
മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് 1990 മെയ്മാസം രാജ്യതലസ്ഥാനത്തന്ന് വേനല്‍ചൂട് മാത്രമല്ല, സമരച്ചൂട് കൂടി തിളച്ച് മറിയുകയായിരുന്നു. പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ, വി.പി സിങ് സര്‍ക്കാരിനെതിരേ തെരുവുകള്‍ ആളിക്കത്തിയിരുന്ന കാലം. ലാത്തിച്ചാര്‍ജും പോലീസ് നരനായാട്ടും ദിവസേനയുള്ള വാര്‍ത്തകളായി. ഇതിനിടെയാണ് തെക്കന്‍ ഡല്‍ഹി കല്‍ക്കാജിയിലെ ദേശബന്ധു കോളേജിന് മുന്നില്‍ ഒരു വിഭാഗം സമരക്കാര്‍ സംഘടിച്ചത്. റോഡില്‍ വിറകുകത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കിയുള്ള സമരം. പെട്ടെന്ന് കോളേജ് വളപ്പില്‍ നിന്നും മതില്‍ചാടിക്കടന്ന് ഒരു വിദ്യാര്‍ഥി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീക്കൊളുത്തി. ആ ചെറുപ്പക്കാരന്റെ പേര് രാജീവ് ഗോസ്വാമി. പിന്നീടങ്ങോട്ട് സമരം രാജ്യമെമ്പാടും പടര്‍ന്ന് പന്തലിച്ചു. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം ആളിപ്പടരാന്‍ രാജീവ് ഗോസ്വാമിയുടെ സമരം വഴിവെച്ചു. ആ ആത്മഹത്യാശ്രമത്തില്‍ 90 ശതമാനത്തോളമാണ് രാജീവിന് പൊള്ളലേറ്റത്. രാജീവ് ഗോസ്വാമി പിന്നീട് മണ്ഡല്‍സമരമുഖമായി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി. തീപ്പൊള്ളിനെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥങ്ങള്‍ക്കൊടുവില്‍ രാജീവ് 2004-ല്‍ മരണപ്പെട്ടെങ്കിലും സംവരണ പ്രക്ഷോഭത്തിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു രാജീവിന്റെ സമരജീവിതം. ഈ സംഭവിമിപ്പോള്‍ പരാമര്‍ശിക്കുന്നതിന് കാരണം സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാധ്യമായി ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ്. ഈ ജാതി സെന്‍സസിന് വഴിവെച്ചത് മണ്ഡല്‍ കമ്മിഷനും മണ്ഡല്‍ സമരവുമായതിനാലാണ്.
ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പിക്ക് മുന്നില്‍ ഇക്കാലമത്രയും, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു രാജ്യത്ത് ജാതിസെന്‍സസ് നടത്തണമെന്ന ആവശ്യം. എന്നാല്‍ ഇതിനെ മുഖവിലക്കെടുക്കാന്‍ കേന്ദ്രം തയ്യാറായിയിരുന്നില്ല. ഇതിനിടെ ബിഹാറും കര്‍ണാടകയും തെലങ്കാനയും ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. അപ്പോഴും രാജ്യത്താകമാനം ജാതി സെന്‍സസ് നടത്തണെന്ന് കോണ്‍ഗ്രസിന്റെ ആവശ്യത്തിന് കേന്ദ്രം ചെവിക്കൊടുത്തിട്ടേയുണ്ടായിരുന്നില്ല. പകരം ഹിന്ദുത്വ സമൂഹത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് ജാതിസെന്‍സസെന്ന് ആരോപിച്ചു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി നിര്‍ണായക പ്രഖ്യാപനവുമായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവെത്തിയത്. വാര്‍ത്താസമ്മേളനത്തിന്റെ ഒടുവില്‍, തനിക്കൊരു കാര്യം കൂടി അറിയിക്കാനുണ്ടെന്ന് പറഞ്ഞ് കീശയില്‍ നിന്ന് ഒരു കടലസെടുത്ത് തീരുമാനം അറിയിക്കുകയായിരുന്നു. വരാനിരിക്കുന്ന പൊതുസെന്‍സസിനൊപ്പം ജാതിസെന്‍സസ് കൂടി നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കേട്ട് ഒരുവേള കോണ്‍ഗ്രസ് പോലും അത്ഭുതപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്ന് പറഞ്ഞ് കേന്ദ്ര പ്രഖ്യാപനത്തില്‍ രാഹുല്‍ഗാന്ധിയടക്കം പ്രതികരണം നടത്തിയെങ്കിലും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ ആയുധത്തിന്റെ മൂര്‍ച്ചകുറയ്ക്കുക കൂടിയായിരുന്നു. ഇനിയിത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്, പ്രത്യേകിച്ച് ബിഹാറില്‍.

ലക്ഷ്യം ബിഹാര്‍ തിരഞ്ഞെടുപ്പോ?
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇന്ത്യാ സഖ്യത്തിന് തുടക്കമിട്ട നേതാവെന്ന നിലയ്ക്ക് സഖ്യത്തിനൊപ്പമുണ്ടായിരുന്ന നിതീഷ് കുമാറാണ് 2023 ല്‍ ബിഹാറില്‍ ആദ്യ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെയായി കളം മാറി നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം പോയി, മഹാസഖ്യം പ്രതിപക്ഷത്തായി. ഈ കളം മാറ്റം സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക എന്‍.ഡി.എയ്ക്കുണ്ട്. മാത്രമല്ല ഇവിടെ ജാതിസെന്‍സസ് ഇന്ത്യാ സഖ്യം പ്രധാന ആയുധമാക്കി മാറ്റുമെന്നുമുറപ്പുമാണ്. ഇതോടെയാണ് ഒരുപടി മുന്നില്‍ക്കയറി രാജ്യത്താകമാനം ജാതിസെന്‍സസ് നടത്തുമെന്ന പ്രഖ്യാപനം കേന്ദ്രം നടത്തിയിരിക്കുന്നത്.
2023 ല്‍ ആയിരുന്നു നിതീഷ് കുമാര്‍ സംസ്ഥാനത്തെ ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം ഇവിടെ 36 ശതമാനമാണ് അതിപിന്നോക്ക വിഭാഗത്തിലുള്ളത്. 27.12 ശതമാനം പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. സംവരേണതര വിഭാഗത്തില്‍ പെടന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. അതായത് ആകെയുള്ള 13 കോടിയിലധികമുള്ള ജനങ്ങളില്‍ അതിപിന്നോക്ക വിഭാഗത്തില്‍ പെടുന്ന ഒ.ബി.സി വിഭാഗക്കാര്‍ 63.12 ശതമാനം വരും. ഇവരാണ് സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കും. ഇതില്‍തന്നെ ആര്‍.ജെ.ഡി നേതാവ് തേജസി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ 14.2 ശതമാനമായി വരും. ഇവിടെയാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന്റെ പ്രധാന്യം.
പാവപ്പെട്ടവരും സത്രീകളും യുവാക്കളും കര്‍ഷകരുമാണ് രാജ്യത്തെ ഏറ്റവും വലിയ ജാതിയെന്ന് വാദിച്ചായിരുന്നു രാജ്യത്താകമാനം ജാതിസെന്‍സ് നടത്തണമെന്ന ആവശ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ എതിര്‍ത്തിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി കളം മാറുകയും ജാതിസെന്‍സസ് പ്രഖ്യാപിക്കുകയുമായിരുന്നു.
വെറും എണ്ണത്തിനപ്പുറം ഓരോ ജാതി വിഭാഗങ്ങളുടേയും അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടെയാണിത്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക-തൊഴില്‍ വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ ശ്രദ്ധയെത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലയ്ക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ജാതിസെന്‍സസിലൂടെ ഉത്തരം നല്‍കേണ്ടത്.

പ്രഖ്യാപനത്തിനപ്പുറം ആര്‍ക്കാണ് നടപ്പാക്കാന്‍ ആത്മാര്‍ഥതയുള്ളത്-എം.എന്‍ കാരശ്ശേരി(സാമൂഹിക നിരീക്ഷകൻ, എഴുത്തുകാരൻ)
ജാതിസെന്‍സസ് നടപ്പിലാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ അനുകൂലിക്കുമ്പോഴും വെറും പ്രഖ്യാപനത്തിനപ്പുറം അതില്‍ എത്രത്തോളം ആത്മാര്‍ഥയുണ്ടെന്നതാണ് കാര്യം. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം അധികാരം കൈവശം വെച്ചിരിക്കുന്നത് ഒരുവിഭാഗം ഉന്നത വിഭാഗക്കാരാണ്. അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ടു തന്നെയാണ് വനിതാ സംവരണം പോലും ഇക്കാലമത്രയും നടപ്പിലാക്കാതിരുന്നത്. കഴിഞ്ഞ ഒരിടവേളവരെ കോണ്‍ഗ്രസ്സായിരുന്നില്ലേ രാജ്യം ഭരിച്ചിരുന്നത്. എന്നിട്ട് അവര്‍ നടപ്പിലാക്കിയോ ഈ പറയുന്ന ജാതിസെന്‍സസടക്കമുള്ള കാര്യങ്ങള്‍.
