
അടിക്കടി ഉണ്ടാകുന്ന പൊട്ടിത്തെറിയും തീപ്പിടിത്തവും അന്തരീക്ഷമലിനീകരണവുമെല്ലാം കൊണ്ട് ദുരിതത്തിലാണ് കഴിഞ്ഞ 39 വര്‍ഷങ്ങളായി കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിന് സമീപത്ത് താമസിക്കുന്ന അയ്യങ്കുഴിയിലെ ജനങ്ങള്‍. നാല്പത്തി രണ്ട് കുടുംബങ്ങളാണ് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റേയും ബിപിസിഎല്ലിന്റേയും ഇടയിലുള്ള രണ്ട് മതിലുകള്‍ക്കിടയില്‍ താമസിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ ഉണ്ടായ തീപ്പിടിത്തം വലിയൊരു ദുരന്തമായിരുന്നു. എന്നാല്‍, തലനാരിഴക്കാണ് ഈ പ്രദേശത്തെ ജനങ്ങള്‍ രക്ഷപ്പെട്ടത്. 220 കെവി ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. കേബിള്‍ കത്തിയെരിഞ്ഞതോടെ പ്രദേശമാകെ കനത്ത പുക വ്യാപിച്ചു. പിന്നാലെ പലരും കുഴഞ്ഞു വീണു.
റിഫൈനറിക്കുള്ളിലെ 220 കെവി ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. 3,600 മീറ്റര്‍ കേബിളുകളാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ഇതോടെ ഏതാണ്ട് നാലു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെഎസ്ഇബിയുടെ ബ്രഹ്‌മപുരം 220 കെവി സബ് സ്റ്റേഷനില്‍നിന്ന് അമ്പലമുകള്‍ 220 കെവി സബ് സ്റ്റേഷനിലേക്ക് വരുന്നത് അഞ്ച് കിലോമീറ്റര്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളാണ്. അമ്പലമുകളില്‍നിന്ന് ഈ ഭൂഗര്‍ഭ കേബിളുകള്‍ റിഫൈനറിക്കുള്ളിലെ ചേംബറിലൂടെയാണ് പോകുന്നത്. ഈ ഭാഗത്താണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ ട്രെഞ്ചിനുള്ളിലുണ്ടായിരുന്ന കേബിളുകള്‍ കത്തിയെരിഞ്ഞ് പുക ഉയരുകയായിരുന്നു.
ഒന്നര മണിക്കൂറിനുശേഷം 6.20-ന് ട്രെഞ്ചില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായി. ഇതോടെയാണ് പുക വ്യാപിക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്കും കമ്പനി ജീവനക്കാര്‍ക്കും ശ്വാസംമുട്ടലും അസ്വസ്ഥത ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ ട്രെഞ്ചിനുള്ളിലുണ്ടായിരുന്ന കേബിളുകള്‍ കത്തിയ പ്രദേശത്തിന് സമീപത്തുള്ള അയ്യങ്കുഴി പ്രദേശത്തുകാര്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയും പലരും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഇതോടെ ജനങ്ങള്‍ ആംബുലന്‍സ് നല്‍കണമെന്ന് അറിയിച്ച് കമ്പനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വിളിച്ചു വന്നും അത് വഴിപോയ വാഹനങ്ങള്‍ക്ക് കൈകാണിച്ച് നിര്‍ത്തിയുമാണ് ജനങ്ങളെ ആശുപത്രിയിലെത്തിച്ചത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ കൊച്ചിന്‍ റിഫൈനറിയുടെ പ്രധാന കവാടത്തിലേക്ക് എത്തുകയുമായിരുന്നു. ഗര്‍ഭിണികളും പ്രായമായവരും സ്ത്രീകളുമടക്കം പ്രതിഷേധിച്ചു. അസിസ്റ്റന്റ് കളക്ടറടക്കം എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാത്രി ഏകദേശം പത്ത് മണിയോടെയാണ് തീ നിയന്ത്രിക്കാൻ കഴിഞ്ഞത്. കേബിളിന്റെ ഏത് ഭാഗത്താണ് തീ പിടിച്ചതെന്ന് കണ്ടെത്താനോ തീ അണയ്ക്കാനോ കഴിയാത്ത വിധത്തിലായിരുന്നു അന്തരീക്ഷമാകെ ഉയര്‍ന്ന പുക.
