
രാജ്‌നാഥ് സിങ്
'സര്‍ ക്രീക്കില്‍ പാകിസ്താന്‍ ഏതെങ്കിലും സാഹസികനീക്കം നടത്തിയാല്‍, അതിന് ശക്തമായ മറുപടി ലഭിക്കും, സര്‍ ക്രീക്കിലൂടെയാണ് കറാച്ചിയിലേക്കുള്ള ഒരു വഴിയെന്ന് പാകിസ്താന്‍ ഓര്‍ക്കണം.' സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്താന്‍ സൈനികസാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതില്‍ ശക്തമായ താക്കീതുമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. പ്രകോപിപ്പിച്ചാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന കനത്ത പ്രതികരണമുണ്ടാവുമെന്നാണ് പ്രതിരോധമന്ത്രി പാകിസ്താനെ ഓര്‍മിപ്പിച്ചത്. രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണത്തോടെ സര്‍ ക്രീക്ക് വീണ്ടും ചര്‍ച്ചകളിലുയരുകയാണ്. എവിടെയാണ് സര്‍ ക്രീക്ക്, മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെന്താണ്? സര്‍ ക്രീക്ക് ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം തന്ത്രപ്രധാനമാണ്
എവിടെയാണ് സര്‍ ക്രീക്ക്?
ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിലുള്ള 96 കിലോമീറ്റര്‍ നീളമുള്ള ചതുപ്പുനിലമാണ് സര്‍ ക്രീക്ക്. 'ബാന്‍ ഗംഗ' എന്നായിരുന്നു ആദ്യനാമം. ഇന്ത്യ-പാക് അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നല്‍കിയതോടെയാണ് സര്‍ ക്രീക്കായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ക്രീക്കിന്റെ മധ്യത്തിലൂടെ പോകണമെന്ന് ഇന്ത്യയും ഇന്ത്യയോടുചേര്‍ന്നുള്ള കിഴക്കന്‍ തീരത്തുകൂടി പോകണമെന്ന് പാകിസ്താനും ആവശ്യപ്പെട്ടിരുന്നു. ഇരുകൂട്ടരും ഇത് അംഗീകരിക്കാതിരുന്നതോടെയാണ് സര്‍ ക്രീക്കിനെ ചൊല്ലി തര്‍ക്കങ്ങളാരംഭിച്ചത്.
ഗുജറാത്ത് തീരത്തേയും പാകിസ്താന്റെ കറാച്ചിയിലേയും സമുദ്രമേഖല നിര്‍ണയിക്കുന്ന പ്രധാനഘടകമാണ് സര്‍ ക്രീക്ക് എന്ന ചെറുപ്രദേശം. ഈ മേഖലയെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനായി ഒട്ടേറെ തവണ ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തിയിട്ടുണ്ട്. 1924-ല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ കണ്ടെത്താന്‍ പാകിസ്താനും ഇന്ത്യയും 2005-ല്‍ സംയുക്ത സര്‍വേ നടത്തിയിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളില്‍ സര്‍ ക്രീക്കില്‍ പരിഹാരമായെന്നായിരുന്നു പാകിസ്താന്‍ പ്രഖ്യാപിച്ചത്. സര്‍വേ പൂര്‍ത്തിയാക്കി പൊതുഭൂപടം തയ്യാറാക്കിക്കൊണ്ട് താല്‍ക്കാലികമായി പ്രശ്‌നപരിഹാരം ഉണ്ടായെങ്കിലും ഏറെക്കാലം കഴിയുന്നതിന് മുന്‍പ് വീണ്ടും സര്‍ ക്രീക്കില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചു.
ക്രീക്കിനെ ചൊല്ലി എന്താണ് തര്‍ക്കം?
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ഏറ്റവും പടിഞ്ഞാറുള്ള ഔദ്യോഗികമായ അതിര്‍ത്തിയാണ് റാന്‍ ഓഫ് കച്ചിനും പാകിസ്താനുമിടയിലുള്ള സര്‍ ക്രീക്ക് എന്ന ഇടുങ്ങിയ ജലപാത. ഇതിന്റെ അതിര്‍ത്തി രേഖകളെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന മിക്ക സംഘര്‍ഷങ്ങളേയും പോലെ തന്നെ സര്‍ ക്രീക്കുമായി ബന്ധപ്പെട്ട തര്‍ക്കവും സ്വാതന്ത്ര്യലബ്ധിക്കു മുന്നേ ആരംഭിച്ചതാണ്. അന്ന് ഈ പ്രദേശം കച്ചിലെ മഹാരാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു. അന്നുമുതല്‍ക്കേ അതിര്‍ത്തി സംബന്ധിച്ച് പല അവകാശവാദങ്ങളും നിലനിന്നിരുന്നുവെന്നാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ഭൂപടങ്ങളും കരാറുകളും വ്യക്തമാക്കുന്നത്.
ഏറ്റവും ഒടുവിലായി ഉണ്ടായ തര്‍ക്കം ഇതാണ്, സര്‍ ക്രീക്കിന്റെ മധ്യഭാഗം വരേയും ഇന്ത്യ അവകാശപ്പെടുന്നു. പാകിസ്താന്റെ കേതി ബന്ദര്‍ വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ചതുപ്പുനിലങ്ങളും ഇന്ത്യയുടെ അവകാശവാദങ്ങളിലുണ്ട്. ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാകിസ്താനും പറയുന്നു. ഇന്ത്യയുടെ അതിര്‍ത്തി സര്‍ ക്രീക്കിന്റെ കിഴക്ക് ഭാഗത്താണെന്നാണ് പാകിസ്താന്റെ വാദം. കച്ചിലെ റാവുവും സിന്ധ് ഗവണ്‍മെന്റും 1914ല്‍ ഒപ്പുവെച്ച പ്രമേയം അനുസരിച്ചാണ് പാകിസ്താന്‍ ഈ വാദമുന്നയിക്കുന്നത്. ആ പ്രമേയം അനുസരിച്ച് ക്രീക്കിന്റെ കിഴക്കന്‍ തീരമാണ് അതിര്‍ത്തി രേഖ. എന്നാല്‍, ഇന്ത്യയ്ക്ക് ഈ വാദം സ്വീകാര്യമല്ല. 1925-ലെ രാഷ്ട്രീയ ഭൂപടത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. അതുപ്രകാരം സര്‍ ക്രീക്കിന്റെ മധ്യഭാഗം വരെയാണ് ഇന്ത്യയുടെ അധികാര പരിധി.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട 'താല്‍വെഗ്' (Thalweg) തത്വവും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിര്‍ത്തി നിര്‍ണ്ണയത്തിലെ 'താല്‍വെഗ്' തത്വത്തിന്റെ പരിധിയില്‍ സര്‍ ക്രീക്ക് അഴിമുഖം വരുമോ എന്നതിലുള്ള വലിയ തര്‍ക്കത്തില്‍ നിന്നാണ് ഇന്ത്യയുടേയും പാകിസ്താന്റേയും അഭിപ്രായവ്യത്യാസം ഉടലെടുക്കുന്നത്. അതനുസരിച്ച് സഞ്ചാരയോഗ്യമായ ഒരു ജലപാത പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി പ്രധാന ചാനലിന്റെ ഏറ്റവും ആഴമുള്ള ഭാഗത്തുകൂടിയുള്ള രേഖയായിരിക്കുമെന്നാണ് 'താല്‍വെഗ്' പറയുന്നത്. ഗതാഗതയോഗ്യമായ ചാല്‍ ഇതിലുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പതിവായി ഉപയോഗിക്കുന്നതിനാലും താല്‍വെഗ് തത്വത്തിന് കീഴില്‍ വരുമെന്ന് ഇന്ത്യ വാദിക്കുന്നു. എന്നാല്‍, ഈ അഴിമുഖം ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ഈ തത്വം ബാധകമല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് പാകിസ്താന്‍ ഇന്ത്യയുടെ ഈ വാദത്തെ തള്ളിക്കളയുന്നു.
ഈ തര്‍ക്കത്തിന്റെ ഉത്ഭവം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. രണ്ട് നാട്ടുരാജ്യങ്ങള്‍ക്കിടയിലുള്ള ഒരു അഴിമുഖത്തിന്റെ തീരത്ത് കിടന്നിരുന്ന മരക്കഷ്ണങ്ങളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കച്ചിലെയും സിന്ധിലെയും പ്രദേശവാസികള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും തര്‍ക്കമുണ്ടായി. അതിർത്തികളെ ചൊല്ലിയുണ്ടായ ഈ തർക്കമാണ് പിന്നീട് വളർന്നതെന്നും കഥകളുണ്ട്. അതിര്‍ത്തിയെ ചൊല്ലിയുണ്ടായ ഭിന്നതകൾ പരിഹരിക്കപ്പെടാതെ കാലങ്ങളോളം നീണ്ടു. പിന്നീട് 1965-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന് ശേഷമാണ് ഈ വിഷയം വീണ്ടും സജീവമായി ഉയര്‍ന്നുവന്നത്. യുദ്ധത്തിന് പിന്നാലെ റാന്‍ ഓഫ് കച്ചിന്റെ പകുതിയിലധികം ഭാഗത്ത് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. 1968-ല്‍ ഒരു ട്രൈബ്യൂണല്‍ ഈ തര്‍ക്കം പരിഹരിച്ചു. അതോടെ റാന്‍ ഓഫ് കച്ചിന്റെ 90% ഇന്ത്യക്ക് ലഭിക്കുകയും പാകിസ്താന്റെ അവകാശവാദങ്ങള്‍ തള്ളപ്പെടുകയും ചെയ്തു. സര്‍ ക്രീക്കിനെ ഈ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം അതിര്‍ത്തിയിലെ സര്‍ ക്രീക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണനയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചു, അന്നുമുതല്‍ക്കേ തന്നെ സര്‍ ക്രീക്ക് തര്‍ക്കം വഷളായി തുടരുകയാണ്.
എന്തുകൊണ്ട് സര്‍ ക്രീക്ക് തന്ത്രപ്രധാനമായി?
സര്‍ ക്രീക്കിന്റെ നിയന്ത്രണം ഇന്ത്യ-പാക് സമുദ്രാതിര്‍ത്തി പ്രശ്‌നത്തെ സ്വാധീനിക്കും. ക്രീക്കിന്റെ നിയന്ത്രണം കയ്യാളുന്നത് ആ രാജ്യത്തിന്റെ തന്ത്രപരമായ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ അധികാര പരിധിയില്‍ വരുമ്പോള്‍ സ്വാഭാവികമായി ഈ മേഖലയിലെ പ്രതിരോധത്തിനായി രാജ്യം സൈനിക സാന്നിധ്യം വര്‍ധിപ്പിക്കും. കറാച്ചി തുറമുഖത്തേക്ക് നേരിട്ട് സമുദ്രപാത നല്‍കുന്ന മേഖലയാണിത്. പാകിസ്താനിലെ ഒന്നാം നമ്പര്‍ വ്യാപാരകേന്ദ്രവും യുദ്ധമുണ്ടായാല്‍ ഒന്നാമത്തെ ലക്ഷ്യവുമായിരിക്കും കറാച്ചി. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഈ മേഖലയില്‍ സൈനികസാന്നിധ്യം വ്യാപിപ്പിച്ചാല്‍ അത് കറാച്ചിയെ ബാധിക്കും. കറാച്ചിയിലേക്കുള്ള ഒരു പാത സര്‍ ക്രീക്കിലൂടെയാണ് പോകുന്നതെന്ന് ഓര്‍ക്കുക എന്ന പരാമര്‍ശത്തിലൂടെ പ്രതിരോധമന്ത്രി ഇക്കാര്യത്തെയാണ് സൂചിപ്പിച്ചത്.
പാകിസ്താനെ സംബന്ധിച്ചടുത്തോളം, സര്‍ ക്രീക്ക് മേഖലയിലെ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നത് ഇന്ത്യയ്‌ക്കെതിരേ ഇരുവശത്തുനിന്നും ആക്രമണം നടത്താനുള്ള മാര്‍ഗം കൂടിയാണ് ലഭിക്കുക. അതായത് ഒരു സായുധ സംഘട്ടനമുണ്ടാവുമ്പോള്‍ പാക് അധിനിവേശ കശ്മീരിലോ രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികളിലോ സര്‍ ക്രീക്കിലോ ഒരേസമയം ആക്രമണം നടത്തിയാല്‍ ഇന്ത്യന്‍ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് പാകിസ്താന്‍ വിശ്വസിക്കുന്നു. സര്‍ ക്രീക്കില്‍ അവകാശം ലഭിച്ചാല്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും ആയുധങ്ങളും തീരത്ത് വിന്യസിക്കാനും ഗുജറാത്ത് തീരത്തിനടുത്തുള്ള സമുദ്രപാതകളിലെ രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും വര്‍ധിപ്പിക്കാനും പാകിസ്താന് സാധിക്കും.
ഭീകരപ്രവര്‍ത്തനങ്ങളുടെ അപായസൂചന
സര്‍ ക്രീക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പാക് സൈന്യവുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഒരു ലോഞ്ചിങ് പാഡായി സര്‍ ക്രീക്കിനെ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പാകിസ്താനില്‍നിന്ന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറി ഗുജറാത്തില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍ കണ്ടെത്തിയിരുന്നു. 2019 സെപ്റ്റംബറിലായിരുന്നു ഈ സംഭവം. അതിന് മുന്‍പ് 2008 നവംബറിലെ മുംബൈ ഭീകരാക്രമണ സമയത്ത്, പാക് ഭീകരര്‍ മുബൈയിലെത്തിയത് ഗുജറാത്ത് തീരം വഴി ബോട്ടിലാണെന്ന് കണ്ടെത്തിയിരുന്നു.
വെള്ളത്തിനടിയിലൂടെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് അവരുടെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അന്നത്തെ ഇന്ത്യന്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു ബോട്ടുകള്‍ കണ്ടെടുത്തത്. ഗുജറാത്ത് ലക്ഷ്യമിട്ട് ഭീകരാക്രമണ സാധ്യതകളെ കുറിച്ച് ഇന്ത്യ എല്ലായ്‌പ്പോഴും ജാഗരൂഗരായി. തുടര്‍ന്ന് ഗുജറാത്തില്‍ മാത്രമല്ല, കേരളം വരെ നീളുന്ന തെക്കന്‍ തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സര്‍ ക്രീക്കിന്റെ തന്ത്രപരമായ പ്രാധാന്യത്തിന് അടിവരയിടുന്നതായിരുന്നു ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഈ നടപടി.
സാമ്പത്തിക താൽപര്യങ്ങളും കാരണങ്ങള്‍
സൈനികപരമല്ലാത്ത കാരണങ്ങളും സര്‍ ക്രീക്കിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നാണ് സര്‍ ക്രീക്ക്. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണിത്. ഗുജറാത്തിലെയും സിന്ധിലെയും തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് അത്യന്താപേക്ഷിതമായ മത്സ്യബന്ധന കേന്ദ്രങ്ങള്‍ക്കും ഈ അഴിമുഖം പ്രശസ്തമാണ്. വ്യക്തമായ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ അബദ്ധത്തില്‍ മറ്റ് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നത് മത്സ്യബന്ധന തൊഴിലാളികളുടെ അറസ്റ്റിലേക്ക് നയിക്കാറുണ്ട്. ഇതിലൂടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം തടസ്സപ്പെടുന്നതിനൊപ്പം ഏറെ ജീവിതങ്ങള്‍ കൂടിയാണ് ഇതോടെ ഇല്ലാതാവുന്നത്.
തന്ത്രപരമായ ആശങ്കകള്‍ക്കപ്പുറം സര്‍ ക്രീക്കിന്റെ സാമ്പത്തിക പ്രാധാന്യമാണ് ദശാബ്ദങ്ങള്‍ നീണ്ട ഈ അതിര്‍ത്തി തര്‍ക്കം ശാശ്വതമായ പരിഹാരത്തിലേക്ക് എത്തുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്താനു താല്‍പര്യങ്ങളുള്ള വലിയ എണ്ണ-വാതക ശേഖരം ഈ മേഖലയിലുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എണ്ണ ഇറക്കുമതിയില്‍ ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ കാലങ്ങളായി ശ്രമിക്കുകയാണ് ഇന്ത്യ. റഷ്യയ്ക്ക് പുറമെ വിലകുറഞ്ഞ എണ്ണയുടെ പുതിയ ഉറവിടങ്ങള്‍ ഇന്ത്യ തേടിക്കൊണ്ടിരിക്കുകയാണ്. സര്‍ ക്രീക്കിലെ ഇന്ധന പര്യവേഷണത്തിന് സാധ്യതുകളുണ്ടെങ്കില്‍ അത് ഉപയോഗിക്കാനാണ് ഇന്ത്യയുടെ നീക്കം. എന്നാല്‍, സമുദ്രാര്‍ത്തികളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മിക്കപ്പോഴും അതിര്‍ത്തി കടക്കുന്ന ഇരു രാജ്യങ്ങളിലെയും കടലിനടിയിലെ എണ്ണ, പ്രകൃതിവാതക പര്യവേഷണത്തേയും ഇത് ബാധിക്കും. പാക് തീരത്തെ ഭീമന്‍ എണ്ണശേഖരം പര്യവേഷണം ചെയ്യാന്‍ അമേരിക്കയുമായി പാകിസ്താന്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങള്‍ കാരണം ഈ പര്യവേഷണം നിലച്ചിരിക്കുകയാണ്.
സര്‍ ക്രീക്കിലെ അന്താരാഷ്ട്ര അതിര്‍ത്തി നിര്‍വചനം തര്‍ക്കങ്ങളില്‍ കുടുങ്ങുമ്പോള്‍ അത് ഇരു രാജ്യങ്ങളുടെയും എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകളുടെ (EEZ) അതിര്‍ത്തി നിര്‍ണ്ണയത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിക്കപ്പുറം 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരെ വ്യാപിച്ചുകിടക്കുന്നതാണ് EEZകള്‍, ഇതിനുള്ളിലെ ജൈവപരവും അല്ലാത്തതുമായ എല്ലാ വിഭവങ്ങളുടെയും അധികാരം ആ രാജ്യത്തിനായിരിക്കും. സര്‍ ക്രീക്കില്‍ ഇരുവര്‍ക്കും താല്‍പര്യം ഉടലെടുക്കാനുള്ള കാരണങ്ങളിലൊന്നാണിത്. പ്രത്യേകിച്ച്, സര്‍ ക്രിക്കീല്‍ വലിയ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നിരിക്കെ അത്തരം അവകാശവാദങ്ങളും തീവ്രമാകുന്നു.
ചര്‍ച്ചകളേറെ, പക്ഷേ പരിഹാരമായില്ല
സര്‍ ക്രീക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യയും പാകിസ്താനും ഇതുവരെ നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 1989 ജൂണ്‍ 2-ന് ഇസ്ലാമാബാദില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ തര്‍ക്കത്തിന്റെ അടിസ്ഥാനപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. 1990-ലും 1991-ലും നടന്ന രണ്ടും മൂന്നും ഘട്ട ചര്‍ച്ചകള്‍ പുരോഗതിയില്ലാതെ അവസാനിച്ചു. നാലാം ഘട്ട ചര്‍ച്ചകള്‍ 1991-ല്‍ റാവല്‍പിണ്ടിയില്‍ നടന്നു. 92-ല്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഈ തര്‍ക്കത്തെക്കുറിച്ചുള്ള അഞ്ചാം ഘട്ട ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ നടന്നു.
ഈ വിഷയത്തില്‍ ഒരു പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാമെന്ന നിര്‍ദേശത്തെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 1998-ല്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. എന്നാല്‍, തര്‍ക്കത്തെ അന്താരാഷ്ട്രവത്ക്കരിക്കാനുള്ള പാകിസ്താന്റെ ശ്രമത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു.
ഷിംല കരാറിന് ശേഷം എല്ലാ തര്‍ക്കങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ സഹായത്തോടെ തര്‍ക്കം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പാകിസ്താന്‍ ആവശ്യപ്പെട്ടത്. മധ്യസ്ഥത അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സര്‍ ക്രീക്ക് വിഷയത്തില്‍ വഅസാനത്തെ ഔദ്യോഗിക ചര്‍ച്ചകള്‍ 2012 ജൂണില്‍ നടന്നുവെന്നും അനുകൂലമായ പുരോഗതി ഉള്ളതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 2019-ല്‍ പ്രസ്താവിച്ചിരുന്നു. പിന്നീട് 2015-ല്‍ സര്‍ ക്രീക്കില്‍ സമഗ്രമായ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ധാരണയായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവും അതിര്‍ത്തി കടന്ന് ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ പിന്തുണ നല്‍കുന്നതും പിന്നീടുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുന്നതിലേക്കെത്തിച്ചു. അന്നത്തെ വിദേശകാര്യമന്ത്രി വി.കെ. സിങ്ങ് തന്നെയായിരുന്നു ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും സൈനിക നടപടികളെല്ലാം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി സര്‍ ക്രീക്കിലെ അതിര്‍ത്തി കയ്യേറ്റത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതികരണത്തോടെ പ്രശ്‌നങ്ങള്‍ വീണ്ടും മറ്റൊരു തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സര്‍ ക്രീക്കിലെ ഇന്ത്യയുടെ പകുതി ഭാഗം അനധികൃതമായി കൈയേറാനുള്ള ശ്രമങ്ങള്‍ക്ക് 'ചരിത്രവും ഭൂമിശാസ്ത്രവും' മാറ്റുന്ന രീതിയിലുള്ള മറുപടി നല്‍കുമെന്നായിരുന്നു പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെയും മറ്റ് പ്രദേശങ്ങളിലെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ ഒരു പരിഹാരത്തിന് ഇന്ത്യ തയ്യാറാണെന്നും എന്നാല്‍, പാകിസ്താന് മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത്. അതിര്‍ത്തിക്ക് സമീപപ്രദേശങ്ങളില്‍ ബങ്കറുകളും റഡാറുകളും ആളില്ലാ ഡ്രോണുകളും സൈനികരേയും വിന്യസിക്കാന്‍ ശേഷിയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ അടുത്തിടെ വികസിപ്പിച്ചത് പാകിസ്താന്റെ ഉദ്ദേശ്യങ്ങളെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം 78 വര്‍ഷം പിന്നിടുമ്പോഴും സര്‍ ക്രീക്കിലെ അതിര്‍ത്തിത്തര്‍ക്കം പാകിസ്താന്‍ ഉന്നയിക്കുകയാണ്. ഇന്ത്യ ഈ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരതിന് തയ്യാറായിട്ടില്ല. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും അതിര്‍ത്തിയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. സര്‍ ക്രീക്കില്‍ പാകിസ്താന്‍ ഏതെങ്കിലും സാഹസിക നീക്കം നടത്തിയാല്‍ അതിന് ശക്തമായ മറുപടി ലഭിക്കുമെന്ന് രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചുപറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഡ്രോണ്‍ ആക്രമണങ്ങളും സൈനിക നീക്കങ്ങളും നടത്താന്‍ കഴിവുള്ള ബങ്കറുകളും റഡാറുകളും ഫോര്‍വേഡ് ബേസുകളും പാകിസ്താന്‍ തര്‍ക്കപ്രദേശത്ത് നിര്‍മിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അപായസാധ്യതകളെ മുന്നില്‍കണ്ട്, പാകിസ്താന്റെ ഏതൊരു ദുസ്സാഹസത്തെയും തടയാനായി ഇന്ത്യയും സൈനിക സാന്നിധ്യം നിലനിര്‍ത്തിയിട്ടുണ്ട്, അതിന്റെ ആദ്യപടിയാണ് പ്രതിരോധ മന്ത്രിയുടെ ശക്തമായ താക്കീത്.
Content Highlights: India Pakistan Sir Creek Border Dispute And Its Strategic Importance
Published: 06 Oct 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented