ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന്റെ വേദനയിലും ലോകം, പ്രത്യേകിച്ച് കത്തോലിക്ക സഭ, വലിയൊരു കാത്തിരിപ്പിലാണ്. പുതിയൊരു മാര്‍പാപ്പയ്ക്കായി. പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിയമാവലികളുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കത്തോലിക്ക സഭ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. വളരെ സങ്കീര്‍ണവും പ്രത്യേകതയുമുള്ളതാണ് ആ തിരഞ്ഞെടുപ്പ്.  യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ പ്രധാനിയായ പത്രോസ് ശ്ലീഹയെ ആണ് വിശ്വാസികള്‍ പ്രഥമ മാര്‍പാപ്പയായി കണക്കാക്കുന്നത്. വി. പത്രോസ് ആണ് കത്തോലിക്ക സഭയുടെ സ്ഥാപകന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കര്‍ദ്ദിനാള്‍ സംഘത്തില്‍ നിന്നൊരാള്‍  പത്രോസിന്റെ പിൻഗാമി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോള്‍ കടമ്പകള്‍ ഏറെയാണ്.

To advertise here,
placeholder
ഫ്രാന്‍സിസ് മാര്‍പാപ്പ | Photo: AP 

ആരാണ് തിരഞ്ഞൈടുക്കുന്നത്?

നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്‌. മൂന്ന് കര്‍ദിനാളന്മാരെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയാതിരുന്ന കര്‍ദിനാളന്മാരുടെ വോട്ട് ശേഖരിക്കാനും മൂന്ന് കര്‍ദിനാളന്മാരെ വോട്ടെണ്ണാനും മൂന്നു കര്‍ദിനാളന്മാരെ വോട്ടുകളുടെ എണ്ണം പരിശോധിക്കാനും ചുമതലപ്പെടുത്തും. അതിനുശേഷം ബാലറ്റുകള്‍ വിതരണം ചെയ്യുകയും കര്‍ദിനാളായ ഓരോ സമ്മതിദായകനും മാര്‍പാപ്പയാവുന്നതിന് തങ്ങള്‍ തിരഞ്ഞെടുത്ത കര്‍ദിനാളിന്റെ പേര് അതിലെഴുതുകയും ചെയ്യുന്നു. ദൈവത്തിനു കീഴില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവനെന്ന് വിചാരിക്കുന്നയാള്‍ക്ക് വോട്ടു ചെയ്യുന്നു എന്ന് ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തുകൊണ്ട് ബാലറ്റ് മടക്കി ഒരു പ്രത്യേക പാത്രത്തില്‍ നിക്ഷേപിക്കും. ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059-ല്‍ സമ്മതിദാനാവകാശം സഭയിലെ കര്‍ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179-ല്‍ എല്ലാ കര്‍ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി.

വോട്ട് ചെയ്യുന്ന കര്‍ദിനാള്‍മാരുടെ എണ്ണം 120-ല്‍ കവിയരുതെന്നാണ് നിയമം. എന്നാല്‍, നിലവില്‍  കത്തോലിക്കാ സഭയില്‍ 252 കര്‍ദിനാള്‍മാരാണ് ഉള്ളത്. ഇവരില്‍ 117 പേര്‍ 80 വയസ് കഴിഞ്ഞവരാണ്. അതിനാല്‍ ബാക്കിയുള്ള 135  പേര്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവുക.  എന്നാല്‍, അവകാശം ഉള്ളയാളെ വോട്ടെടുപ്പില്‍നിന്നു വിലക്കാനുമാകില്ല. സിസ്റ്റെയ്ൻ ചാപ്പലിനുള്ളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ വെച്ചാണ് വോട്ടിങ് നടക്കുക.  കോണ്‍ക്ലേവ് നടക്കുന്ന സ്ഥലത്തേക്ക് വോട്ടെടുപ്പ് കഴിയുന്നത് വരെ ആര്‍ക്കും പ്രവേശനമുണ്ടാകില്ല. വോട്ടവകാശമുള്ളവര്‍ വോട്ടെടുപ്പ് തീരുന്നത് വരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനോ പാടില്ല. 

placeholder
 കര്‍ദിനാള്‍മാരുടെ സംഘം | Photo: AFP

പാപ്പയാകാന്‍ യോഗ്യതയാര്‍ക്ക്?

കര്‍ദിനാള്‍ സംഘത്തിലെ ഒരാളായിരിക്കും പുതിയ മാര്‍പാപ്പായെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഏതൊരു വിശ്വാസിക്കും മാര്‍പാപ്പയാകാം. മെത്രാന്‍ പട്ടത്തിന് യോഗ്യതയുള്ളയാളായിരിക്കണം പുതിയ മാര്‍പാപ്പ എന്നാണ് കീഴ്‌വഴക്കം. കര്‍ദിനാള്‍ സംഘത്തിന് പുറത്തുനിന്നുള്ള മെത്രാനായ ഒരാളെയാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കുകയെങ്കിൽ ഫലം പ്രഖ്യാപിച്ച് അദ്ദേഹത്തിന് മാര്‍പാപ്പയുടെ അധികാരം കൈമാറും. മറിച്ചൊരു വൈദികനെയാണ് മാര്‍പാപ്പയായി തിരഞ്ഞെടുത്തതെങ്കിൽ ആദ്യം മെത്രാനായി വാഴിച്ച ശേഷം മാര്‍പാപ്പയുടെ അധികാരം നല്‍കും. ഇതേ കീഴ്വഴക്കം പിന്തുടര്‍ന്ന് ഒരു വിശ്വാസിക്കും മാര്‍പാപ്പയാകാവുന്നതാണ്. ആദ്യം വൈദികപട്ടം നല്‍കുകയും പിന്നീട് മെത്രാന്‍ പട്ടം നല്‍കുകയും തുടര്‍ന്ന് മാത്രം മാര്‍പാപ്പയുടെ അധികാര അവകാശങ്ങള്‍ കൈമാറുകയും ചെയ്യാവുന്നതാണ്. സഭയുടെ അധികാര ചിഹ്നങ്ങള്‍ ഇല്ലാത്ത ഒരു വിശ്വാസിക്ക് മെത്രാന്‍ ആയിക്കൂടാ എന്നില്ല. സഭ ഏറ്റവും പരിശുദ്ധമെന്ന് വിശ്വസിക്കുന്ന ആ പദവിയിലെത്താന്‍ യോഗ്യതയാണ് പ്രധാനം. എന്നാല്‍, സഭയുടെ ചരിത്രത്തില്‍ കര്‍ദിനാള്‍ പദവിക്ക് പുറത്തുനിന്നുള്ള ആരും പാപ്പ ആയിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

അതീവ രഹസ്യസ്വഭാവത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തിരഞ്ഞെടുപ്പു പ്രകിയയില്‍ കര്‍ദിനാള്‍മാര്‍ക്ക് പുറമെ സഹായികളായി ഭാഗമാകുന്നവര്‍ ചടങ്ങുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാമെന്ന് പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുതിയ മാര്‍പാപ്പയുടെ അനുവാദത്തോടെയല്ലാതെ പുറത്തുപറഞ്ഞാല്‍ സഭയില്‍നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വോട്ട് ചെയ്യുന്ന കര്‍ദിനാള്‍ മാത്രമെ ചാപ്പലില്‍ ഉണ്ടാകാവു. ഒരു ബാലറ്റില്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ രേഖപ്പെടുത്തിയാല്‍ വോട്ട് അസാധുവാകും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടും. പിന്നീട് സിസ്റ്റെയ്ൻ ചാപ്പലില്‍ എത്തി നടപടിക്രമങ്ങളില്‍ രഹസ്യാത്മകത പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഒപ്പുവയ്ക്കുന്നു.  തുടര്‍ന്നുള്ള വിവിധ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കര്‍ദിനാള്‍ ഡീന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നു.  

മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ മൂന്ന് ബാലറ്റു പേപ്പറുകള്‍ വീതം വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ക്ക് നല്‍കും.  തുടര്‍ന്ന് കര്‍ദിനാള്‍ സംഘത്തില്‍ നിന്ന് മൂന്ന് പേരെ വീതം നിരീക്ഷകരായും രോഗികളില്‍നിന്ന് ബാലറ്റ് ശേഖരിക്കുന്നവരായും പുനഃപരിശോധകരായും നറുക്കിട്ട് തീരുമാനിക്കുന്നു.  തുടര്‍ന്നാണ് രണ്ടാമത്തെ ഘട്ടം. വോട്ട് രേഖപ്പെടുത്തിയ കര്‍ദിനാള്‍മാര്‍ കയ്യില്‍ ബാലറ്റ് ഉയര്‍ത്തിപ്പിടിച്ച് അള്‍ത്താരയ്ക്ക് മുന്നില്‍നിന്ന് പ്രത്യക പ്രാര്‍ത്ഥന നടത്തിയ ശേഷം ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുന്നു. രോഗികളായ വോട്ടര്‍മാരുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുക്കപ്പെട്ട മൂവര്‍ സംഘം പ്രത്യേക പെട്ടികളുമായി അവരുടെ മുറികളില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ശേഖരിക്കുന്നു. തിരികെവന്ന് രോഗികളുടെ എണ്ണവും ബാലറ്റിന്റെ എണ്ണവുമായി ഒത്തുനോക്കണം. 

ബാലറ്റിലെ വോട്ടു പരിശോധിക്കുന്നതിനുമുമ്പ്, ബാലറ്റുകളുടെ എണ്ണം പരിശോധിക്കും. എണ്ണം, മൊത്തം സമ്മതിദായകരുടെ എണ്ണത്തില്‍നിന്നു വ്യത്യസ്തമായാല്‍ ബാലറ്റുകളൊന്നും തുറക്കാതെ എല്ലാ ബാലറ്റുകളും കത്തിച്ചുകളയുകയും പുതിയ തിരഞ്ഞെടുപ്പു നടത്തുകയുംചെയ്യും. എണ്ണം തുല്യമായാല്‍, ഓരോ ബാലറ്റും തുറക്കുകയും ഉച്ചത്തില്‍ വായിക്കുകയും ചെയ്യും. വായിച്ചശേഷം, സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനായി ഓരോ ബാലറ്റും സൂചികൊണ്ടു തുളച്ച്, ഒരുമിച്ചു തുന്നിക്കെട്ടുന്നു. ഒരു പാപ്പ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ, പലവട്ടം ഈ തിരഞ്ഞെടുപ്പുപ്രക്രിയ ആവര്‍ത്തിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട കോണ്‍ക്ലേവുകള്‍

ക്ലോണ്‍ക്ലേവ് അധികം നീളാതെ അവസാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുതിയ പിന്‍ഗാമി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. എന്നാല്‍, മൂന്നു വർഷത്തോളം വരെ നീണ്ട കോണ്‍ക്ലേവുകളും കത്തോലിക്കാ സഭയുടെ ചരിത്രത്തിലുണ്ട്. 1268-ല്‍ ക്ലമന്റ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവ് രണ്ട് വര്‍ഷത്തിന് ശേഷം 1271 ല്‍ ആണ് അവസാനിച്ചത്. നീണ്ട കോണ്‍ക്ലേവിന് ശേഷം ഗ്രിഗറി പത്താമന്‍ പാപ്പയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പാപ്പയെ തിരഞ്ഞെടുത്ത ചരിത്രവും കത്തോലിക്ക സഭയ്ക്ക് ഉണ്ട്. ജൂലിയസ് രണ്ടാമന്‍ ആണ് ഇത്തരത്തില്‍ വേഗത്തില്‍  തിരഞ്ഞെടുക്കപ്പെട്ട പാപ്പ.

ലോകം കാത്തിരിക്കുന്ന വെളുത്ത പുക

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ പോലും വത്തിക്കാന്‍ വ്യത്യസ്തത പുലര്‍ത്തുന്നു. പാപ്പയെ തിരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയരും.

placeholder
വെളുത്ത പുക ഉയരുന്നു | ഫയല്‍ ചിത്രം 

ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്‌റ്റെയ്ൻ ചാപ്പലിലെ ഒരു പ്രത്യേക അടുപ്പില്‍ ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കും. ഈ അടുപ്പില്‍ നിന്നുള്ള പുക സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടെ പുറത്തുവരുന്നു. തിരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ച്ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം  വെളുത്ത പുകയുമാകും  ചിമ്മിനിയില്‍ക്കൂടെ പുറത്തുവരിക. ചില സമയം പുകയുടെ നിറം കറുത്തതോ വെളുത്തതോ എന്നു പെട്ടെന്ന് മനസ്സിലാക്കുക പ്രയാസമാണ്. അതിനാല്‍ പുതിയൊരു കീഴ്വഴക്കമെന്നനിലയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പു സൂചിപ്പിക്കാന്‍ സിസ്റ്റീന്‍ ചാപ്പലിലെ മണികളും മുഴക്കുകയുണ്ടായി.

കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയോട്  'താങ്കള്‍ ഈ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?' എന്ന് ചോദിക്കും. അതെയെന്നാണുത്തരമെങ്കില്‍, അപ്പോള്‍ മുതല്‍ പാപ്പായുടെ ഭരണമാരംഭിച്ചതായി കണക്കാക്കും. പിന്നീട് പുതിയ പാപ്പയെ 'കണ്ണീരിന്റെ വാതിലിലൂടെ' വസ്ത്രം ധരിക്കുന്ന മുറിയിലേക്ക് ആനയിക്കും. ഔദ്യോഗിക വസ്ത്രങ്ങളണിഞ്ഞ ശേഷം മാര്‍പാപ്പയുടെ സ്ഥാനിക മോതിരം, വലിയ മുക്കുവന്റെ മോതിരം, അണിയിക്കും. ഔദ്യോഗിക വസ്ത്രങ്ങളും സ്ഥാനചിഹ്നങ്ങളും അണിഞ്ഞ് പുതിയ പാപ്പ കര്‍ദിനാള്‍ സംഘത്തിന് മുന്നിലെത്തും. തുടര്‍ന്ന്  കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി പുതിയ പാപ്പയോട് തങ്ങളുടെ വിധേയത്വം പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാല്‍ക്കണിയിലെത്തി പുതിയ പാപ്പ ലോകത്തെ അഭിസംബോധന ചെയ്യും.

സാധ്യത പട്ടികയില്‍ ഇവര്‍ 

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്മാഗിയാകാന്‍ സാധ്യതയുള്ള ചില പേരുകള്‍ ഇവയാണ്.

ലൂയി അന്തോണിയോ താഗ്ലേ  

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത അനുയായികളില്‍ പ്രധാനിയാണ് ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദിനാളായ ലൂയി അന്തോണിയോ താഗ്ലേ.   പുരോഗമന ചിന്താഗതിക്കാരുടെ ഗണത്തിലാണ് ഏഷ്യയില്‍നിന്നുള്ള ഈ കര്‍ദിനാളിന്റെ സ്ഥാനം. 

പിയെത്രോ പരോലിന്‍  

വത്തിക്കാന്റെ ഭരണകാര്യങ്ങള്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന് മനപാഠമാണ്. 2013 മുതല്‍ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുരോഗമന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കിയ കര്‍ദിനാള്‍.

പീറ്റര്‍ ടക്‌സന്‍ 

ഘാനയില്‍ നിന്നുള്ള കര്‍ദിനാളാണ് പീറ്റര്‍ ടക്‌സന്‍.  ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാമ്പത്തിക നീതി തുടങ്ങിയവയുമായി ബന്ധപ്പെട്ട സഭയുടെ ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കര്‍ദിനാള്‍ ടക്‌സനാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നയാളാണ് പീറ്റര്‍ ടക്‌സന്‍ 

പീറ്റര്‍ എര്‍ദോ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേരെ വിപരീത ശൈലിക്കുടമയായാണ്‌ പീറ്റര്‍ എര്‍ദോ അറിയപ്പെടുന്നത്‌.  ഹംഗറിയില്‍ നിന്നുള്ള കര്‍ദിനാളായ പീറ്റര്‍ എര്‍ദോ  യഥാസ്ഥിതിക നിലപാടുകാരനായാണ് അറിയപ്പെടുന്നത്.  സഭയില്‍ യഥാസ്ഥിതിക ശൈലി കൊണ്ടുവരണമെന്ന് നിലപാടുള്ളവരുടെ പിന്തുണ പീറ്റര്‍ എര്‍ദോയ്ക്ക് ആയിരിക്കും. 

മിലാന്‍ ഏയ്‌ഞ്ചെലോ സ്‌കോള

ബനഡിക്ടറ്റ് പതിനാറാമന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിലും കര്‍ദിനാള്‍ മിലാന്‍ ഏയ്‌ഞ്ചെലോ സ്‌കോള പരിഗണനയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. സഭയിലെ പാരമ്പര്യവാദികളുടെ ഗണത്തിലാണ് കര്‍ദിനാള്‍ മിലാന്‍ ഏയ്‌ഞ്ചെലോ സ്‌കോള.