ഇപ്പോള്‍ ഭക്ഷണം കിട്ടുന്നുണ്ട്, ഞങ്ങള്‍ക്ക് വേണ്ടത് സുരക്ഷിതമായ ജീവിതമാണ്

വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പരസ്പരം കാണാന്‍ സാധിക്കാത്ത വിധത്തില്‍ പുക ഉയരുകയായിരുന്നു. വീടുകളില്‍ നിന്ന് ജീവനും കൊണ്ട് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അതുകഴിഞ്ഞ് ആറുമണി വരെ ഫയര്‍ എഞ്ചിന്‍ പോലും പോലും വന്നിട്ടില്ല. കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു സഹായങ്ങളും അപകടസമയത്ത് ജനങ്ങള്‍ക്ക് നല്‍കിയില്ല. ഇതോടെയാണ് ഞങ്ങള്‍ കൊച്ചിന്‍ റിഫൈനറിയുടെ മെയിന്‍ഗേറ്റ് ഉപരോധിച്ചത്. പിന്നീട് കളക്ടറേറ്റില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ അസിസ്റ്റന്റ് കളക്ടറടക്കം ഇവിടെയെത്തി പരിശോധിച്ചു. പിന്നീട് അവരുമായി ചര്‍ച്ച നടത്തി. അതിനുശേഷമാണ് അധികൃതര്‍ കാണാനോ സംസാരിക്കാനോ തയ്യാറായത്. ഞങ്ങളുടെ വീടുകളിലേക്ക് തിരികെപോകാന്‍ കഴിയില്ലെന്ന് മനസിലാക്കി അയ്യങ്കുഴി പ്രദേശത്ത് നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. ചോറ്റാനിക്കരയിലെ ഒരു ടൂറിസ്റ്റ് ഹോമിലാണ് ഇപ്പോള്‍ ഉള്ളത്. ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണമെല്ലാം കൃത്യസമയത്ത് കമ്പനി അധികൃതര്‍ എത്തിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ഞങ്ങള്‍ക്ക് തിരികെ വീടുകളിലേക്ക് പോകണം. സുരക്ഷിതമായി കഴിയണം. അതിന് വേണ്ടിയാണ് ഞങ്ങളുടെ ശ്രമം- പ്രദേശവാസിയായ സിന്ധു സുരേന്ദ്രന്‍ പറയുന്നു.
രാത്രിയായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കൂടി ചിന്തിക്കണം

പകല്‍ സമയത്തായതുകൊണ്ടാണ് ഈ അപകടത്തെക്കുറിച്ച് നമ്മള്‍ അറിഞ്ഞതും പ്രതികരിച്ചതും പ്രതിരോധിച്ചതും. പ്ലാസ്റ്റിക് കത്തുന്നതുപോലെയുള്ള എന്തെങ്കിലും ഗന്ധം ചെറുതായിട്ട് വരുമ്പോള്‍ ഇത് പതിവുപോലെ വരുന്നതാകുമെന്ന് ഞങ്ങള്‍ കരുതിയേനെ. ഇനി അത് അര്‍ധരാത്രിയിലായിരുന്നെങ്കില്‍ ഞങ്ങളെല്ലാം അവിടെ തന്നെ കിടന്ന് മരിക്കുമായിരുന്നു. നല്ല ഉറക്കത്തില്‍ കൂടുതല്‍ പുക വന്ന് ശ്വാസംമുട്ടുന്ന രീതിയിലേക്ക് വരുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഈ അപകടത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. ആ സമയം നമ്മള്‍ കതക് തുറന്ന് പുറത്തേയ്ക്ക് പോയാലും പരസ്പരം കാണാന്‍ പോലും കഴിയുമായിരുന്നില്ല. പകല്‍ ഈ പൊട്ടിത്തെറി ഉണ്ടായ സമയത്ത് പോലും ആ ഭാഗത്തേയ്ക്ക് അടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയെങ്കില്‍ രാത്രിയില്‍ എന്താകും സംഭവിക്കുക എന്നത് കൂടി ചിന്തിക്കണം.- അയ്യങ്കുഴി സ്വദേശിയായ ബിജു പറയുന്നു.
39 വര്‍ഷമായി തുടരുന്ന പോരാട്ടം, ഇവിടെ ഇനിയും എങ്ങനെ ജീവിക്കും
1984 മുതല്‍ അമ്പലമുകളിലെ അയ്യങ്കുഴി പ്രദേശത്തുള്ള ജനങ്ങള്‍ സമരത്തിലാണ്. ശബ്ദ-വായു മലിനീകരണം രൂക്ഷമായ ഇവിടെ ഇനിയും എങ്ങനെ ജീവിക്കാനാകുമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. എച്ച്.ഒ.സി.യുടെയും ബി.പി.സി.എല്ലിന്റെയും മതിലിനോട് ചേര്‍ന്ന ഒന്‍പതര ഏക്കറിലാണ് 42 കുടുംബങ്ങള്‍ താമസിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ പോലും ഒരൊറ്റ വഴിമാത്രമേ ഉള്ളൂ. തെക്കുപടിഞ്ഞാറ് ഭാഗം എച്ച്. ഒ.സി.യും കിഴക്കുവടക്കുഭാഗം റിഫൈനറിയുടെയും കൂറ്റന്‍ മതിലുകളാണ്. ഇവയ്ക്കിടയിലെ റോഡിലൂടെ മാത്രമേ ഇവിടേയ്ക്ക് എത്താനാവുകയുള്ളൂ. 39 വര്‍ഷമായി ദുരിതം പേറുകയാണ് ഇവിടുത്തെ ജനങ്ങള്‍. ശ്വസകോശരോഗികളും കാന്‍സര്‍രോഗികളും കുറവല്ല ഇവിടെ. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ്.
തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തണം, പ്രദേശം വാസയോഗ്യമോയെന്ന് കണ്ടെത്തണം- ജില്ല കളക്ടര്‍
തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ കമ്പനി സെക്യൂരിറ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരാഴ്ചയ്ക്കകം പുതിയ രൂപരേഖ സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍, ഹസാര്‍ഡ് അനലിസ്റ്റ്, കമ്പനി ഡി.എം പ്ലാന്‍ കോ-ഓർഡിനേറ്റര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം പ്രദേശവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഉടന്‍ ചേരുമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍. ചോറ്റാനിക്കരയിലെ താത്കാലിക കേന്ദ്രത്തില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അയ്യങ്കുഴിയിലെ ജനങ്ങളെ.
കമ്പനിയുടെ സമീപ പ്രദേശങ്ങള്‍ താമസത്തിന് യോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സമിതി രൂപീകരിച്ചിരുന്നു. സമിതി അംഗങ്ങള്‍ സമീപപ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് സമിതി പ്രദേശത്ത് പരിശോധന നടത്തി. മലിനീകരണം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി വീടുകള്‍ക്കുള്ളില്‍ കയറി സാമ്പിളുകള്‍ ശേഖരിച്ചു.
പരിശോധന മുമ്പും, ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2024 ഡിസംബര്‍ നാലുമുതല്‍ ജനുവരി മൂന്ന് വരെ നീണ്ട ഒരുമാസക്കാലമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അയ്യങ്കുഴിയില്‍ പരിശോധന നടത്തിയത്. അയ്യങ്കുഴിയിലെ വായുവും വെള്ളവും ശബ്ദവും ഒരു മാസം പരിശോധിച്ചു. ഇതില്‍ നിന്നും പേടിപ്പെടുത്തുന്ന വിവരങ്ങളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. വായുവിലും ജലത്തിലും ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന പദാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ശബ്ദ മലിനീകരണം രൂക്ഷമെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പ്രദേശം ജനവാസയോഗ്യമല്ലെന്ന് കൂടി പറയുന്നതായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
ജനദ്രോഹനയമാണ് ബിപിസിഎല്ലിന്റേത്

ബിപിസിഎല്ലില്‍ നിന്ന് എച്ച്ഒസിയി എല്‍എന്‍ജി ലൈനും എല്‍പിജി ലൈനും പോകുന്നുണ്ട്. ഇപ്പോള്‍ കേബിള്‍ കത്തിയതിന്റെ അപ്പുറത്ത് ക്രൂഡ് ഓയില്‍ ശേഖരിക്കുന്ന നാല് മദര്‍ ടാങ്കുകളാണ് ഉള്ളത്. ഏകദേശം ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് ഒരു മദര്‍ ടാങ്ക് ഉള്ളത്. തീ അവിടേക്ക് കത്തി പടര്‍ന്നിരുന്നുവെങ്കില്‍ ഇതൊരു വലിയ ദുരന്തമായി മാറുമായിരുന്നു. ആരുടെയോ ഭാഗ്യത്തിനാണ് അത് ഒഴിവായത്. ബിപിസിഎല്ലിന്റേത് മുഴുവന്‍ ജനദ്രോഹ നയമാണ്. അത് ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ സാധിക്കില്ല. സര്‍ക്കാരിന്റെ സംരക്ഷണം അവര്‍ ചൂഷണം ചെയ്യുകയാണ്. ഞങ്ങളെ ഇഞ്ചിഞ്ചായിട്ടാണ് അവര്‍ കൊല്ലുന്നത്. ഇക്കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനിടെ ഒമ്പത് പേരാണ് ഈ പ്രദേശത്ത് മരിച്ചത്. എല്ലാം ക്യാന്‍സറും ശ്വാസകോശ രോഗങ്ങളും വഴിയാണ് മരിച്ചത്. ഞങ്ങളുടെ ജീവനും ജീവിതവും കൊണ്ടാണ് അവര്‍ കളിക്കുന്നത്.- സജി കുമാര്‍, സെക്രട്ടറി, ജനകീയ വേദി, അയ്യങ്കുഴി.
Content Highlights: fire at the Kochi refinery caused health issues for nearby residents
Published: 12 Jul 2025, 06:45 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented