ജപ്പാന് അഞ്ച് വർഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രി; കാലം തികയ്ക്കുമോ സനെ തകൈച്ചി?

ജപ്പാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (LDP) നേതാവ് സനെ തകൈച്ചി. എല്‍ഡിപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രി പദത്തിലേക്കും തകൈച്ചിക്ക് വഴി തെളിയുകയാണ്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കാര്‍ഷിക വകുപ്പ് മന്ത്രിയായ ഷിന്‍ജിരോയെ ആണ് തകൈച്ചി പരാജയപ്പെടുത്തിയത്. ഇനി പാര്‍ലമെന്റ് വോട്ടെടുപ്പിലും വിജയിച്ചാല്‍ പുതിയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി എന്ന 65 വയസ്സുകാരി മാറും. ജപ്പാന്റെ മുന്‍ സാമ്പത്തിക സുരക്ഷാമന്ത്രി കൂടിയാണ് തകൈച്ചി.
ജപ്പാനില്‍ ഏറെക്കാലമായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയാണ് എല്‍ഡിപി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന ജപ്പാനിലെ അധോസഭയില്‍ എല്‍ഡിപി തന്നെയാണ് ഏറ്റവും വലിയ കക്ഷിയും. അതിനാല്‍ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. അങ്ങനെവന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമന്ത്രി എന്ന സ്ഥാനവും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമായി തകൈച്ചി മാറും. ഒക്ടോബര്‍ നാലിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളിലെ മത്സരമായിരുന്നു. 295 എല്‍ഡിപി നിയമസഭാംഗങ്ങളും പണമടച്ച് അംഗത്വമെടുത്ത പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിച്ചത്. നിലവില്‍ അധികാരത്തിലുള്ള രണ്ട് മന്ത്രിമാരും മൂന്ന് മുന്‍ കാബിനറ്റ് അംഗങ്ങളുമുള്‍പ്പെടെ അഞ്ച് സ്ഥാനാര്‍ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. കടുത്ത മത്സരത്തിനൊടുവില്‍ തകൈച്ചി വിജയിക്കുകയും എല്‍ഡിപിയുടെ പുതിയ പ്രസിഡന്റെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സാമ്പത്തിക അസമത്വങ്ങൾക്കും തളർച്ചയ്ക്കുമൊപ്പം കുറഞ്ഞ ജനന നിരക്കും അതുയർത്തുന്ന സാമൂഹിക പ്രതിസന്ധിയിലൂടെയുമാണ് ജപ്പാൻ കടന്നുപോവുന്നത്. ഇതടക്കമുള്ള വെല്ലുവിളികൾക്ക് മുന്നിലേക്കാണ് തകൈച്ചി പ്രധാനമന്ത്രിയായി എത്തുന്നത്.
തകൈച്ചിയുടെ രാഷ്ട്രീയ വളര്‍ച്ച
നാരയിലെ പോലീസ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന മാതാവിന്റേയും ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവിന്റേയും മകളായാണ് തകൈച്ചി ജനിച്ചത്. കോബെ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. യുഎസ് കോണ്‍ഗ്രസില്‍ കോണ്‍ഗ്രഷെണല്‍ ഫെലോ ആയി ജോലി ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികരായ രാഷ്ട്രീയക്കാരുള്ള ഒരു രാജ്യത്ത് രാഷ്ട്രീയത്തിന് പുറത്തുള്ള അസാധാരണമായ താല്‍പര്യങ്ങളുടെ പേരിലാണ് തകൈച്ചി ശ്രദ്ധ നേടുന്നത്. അതിലൊന്നാണ് മോട്ടോര്‍ ബൈക്കുകളോടുള്ള കമ്പം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്ഥിരമായി മോട്ടോര്‍ ബൈക്കുകള്‍ ഓടിച്ചിരുന്നയാളാണ് തകൈച്ചി. ഹെവി മെറ്റല്‍ ബാന്‍ഡില്‍ ഡ്രംസ് വായിച്ചിരുന്ന ചരിത്രവും തകൈച്ചിക്കുണ്ട്. നിരവധി സ്റ്റിക്കുകളുമായാണ് തകൈച്ചി സ്റ്റേജിലെത്തിയിരുന്നത്. എല്ലാ മറന്നുള്ള ഡ്രമ്മിങ്ങിനിടെ സ്റ്റിക്കുകൾ പൊട്ടിപ്പോവുന്നതിനാലാണ് തകൈച്ചി ഏറെ സ്റ്റിക്കുകളുമായി എത്തിയിരുന്നത്. ഇത് അവരെ സ്റ്റേജിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്കൂബ ഡൈവിങ്ങാണ് തകൈച്ചിയുടെ മറ്റൊരു വിനോദം. മാർഗരറ്റ് താച്ചറെ ഗുരുവായി പിന്തുടരുന്ന തന്റെ ജീവിതലക്ഷ്യം ജപ്പാന്റെ ഉരുക്കുവനിതയായി അറിയപ്പെടണം എന്നാണെന്ന് തകൈച്ചി നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്.
1993ല്‍ ജന്മനാടായ നാരയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജപ്പാന്റെ പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് തകൈച്ചിയുടെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. 1996-ല്‍ എല്‍ഡിപിയില്‍ ചേര്‍ന്നു. സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് പാര്‍ട്ടിയുടെ വിശ്വസ്തയായി തുടര്‍ന്നു. അതുകൊണ്ടുതന്നെ പദവികളും സ്ഥാനമാനങ്ങളും തകൈച്ചിയെ തേടി വന്നുകൊണ്ടിരുന്നു. ആഭ്യന്തരം, കമ്മ്യൂണിക്കേഷന്‍, സാമ്പത്തിക സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി മന്ത്രിസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ അവര്‍ വഹിച്ചിട്ടുണ്ട്. മാര്‍ഗരറ്റ് താച്ചറെ തന്റെ മാതൃകയായി കാണുന്ന തകൈച്ചി, LDP-യുടെ കടുത്ത യാഥാസ്ഥിതിക പക്ഷത്താണ് നിലയുറപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള പദവികള്‍ വഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ യാഥാസ്ഥിതിക സ്വഭാവം അവര്‍ നയങ്ങളില്‍ പ്രകടിപ്പിച്ചുവെന്ന വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
2023ല്‍ എല്‍ഡിപി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ തകൈച്ചി പരാജയപ്പെട്ടിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ ഷിഗേരു ഇഷിബയോടായിരുന്നു പരാജയം. എന്നാല്‍, രണ്ട് വര്‍ഷത്തിനുശേഷം, ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ തകൈച്ചി വിജയം കണ്ടു. സാമ്പത്തിക വീണ്ടെടുപ്പ്, കര്‍ശന കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയതാണ് തകൈച്ചിയെ വിജയത്തിലേക്കെത്തിച്ചത്. സാമ്പത്തിക ഉത്തേജനം, അണുസംയോജനത്തെക്കുറിച്ചുള്ള ഗവേഷണം, മെച്ചപ്പെട്ട പ്രതിരോധ, സൈബര്‍ സുരക്ഷ തുടങ്ങിയ വാഗ്ദാനങ്ങള്‍ തകൈച്ചിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. പ്രധാനമന്ത്രിയായ ഇഷിബയുടെ കീഴിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളേയും സാമ്പത്തിക അസ്ഥിരതകളേയും ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വസ്ഥത ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തകൈച്ചിയുടെ വിജയം.
പരാജയത്തിൽ സ്ഥാനമൊഴിഞ്ഞ ഇഷിബ
ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് പ്രധാനമന്ത്രിയായിരുന്ന ഷിഗേരു ഇഷിബ രാജിവെച്ചത്. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കനത്ത പരാജയം നേരിട്ടിരുന്നു. ഉത്തരവാദിത്തമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപിച്ചത്. ജൂലായില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍ഡിപിക്ക് കേവലഭൂരിപക്ഷത്തിനാവശ്യമായ 248 സീറ്റുകള്‍ ലഭിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ അധോസഭയിലെ തിരഞ്ഞെടുപ്പിലും ഭരണകക്ഷിക്ക് തിരിച്ചടിയേറ്റിരുന്നു. 1955ന് ശേഷം ആദ്യമായാണ് എല്‍ഡിപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്നത്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ നവീകരണം ആവശ്യമാണെന്നാണ് ഇതിന് പിന്നാലെ ഉയര്‍ന്ന ആവശ്യം. പാര്‍ട്ടി നേതാവെന്ന നിലയില്‍ 2027 സെപ്റ്റംബർ വരെ ഇഷിബയ്ക്ക് കാലാവധിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇഷിബയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഭരണകക്ഷിയിലെ തന്നെ അംഗങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിനിടെ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. 2024 സെപ്റ്റംബറില്‍ അധികാരത്തിലേറിയ ഇഷിബ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്ഥാനമൊഴിഞ്ഞത്.
