കൊല്ലം: ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്( എയിംസ്) അനുവദിക്കാതെ കേന്ദ്രം അവഗണന തുടരുന്നുവെന്ന വാദമുയർത്തുമ്പോൾ തന്നെ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രിയോട് മുഖം തിരിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ആശ്രാമം ഇ.എസ്.ഐ. സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്താനുള്ള പദ്ധതിയോടാണ് ആരോഗ്യ വകുപ്പ് പിന്തിരിഞ്ഞു നിന്നത്. 600 കോടിയുടെ കേന്ദ്രസഹായം ലഭിക്കുമായിരുന്ന പദ്ധതിയോട് സഹകരിക്കാത്തത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
മനേസർ, അസാൻസോൾ, പുണേ, വിശാഖപട്ടണം, നാഗ്പൂര്, സൂരത്, ഭുവനേശ്വർ വെസ്റ്റ്, പാണ്ട്യ നഗർ, മഡ്ഗാവ് തുടങ്ങിയ ഇടങ്ങൾക്ക് പുറമെയാണ് രാജ്യത്തെ 10 ഇ.എസ്. ഐ. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ മെഡിക്കൽ കോളേജ് ആക്കി ഉയർത്താനുള്ള പദ്ധതിയിൽ കൊല്ലവും ഇടംപിടിച്ചത്. മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന സർട്ടിഫിക്കറ്റ് (എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്) അപേക്ഷ നൽകേണ്ട അവസാന തീയതിയും ലഭിക്കാതെ വന്നതാണ് വിനയായത്. അതേസമയം പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിട്ടില്ലെന്നും ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരം മെഡിക്കൽ കോളേജ് തുടങ്ങാനുള്ള സൗകര്യം ആശുപത്രിയിൽ ഇല്ലെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നു.
സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ജനുവരി ഒൻപതിനാണ് ഇ.എസ്.ഐ. കോർപ്പറേഷൻ സംസ്ഥാനസർക്കാരിന് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ജൂണിലെ ഇ.എസ്.ഐ കോൺഫറൻസിലെ തീരുമാനപ്രകാരമുള്ള പദ്ധതിയിൽ ഏഴുമാസം വൈകിയാണ് അപേക്ഷ ലഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ജനുവരി 28 എന്ന അവസാന തീയതി അടുത്തിരിക്കെയും പരിശോധന നടത്തിയശേഷം കുറവുകൾ നികത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്നു കാട്ടി 25-നാണ് സർക്കാർ തിരികെ കത്ത് നൽകുന്നത്. കുറവുകൾ പരിഹരിക്കാമെന്ന ഇ.എസ്.ഐ. ഡയറക്ടർ ജനറലിന്റെ രേഖാമൂലമുള്ള ഉറപ്പ് അടുത്തദിവസംതന്നെ നൽകിയെങ്കിലും വേണ്ട കെട്ടിടങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വിവരങ്ങളുൾക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോർട്ട് തേടിയുള്ള മറുപടി, നീട്ടി നിശ്ചയിച്ച അവസാനതീയതിയായ ഫെബ്രുവരി മൂന്നിനാണ് ലഭിക്കുന്നതെന്ന് ഇഎസ്‌ഐ അധികൃതർ പറയുന്നു. ഇതിനോടകം സാങ്കേതിക തടസങ്ങളറിയാതെ കൊല്ലത്ത് മെഡിക്കൽ കോളേജ് ആശുപത്രി എത്തുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചു.
220 കിടക്കുകളുള്ള ആശുപത്രിയിൽ ആദ്യ ബാച്ചിൽ 50 എം.ബി.ബി.എസ്. സീറ്റുകളാണ് അനുവദിച്ചിരുന്നത്. ഡീൻ നിയമനവും പൂർത്തിയാക്കി. ബാച്ച് പ്രവർത്തനം നിലവിലെ ആശുപത്രിയുടെ കെട്ടിടത്തിൽ തന്നെ നടത്താനായിരുന്നു ശ്രമം. ആശ്രാമത്തുള്ള ഇ.എസ്. ഐ. സബ് റീജിയണൽ ഓഫീസ് ഒഴിപ്പിച്ച് ഭരണനിർവഹണ ബ്ലോക്ക് ആക്കാനും നിർദ്ദേശം ഉണ്ടായി. കെട്ടിടത്തിന് ഒഴിയാൻ നോട്ടീസും നൽകിയിരുന്നു.
അവസാന തീയതിയുടെ തലേന്ന് രാത്രി സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതായി കാട്ടി ബി.ജെ.പി.യാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. സംസ്ഥാനസർക്കാരിന്റെ പിടിവാശിയാണ് വിഷയത്തിനു പിന്നിലെന്നും ഏറെ പ്രയോജനം ചെയ്യുമായിരുന്ന പദ്ധതിയോടുണ്ടായ വിലകുറഞ്ഞ സമീപനം അപലപനീയമാണെന്നും കാട്ടി പദ്ധതിക്ക് പിന്നാലെയുണ്ടായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും പ്രതികരണവുമായെത്തി. ആരോഗ്യവകുപ്പിനെയും സംസ്ഥാനസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി യു.ഡി.എഫും പ്രതിഷേധങ്ങൾ തുടങ്ങിയതോടെ പ്രതിരോധവുമായി സി.പി.എമ്മെ.ത്തി. എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെന്നും എയിംസ് വിഷയത്തിലെ അവഗണന മറയ്ക്കാനുള്ള ബി.ജെ.പി.യുടെയും അവരെ സഹായിക്കാനുള്ള എൻ. കെ. പ്രേമചന്ദ്രൻ എം.പി.യുടെയും പരിശ്രമമാണ് പ്രചരണത്തിന് പിന്നിലെന്നും സി.പി.എം ജില്ലാആക്ടിങ് സെക്രട്ടറി എസ്. ജയമോഹൻ പറയുന്നു.
ഇഎസ്‌ഐ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തുമ്പോൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നഗരഹൃദയത്തിലെ പാർവതി മിൽ ഭൂമിയും ഇതിനിടെ ചർച്ചയായി. മുൻപ് കൊല്ലത്ത് തന്നെ പാരിപ്പള്ളിയിലെ ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തിയെങ്കിലും കെട്ടിട നിർമ്മാണം പൂർത്തിയായതോടെ നയം മാറ്റി സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. പദവിയിൽ മെഡിക്കൽ കോളേജ് എങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് എന്നും സ്ഥാപനം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
Content Highlights: Kollam`s plan to upgrade ESI Super Specialty Hospital to a Medical College faces political controversy. Funding secured, but state govt. approval delayed, sparking debate.
Published: 06 Feb 2026, 11:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented