പാകിസ്താനെക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആണവായുധ ശേഖരം ചെറുതായി വിപുലീകരിച്ചാണ് ഇന്ത്യ പാകിസ്താനെ മറികടന്നത്. ഇന്ത്യയ്ക്ക് പുറമേ ചൈനയും ഉത്തരകൊറിയയും തങ്ങളുടെ ആണവശേഖരം വര്‍ധിപ്പിച്ചെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ.) കണക്കുകള്‍ പറയുന്നു. പക്ഷേ, ഇന്ത്യയുടെ കൈവശമുള്ളതിന്റെ മൂന്നിരട്ടി ആണവപോര്‍മുനകളാണ് ചൈനയുടെ കൈവശമുള്ളത്. 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410-ല്‍ നിന്ന് 500 ആയി വര്‍ദ്ധിപ്പിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ ചൈന അതിന്റെ ആണവായുധശേഖരം വിപുലീകരിക്കുകയാണെന്നും എസ്.ഐ.പി.ആര്‍.ഐ. വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍ പ്രോഗ്രാമിലെ അസോസിയേറ്റ് സീനിയര്‍ ഫെലോ ഹാന്‍സ് എം ക്രിസ്റ്റെന്‍സന്‍ പറഞ്ഞു. ഏതാണ്ട് എല്ലാ ആണവായുധ രാഷ്ട്രങ്ങളും ആണവശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളോ കാര്യമായ മുന്നേറ്റമോ ഉണ്ടെന്നാണ് ക്രിസ്റ്റെന്‍സന്‍ അഭിപ്രായപ്പെട്ടത്.

To advertise here,

യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുകയാണെന്നും എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഇപ്പോഴും ലോകത്തിലെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും അമേരിക്കയുടേയും റഷ്യയുടേയും കൈവശം തന്നെയാണ്. 2023 ജനുവരിയെ അപേക്ഷിച്ച് ഏകദേശം 36 പോര്‍മുനകള്‍ കൂടുതലായി റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍ നിര്‍ണായകമാണ് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വിശകലനങ്ങള്‍. 

ആദ്യ പരീക്ഷണം 1945-ല്‍, ഒടുവില്‍ ഉത്തര കൊറിയ

1945 ജൂലായ് 16-ന് അമേരിക്കയാണ് ലോകത്താദ്യമായി വിജയകരമായി ആണവായുധ പരീക്ഷണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ന്യൂ മെക്സിക്കോ മരുഭൂമിയിലാണ് ആദ്യത്തെ ആണവായുധ പരീക്ഷണം അവര്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍, ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അവര്‍ അണുബോംബുകളിട്ടു. ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പരിക്കുകള്‍, റേഡിയേഷന്‍ മൂലമുള്ള രോഗങ്ങള്‍ എന്നിവ മൂലം മരിച്ചു. ആദ്യത്തെ പരീക്ഷണം നടത്തി നാല് വര്‍ഷത്തിനുള്ളില്‍ ആറ് തുടര്‍പരീക്ഷണങ്ങളാണ് അമേരിക്ക നടത്തിയത്. 1949 ഓഗസ്റ്റ് 29-നാണ് സോവിയറ്റ് യൂണിയന്‍ അവരുടെ ആദ്യത്തെ ആണവായുധം പരീക്ഷിക്കുന്നത്. ആര്‍.ഡി.എസ് -1 എന്ന രഹസ്യനാമമുള്ള പരീക്ഷണം കസാഖ്​സ്താനിലെ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റിലാണ് നടത്തിയത്. രണ്ട് ലോകശക്തികള്‍ക്കിടയില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആയുധ മത്സരത്തിനാണ് ഈ പരീക്ഷണം വഴിവെച്ചത്. സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റില്‍ സോവിയറ്റ് യൂണിയന്‍ 456 തുടര്‍പരീക്ഷണങ്ങള്‍ നടത്തി. 1991 ഓഗസ്റ്റ് 29-ന് കസാഖ്​സ്താന്‍ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റ് അടച്ചു. 

placeholder
1952 ഏപ്രില്‍ 22-ന് നെവാഡയിലെ യൂക്ക ലേക്കില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം) | Photo: AP Photo/File 

1952-ല്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് യു.കെ ഈ പട്ടികയില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയിലെ മോണ്ടെബെല്ലോ ദ്വീപിലാണ് ബ്രിട്ടന്‍ ആദ്യമായി ആണവായുധം പരീക്ഷിച്ചത്. തുടര്‍ന്നുള്ള ഏഴ് വര്‍ഷക്കാലയളവിനുള്ളില്‍ 21 തവണയാണ് ബ്രിട്ടണ്‍ ആണവായുധ പരീക്ഷണം നടത്തിയത്. 1960-ല്‍ ഫ്രാന്‍സും 1964- ചൈനയും ആണവായുധങ്ങള്‍ പരീക്ഷിച്ചു. ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, 1945 മുതല്‍ എട്ട് രാജ്യങ്ങള്‍ ചേര്‍ന്ന് മൊത്തം 2,056 ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഇതില്‍ പകുതിയും നടത്തിയത് അമേരിക്കയാണ്. 1945-നും 1992-നും ഇടയില്‍ 1,030 പരീക്ഷണങ്ങളാണ് അവര്‍ നടത്തിയത്.  1954-ല്‍, മാര്‍ഷല്‍ ദ്വീപുകളിലെ ബിക്കിനി അറ്റോളില്‍ യു.എസ്. അവരുടെ ഏറ്റവും വലിയ ആണവായുധ പരീക്ഷണം നടത്തി. കാസില്‍ ബ്രാവോ എന്നാണ് ഈ പരീക്ഷണത്തിന് രഹസ്യനാമം നല്‍കിയത്. 1949-നും 1990-നും ഇടയില്‍ 715 ആണവ പരീക്ഷണങ്ങള്‍ നടത്തിയ സോവിയറ്റ് യൂണിയനാണ് പട്ടികയില്‍ രണ്ടാമത്. ഫ്രാന്‍സ് 210 ആണവപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ യുകെയും ചൈനയും 45 വീതം പരീക്ഷണങ്ങള്‍ നടത്തി. ഇന്ത്യ മൂന്ന് ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ പാകിസ്താന്‍ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ ആണവ പരീക്ഷണം നടത്തിയ രാജ്യം ഉത്തര കൊറിയയാണ്. 

ആയുധശേഖരത്തില്‍ മുന്നില്‍ അമേരിക്കയും റഷ്യയും

ലോകത്ത് ഒമ്പത് രാജ്യങ്ങളുടെ പക്കലാണ് ആണവായുധങ്ങളുള്ളത്. ഈ രാജ്യങ്ങളിലായി ഏകദേശം 12,121 ആണവായുധങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 12,512 ആയിരുന്നു. റഷ്യയും യുഎസും ചേര്‍ന്നാണ് ആകെയുള്ള ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത്.പുതിയ സാഹചര്യത്തില്‍ റഷ്യയുടെ ആണവായുധ ഭീഷണിയുണ്ടാക്കുന്ന ഭീതി ചില്ലറയല്ല. ആണവായുധം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ളത് റഷ്യയിലാണ് എന്നതാണ് ഭയത്തിന് കാരണം. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ.) കണക്കുകള്‍ പ്രകാരം 5,580 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതില്‍ 1710 എണ്ണം പലതലത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ 2670 എണ്ണം കരുതല്‍ ശേഖരത്തിലുണ്ട്. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ആണവായുധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു. ബെലാറസില്‍ റഷ്യ ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് 2023-ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പോര്‍മുനകള്‍ വിന്യസിച്ചതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. സൈനിക ശേഖരങ്ങള്‍ക്ക് പുറമേ റഷ്യ ഒഴിവാക്കിയ 1200-ലധികം പോര്‍മുനകളുമുണ്ട്. അവ ക്രമേണ നശിപ്പിച്ചുകളയാണ് പദ്ധതി. 

 

World nuclear forces
CountryDeployed warheadsStored warheadsRetired warheadsTotal inventory
United States1 7701 9381 3365 044
Russia1 7102 6701 2005 580
United Kingdom120105-225
France28010-290
China24476-500
India-172-172
Pakistan-170-170
North Korea-50-50
Israel-90-90

5044 ആണവായുധങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എസ്.ഐ.പി.ആര്‍.ഐ വിലയിരുത്തുന്നത്. ഇതില്‍ 1770 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എസ്.ഐ.പി.ആര്‍.ഐ. പറയുന്നു. ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന കാര്യത്തില്‍ റഷ്യയേക്കാള്‍ മുന്നില്‍ അമേരിക്കയാണ്. 1938 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1,336 എണ്ണം ഒഴിവാക്കിയിട്ടുണ്ട്. റഷ്യയ്ക്കും യു.എസിനും പിന്നില്‍ ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഏകദേശം 500 ആണവ പോര്‍മുനകളാണ് ചൈനയ്ക്കുള്ളത്. എന്നാല്‍ ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന കാര്യത്തില്‍ യു.കെയ്ക്കും ഫ്രാന്‍സിനും ഏറെ പിന്നിലാണ് ചൈന. ഫ്രാന്‍സ് 280 ആണവായുധങ്ങളും യു.കെ. 120 എണ്ണവും വിന്യസിച്ചിട്ടുള്ളപ്പോള്‍ ചൈന 24 എണ്ണം മാത്രമാണ് വിന്യസിച്ചിട്ടുള്ളത്. പക്ഷേ ചൈന യുദ്ധേതരസാഹചര്യത്തില്‍ ചെറിയ തോതിലെങ്കിലും പോര്‍മുനകള്‍ വിന്യസിക്കുന്നത് ഇതാദ്യമാണ്. ചൈന അതിവേഗം ആണവായുധശേഖരം വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിലാണ് ചൈന തങ്ങളുടെ ആണവായുധശേഖരം വിപുലീകരിക്കുന്നത്. യു.കെയുടേയും ഫ്രാന്‍സിന്റെയും ആണവായുധങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുമ്പോള്‍ ചൈനയുടേയ് 90 എണ്ണമാണ് വര്‍ധിച്ചത്. 2027-ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030-ഓടെ 1,000 ആയും വര്‍ധിപ്പിക്കുമെന്ന് പെന്റഗണിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

ശേഖരം വര്‍ധിപ്പിച്ച് ഇന്ത്യ, ബഹുദൂരം മുന്നില്‍ ചൈന

ആണവായുധങ്ങളുടെ കാര്യത്തില്‍ യു.എസിനൊപ്പം ഏറ്റവും സുതാര്യമായ രാജ്യമായാണ് ഫ്രാന്‍സിനേയും കണക്കാക്കുന്നത്. 1991-92 കാലഘട്ടത്തില്‍ ഏകദേശം 540 ആണവായുധങ്ങള്‍ ഫ്രാന്‍സിനുണ്ടായിരുന്നു. നിലവില്‍ ഏകദേശം 290 ആണവായുധങ്ങളുള്ള ഫ്രാന്‍സിന്റെ ശേഖരം കഴിഞ്ഞ ദശകത്തില്‍ നിശ്ചലമായിരുന്നു. 290 ആണവായുധങ്ങള്‍ എന്നത് ശീതയുദ്ധകാലത്തെ ഞങ്ങളുടെ പരമാവധി ആയുധങ്ങളുടെ പകുതിയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി 2008-ല്‍ പറഞ്ഞിരുന്നു. അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിലും എ.എസ്.എം.പി.എ. ഡെലിവറി സിസ്റ്റങ്ങളിലുമാണ് ഫ്രാന്‍സ് ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കിന്നതെന്നാണ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോ ഒളാന്ദെ 2015-ല്‍ പറഞ്ഞത്. നിലവിലുള്ള 290 ആണവായുധങ്ങളില്‍ 280 എണ്ണവും അവര്‍ വിന്യസിച്ചിട്ടുണ്ട്. 10 എണ്ണം മാത്രമാണ് ഉപയോഗിക്കാന്‍ സജ്ജമായി സൈനിക ശേഖരത്തിലുള്ളത്. യു.കെയുടെ ആണവ ശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും ഏകദേശം 225 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 120 അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ വിന്യസിക്കുന്നതിന് സജ്ജമാണ്. 105 എണ്ണം കരുതല്‍ ശേഖരത്തിലുലുമുണ്ട്. തങ്ങളുടെ ആണവായുധങ്ങളുടെ എണ്ണം, വിന്യസിച്ചിട്ടുള്ള പോര്‍മുനകള്‍ എന്നിവ പരസ്യമായി വെളിപ്പെടുത്തില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. 

ഇന്ത്യയും പാകിസ്താനുമാണ് ആണവായുധങ്ങളുടെ കാര്യത്തില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്. നേരത്തെ പാകിസ്താന്‍ ആണവശേഖരത്തില്‍ ഇന്ത്യയേക്കാള്‍ അല്പം മുന്നിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇന്ത്യയാണ് മുന്നില്‍. 2023-ല്‍ പാകിസ്താന്റെ കൈവശമുണ്ടായിരുന്നു 170 എണ്ണം തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ 2023-ല്‍ ഇന്ത്യ അതിന്റെ ആണവായുധശേഖരം ചെറുതായി വിപുലീകരിച്ചുവെന്നാണ് എസ്.ഐ.പി.ആര്‍.ഐ. റിപ്പോര്‍ട്ട് പറയുന്നത്. 2025-ഓടെ പാകിസ്താന്റെ ശേഖരം ഏകദേശം ഇരുനൂറായി വളരുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും അവരുടെ ആയുധങ്ങളുടെ ശേഷിയില്‍ അന്താരാഷ്ട്ര സമൂഹം സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ എസ്.ഐ.പി.ആര്‍.ഐ. കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് നിലവില്‍ 172 ആണവ പോര്‍മുനകളുണ്ട്. ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന കേന്ദ്രമായി പാകിസ്താന്‍ തുടരുമ്പോഴും ചൈനയെ ലക്ഷ്യംവെച്ച് ദീര്‍ഘദൂര ആയുധങ്ങള്‍  വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മറ്റൊരു ആണവായുധ രാഷ്ട്രമായ ഇസ്രായേല്‍ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അവരുടെ ആണവ ശേഖരത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും 90 ആണവായുധങ്ങള്‍ അവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന് പരസ്യമായി അംഗീകരിക്കാത്ത ഇസ്രായേല്‍ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു. ആണവായുധ ശേഖരം വികസിപ്പിക്കുന്നതില്‍ വന്‍ പുരോഗതി കൈവരിച്ച മറ്റൊരു രാജ്യം ഉത്തര കൊറിയയാണ്. ഉത്തര കൊറിയ ഇതുവരെ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തുകയും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര കൊറിയ നിലവില്‍ 50 ഓളം ആയുധങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും 90 വാര്‍ഹെഡുകള്‍ വരെ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് എസ്.ഐ.പി.ആര്‍.ഐ. കണക്കാക്കുന്നത്. 2023 ജനുവരിയിലെ കണക്കുകളേക്കാള്‍ വലിയ വര്‍ദ്ധനവാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതെല്ലാമാണെങ്കിലും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലില്‍ വിന്യസിക്കാവുന്ന പൂര്‍ണ പ്രവര്‍ത്തനസജ്ജമായ ആണവായുധം വികസിപ്പിക്കാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്.

placeholder
 ഉത്തര കൊറിയയിലെ സൂപ്പർ-ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിൻ്റെ പരീക്ഷണത്തിന്റെ ചിത്രം, ഉത്തര കൊറിയ 2019-ൽ പുറത്തുവിട്ടത് |  Photo : AP/PTI

ആണവ പരീക്ഷണ നിരോധന ഉടമ്പടി രൂപം കൊള്ളുന്നു

1945-ല്‍ അമേരിക്കയും പിന്നാലെ മറ്റ് രാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തിയതോടെ ഇതില്‍ നിന്നുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ലോകമെമ്പാടുമുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ആണവപരീക്ഷണങ്ങള്‍ മനുഷ്യന്റെ ആരോഗ്യസ്ഥിതിയിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തല്‍ഫലമായി ഇത്തരം പരീക്ഷണങ്ങള്‍ തടയാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഒരു ആണവ-പരീക്ഷണ നിരോധന ഉടമ്പടിയിലേക്ക് ലോകരാജ്യങ്ങള്‍ എത്തുന്നത്. 1963-ലെ ലിമിറ്റഡ് ആണവ പരീക്ഷണ നിരോധന ഉടമ്പടി (എല്‍.ടി.ബി.ടി) ഇതിന്റെ തുടക്ക ആദ്യ ശ്രമങ്ങളില്‍ ഒന്നാണ്. അന്തരീക്ഷത്തിലും ബഹിരാകാശത്തും വെള്ളത്തിനടിയിലും ആണവപരീക്ഷണങ്ങള്‍ നടത്തുന്നത് നിരോധിച്ചിരുന്നുവെങ്കിലും ഭൂഗര്‍ഭ പരീക്ഷണങ്ങള്‍ അപ്പോഴും അനുവദിച്ചിരുന്നു. എല്‍.ടി.ബി.ടിയുടെ പരിമിതികള്‍ പരിഹരിക്കുന്നതിനായി 1968-ലെ ആണവ നിര്‍വ്യാപന ഉടമ്പടിയുടെ ചര്‍ച്ചയില്‍ സമഗ്രമായ ഒരു പരീക്ഷണ നിരോധനം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നിരുന്നാലും, ഈ വിഷയത്തില്‍ കരാറില്‍ എത്തിയിരുന്നില്ല. ആറ് വര്‍ഷത്തിന് ശേഷം യു.എസും സോവിയറ്റ് യൂണിയനും ത്രെഷോള്‍ഡ് ടെസ്റ്റ് നിരോധന ഉടമ്പടിയില്‍ (ടി.ടി.ബി.ടി.) ഒപ്പുവെക്കാന്‍ സമ്മതിച്ചു. പ്രാരംഭ നടപടിയെന്ന നിലയില്‍ നിശ്ചിത പരിധിക്ക് മുകളിലുള്ള പരീക്ഷണങ്ങള്‍ നിരോധിക്കുന്നതായിരുന്നു ഈ ഉടമ്പടി. 

ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും കൈക്കൊണ്ട പരസ്പര നിയന്ത്രണം വലിയ നേട്ടമായി. പൂര്‍ണ നിരോധനം ഉണ്ടിയില്ലെങ്കിലും പരീക്ഷണങ്ങള്‍ കുറഞ്ഞു. 1990-ഓടെ ശീതയുദ്ധം അവസാനിച്ച് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷമാണ് ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈരം കുറഞ്ഞതോടെ പിരിമുറുക്കം കുറഞ്ഞു. ഈ സാഹചര്യം ഐക്യരാഷ്ട്ര സംഘടന മുതലെടുക്കുകയും 1996 സെപ്റ്റംബര്‍ 10-ന് ആണവ പരീക്ഷണം നിരോധിച്ചുകൊണ്ട് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി കൊണ്ടുവന്നു. സി.ടി.ബി.ടി.ക്ക് ശേഷം 10 ആണവ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. 1998-ല്‍ ഇന്ത്യയും പാകിസ്താനും രണ്ട് വീതം പരീക്ഷണങ്ങള്‍ നടത്തി. 2006, 2009, 2013, 2016 (രണ്ട് തവണ), 2017 എന്നീ വര്‍ഷങ്ങളില്‍ ഉത്തര കൊറിയയും പരീക്ഷണങ്ങള്‍ നടത്തിയതായി യു.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1992-ല്‍ അമേരിക്കയും 1996-ല്‍ ചൈനയും ഫ്രാന്‍സും 1990-ല്‍ സോവിയറ്റ് യൂണിയനും അവസാനമായി പരീക്ഷിച്ചു. സോവിയറ്റ് ആണവായുധങ്ങളുടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച റഷ്യ ഇതുവരെ ആണവ പരീക്ഷണം നടത്തിയിട്ടില്ല. പക്ഷേ സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടിയില്‍നിന്ന് പിന്മാറുന്ന നിയമം പുതിന്‍ ഒപ്പുവെച്ചിരുന്നു.   

placeholder
പാകിസ്താനിലെ ഇസ്ലാമാബാദിൽ  ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിൽ ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള  ഷഹീൻ-III മിസൈൽ പ്രദർശിപ്പിച്ചിരിക്കുന്നു | Photo: Anjum Naveed/  AP

ഇന്ത്യയും പാകിസ്താനും ആണവഭീഷണിയും

1974-ലാണ് ഇന്ത്യ ആണവശക്തിയാകുന്നത്. 1964-ല്‍ ചൈന ആണവപരീക്ഷണം നടത്തി ഭീഷണി മുഴക്കിയതിന് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അടല്‍ ബിഹാരി വാജ്പേയി ഒരു ആറ്റം ബോംബിനുള്ള മറുപടി ഒരു ആറ്റം ബോബ് തന്നെ ആയിരിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു.  1974 മേയ് 18-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ആണവ പരീക്ഷണമായ ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധയിലൂടെ ഇന്ത്യ ന്യൂക്ലിയര്‍ ക്ലബില്‍ ഇടം പിടിക്കുന്ന ആറാമത്തെ രാജ്യമായി മാറി. 1998 മെയ് 11-ന്  ഇന്ത്യന്‍ സൈന്യത്തിന്റെ പൊഖ്റാന്‍ ടെസ്റ്റ് റേഞ്ചില്‍ ഓപ്പറേഷന്‍ ശക്തി എന്ന പേരില്‍ ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തി. മേയ് 11-ന് ശക്തി -1, ശക്തി -2, ശക്തി -3 എന്നിങ്ങനെ മൂന്ന് ആണവ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം മെയ് 13-ന് മറ്റ് രണ്ട് ആണവ ബോംബുകളായ ശക്തി -4, ശക്തി- 5 എന്നിവയും പരീക്ഷിച്ചു.. അന്താരാഷ്ട്ര തലത്തില്‍ നിലനിന്നിരുന്ന കടുത്ത സമ്മര്‍ദങ്ങളെയും ശത്രുരാജ്യങ്ങളുടെ വലിയ നിരീക്ഷണ വലയത്തെയും മറികടന്നായിരുന്നു ഇന്ത്യയുടെ ആ നേട്ടം. 

1998-ല്‍ പാകിസ്താനും ആണവശക്തിയായി. ചൈനയും ഇന്ത്യയും പാകിസ്താനും ഒരുപോലെ ആണവായുധങ്ങള്‍ പരീക്ഷിച്ചെങ്കിലും അന്തരീക്ഷത്തിലും ബഹിരാകാശത്തും വെള്ളത്തിനടിയിലും ആണവസ്‌ഫോടനങ്ങള്‍ തടയുന്ന ഭാഗിക പരീക്ഷണ നിരോധന ഉടമ്പടിയില്‍ ഇന്ത്യ 1963-ല്‍ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചില്ല. പക്ഷേ, നോ-ഫസ്റ്റ്-യൂസ് നയമാണ് ഇന്ത്യ പിന്തുടരുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 172 ആണവ പോര്‍മുനകളുണ്ട്. കരയില്‍ നിന്നും സമുദ്രത്തില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാനുള്ള ആണവ ശേഷിയുമുണ്ട്. ആദ്യം ഉപയോഗിക്കരുതെന്ന നയം പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തില്‍ ഇന്ത്യ ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കില്ല. പക്ഷേ, 2019 ഓഗസ്റ്റില്‍ ഈ നയം പുനഃപരിശോധിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. പികിസ്താന്റെ കൈവശമാകട്ടെ ഏകദേശം 170 പോര്‍മുനകളുണ്ട്. നിലവിലെ വളര്‍ച്ചാ പ്രവണത തുടര്‍ന്നാല്‍, 2025-ഓടെ പാകിസ്താന്റെ ആയുധശേഖരം 220 മുതല്‍ 250 വരെയായി ഉയരുമെന്ന് വിലയിരുത്തിയെങ്കിലും ഇപ്പോഴത്തെ നിലയില്‍ മാറ്റത്തിന് സാധ്യത കുറവാണ്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ആദ്യം ഉപയോഗിക്കരുതെന്ന നയം പ്രഖ്യാപിച്ചിട്ടുമില്ല.