തകൈച്ചിയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കാനും നികുതിയിളവുകള്‍ നല്‍കാനും ആഹ്വാനം ചെയ്തുകൊണ്ട് ധനനയം വിപുലീകരിക്കണമെന്നാണ് തകൈച്ചിയുടെ വാദം. എല്‍ഡിപി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണവേളയില്‍, ബാങ്ക് ഓഫ് ജപ്പാന്റെ പലിശനിരക്ക് വര്‍ധനവിനെ അവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ പണനയം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തെ തടസ്സപ്പെടുത്തുമെന്ന് തകൈച്ചി വാദിച്ചു. ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നയാളാണ് തകൈച്ചിയും. 'അബെനോമിക്‌സ്' എന്ന് അറിയപ്പെടുന്ന സാമ്പത്തിക നയങ്ങളിലേക്ക് തിരിച്ചുപോകണമെന്നാണ് അവരും ആവശ്യപ്പെടുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച സാമ്പത്തിക-സാമൂഹിക നയങ്ങളാണ് 'അബെനോമിക്സ്. പണലഭ്യത വര്‍ധിപ്പിക്കല്‍, സാമ്പത്തിക ഉത്തേജനം, ഘടന പരിഷ്‌കരണം എന്നിവ സംയോജിപ്പിച്ചാണ് 'അബെനോമിക്‌സിന് രൂപം നല്‍കിയിരിക്കുന്നത്. വ്യാപാരത്തിന്റെ കാര്യത്തില്‍, ട്രംപ് ഭരണകൂടത്തിന് കീഴില്‍ ജാപ്പനീസ് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനായി ഉണ്ടാക്കിയ യുഎസ്-ജപ്പാന്‍ നിക്ഷേപ കരാറിനെക്കുറിച്ച് തകൈച്ചി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കരാര്‍ അന്യായമാണെന്ന് ജപ്പാന് തോന്നിയാല്‍ പുനരാലോചനയ്ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
യാഥാസ്ഥിതിക കാഴ്ചപ്പാട്, സ്വവര്‍ഗ വിവാഹത്തിനെതിര്
പാര്‍ട്ടി രൂപീകരണം മുതല്‍ പുരുഷ നേതൃത്വമാണ് എല്‍ഡിപിക്ക് ഉണ്ടായിരുന്നത്. ആ പാര്‍ട്ടിയെ നയിക്കാനെത്തുന്ന ആദ്യ വനിതാ നേതാവാണ് തകൈച്ചി. ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നാഴികക്കല്ലായി പാര്‍ട്ടി കണക്കാക്കുന്നുണ്ടെങ്കിലും ലിംഗസമത്വവുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകള്‍ പാര്‍ട്ടിയുടെ യാഥാസ്ഥിതിക ആശയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനെയും വിവാഹിതരായ ദമ്പതികള്‍ക്ക് വ്യത്യസ്ത കുടുംബപ്പേരുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്ന ജപ്പാനിലെ സിവില്‍ നിയമത്തിലെ മാറ്റങ്ങളെയും അവര്‍ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്നുണ്ട്. പരമ്പരാഗത കുടുംബ ഘടനകള്‍ നിലനിര്‍ത്തണമെന്നും സ്ത്രീകള്‍ ഭാര്യമാര്‍, അമ്മമാര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നുമുള്ള നിലപാടുകള്‍ പരസ്യമായി തകൈച്ചി ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് പലപ്പോഴും പൊതുസമൂഹത്തില്‍ നിന്നുള്ള തിരിച്ചടികളിലേക്കും നയിച്ചിട്ടുണ്ട്.
അനായാസേന തിരഞ്ഞെടുപ്പ് വിജയം
LDP പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. ഒന്നാം ഘട്ടത്തില്‍ 590 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത് (പാര്‍ലമെന്റംഗങ്ങളുടെ 295 വോട്ടുകളും സാധാരണ അംഗങ്ങളുടെ 295 വോട്ടുകളും). ഇതില്‍ സനേ തകൈച്ചി 183 വോട്ടുകള്‍ നേടി മുന്നിലെത്തി. 164 വോട്ടുകളാണ് ഷിന്‍ജിറോ കൊയ്സുമിക്ക് ലഭിച്ചത്. കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ഇവര്‍ രണ്ടു പേരും പിന്നീട് റണ്‍ ഓഫ് വോട്ടിങ്ങിലേക്ക് പ്രവേശിച്ചു. ഇതില്‍ സനായി തകൈച്ചി 185 വോട്ടുകളും ഷിന്‍ജിറോ കൊയ്സുമി 156 വോട്ടുകളുമാണ് നേടിയത്. 29 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സനേ തകൈച്ചി വിജയിക്കുകയായിരുന്നു. ഒക്ടോബര്‍ പകുതിയോടെ പാര്‍ലമെന്റ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടത്തും. നിലവില്‍ ഭരണസഖ്യത്തിന് ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും, എല്‍ഡിപി ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നതിനാല്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയോടുള്ള അതൃപ്തിയും പൊതുജനങ്ങളുടെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ ഫണ്ട് വിവാദം, സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലുള്ള അതൃപ്തി എന്നിവ വോട്ടര്‍മാരുടെ ബാധിച്ചിട്ടുണ്ട്.
വെല്ലുവിളികളുണ്ട്
തിരഞ്ഞെടുപ്പ് വിജയം എളുപ്പമായിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയാല്‍ തകൈച്ചിക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും എല്‍ഡിപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യമാണ്. അതിനാല്‍ നിയമങ്ങള്‍ പാസാക്കാന്‍ എല്‍ഡിപിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം തേടേണ്ടിവരും. ഇത് ഭരണപരമായ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടാ തിരിച്ചടികളും പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും കാരണം നഷ്ടപ്പെട്ട പൊതുജനവിശ്വാസം തിരികെ നേടുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. പാര്‍ട്ടിയേക്കാള്‍ ഈ ചുമതല പ്രധാനമന്ത്രിക്കാണുണ്ടാവുക. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളിലൂടെ ഇതി തിരിച്ചുപിടിക്കേണ്ടത് വലിയ ബാധ്യതയായി തകൈച്ചിക്ക് മുന്നിലുണ്ട്. വര്‍ഷങ്ങളായുള്ള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, ജപ്പാന്‍ കറന്‍സി യെന്നിന്റെ മൂല്യത്തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരവും കാണേണ്ടതുണ്ട്. എല്ലാത്തിനും പുറമേയാണ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകലഹവും ഭിന്നതകളും. പാര്‍ട്ടിയിലെ വിവിധ ചേരിതിരിവുകള്‍ പരിഹരിച്ച് LDP-യെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകേണ്ടത് പുതിയ പ്രസിഡന്റെന്ന നിലയില്‍ തകൈച്ചിയുടെ ഉത്തരവാദിത്തമാണ്.
സനെ തകൈച്ചിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയവും ആസന്നമായ പ്രധാനമന്ത്രി സ്ഥാനവും ജപ്പാന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് രചിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന തകൈച്ചിയെ പോലുള്ള നേതാക്കളുടെ വളര്‍ച്ച ഏത് തരത്തിലാണ് ജപ്പാന്റെ വളര്‍ച്ചയെ സ്വാധീനിക്കുകയെന്നത് കണ്ടറിയേണ്ടതുണ്ട്.
Content Highlights: Sanae Takaichi secures LDP presidency, paving the way for Japan`s first female Prime Minister. Her victory marks a historic moment in Japanese politics.
Published: 07 Oct 2025, 03:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented