍
സമരദിനത്തില്‍ അമ്മ ലക്ഷ്മിയുണ്ടാക്കിക്കൊടുത്ത കപ്പയും കഴിച്ച് സമരത്തിന് പോയതാണ് പുഷ്പന്‍. പക്ഷെ പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നത് ഒരുവര്‍ഷത്തിന് ശേഷമാണ്. മുണ്ടും ഷര്‍ട്ടുമിട്ട് വീട്ടില്‍ നിന്ന് പോയ പുഷ്പന്‍ തിരിച്ചെത്തിയത് സ്ട്രെച്ചറില്‍ കിടന്നുകൊണ്ട്. ആ കിടപ്പാണ് മുപ്പത് വര്‍ഷത്തോളം നീണ്ടു നിന്നത്. കൂത്തുപറമ്പ് സമരത്തില്‍ വെടിയേറ്റതാണെന്ന് അമ്മയും അച്ഛനും അറിഞ്ഞത് പോലും തിരിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു. അതുവരെ അവര്‍ കരുതിയത് കൈക്കോ കാലിനോ പരിക്കുപറ്റി ചികിത്സയിലാണെന്നായിരുന്നു. കടന്നുപോയ മുപ്പത് വര്‍ഷം പുഷ്പനെ മുന്നോട്ടുനയിച്ചത് മരുന്നിന്റേയും ചോരയുടേയും മണമുള്ള ജീവിതം കൂടിയാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തന്റെ ഉറക്കത്തില്‍ ചോരയില്‍ കുളിച്ച ആ അഞ്ച് മനുഷ്യരൂപങ്ങളുണ്ടായിരുന്നുവെന്ന് പുഷ്പന്‍ തന്നെ കാണാനെത്തുന്നവരോടൊക്കെ പറയാറുണ്ട്.
വീട്ടില്‍ കിടുന്നുറങ്ങിയതിനേക്കാള്‍ കൂടുതല്‍ ആശുപത്രിയിലായിരുന്നുവെന്ന് തമാശ രൂപേണ പുഷ്പന്‍ പറയാറുണ്ടായിരുന്നുവെങ്കിലും അതായിരുന്നു യാഥാര്‍ഥ്യം. പക്ഷെ അന്നുമുതല്‍ താങ്ങും തണുലുമായി പാര്‍ട്ടി കൂടെ നിന്നതോടെ പുഷ്പന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവേശവും ജീവിക്കുന്ന രക്തസാക്ഷിയുമായിമാറി. ഇരുപത്തിനാലാമത്തെ വയസ്സില്‍ വെടിയുണ്ടയില്‍ തീര്‍ന്നുപോകുമായിരുന്ന പുഷ്പന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയതിന് പുഷ്പന്‍ ആദ്യം കടപ്പെട്ടതും തന്റെ പ്രസ്ഥാനത്തോടാണ്.
Content Highlights: Koothuparamb firing martyr Pushpan dies
Published: 28 Sept 2024, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented