അമേരിക്കയും ഇസ്രയേലും ഒരുവശത്തും ഇറാൻ എതിർഭാഗത്തുമായി നടക്കുന്ന യുദ്ധം നൂറുദിവസം പിന്നിടുമ്പോൾ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ലെബനോനിലെ ഇറാൻ അനുകൂല സായുധസംഘടന ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ളയുദ്ധം കൈവിട്ടുപോയത് ഇറാനും ജൂതരാഷ്ട്രവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനും യെമനിലെ ഹൂതികളെ രംഗത്തിറക്കുന്നതിനും കാരണമായി. യുദ്ധം കൂടുതൽ വിപുലമാവുന്നത് ലോകത്തെ ഊർജവിപണിയെയും അതുവഴി സാമ്പത്തികരംഗത്തെയും സാരമായി ബാധിച്ചു കഴിഞ്ഞ യുദ്ധത്തിൽ നിന്നും സമാധാനക്കരാറുണ്ടാക്കി തടി രക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും.

To advertise here,

ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച ഭാഗികവെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ബെയ്‌റൂത്തിലെ ഹിസ്ബുള്ള ആസ്ഥാനത്ത് ആക്രമണം നടത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചതും വീണ്ടും പടക്കളത്തിലിറക്കിയതും. വെടിനിർത്തലുണ്ടായ ഏപ്രിൽ എട്ടിനുശേഷം ഇറാനും ഇസ്രയേലും ആക്രമണ, പ്രത്യാക്രമണങ്ങൾ നടത്തുന്നത് ആദ്യമാണ്. സമാധാനചർച്ചകളിൽ ഇറാന്റെ പ്രധാന വ്യവസ്ഥകളിലൊന്ന് ഹിസ്ബുള്ളയെ ആക്രമിക്കുന്നത് ഇസ്രയേൽ നിർത്തണം എന്നതായിരുന്നു. ഇസ്രയേലി നഗരങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു, പകരമായി ഇറാന്റെ ഉൾപ്രദേശങ്ങളിൽ ജൂതപ്പടയുടെ പ്രത്യാക്രമണം. തങ്ങളുടെ സൈനികർക്ക് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതിനു പ്രതികാരമാണ് ബെയ്‌റൂത്തിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

20235 ഒക്ടോബറിലെ ഗാസ സമാധാനക്കരാറിന് ശേഷം ആക്രമണങ്ങൾ നിർത്തിവച്ചിരുന്ന യെമനിലെ ഹൂതികൾ ചെങ്കടലിൽ സമുദ്രനിയന്ത്രണം പ്രഖ്യാപിക്കുകയും ടെൽ അവീവിന് നേരെ മിസൈലുകൾ തൊടുക്കുകയും ചെയ്തു. ചെങ്കടലിലെ മേധാവിത്വം ഉറപ്പാക്കാൻ സൊമാലിയയിലെ ഭീകരസംഘടനയായ അൽ ഷബാബുമായി ഹൂതികൾ സഹകരിക്കുന്നതായി സൂചനയുണ്ട്.

പശ്ചിമേഷ്യയിൽ കാര്യങ്ങൾ വഷളാകാതിരിക്കാൻ ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ശകാരിക്കുകയും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും നെതന്യാഹു വകവയ്ക്കില്ലെന്ന് ഉറപ്പാണ്. ഇതുവരെയുള്ള അനുഭവം വെച്ചുനോക്കിയാൽ ഇനിയും അച്ചടക്കലംഘനമുണ്ടാവും, അതിന് ഇസ്രയേൽ വില കൊടുക്കേണ്ടി വരികയുമില്ല. എന്തായാലും, വാക്കിലും പ്രവൃത്തിയിലും വാശിയും പ്രതികാരമനോഭാവവും ശക്തമാവുകയാണ് ഇരുഭാഗത്തും.

പൊട്ടുന്ന വെടിനിർത്തൽ കരാറുകൾ

കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്ക- ഇസ്രയേൽ സഖ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി അടക്കം നാൽപ്പതോളം പ്രമുഖ നേതാക്കളെ അപ്രതീക്ഷിത ബോംബാക്രമണത്തിൽ വധിച്ചുകൊണ്ട് യുദ്ധമാരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ അപൂർണമായി അവസാനിപ്പിച്ച 'ഓപ്പറേഷൻ റൈസിങ് ലയണിന്റെ' തുടർച്ചയാണ് ഇതെന്നു പറയാം. അന്ന് ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനിലെ ഫോർഡോ, നഥാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബി രണ്ട് ബോംബർ വിമാനങ്ങൾ ആക്രമണം നടത്തി. ഈ പന്ത്രണ്ടുദിന യുദ്ധത്തിന് ജൂൺ 24ന് വെടിനിർത്തലായി. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചെന്ന് ട്രംപ് വീമ്പിളക്കിയിരുന്നു.

പിന്നീട് ഇതു സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ നടന്ന ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് (എന്ന് മധ്യസ്ഥരിൽ ഒരാളായ ഒമാൻ) പെട്ടെന്ന് ഇറാനിൽ ആക്രമണം ആരംഭിച്ചത്. നേതാക്കൾ നഷ്ടമായിട്ടും നിരന്തരമായ ബോംബാക്രമണത്തിൽ കടുത്ത നാശനഷ്ടങ്ങളുണ്ടായിട്ടും പിടിച്ചുനിന്ന ഇറാന് ലോകത്തെ ഊർജവ്യാപാരത്തിന്റെ ഇരുപതു ശതമാനത്തിലധികെ കടന്നു പോവുന്ന ഹോർമുസ് കടലിടുക്കിൻ മേലുള്ള ഭൂമിശാസ്ത്രപരമായ മേൽക്കൈ സഹായകമായി. അവരത് അടച്ചിട്ടു, ആഗോള ഊർജ്ജ വിപണിയെ ഉൽക്കണ്ഠയിലാഴ്ത്തി. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നു. അമേരിക്ക വെടിനിർത്തലിന്റെ സാധ്യതകൾ ആരാഞ്ഞു. ഒടുവിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.

വെടിനിർത്തൽ കരാർ ലെബനോനടക്കം എല്ലായിടത്തും ബാധകമാവണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇത് അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് മാത്രമാണ് ബാധകം, ലെബനോന് ബാധകമല്ല എന്ന് ഇസ്രയേലും അമേരിക്കയും വാദിച്ചു. ഇസ്രയേൽ ഹിസ്ബുള്ളയെ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ അമേരിക്കയുമായുള്ള ആണവചർച്ചകളിൽ കാര്യമില്ലെന്ന് ചർച്ചയിൽ ഇറാന്റെ മുഖ്യ പ്രതിനിധിയും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞിരുന്നു.

പുനരാരംഭിച്ച യുദ്ധത്തിലെ ഏറ്റവും നിർണ്ണായകമായ മാറ്റം ഹൂതികളുടെ തിരിച്ചുവരവാണ്. ഇസ്രായേലുമായി ബന്ധമുള്ള ഏതു കപ്പലിനെയും ലക്ഷ്യമിടുമെന്ന പ്രഖ്യാപനം പേർഷ്യൻ ഉൾക്കടലിൽ നിന്നുള്ള രണ്ട് പ്രധാനവഴികളും-- ഹോർമുസും ബാബ് അൽമൻഡെബും- ഒരേസമയം അടഞ്ഞേക്കും എന്ന ഭീതി ആഗോള വിപണിയിൽ ഉണ്ടാക്കിയിട്ടുണ്ട്. കാരണം ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഭാഗികമായി അടഞ്ഞുകിടക്കുകയോ തടസ്സപ്പെടുകയോ ചെയ്തിരിക്കുകയാണ്. ഇസ്രയേൽ കപ്പലുകൾക്ക് യെമനും ജിബൂട്ടിക്കും ഇടയിലുള്ള ബാബ് അൽമൻഡബ് കടലിടുക്ക് കൂടി അടയ്ക്കപ്പെട്ടാൽ പ്രതിസന്ധി അതീവ ഗുരുതരമായിരിക്കും.

ട്രംപുമായുള്ള ഭിന്നതയും നെതന്യാഹു ആഗ്രഹിച്ച യുദ്ധവും

കുറച്ചുനാളായി ലോകം കാണുന്ന കാഴ്ചകളിലൊന്ന് ട്രംപും നെതന്യാഹുവും തമ്മിലുള്ള പരസ്യഭിന്നതയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ, ഇറാനുമായി അമേരിക്ക ഉണ്ടാക്കുന്ന ഏതു കരാറും നെതന്യാഹുവിന് അംഗീകരിക്കേണ്ടി വരുമെന്നും നെതന്യാഹുവല്ല, താനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ട്രംപ് നെതന്യാഹുവിന് നിർദ്ദേശം നൽകിയിരുന്നതായി വാർത്തയുണ്ട്. എന്നാൽ, മണിക്കൂറുകൾക്കകം ഇസ്രയേൽ വലിയ തിരിച്ചടി നൽകി.

കഴിഞ്ഞയാഴ്ച നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ബെയ്‌റൂത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കാൻ ട്രംപ് ആവശ്യപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. കോപിഷ്ഠനായ ട്രംപ്, നെതന്യാഹുവിന് ഭ്രാന്താണെന്നും ഇത്തരം നടപടികൾ കാരണം ലോകം അദ്ദേഹത്തെയും ഇസ്രയേലിനെയും വെറുക്കുന്നതായും പറഞ്ഞു. എങ്കിലും നെതന്യാഹു പദ്ധതിയിട്ടതുപോലെ തന്നെ മുന്നോട്ട് പോയി എന്ന് വ്യക്തമാണ്. എന്നുവെച്ച് ഇസ്രയേലിനെ കൈവിടാനോ സമ്പൂർണമായും തള്ളിപ്പറയാനോ അമേരിക്ക തയ്യാറല്ല. ഇതുവരെ അമേരിക്ക ബെയ്‌റൂത്തിലെ ഇസ്രയേലി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാത്തത് അതിന് തെളിവാണ്. തെക്കൻ ലെബനോനിലെ ലിതാനി നദി വരെ കൈവശപ്പെടുത്താനാണ് ഇസ്രയേൽ പദ്ധതി.

അമേരിക്കയുടെ സഹായമില്ലെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പു കൂടുചതൽ വെല്ലുവിളി നേരിടുമെന്ന് വ്യക്തമാണ്. മാറിമാറി വരുന്ന അമേരിക്കൻ ഭരണകൂടങ്ങൾ ഇസ്രയേലിന്റെ ആവശ്യങ്ങൾക്ക് വളരെ താൽപ്പര്യത്തോടെ ചെവി കൊടുക്കുന്നു, അവരുടെ സുരക്ഷാപ്രശ്‌നങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നു. തന്റെ ആദ്യടേമിൽ ട്രംപ് കൊണ്ടുവന്ന അബ്രഹാം കരാറുകൾ ഇസ്രയേലിന്റെ സമാധാനപൂർണമായ നിലനിൽപ്പ് ഉറപ്പാക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്. അറബി രാജ്യങ്ങളിലെ സൈനികത്താവളങ്ങൾ എണ്ണയ്ക്കും ഭൂരാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വേണ്ടി മാത്രമല്ല, ഇസ്രയേലിനെ കൂടി ഉദ്ദേശിച്ചാണ് എന്നും പറയാം.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി ഇറാന്റെ നേതൃത്വത്തിലുള്ള 'ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ടാ'യിരുന്നു. അതിൽ ഹിസ്ബുള്ളയും ഗാസയിലെ ഹമാസും ഹൂതികളും സിറിയയിലെ മുൻ ബാഷർ അൽ അസദ് സർക്കാരും ഇറാഖിലെ ഷിയ മിലിഷ്യകളുമൊക്കെ പെടും. ഇവർക്കൊക്കെ സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകിയിരുന്നത് ഇറാനിലെ മതഭരണകൂടമാണ്. അതിനാൽ ഈ യുദ്ധത്തെ പതിറ്റാണ്ടുകളായുള്ള ഇസ്രയേലിന്റെ തന്ത്രപരമായ പദ്ധതിയുടെ പൂർത്തീകരണമാണ് എന്നും വ്യാഖ്യാനിക്കാം. അതിന് അമേരിക്കയുടെ മൗനാനുവാദമുണ്ടെന്നും കരുതാം.