നിലവില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ബിഹാറില്‍ തിരഞ്ഞെടുപ്പ് മുന്നിലുണ്ട്. അതിനെ നേരിടാന്‍ ജാതിസെന്‍സസ് എന്ന പ്രഖ്യാപനം നടത്തിയേ മതിയാവൂ. ആ പ്രഖ്യാപനത്തിനപ്പുറം എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമുക്ക് കേരളത്തിലെ കാര്യമെടുക്കാം. സി.പി.എമ്മിന്റെ സമ്മേളം കഴിഞ്ഞത് ഈയടുത്തല്ലേ ഏതെങ്കിലും വനിതകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുണ്ടോ. ഇത്രയും കാലം ഏതെങ്കിലും വനിതകളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചോ. കഴിവുള്ള നേതാക്കള്‍ ഇല്ലാഞ്ഞിട്ടാണോ? ഇത് സി.പി.എമ്മിന്റെ മാത്രം കാര്യമല്ല. അതുപോലെത്തന്നെയാണ്. അധികാര കേന്ദ്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല എന്നതാണ് വസ്തുത.

സെന്‍സസില്‍ നിന്ന് ജാതി പോയ കാലം
1881 മുതലാണ് ഇന്ത്യയില്‍ ജാതി സെന്‍സസ് തുടങ്ങിയത്. ജാതി, മതം, ലിംഗം, പ്രായം, തൊഴില്‍ തുടങ്ങി ഒരോ വ്യക്തിയേയും സംബന്ധിച്ച് സമ്പൂര്‍ണമായ കണക്കെടുപ്പായിരുന്നു അത്. 1931 വരെ ഇത്തരം എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ട് സെന്‍സസ് നടന്നു. എന്നാല്‍ 1931 ന് ശേഷം പട്ടിക വിഭാഗങ്ങളുടെ ഒഴികെ മറ്റുള്ളവരുടെ ജാതി വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കി. 1930 കളില്‍ മഹാത്മാ ഗാന്ധിയുടെ നേതതൃത്വത്തില്‍ നിയമലംഘന സമരം ശക്തിപ്രാപിച്ചുവരികയായിരുന്നു. ഇതിനൊപ്പം ഹിന്ദു-മുസ്ലീം ചേരിതിരിവും തുടങ്ങി. സെന്‍സില്‍ നിന്ന് ജാതിപ്പേര് ഒഴിവാക്കിയാല്‍ ഹിന്ദുവിഭാഗങ്ങളില്‍ ഐക്യം ശക്തിപ്പെടുമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നു. തുടര്‍ന്നാണ് സെന്‍സസില്‍ നിന്ന് ജാതി ഒഴിവാക്കിയത്. ഇതിന് ശേഷം 1941 മുതല്‍ ജാതി രേഖപ്പെടുത്താത്ത സെന്‍സസാണ് നടന്നുവന്നത്. 1955 ലെ കാകാ കലേക്കര്‍ കമീഷന്‍ സര്‍ക്കാരിന് മുമ്പേ വെച്ച ശുപാര്‍ശകളില്‍ ആദ്യത്തേത് 1961 മുതല്‍ ജാതി സെന്‍സസ് എടുക്കണമെന്നുള്ളതായിരുന്നു. 1980 ല്‍ ബി.പി മണ്ഡല്‍ കമ്മീഷനും ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കി. ഇത് നടപ്പാക്കുമെന്ന വി.പി സിങ്ങിന്റെ പ്രഖ്യാപനമായിരുന്നു വന്‍ പ്രക്ഷോഭത്തിന് വഴിവെച്ചതും.

ജാതിസെന്‍സസും ബി.ജെ.പി ഒഴിവാക്കിയ തലവേദനയും
ജാതി സംവരണത്തിനപ്പുറം സാമ്പത്തിക സംവരണമെന്ന ആവശ്യമാണ് ബി.ജെ.പി. കാലങ്ങളായി മുന്നോട്ടുവെച്ചിരുന്നത്. ആല്ലാത്ത പക്ഷം പ്രമുഖ വിഭാഗങ്ങള്‍ തങ്ങളെ കൈവിടുമെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാമ്പത്തിക സംവരണമെന്ന തങ്ങളുടെ പഴയ നിലപാടിനെ മുന്നോട്ടുവെക്കാനായിരുന്നു ബി.ജെ.പി എപ്പോഴു ശ്രമിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ബി.ജെ.പിയെ വെല്ലുവിളിക്കാനുള്ള പോസിറ്റീവ് അജണ്ട കണ്ടെത്താന്‍ പാടുപെടുന്ന പല പ്രാദേശിക പാര്‍ട്ടികള്‍ക്കും ഒരു പുതിയ ജീവന്‍ നല്‍കുന്നത് കൂടിയായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ജാതിസെന്‍സസ് എന്ന ആശയം. ഇതിനെയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ബിജെപി മുളയിലേ നുള്ളാന്‍ ശ്രമിക്കുന്നത്.
