ബെംഗളൂരു: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് പത്തുമണിക്കൂർ കടൽദൂരം. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ രാമസേതു നീന്തിക്കടന്ന് ടെക്കി ദമ്പതിമാർ ഓളപ്പരപ്പിൽ അദ്ഭുതമായി. ബെംഗളൂരുവിലെ ടെക്കി ദമ്പതിമാരായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിലെ തലൈമാന്നാറിൽനിന്ന് ഇന്ത്യയിലെ ധനുഷ്‌കോടിയിലേക്ക് കടലിലൂെട നീന്തിയെത്തിയത്. 10 മണിക്കൂർ 45 മിനുട്ടെടുത്ത് ഏകദേശം 32 കിലോമീറ്റർ നീന്തിയാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തിയത്.

To advertise here,

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് ഓപ്പൺ വാട്ടർ സ്വിമ്മിങ് നടത്തുന്ന ആദ്യത്തെ ദമ്പതിമാരാണ് ഇരുവരും. ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചാണ് ഇവർ തങ്ങളുടെ നേട്ടത്തെക്കുറിച്ച് സമൂഹത്തെ അറിയിച്ചത്. ‘ഞങ്ങൾക്കിത് സാധിച്ചു. ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് കടലിലൂടെ... വളരെ പ്രയാസമേറിയ മണിക്കൂറുകളിലൂടെയാണ് കടന്നുപോയത്’ എന്ന കുറിപ്പിലൂടെയാണ് തങ്ങളുടെ വിജയദൗത്യം അഭിമാനപൂർവം വിവരിച്ചത്.

കായികപരമായ നേട്ടം എന്നതിലുപരി ഇരുരാജ്യങ്ങൾതമ്മിലുള്ള സാംസ്കാരിക ബന്ധത്തെ എടുത്തുകാണിക്കാനും തങ്ങളുടെ ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതായും ഇവർ പറഞ്ഞു. യാത്രയിലുടനീളം പാരാമെഡിക്കൽ സംഘവും സുരക്ഷാബോട്ടുകളും ഇവരെ നിരീക്ഷിച്ച് ഒപ്പമുണ്ടായിരുന്നു. 30-കാരായ ഇരുവരും മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിൽ റിലേ നീന്തലുകളിൽ പങ്കാളികളായിട്ടുണ്ട്. എന്നാൽ, ഇത്രയും ദൂരം ഒരുമിച്ച് നീന്തി ലക്ഷ്യസ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്. മണിപ്പാൽ ഹോസ്പിറ്റലിന്റെ പിന്തുണയോടെയായിരുന്നു ഇരുവരുടെയും ശ്രമം. ഇവരുടെ നേട്ടത്തെ പ്രശംസിച്ച് ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.