ആ പദ്ധതി 2023 ഒക്ടോബറിൽ തുടങ്ങി. ഹമാസിനെ ദുർബലപ്പെടുത്തി, 2024 സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ നേതൃത്വത്തെ ഇല്ലാതാക്കി, ഈ വർഷം ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയെ വധിച്ചു, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആവർത്തിച്ച് ആക്രമണം നടത്തി. ഇറാനെ സമ്പൂർണമായി തകർക്കാനുള്ള ഏറ്റവും നല്ല അവസരമാണിപ്പോഴെന്ന് ഇസ്രയേൽ കരുതുന്നുണ്ട്. അതുകൂടി പൂർത്തിയായാൽ ഇസ്രയേലിന് പശ്ചിമേഷ്യയിൽ എതിരാളികളില്ലാതാവും. ഗാസയിലും ലെബനോനിലുമുള്ള ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇസ്രയേൽ ഇറാനിൽ ബോംബു വർഷിക്കുന്നത്. പക്ഷേ, ബാഹ്യസമ്മർദ്ദങ്ങൾ ഇറാനെ ശക്തിപ്പെടുത്തിയ ഗാഥകളാണ് സമീപകാല ചരിത്രം. ഇറാഖുമായുള്ള യുദ്ധവും സമ്പദ്‌വ്യവസ്ഥയെ തരിപ്പണമാക്കിയ അമേരിക്കൻ ഉപരോധങ്ങളും ആണവകേന്ദ്രങ്ങളിൽ രണ്ടുതവണ നടന്ന വ്യോമാക്രമണങ്ങളും പരമോന്നത നേതാവിന്റെ വധവുമൊക്കെ അതിജീവിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനായി.

സമാധാനക്കരാറിനുള്ള ചർച്ചകളിൽ ഇറാൻ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ഒന്ന് 24 ബില്യൻ ഡോളർ വരുന്ന അവരുടെ മരവിപ്പിച്ച ആസ്തികളെ ഉപയോഗിക്കാൻ അനുവദിക്കണം എന്നാണ്. ട്രംപ് അതിനു തയ്യാറല്ല. യുഎസിനു വേണ്ടത് ഇറാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരമാണ്. അതു വിട്ടുകൊടുക്കാൻ ഇറാൻ തൽക്കാലം സന്നദ്ധമല്ല. ഹോർമുസിൽ അമേരിക്കയുടെ ഉപരോധം കാരണം ഇറാന്റെ എണ്ണ കയറ്റുമതി കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും മാസങ്ങൾ പിടിച്ചുനിൽക്കാൻ അവർക്കാകും. പക്ഷേ, ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടേണ്ട ട്രംപിന് അത് കഴിയണമെന്നില്ല. കനത്ത സാമ്പത്തികനഷ്ടവും ജനപ്രീതിയിലെ വലിയ ഇടിവും പുറമേ. ഏതാണ്ട് 30 ബില്യൻ ഡോളർ ( രണ്ടേമുക്കാൽ ലക്ഷം കോടി രൂപ) ഇതിനകം ചിലവായി കഴിഞ്ഞു. യുദ്ധത്തിൽ 42 വിമാനങ്ങൾ (വിലയേറിയ അവാക്‌സ് വിമാനങ്ങളും റീപ്പർ ഡ്രോണുകളും അടക്കം) തകരുകയോ കേടാവുകയോ ചെയ്തു.

ഈ യുദ്ധം ഇസ്രയേലിന്റെ മാത്രം താൽപ്പര്യമാണെന്ന് വ്യക്തമാണ്. നേരത്തേ വാർത്തകളുണ്ടായിരുന്നു, നെതന്യാഹു ബുദ്ധിപൂർവം ട്രംപിനെ പെടുത്തിയതാണെന്ന്. പക്ഷേ, താനാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ട്രംപ് തെറ്റിദ്ധരിക്കുന്നു. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പങ്കാളിയായ യുഎസ്, ലെബനോൻ, ഗാസ, ഇറാൻ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾക്ക് ഒരേസമയം ധനസഹായവും ആയുധങ്ങളും നൽകി, യുദ്ധക്കെടുതികൾ അനുഭവിക്കുന്നു. തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമില്ലാത്ത ഒരു യുദ്ധത്തിന്റെ ഭാഗമായ അമേരിക്കയ്ക്ക് പിൻവാങ്ങാൻ കഴിയാത്ത ഘട്ടമെത്തിയിരിക്കുന്നു. അമേരിക്ക നയിക്കുന്ന ഏകധ്രുവ ലോകത്തിന്റെ അവസാന നാളുകൾ കണ്ട് വരമ്പത്ത് പുഞ്ചിരിയോടെ നിൽപ്പുണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനും ചൈനയുടെ ഷി ജിൻപിങും.