1977 മുതല്‍ 1979 വരെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറാണ് ജാതി സംവരണം എന്ന ആശയത്തിന് ആദ്യമായി തുടക്കമിട്ടത്. സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന മുംഗേരി ലാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടായിരുന്നു അന്ന് അദ്ദേഹത്തിനുണ്ടായത്. എന്നാല്‍, ഇത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ഠാക്കൂറിനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി ജനത പാര്‍ട്ടിയിലെ ഉയര്‍ന്ന ജാതിക്കാര്‍ സംവരണ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. പിന്നീട് വന്ന രാം സുന്ദര്‍ ദാസ് മന്ത്രിസഭ, ഉയര്‍ന്ന ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ സംവരണം നല്‍കി സംവരണ നിയമം അട്ടിമറിച്ച ചരിത്രവും ബിഹാറിനുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിയുടെ പേരില്‍ രാജ്യത്തെ വിഘടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ബിഹാറില്‍ ജാതി സെന്‍സസ് പുറത്തുവന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നത്. ഇതേ പ്രധാനമന്ത്രിയും എന്‍.ഡി.എ ഭരണകൂടവുമാണ് ഒറ്റയടിക്ക് പ്ലേറ്റ് മാറ്റി ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനവുമായി എത്തിയത്.
പൊതുസെന്‍സസിനൊപ്പം ജാതിസെന്‍സസും എന്ന നിലപാട് ബിജെപി സ്വീകരിച്ചതെങ്കിലും ഇത് എപ്പോള്‍ നടത്തുമെന്ന് കൃത്യമായി വ്യക്തമാക്കുന്നില്ല. പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടുന്ന പൊതുസെന്‍സസ് 2011 ല്‍ ആണ് അവസാനമായി നടന്നത്. കണക്കുപ്രകാരം 2021 ല്‍ നടക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് മൂലം മുടങ്ങി. എന്നാല്‍ കോവിഡ് കാലം അവസാനിച്ചിട്ടും ഇതിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ല. ഇനി ബിഹാര്‍ ഇലക്ഷന്‍ കൂടി മുന്നില്‍ കണ്ട് ഒരുമിച്ച് പ്രഖ്യാപനമുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയ ആവശ്യകത-സണ്ണി എം കപ്പിക്കാട് (ദളിത് ആക്ടിവിസ്റ്റ്, എഴുത്തുകാരൻ)
രാജ്യത്തെ സംബന്ധിച്ച് ജാതി സെന്‍സസ് ഗുണം ചെയ്യുന്ന കാര്യമാണെങ്കിലും പ്രഖ്യാപനത്തിനപ്പുറം നടപ്പാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ ഓരോ സമുദായങ്ങളും എങ്ങനെ ജീവിക്കുന്നുവെന്നതിന്റെ കൃത്യമായ കണക്കാണത്. അതായത് അവരുടെ പ്രാതിനിധ്യം എത്രയുണ്ട്, സാമ്പത്തിക ശേഷി എത്രയുണ്ട് എന്നതിന്റെ കൃത്യമായ കണക്ക്. ഇതിനെ എതിര്‍ക്കുന്നവര്‍ നിക്ഷിപ്ത താതപര്യക്കാരാണെങ്കിലും നിലവില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ആവശ്യകതയാണ്.
സോഷ്യോ എക്കണോമിക് സര്‍വേ ഓണ്‍ ദി ബേസിസ് ഓഫ് കമ്യൂണിറ്റി
എന്നാണ് അതിന്റെ പൂര്‍ണരൂപം. എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ ഓരോ സമുദായങ്ങളും എങ്ങനെ ജീവിക്കുന്നു, അവരുടെ പ്രാതിനിധ്യം എത്രയുണ്ട്, അവരുടെ സാമ്പത്തിക ശേഷി എത്രയുണ്ട്, എന്നൊക്കെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അപ്പൊ ജാതിയെ ഘടകമാക്കി സ്വീകരിക്കാന്‍ കാരണം എന്താണെന്ന് ചോദിച്ചാല്‍ ചില ജാതികള്‍ പരിപൂര്‍ണമായും ദരിദ്രരായി മാറുക, ചില ജാതികള്‍ സമ്പത്തിന്റെ വലിയ സിംഹഭാഗവും കൈവെക്കുക, അധികാരത്തിന്റെ പ്രധാന പോസ്റ്റുകളില്‍ ചില ജാതികള്‍ മാത്രം വരിക, ചിലര്‍ക്ക് നാമമാത്രമായ നോമിനേഷന്‍ മാത്രം കിട്ടുക, ചിലര്‍ക്ക് ഒട്ടും തന്നെ കിട്ടാതെ വരിക ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.
അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നറിയണമെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത ജാതികളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ നില ബന്ധപ്പെട്ടവര്‍ അറിയണം. അങ്ങനെ മനസ്സിലാക്കിയാല്‍ മാത്രമേ പുതിയ
പോളിസി നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.
ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ വ്യത്യസ്ത ജാതികളുടെ സാമൂഹിക സാമ്പത്തികനില പുറത്തുവരികയും തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്ന യാഥാര്‍ഥ്യം ജനം തിരിച്ചറിയുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ബിജെപി അത്രനാളും പറഞ്ഞ ഹിന്ദു സ്വത്വം എന്ന് പറയുന്ന കാര്യത്തില്‍ വലിയ പിളര്‍പ്പുണ്ടാകും. ഹിന്ദുവിന്റെ പേരില്‍ സവര്‍ണരാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നുള്ള ബോധത്തിലേക്ക് ജനം വന്നുപോയാല്‍ വളരെ ന്യൂനപക്ഷമായ സവര്‍ണന്റെ കാര്യം ബുദ്ധിമുട്ടിലാവും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് എന്ന് പറയുന്ന കാര്യം ഒരു രാഷ്ട്രീയ അജണ്ടയായി നേരത്തെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. വളരെ വലിയ പ്രചാരണം അദ്ദേഹം നടത്തുകയും മുന്നോട്ട് പോവുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ മിണ്ടിയില്ലെങ്കിലും രാഹുല്‍ഗാന്ധി ഇത് ഏറ്റ് പിടിച്ചു. ഇത് വലിയ രീതിയിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. ഇതിനിടെയാണ് ബിഹാര്‍ തിരിഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നത്. നിതീഷ് കുമാറാണെങ്കില്‍ നേരത്തെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടതുമാണ്. അതിന്റെ കുറച്ചു വിവരങ്ങള്‍ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇനി ബിജെപിക്ക് ബിഹാറില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെങ്കില്‍ ജാതി സര്‍വേ നടപ്പിലാക്കിയേ മതിയാവൂ. ഇല്ലാതെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പറ്റില്ല. ഇതാണ് പെട്ടെന്നുള്ള ഒരു നയം മാറ്റത്തിലേക്ക് അവരെ പ്രേരിപ്പിച്ചത്.
പക്ഷെ ഇത് കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ അജണ്ടയുടെ മുനയൊടിക്കുകയാണ് ചെയ്തത്. അതാണ് നിങ്ങള്‍ പ്രഖ്യാപനം നടത്തിയാല്‍ പോരെ ഇത് ഇന്ന് ചെയ്യും എന്ന് പറയണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞത്. ബി.ജെ.പിയുടെ സ്ഥിരം പരിപാടിയെന്നു പറയുന്നത് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ഒന്നും ചെയ്യാതിരിക്കുകയുമാണ്. കഴിഞ്ഞ പാര്‍ലമെന്റാണ് വനിതാ സംവരണ ബില്‍ പാസാക്കിയത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഇത് വലിയ രീതിയില്‍ അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. പക്ഷെ എന്ന് നടപ്പിലാക്കുമെന്ന് കൃത്യമായി പറഞ്ഞില്ല. അതുകൊണ്ട് പ്രഖ്യാപനത്തിനപ്പുറം എന്ത് സംഭവിക്കുമെന്നാണ് നമുക്ക് നോക്കേണ്ടത്.
ഇതിന് പുറമെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷമാണ്. മാത്രമല്ല പല വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയരുന്നുമുണ്ട്. ഈസാഹചര്യത്തില്‍ കൂടി വേണം നമ്മള്‍ ഇതിനെ കാണാന്‍. അതിനൊപ്പം ഈ ജാതി സര്‍വേ കൂടി നടപ്പിലാക്കുമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഈസി ആയിട്ട് ബീഹാറില്‍ അധികാരത്തില്‍ വരാന്‍ പറ്റും.
Content Highlights: India announces caste census alongside general census
Published: 06 May 2025, 01:00 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented