സമീപകാലത്ത് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ടാക്കിയ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. അതില്‍ മൊബൈല്‍ കമ്പനികളായ റെഡ്മിയും വിവോയും ഒപ്പോയും മുതല്‍ കാര്‍കമ്പനിയായ ബിവൈഡിയും ഫാഷന്‍ ബ്രാന്‍ഡായ ഷിഇന്നും വരെയുണ്ട്. ഈ കമ്പനികളും അനന്തമായ സാധ്യതകളുള്ള മാര്‍ക്കറ്റായാണ് ഇന്ത്യയെ പരിഗണിച്ചിരുന്നത്. എന്നാല്‍,  പ്രതീക്ഷയ്ക്കപ്പുറത്തേക്കുള്ള സ്വീകാര്യത ലഭിച്ചിട്ടും മറ്റ് വിദേശ ബ്രാന്‍ഡുകളെപ്പോലുള്ള അടിത്തറ ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ഈ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് സാധിച്ചിരുന്നില്ല. ചൈനയുടെ ശത്രുരാജ്യമായ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും ശേഷിക്കനുസരിച്ചുള്ള മുന്നേറ്റം ഇന്ത്യയില്‍ ഇവര്‍ക്കുണ്ടായില്ല. ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന അതിര്‍ത്തി തര്‍ക്കങ്ങളും നയതന്ത്ര പ്രശ്‌നങ്ങളുമെല്ലാം കാരണമുള്ള പ്രതിസന്ധികളാണ് ഇതിന് വിലങ്ങുതടിയായത്.

To advertise here,

വിസ നിയന്ത്രണങ്ങള്‍ കാരണം അഞ്ചു വര്‍ഷത്തിലേറെയായി പല ചൈനീസ് കമ്പനികളുടെയും ഉന്നത എക്‌സിക്യുട്ടീവുമാര്‍ക്ക് ഇന്ത്യയിലെത്താന്‍ പോലും സാധിച്ചിരുന്നില്ല. ഇതുമൂലം അയല്‍രാജ്യങ്ങളിലിരുന്നാണ് കമ്പനി പ്രതിനിധികള്‍ ഇന്ത്യന്‍ ഓപ്പറേഷനുകള്‍ നിയന്ത്രിച്ചിരുന്നത്. ഇതിനിടയില്‍ ടിക്ക്‌ടോക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ചൈനീസ് ഫോണ്‍ കമ്പനികളും വാഹന കമ്പനികളും ഇന്ത്യന്‍ സര്‍ക്കാരിന്റെ പലവിധ നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധികളും നേരിട്ടിരുന്നു. എന്നാലിപ്പോഴിതാ ഇന്ത്യ-ചൈനീസ് ബന്ധം മെച്ചപ്പെട്ടതിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്നുണ്ടാവുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനീസ് ബിസിനസ് ഒഫീഷ്യലുകള്‍ക്ക് വിസ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നീക്കം. 2021ല്‍ നിര്‍ത്തലാക്കിയ ചൈനീസ് പ്രൊഫഷണലുകള്‍ക്കുള്ള ബിസിനസ് ഇ-വിസകളാണ് ഈ മാസം മുതല്‍ വീണ്ടും അനുവദിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ ബിവൈഡി, ഷവോമി, ഒപ്പോ, വിവോ, ഹൈസന്‍സ്, ഹയര്‍ തുടങ്ങിയ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകളുടെ ബിസിനസ് എക്‌സിക്യുട്ടീവുമാര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനും ഇന്ത്യയില്‍ കേന്ദ്രീകരിച്ച് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സാധിക്കും. ഇത്തരത്തിലുള്ള മിക്കവാറും എല്ലാ ടെക്‌നിക്കല്‍ വിസ അപേക്ഷകളും പാസാക്കി നല്‍കാനാണ് സര്‍ക്കാര്‍ തലത്തില്‍ എടുത്തിരിക്കുന്ന തീരുമാനം. ഇതേത്തുടര്‍ന്ന് തങ്ങളുടെ പ്രധാന പോസ്റ്റിലുള്ള എക്‌സിക്യുട്ടീവുകളോടെല്ലാം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കാനായി നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. 

2020ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെയാണ് രാജ്യം ചൈനീസ് പ്രൊഫഷണലുകള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതുമൂലം ഈ കമ്പനികളുടെ ചൈനക്കാരായ സിഇഒമാര്‍, ഇന്ത്യ ഹെഡ്ഡുമാര്‍, ജനറല്‍ മാനേജര്‍മാര്‍, എച്ച്ആര്‍ ഹെഡ്ഡുമാര്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നു. അതോടൊപ്പം ചൈനീസ് കമ്പനികള്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പനി വിപുലീകരണത്തിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം ഈ കമ്പനികളുടെ ഇന്ത്യന്‍ കുതിപ്പിനെ കാര്യമായി തളര്‍ത്തി. ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനാല്‍ ഇത്തരം ചൈനീസ് കമ്പനികളുടെ ഇന്ത്യ ഡിവിഷന്റെ ബോര്‍ഡ് മീറ്റിങ്ങുകളും മറ്റ് ഉന്നതതല യോഗങ്ങളുമെല്ലാം ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പുര്‍, തുടങ്ങിയ രാജ്യങ്ങളില്‍ വെച്ചാണ് ഇതുവരെ ചേര്‍ന്നിരുന്നത്. പല കമ്പനികളുടെയും ഇന്ത്യ വിഭാഗം മേധാവികള്‍ക്ക് പോലും വര്‍ഷങ്ങളായി ഇന്ത്യയിലെത്താന്‍ സാധിച്ചിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ബോര്‍ഡില്‍ കൂടുതല്‍ ഇന്ത്യക്കാരെ നിയമിക്കാനും ഇത്തരം കമ്പനികള്‍ നിര്‍ബന്ധിതരായി. ഇതെല്ലാം പ്രവര്‍ത്തനങ്ങളെ ബാധിച്ചതായാണ് കമ്പനി മാനേജ്‌മെന്റ് വിലയിരുത്തുന്നത്.

ട്രംപിന്റെ താരിഫ് അനുഗ്രമായി, ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച താരിഫ് യുദ്ധം ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തന്നെ മാറ്റിമറിച്ചിരുന്നു. ഇതിന്റെ ഭാഗമായ, അപ്രതീക്ഷിതമെന്ന് വിലയിരുത്തപ്പെട്ട പല സഖ്യങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും ലോകം സാക്ഷിയായി. അമേരിക്കന്‍ താരിഫ് ഇന്ത്യയെയും ചൈനയെയും കാര്യമായി ബാധിച്ചതോടെ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്ന സാഹചര്യമുണ്ടായി. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പൊതുവായ താല്‍പര്യങ്ങള്‍ക്ക് ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും തിരച്ചറിയുകയായിരുന്നു. മന്ത്രി-ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്ക് പിന്നാലെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചതും നയതന്ത്രപ്രതിസന്ധികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നതിന് കാരണമായി. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയും ടൂറിസം വിസകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനായി ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനി പ്രതിനിധികള്‍ക്കുള്ള വിസകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കാനും ധാരണയായത്. 

അതേസമയം ചൈനീസ് കമ്പനി പ്രതിനിധികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രധാനപ്പെട്ട ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍ ചൈനീസ് പാര്‍ടനര്‍ഷിപ്പുകള്‍ക്കായി ധാരാളം ചൈന യാത്രകള്‍ നടത്തുന്നുണ്ടായിരുന്നു. ഇലക്ട്രോണിക്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍ക്കായി ഇന്ത്യന്‍ സംരംഭകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് ചൈന. ഇലക്ട്രോണിക്‌സ് മേഖലയില്‍ ഉപയോഗിക്കുന്ന അമ്പത് മുതല്‍ അറുപത് ശതമാനം വരെയുള്ള ഘടകങ്ങള്‍ക്കും ഇന്ത്യന്‍ സംരഭകര്‍ ചൈനയില്‍ നിന്നാണ് വാങ്ങുന്നത്. ഇന്ത്യയുടെ വന്‍കിട വ്യവസായമേഖലകളിലും ചൈനീസ് ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പല വ്യവസായങ്ങള്‍ക്കുമുള്ള അസംസ്‌കൃത വസ്തുക്കളും സാങ്കേതികവിദ്യയും വന്നിരുന്നത് ചൈനയില്‍ നിന്നാണ്. മെട്രോ റെയിലുകളുടെ കോച്ചുകളും സിഗ്നലിങ് സിസ്റ്റവുമെല്ലാം ഇന്ത്യ വാങ്ങിയിരുന്നത് ചൈനയുടെ സിആര്‍ആര്‍സി എന്ന കമ്പനിയില്‍ നിന്നാണ്. വിസ നിയന്ത്രണങ്ങള്‍ ഈ മേഖലയിലും പ്രതസന്ധികളുണ്ടാക്കിയിരുന്നു. സിആര്‍ആര്‍സി ടെക്‌നിക്കല്‍ സ്റ്റാഫുകള്‍ക്ക് വിസ ലഭിക്കാത്തതിനാല്‍ ബെംഗളൂരു മെട്രോയുടെ ഡ്രൈവര്‍ലെസ് ട്രെയിന്‍ പദ്ധതി നീണ്ടുപോയത് വാര്‍ത്തയായിരുന്നു. ഇത്തരം സഹകരണങ്ങള്‍ക്കും പുതിയ സാഹചര്യം ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരം മാറ്റങ്ങള്‍ പരസ്പരമുള്ള വാണിജ്യങ്ങളെയും കാര്യക്ഷമമാക്കും. ഇരുരാജ്യങ്ങള്‍ക്കും നിലവില്‍ ഇത് നിര്‍ണായകവുമാണ്.

ചൈനീസ് എക്‌സിക്യൂട്ടീവുമാര്‍ ഇന്ത്യയിലേക്ക്

വിവോ ഇന്ത്യയുടെ ജെറോം ചെന്‍, ഒപ്പോ ഇന്ത്യയുടെ ഫിഗോ ഴാങ്, മൈക്കല്‍ ഗുവോ തുടങ്ങിയ കമ്പനി മേധാവികളും സീനിയര്‍ ഉദ്യോഗസ്ഥരുമെല്ലാം നിലവില്‍ ചൈനയിലെ ഓഫീസുകളില്‍ നിന്നാണ് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. നിയന്ത്രണങ്ങള്‍ മാറുന്നതോടെ ഇവരെല്ലാം ഇന്ത്യയിലെ ഹെഡ് ഓഫീസുകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കും. അമേരിക്കന്‍-ചൈനീസ് സംയുക്ത കമ്പനിയായ കാരിയര്‍ മിഡിയയുടെ പ്രവര്‍ത്തനങ്ങളെയും ഇന്ത്യന്‍ വിസ പ്രതിസന്ധി ബാധിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിലേക്ക് ഒരു ചൈനീസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെ നിയമിക്കാനുള്ള അനുമതിക്കായി മൂന്ന് വര്‍ഷം മുന്‍പ് തന്നെ അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. മാനേജ്‌മെന്റ് എടുക്കുന്ന പല തീരുമാനങ്ങളും ഇന്ത്യന്‍ ഘടകങ്ങളില്‍ മാത്രം നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് എക്‌സിക്യൂട്ടീവുമാര്‍ക്ക് നേരിട്ട് ഇന്ത്യയിലെത്തി ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ചൈനീസ് കമ്പനികളില്‍ നടക്കുന്നതായാണ് വിവരം.

placeholder
ബെംഗളൂരു മെട്രോയ്ക്കുള്ള ഡ്രൈവർരഹിത മെട്രോ ട്രെയിൻ. ചൈനീസ് കമ്പനി സി.ആർ.ആർ.സി. പങ്കുവെച്ച വീഡിയോയിൽനിന്നുള്ള ദൃശ്യം

കുതിച്ചുചാടാന്‍ ബിവൈഡി

ലോകത്തെ ഇലക്ട്രിക് വാഹനമേഖലയില്‍ ഒരു കാട്ടുതീ പോലെ പടര്‍ന്ന കമ്പനിയാണ് ബിവൈഡി. 2021ലാണ് ഈ ചൈനീസ് ഭീമന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത്. ബിവൈഡി ഇന്ത്യയില്‍ ആ നാല് വര്‍ഷത്തിനിടെ പുറത്തിറക്കിയത് നാല് മോഡലുകള്‍ മാത്രമാണ്. അതാകട്ടെ വിദേശത്ത് നിര്‍മ്മിക്കുന്ന മോഡലുകള്‍ ഇറക്കുമതി ചെയ്താണ് വില്‍ക്കുന്നത്. ഈ നാല് മോഡലുകളും പ്രീമിയം സെഗ്മെന്റിലാണെങ്കില്‍ പോലും വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിച്ചത്. എന്നിട്ട് പോലും ഈ സമീപകാലംവരെയും കമ്പനിയുടെ മാനേജ്‌മെന്റിന് ഇന്ത്യയില്‍ കാല് കുത്താന്‍ സാധിക്കാത്തത് കമ്പനി വിപുലീകരണത്തെ ബാധിച്ചിരുന്നു.

ബിവൈഡി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കെറ്റ്‌സു ഷാങിന് ഇന്ത്യയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നില്ല. ഇത് മൂലം തുടക്കം മുതല്‍ ചൈനയിലിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പിന്നീട് ജപ്പാനിലേക്ക് ഓഫീസ് മാറ്റുകയും ചെയ്തിരുന്നു. ബിവൈഡിയുടെ ഉന്നതതല മീറ്റിങ്ങുകള്‍ക്കായി ഇന്ത്യക്കാരായ മുതിര്‍ന്ന ടെക്‌നോക്രാറ്റുകള്‍ ചൈനയിലേക്കും പിന്നീട് ജപ്പാനിലേക്കും പോകാറായിരുന്നു പതിവ്. ഈ പ്രതിസന്ധികള്‍ക്കിടയിലും ബിവൈഡി മോഡലുകള്‍ ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഓരോ വര്‍ഷവും വില്‍പ്പനയില്‍ കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 

placeholder

ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് വലിയ തീരുവ അടയ്‌ക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ വാഹനത്തിന്റെ വില ഇന്ത്യന്‍ വിപണിയിലെത്തുമ്പോഴേക്ക് കുത്തനെ വര്‍ധിക്കുന്നു. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിനും ഇന്ത്യയില്‍ നിയന്ത്രണമുണ്ട്. എന്നിട്ടുപോലും ഇത്ര വലിയ കുതിച്ചുചാട്ടമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചാല്‍ അത് വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് കാരണമാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. എന്നാല്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കമ്പനിയുടെ അപേക്ഷ രാജ്യതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാട്. അതേസമയം വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന കമ്പനിയായ വിന്‍ഫാസ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്ലാന്റുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ബിവൈഡിയും വലിയ പ്രതീക്ഷയിലാണ്. വിസ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടൊപ്പം പ്ലാന്റ് അനുമതിയുള്‍പ്പടെയുള്ളവ ലഭിച്ചാല്‍ ചൈനീസ്, യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ നടത്തുന്ന വിസ്മയങ്ങള്‍ ഇന്ത്യയിലും കാഴ്ചവെക്കാനാവുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. 

ആശങ്കകളും ജാഗ്രതയും

അതേസമയം ചൈനീസ് കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാറുന്നതില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്. ചൈനീസ് സര്‍ക്കാരിന്റെ വലിയ സബ്‌സിഡികള്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വാഹനങ്ങളിറക്കിയാല്‍ അത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാവും. ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന ടാറ്റയും മഹീന്ദ്രയും ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കാണ് ഇത് വലിയ ഭീഷണിയാവുക. അതിനാല്‍ തന്നെ ഇവയ്ക്കുള്ള നിയന്ത്രണം തുടരണമെന്ന ആവശ്യമാണ് ഇത്തരം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്നത്. അതോടൊപ്പം തന്ത്രപരമായ മേഖലകളിലെ ചൈനീസ് നിക്ഷേപങ്ങളിലെ സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്നതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.