രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ചരിത്രവിജയത്തിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് ലോകം. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ യുഎസ്എസ്ആര്‍ എന്ന ഓമനപ്പേരി അറിയപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്‍ ഇന്ന്  വിസ്മൃതിയിലാണ്ട ഒരു രാഷ്ട്രസങ്കല്പമായി ചുരുങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് ഇന്ത്യ ഉള്‍പ്പടെയുള്ള അന്നത്തെ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന ഈ രാജ്യം ലോക തൊഴിലാളിവര്‍ഗത്തിന്റെ പ്രതീക്ഷയും ആവേശവുമായിരുന്നു. സോഷ്യലിസ്റ്റ് ചേരിയുടെ തലപ്പത്ത് ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു? എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ പല രാജ്യങ്ങളായി വിഘടിതമായി? ആരൊക്കെയാണ് തകര്‍ച്ചയുടെ ഉത്തരവാദികള്‍? 

To advertise here,

ഏറ്റുമുട്ടലുകളുടെയും അസ്ഥിരതകളുടെയും ഭൂതകാലത്തിലാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ഒരു കാലത്ത് സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന റഷ്യയുടെ ചരിത്രവും വേറിട്ടതല്ല. ഒരു കാലത്ത് മാനവികതയുടെ പ്രത്യയശാസ്ത്രമെന്ന് വിശേഷിപ്പിച്ചിരുന്ന മാര്‍ക്‌സ് വിഭാവനം ചെയ്ത മാര്‍ക്‌സിസം ആദ്യമായി പൂത്തുലഞ്ഞതും വാടിക്കരിഞ്ഞതും ഈ മണ്ണില്‍ തന്നെയായിരുന്നു. അധ്വാനവര്‍ഗത്തിന്റേതെന്ന് പരക്കെ വിശ്വസിച്ചിരുന്ന മാര്‍ക്‌സിസം ഏകാധിപത്യത്തിലേക്കുള്ള നടപ്പാതയാണ് എന്ന തിരിച്ചറിവ് ലോകത്തിനാദ്യം നല്‍കിയതും രക്തരൂക്ഷിത ചരിത്രം പേറുന്ന റഷ്യയാണ്.

മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ തൊഴിലാളിവര്‍ഗ ഭരണകൂടം റഷ്യയില്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തവരില്‍ പ്രധാനി വ്‌ളാദിമിര്‍ ലെനിന്‍ (Vladimir Lenin) എന്ന അനിഷേധ്യനായ വിപ്ലവകാരിയായിരുന്നു. ലെനിന്‍ രൂപപ്പെടുത്തിയെടുത്ത പ്രായോഗികതയുടെ ഈ ചിന്താധാര 'ലെനിനിസം' എന്ന് അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹദ്​ വ്യക്തിത്വങ്ങളിലൊന്നായാണ് ലെനിനെ പല ചരിത്രകാരന്മാരും വിലയിരുത്തുന്നത്.

1898 ല്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ അമരക്കാരില്‍ ഒരാളായി ലെനിനും ഉണ്ടായിരുന്നു. റഷ്യയിലെ വിവിധ വിപ്ലവ പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുവാനായി രൂപംകൊടുത്ത ഈ പാര്‍ട്ടി പിന്നീട് ബോള്‍ഷെവിക് എന്നും മെന്‍ഷെവിക് എന്നും രണ്ടായി പിരിയുകയാണുണ്ടായത്. ലെനിന്‍, ബോഗ്ദാനോവ്, ജോസഫ് സ്റ്റാലിന്‍ തുടങ്ങിയവരായിരുന്നു ഭൂരിപക്ഷം എന്ന അര്‍ഥം വരുന്ന ബോള്‍ഷെവിക് പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ബോള്‍ഷെവിക് പിന്നീട് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അറിയപ്പെട്ടു. ബോള്‍ഷെവിക്കുകള്‍ തീവ്രചിന്താഗതിക്കാരും മെന്‍ഷെവിക്കുകള്‍ മിതവാദികളും ആയിരുന്നു.

ഇതിനിടയില്‍ ഫെബ്രുവരി വിപ്ലവത്തെ തുടര്‍ന്ന് മെന്‍ഷെവിക്കുകള്‍ റഷ്യയിലെ  രാജവാഴ്ചയെ അട്ടിമറിച്ചുകൊണ്ട് 1917 മാര്‍ച്ചില്‍ താത്കാലിക സര്‍ക്കാരിന് രൂപംകൊടുത്തു. ജോര്‍ജി എല്‍വോവ് (Georgy Lvov) ആയിരുന്നു ആദ്യം താത്കാലിക സര്‍ക്കാരിന്റെ തലവനെങ്കിലും പ്രക്ഷോഭങ്ങള്‍ നിരന്തരം വര്‍ധിച്ചുവന്നപ്പോള്‍ അലക്‌സാണ്ടര്‍ കെറന്‍സ്‌കി (Alexander Kerensky) സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തു. എന്നാല്‍, താത്കാലിക സര്‍ക്കാരിനു പകരം തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ലെനിന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഒക്ടോബര്‍ ഇരുപത്തിനാലിന് ലെനിന്റെ നിര്‍ദ്ദേശമനുസരിച്ച് ട്രോട്‌സ്‌കി നേതൃത്വം നല്‍കിയ ചെമ്പട സൈനികര്‍ ഭരണസിരാകേന്ദ്രമായ വിന്റര്‍ പാലസ് വളഞ്ഞതോടെ അവിടെയുണ്ടായിരുന്ന കെറന്‍സ്‌കി രഹസ്യമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ബോള്‍ഷെവിക്കുകള്‍ വിന്റര്‍പാലസില്‍ യോഗം ചേര്‍ന്ന് സോവിയറ്റ് കൗണ്‍സിലില്‍ ഓഫ് പീപ്പിള്‍സ് കമ്മീഷന്‍സ് എന്ന പുതിയ ഭരണ സംവിധാനത്തിന് അംഗീകാരം നല്‍കി. ഈ കൗണ്‍സിലിന്റെ ചെയര്‍മാനായി ലെനിന്‍  തിരഞ്ഞെടുക്കപ്പെട്ടു.

റഷ്യയുടെ പരമാധികാരിയായി മാറിയ ലെനിന് നേരിടേണ്ടിവന്നത് ഏറെ വെല്ലുവിളികള്‍ ആയിരുന്നു. റഷ്യയുടെ സാമ്പത്തിക പിന്നോക്ക അവസ്ഥ പരിഹരിക്കുവാന്‍ അദ്ദേഹം നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തി. കൂടുതല്‍ വ്യവസായങ്ങള്‍ രൂപം കൊണ്ടാല്‍ മാത്രമേ സാമ്പത്തിക അഭിവൃദ്ധി വരികയുള്ളൂ എന്ന് മനസിലാക്കിയ ലെനിന്‍ രാജ്യത്തെ പൂര്‍ണമായും വൈദ്യുതിവല്‍ക്കരിക്കുവാന്‍ നടപടികള്‍ കൈക്കൊണ്ടു. സ്വകാര്യ സ്വത്തവകാശം റദ്ദാക്കിക്കൊണ്ട് കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന വാഗ്ദാനം നിറവേറ്റി. എല്ലാ ജനങ്ങള്‍ക്കും ആരോഗ്യസേവനം എന്ന ലക്ഷ്യവുമായി സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പില്‍ വരുത്തി. സ്ത്രീ പുരുഷ സമത്വം, സാക്ഷരത, ആധുനിക വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചുകൊണ്ട് ഏകകക്ഷി ഭരണ സമ്പ്രദായത്തിന് നേതൃത്വം നല്‍കി. ഇത് പില്‍ക്കാലത്ത് റഷ്യയെ ഒരു സമ്പൂര്‍ണ ഏകാധിപത്യ രാഷ്ട്രമാക്കി മാറ്റുകയാണുണ്ടായത്. 

ദാരിദ്രവും അരാജകത്വവും കൊടികുത്തിവാണ റഷ്യയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് വലിയ പ്രതീക്ഷകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത്. തങ്ങളുടെ വിയര്‍പ്പൊഴുകുന്ന കൃഷിഭൂമികളും വ്യവസായശാലകളും തങ്ങളുടേതാകുമെന്ന് റഷ്യയിലെ ദരിദ്ര ജനകോടികള്‍ക്ക് സ്വപ്നത്തില്‍പ്പോലും വിശ്വസിക്കുവാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. ആ സ്വപ്നതുല്യമായ വാഗ്ദാനമാണ് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചതും. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായുള്ള പ്രതിഫലം പൂര്‍ണമായും തങ്ങള്‍ക്കുതന്നെ ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ചതോടെ റഷ്യയിലെ ദരിദ്രജനത പാര്‍ട്ടിക്ക് പിന്നില്‍ അടിയുറച്ചു നിന്നു. വിപ്ലവാന്ത്യം സ്വര്‍ഗതുല്യമായ ജീവിതം തങ്ങള്‍ക്കു കിട്ടുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് നേര്‍വിപരീതമായിരുന്നു. ലെനിനുശേഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി സ്റ്റാലിന്‍ അധികാരത്തില്‍ വന്നു. ഹിറ്റ്‌ലറെപ്പോലെ ആദ്യം ജനനായകനായും പിന്നെ സ്വേച്ഛാധിപതിയുമായി മാറിയ സ്റ്റാലിന്റെ ഭീകര ഭരണത്തില്‍ ദരിദ്രജനങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം വേട്ടയാടപ്പെടുകയായിരുന്നു.

placeholder
സ്റ്റാലിന്‍

ജനങ്ങളുടെ ശത്രുക്കളെന്നും പ്രതിവിപ്ലവകാരികളെന്നും ആരോപിച്ചുകൊണ്ട് നിരവധിപേരെ സ്റ്റാലിന്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. തന്റെ അധികാരത്തിനും നിലനില്‍പ്പിനും ഭീഷണിയായവര്‍ എന്ന് സംശയിക്കപ്പെട്ട ഹതഭാഗ്യര്‍ എല്ലാം ഓരോ കാലത്തതായി കൊലചെയ്യപ്പെട്ടു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ വേരറുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ തനിക്കു നേരെ എതിര്‍ശബ്ദം ഉയര്‍ത്തിയവരെ സ്റ്റാലിന്‍ തന്റെ വിശ്വസ്ഥ രഹസ്യപൊലീസായ NKVD യെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുകയായിരുന്നു.

ആനി ആപ്പിള്‍ബേം (Anne Applebaum) എഴുതിയ 'ഗുലാഗ് എ ഹിസ്റ്ററി' (Gulag A History) എന്ന പുസ്തകം 2023 ല്‍ പുറത്തിറങ്ങിയതോടെയാണ്  സ്റ്റാലിന്റെ ഭീകരക്യാമ്പുകളായ ഗുലാഗ് തടവറകളില്‍ നിലനിന്നിരുന്ന ഭീകരത പൂര്‍ണ അര്‍ത്ഥത്തില്‍ ലോകം അറിയുന്നത്. ആ പുസ്തകത്തില്‍ ഗുലാഗ് ക്യാമ്പുകളിലെ ഭീകരത ഇങ്ങനെ വിവരിക്കുന്നു. സ്റ്റാലിന്റെ പകതീര്‍ക്കല്‍ കേന്ദ്രങ്ങളായിരുന്നു ഗുലാഗ് (Gulag) എന്നറിയപ്പെട്ടിരുന്ന നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകള്‍. ലെനിന്റെ ഭരണകാലത്ത് വര്‍ഗശത്രുക്കള്‍, രാജ്യദ്രോഹികള്‍ എന്നൊക്കെ ആരോപിക്കപ്പെട്ടവരെ എത്തിച്ചിരുന്ന ക്യാമ്പുകളായിരുന്നു ഇവ. ലെനിന്റെ  ഭരണകാലത്ത് 84 ഗുലാഗുകള്‍ റഷ്യയിലുണ്ടായിരുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് മഹത്തായ ശുദ്ധീകരണം (Great Purge) ആരംഭിച്ചതോടെ ഗുലാഗുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ ഏകദേശം 30000 ഗുലാഗുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 5000 മുതല്‍ 25000 വരെ ആളുകളെയാണ് ഓരോ ക്യാമ്പിലും അടയ്ക്കപ്പെട്ടിരുന്നത്. പലരും അവിടെ കൊലചെയ്യപ്പെട്ടു. 2013 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചതും റഷ്യന്‍ പ്രസിഡന്റിന്റെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കുന്നതുമായ രേഖകള്‍ പ്രകാരം 'ചുവപ്പു ഭീകരതയുടെ' ഈ കാലഘട്ടത്തില്‍ 1937 നും 1938 നും ഇടയില്‍ മാത്രം 6,81,692 കൊലകള്‍ രേഖാമൂലമുള്ള ഉത്തരവുപ്രകാരം നടത്തി. ഇതില്‍ 44000 കൊലകള്‍ സ്റ്റാലിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരമാണ്  കോടതി നടപ്പിലാക്കിയത്. കുലാക്കികള്‍ (Kulaks) എന്നറിയപ്പെട്ടിരുന്ന സമ്പന്ന, ഇടത്തരം കര്‍ഷകരില്‍ വലിയൊരു വിഭാഗമാണ് ഗുലാഗില്‍ എത്തപ്പെട്ടത്. സ്റ്റാലിന്‍ കാലത്ത് രൂപീകരിച്ച പുതിയ കൂട്ടുകൃഷി  സമ്പ്രദായത്തിനെതിരെ ശബ്ദിച്ചതിനാണ് ഭൂവുടമകളായ ഇവരെ തടവിലാക്കിയത്. 

തടവുകാര്‍ നിര്‍ബന്ധിത തൊഴിലുകള്‍ക്ക് വിധേയമാക്കപ്പെട്ടു. ഓരോ ദിനവും നല്‍കുന്ന ജോലി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഭക്ഷണം നിഷേധിക്കുകയോ ഭക്ഷണത്തില്‍ കുറവ് വരുത്തുകയോ ചെയ്യുമായിരുന്നു. കൊടും കുറ്റവാളികളായ സഹതടവുകാരുടെ പീഡനങ്ങളും ഇവര്‍ക്ക് പലപ്പോഴും സഹിക്കേണ്ടിവന്നു. സ്ത്രീകള്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നത് തടവറകളില്‍ നിത്യസംഭവങ്ങള്‍ ആയിരുന്നു. ഓരോ വര്‍ഷവും ഓരോ ക്യാമ്പിലേയും പത്തു ശതമാനത്തോളം പേര്‍ പട്ടിണി കാരണം മരണപ്പെടുമായിരുന്നു. സ്റ്റാലിന്‍ കാലഘട്ടത്തിലെ പല നിര്‍മിതികളും ഗുലാഗ് തടവുകാരുടെ വിയര്‍പ്പും രക്തവും കൊണ്ട് പണിതതായിരുന്നു. വൈറ്റ്‌സീ-ബാള്‍ട്ടിക് കനാല്‍ (WhiteSea-Baltic Canal), മോസ്‌കൊ-വോള്‍ഗ കനാല്‍ (Moscow-Volga Canal) തുടങ്ങിയ വമ്പന്‍ പദ്ധതികളെല്ലാം ഗുലാഗിലെ തടവുകാരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ആയിരുന്നു. അവയെല്ലാം സ്റ്റാലിന്‍ കാലഘട്ടത്തിലെ വികസനത്തിന്റെ പൊന്‍തൂവലുകളായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, കുലാക്കികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ള വേട്ടയാടപ്പെട്ട മനുഷ്യരുടെ ആത്മരോദനങ്ങളില്‍ പടുത്തുയര്‍ത്തിയ വികസനമാണെന്ന കാര്യം മാത്രം വിസ്മൃതിയിലാണ്ടുകിടന്നു. 1929 -1953  കാലഘട്ടങ്ങളില്‍ മാത്രം 14 ദശലക്ഷം പേര്‍ ഗുലാഗുകളില്‍ തടവുകാരായുണ്ടായിരുന്നുവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നത് ഈ സംഖ്യ 25 ദശലക്ഷം വരെ ഉയരാമെന്നാണ്. ഗുലാഗ് തടവറകളില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ സംഖ്യ മാത്രം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയില്‍ വരുമെന്നും വിലയിരുത്തപ്പെടുന്നു. 

തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യ റഷ്യയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ വലിയൊരു വിഭാഗം തൊഴിലാളികള്‍ തന്നെയായിരുന്നു എന്നത് ചരിത്രത്തിന്റെ വിരോധാഭാസമാകാം. രാജ്യത്തിനുവേണ്ടി കായികമായി സംഭാവന ചെയ്യാത്തവര്‍ രാജ്യത്തിന് ബാധ്യത എന്നതായിരുന്നു സ്റ്റാലിന്റെ നയം. തൊഴിലാളികളുടെ വിയര്‍പ്പും രക്തവും ജീവനുംകൊണ്ട് നടപ്പില്‍ വരുത്തിയ ദ്രുത വ്യവസായവല്‍ക്കരണം റഷ്യയില്‍ വിജയം കാണുകയാണുണ്ടായത്. ഇക്കാലയളവില്‍ ഉരുക്ക്, എണ്ണ, കല്‍ക്കരി, ഇലക്ട്രിസിറ്റി തുടങ്ങിയ മേഖലകളില്‍ വന്‍വളര്‍ച്ചയാണ് റഷ്യ കൈവരിച്ചത്. റഷ്യന്‍ രാഷ്ട്രീയചിന്തകനും ചിത്രകാരനുമായ മെദ്വ ദേവിന്റെ (Roy Medvedev) അഭിപ്രായത്തില്‍ തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ തന്നെ റഷ്യയ്ക്ക് സാമ്പത്തിക വളര്‍ച്ച കൈവരിക്കുവാന്‍ കഴിയുമായിരുന്നു എന്നാണ്. 

പരിഷ്‌കാരങ്ങള്‍ റഷ്യയുടെ ഭക്ഷ്യോല്‍പാദനവും കയറ്റുമതിയും വര്‍ധിക്കുവാന്‍ ഏറെ സഹായിച്ചു. എന്നാല്‍ റഷ്യക്കാരന്റെ പട്ടിണി മാറ്റുവാനോ കര്‍ഷകന്റെ വരുമാനം വര്‍ദ്ധിക്കുവാനോ അതുപകരിച്ചില്ല. സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ ഭക്ഷണം പരാതികളൊന്നുമില്ലാതെ ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുവാനായിരുന്നു റഷ്യന്‍ കര്‍ഷകത്തൊഴിലാളികളുടെ വിധി. സ്റ്റാലിന്‍ യുഗത്തിലെ ഭക്ഷ്യക്ഷാമകാലത്ത് ഏറ്റവും അധികം ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത് അന്ന് റഷ്യയുടെ ഭാഗമായിരുന്ന ഉക്രയിനിലെ ജനങ്ങളായിരുന്നു.1932-1933 കാലത്ത് ഉക്രയിനില്‍ നടമാടിയ ഹോളോഡോമര്‍ (Holodomor) എന്നറിയപ്പെടുന്ന കൊടും ഭക്ഷ്യക്ഷാമകാലത്ത് മരിച്ചുവീണത് ഏകദേശം ഏഴു ദശലക്ഷത്തില്‍പ്പരം ജനങ്ങളായിരുന്നു. മനുഷ്യനിര്‍മിത ഭക്ഷ്യക്ഷാമം എന്നാണ് ചരിത്രകാരന്മാര്‍ ഈ മഹാദുരന്തത്തെ വിശേഷിപ്പിക്കുന്നത് തന്നെ. ആനി ആപ്പിള്‍ ബേമിന്റെ റെഡ് ഫെമിന്‍ - സ്‌റാലിന്‍സ് വാര്‍ ഓണ്‍ ഉക്രൈന്‍ (Stalins War on Ukraine) സൈമണ്‍ സ്റ്റാരോ മിറണ്‍ ദോലോത് (Miron Dolot) എന്ന തൂലികാനാമത്തില്‍ എഴുതിയ എക്‌സിക്യൂഷന്‍ ബൈ ഹങ്കര്‍ (Execution by Hunger: The Hidden Holocaust) തുടങ്ങി നിരവധി പുസ്തകങ്ങളില്‍ യുക്രൈനിലെ ഭക്ഷ്യക്ഷാമ ഭീകരത വിവരിക്കുന്നുണ്ട്.

ഇരുപത് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ ചരിത്രകാരനായ തിമോത്തി സ്‌നൈഡറിര്‍ (Timothy D. Snyder) പറഞ്ഞത് സ്റ്റാലിന്റെ ഭരണകാലത്ത് ഏകദേശം ഒന്‍പത് ദശലക്ഷത്തിനിടയില്‍ ആള്‍ക്കാര്‍ റഷ്യയില്‍ കൊല്ലപ്പെട്ടു എന്നാണ്. ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡി റൂബിന്‍സ്റ്റീന്‍ (William Rubinstein) ഏകദേശം ഏഴു ദശലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു. ഒന്‍പത് ലക്ഷം മുതല്‍ 20 ദശലക്ഷം പേര്‍ സ്റ്റാലിന്‍ ഭരണകാലത്ത് കൊലചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവിധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്‌.

സ്റ്റാലിന്റെ മരണശേഷം അധികാരത്തിലേറിയ മാലെങ്കോവിനെ 1955 ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും വലതുപക്ഷ വ്യതിയാനം ആരോപിച്ചുകൊണ്ട് പുറത്താക്കി. പകരം ക്രൂഷ്‌ചേവ് സോവിയറ്റ് യൂണിയന്റെ പരമാധികാരിയായി. 

placeholder
ഫിഡല്‍ കാസ്‌ട്രോയും ക്രൂഷ്‌ചേവും

സ്റ്റാലിന്റെ പൊറുക്കാനാകാത്ത തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് സ്റ്റാലിന്‍ കാലഘട്ടം ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ക്രൂഷ്‌ചേവ് ആരംഭിച്ചു. ഡി- സ്റ്റാലിനൈസേഷന്‍ (De-stalinization) എന്ന് അറിയപ്പെട്ട പരിഷ്‌കാരങ്ങളിലൂടെ സ്റ്റാലിന്‍ യുഗം എന്ന ഭീകരതയുടെ അദ്ധ്യായത്തിന്റെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കുക എന്നതായിരുന്നു ലക്ഷ്യം. സ്റ്റാലിന്‍ കാലത്ത് തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍, ബുദ്ധിജീവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം ഈ പരിഷ്‌കരണകാലത്ത് മോചിപ്പിക്കപ്പെട്ടു.

ഏറെ സംഭവബഹുലമായിരുന്നു ക്രൂഷ്‌ചേവിന്റെ ഭരണകാലം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ശീതയുദ്ധം കൊടുമ്പിരികൊണ്ടു വളര്‍ന്ന കാലത്തായിരുന്നു ക്രൂഷ്‌ചേവ് സോവിയറ്റ് യൂണിയന്റെ ഭരണനേതൃത്വം ഏറ്റെടുക്കുന്നത്. രണ്ട് ആണവശക്തികള്‍ പരസ്പരം മത്സരിച്ചാല്‍ ലോകത്തുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ക്രൂഷ്‌ചേവിനു പൂര്‍ണ ബോധ്യമുണ്ടായിരുന്നു. മുതലാളിത്ത ചേരിയും കമ്യൂണിസ്റ്റ് ചേരിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ ഇരുഭാഗത്തും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് അദ്ദേഹം അമേരിക്കയ്ക്ക് നേരെ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടുകയായിരുന്നു.

എന്നാല്‍ 1960 ല്‍ ഉണ്ടായ യു-2 ചാരവിമാനസംഭവം (U-2 Spy Incident) എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചു. 1960 മെയ് 1 ന് സോവിയറ്റ് യൂണിയന്റെ അതിര്‍ത്തിക്കുള്ളില്‍ പറന്ന യു-2 എന്ന പേരിലറിയപ്പെട്ടിരുന്ന അമേരിക്കന്‍ ചാരവിമാനം സോവിയറ്റ് യൂണിയന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയും പൈലറ്റിനെ ബന്ദിയാക്കുകയും ചെയ്തു. വിമാനത്തില്‍ നിന്നും ചാരപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും കണ്ടെടുത്തതോടെ സോവിയറ്റ് യൂണിയനും അമേരിക്കയുമായുള്ള ഊഷ്മളമായിക്കൊണ്ടിരുന്ന ബന്ധം വീണ്ടും തകര്‍ന്നു.

ക്രൂഷ്‌ചേവിന് ഏറെ വെല്ലുവിളികള്‍ നല്‍കിയ ഒന്നായിരുന്നു ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി. സോവിയറ്റ് യൂണിയനും അമേരിക്കയും യുദ്ധത്തിന്റെ വക്കോളമെത്തിയ സാഹചര്യങ്ങളാണ് ക്യൂബന്‍ മിസൈല്‍ പ്രതിസന്ധികാലത്ത് ഉടലെടുത്തത്. 1958 ല്‍ ക്യൂബന്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ സോവിയറ്റ് അനുകൂലമായ നിലപാടുകളാണ് ആദ്യം മുതല്‍ക്കെ കൈക്കൊണ്ടിരുന്നത്. സോവിയറ്റ് യൂണിയനുമായി ക്യൂബയ്ക്ക് സാമ്പത്തിക സൈനിക കരാറുകളും ഉണ്ടായിരുന്നു. ക്യൂബന്‍ വിപ്ലവം നടക്കുന്നതുവരെയും പൂര്‍ണമായും അമേരിക്കയ്ക്ക് വിധേയമായി നിലകൊണ്ടിരുന്ന രാജ്യമായിരുന്നു ക്യൂബ. ഫിദല്‍ സര്‍ക്കാരിന്റെ സോവിയറ്റ് ചായ്​വിനെ അമേരിക്ക സംശയത്തോടും അതിലുപരി ഭയത്തോടുമായിരുന്നു വീക്ഷിച്ചിരുന്നത്. ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ അനുവര്‍ത്തിച്ചുവന്നിരുന്ന മേധാവിത്വത്തിന് ഫിദല്‍ സര്‍ക്കാര്‍ ഒരു ഭീഷണിയാണെന്ന തിരിച്ചറിവില്‍ അമേരിക്ക ക്യൂബയില്‍ പ്രതിവിപ്ലവം ആസൂത്രണം ചെയ്തു. ഇതിനായി ക്യൂബയില്‍ നിന്നും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കുടിയേറി താമസിച്ചിരുന്ന വിമതരെയും ചില അധോലോക സായുധ സംഘങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് യുദ്ധപരിശീലനം നല്‍കി. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്കായിരുന്നു ഏകോപന ചുമതല. ബ്രിഗേഡ് 2506 എന്നറിയപ്പെട്ട ഈ സൈനികസംഘം 1961 ഏപ്രില്‍ പതിനേഴിന് ക്യൂബയെ ആക്രമിച്ചു. ബേ ഓഫ് പിഗ്സ്സ് (Bay of Pigs) എന്ന പേരിലുള്ള ഈ ആക്രമണത്തെ ക്യൂബ നേരിടുകയും വിമതനീക്കം പരാജയപ്പെടുകയും ചെയ്തു. ഈ ആക്രമണ പരാജയം അമേരിക്കയുടെ പ്രതിച്ഛായയ്ക്ക്  മങ്ങലേല്‍പ്പിച്ചു. ലാറ്റിനമേരിക്കയ്ക്ക്‌മേലുള്ള തങ്ങളുടെ ആധിപത്യം തകരുന്നതിന്റെ സൂചനയായാണ് അമേരിക്ക ഈ പരാജയത്തെ വിലയിരുത്തിയത്.

ക്യൂബയാകട്ടെ ഈ വിജയത്തിനുശേഷം സോവിയറ്റ് യൂണിയനുമായിട്ടുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തത്. പറയപ്പെട്ട സൈനികശക്തിയില്ലാത്ത ക്യൂബയ്ക്ക് അമേരിക്കയില്‍ നിന്നും ഭാവിയില്‍ നേരിട്ടൊരാക്രമണം ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടുവാന്‍ സോവിയറ്റ് സൈനിക സഹായം അനിവാര്യവുമായിരുന്നു.

placeholder
നെഹ്രു സോവിയറ്റ് യൂണിയനില്‍

അമേരിക്ക തുര്‍ക്കിയില്‍ ചെയ്തതുപോലുള്ള മിസൈല്‍ വിന്യാസം അമേരിക്കയ്ക്ക് സമീപവും ചെയ്തില്ലെങ്കില്‍ അത് സോവിയറ്റ് യൂണിയന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകും എന്ന നിലപാടില്‍ ഉറച്ചുകൊണ്ടുള്ള നീക്കങ്ങളാണ് പിന്നീട് സോവിയറ്റ് യൂണിയന്‍ നടത്തിയത്. സോവിയറ്റ് യൂണിയനില്‍ നിന്നും അമേരിക്കയെ ലക്ഷ്യമാക്കി മിസൈല്‍ വിന്യാസം നടത്തിയിരുന്നുവെങ്കിലും തങ്ങളുടെ മിസൈലുകളുടെ ദീര്‍ഘദൂരത്തിലുള്ള ലക്ഷ്യശേഷിയില്‍ സോവിയറ്റ് യൂണിയന് വിശ്വാസക്കുറവുണ്ടായിരുന്നു. ദൂരം കൂടുംതോറും ലക്ഷ്യത്തിന് വ്യതിചലനമുണ്ടാകുമോ എന്നതായിരുന്നു സംശയം. അമേരിക്കയുടെ എല്ലാ ഭാഗത്തും ആക്രമണം നടത്തുവാനുള്ള ദൂരശേഷിയും പരിമിതമായിരുന്നു. തങ്ങളുടെ ഈ പോരായ്മ വിലയിരുത്തിക്കൊണ്ട് ക്രൂഷ്‌ചേവ് 1962 മെയ് മാസത്തില്‍ ഫിദല്‍ കാസ്‌ട്രോയുമായി രഹസ്യചര്‍ച്ച നടത്തി. ക്യൂബയില്‍ തങ്ങള്‍ക്ക് ആണവ മിസൈല്‍ വിന്യാസത്തിനുള്ള അവസരം തന്നാല്‍ അമേരിക്കന്‍ ആക്രമണത്തില്‍ നിന്നും ക്യൂബ പൂര്‍ണമായും സുരക്ഷിതമാകുമെന്ന ആശയം ക്രൂഷ്‌ചേവ് ഫിദലിന് മുന്നില്‍ അവതരിപ്പിച്ചു. ആ ആശയത്തോട് ഫിദലിനും യോജിപ്പായിരുന്നു. തുടര്‍ന്ന് രഹസ്യമായി സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ അമേരിക്കയെ ലക്ഷ്യമാക്കിയുള്ള മിസൈല്‍ വിന്യാസത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു.

1962 ജൂലായ് മാസത്തില്‍ ഓപ്പറേഷന്‍ അനാദ്യര്‍ (Operation Anadyr) എന്ന ഈ രഹസ്യ ഓപ്പറേഷന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 42000 സോവിയറ്റ് സൈനികരും ആണവ മിസൈലുകളും ഘട്ടംഘട്ടമായി ക്യൂബയില്‍ എത്തി. മിസൈല്‍ വിന്യാസത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും അതീവ രഹസ്യമായി ആരംഭിച്ചു. 1962 ഓഗസ്റ്റ് മാസമായതോടെ അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയകരമായ ചില തെളിവുകള്‍ കിട്ടിത്തുടങ്ങി. തുടരന്വേഷണത്തില്‍ ക്യൂബയില്‍ റഷ്യന്‍ നിര്‍മ്മിത മിഗ് 21 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളും കണ്ടെത്തി. ഇത് അമേരിക്കയുടെ സംശയം വര്‍ദ്ധിപ്പിച്ചു. 1962 ഒക്ടോബര്‍ 14 ആം തിയ്യതി ക്യൂബയ്ക്ക് മുകളില്‍ ചാരനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന യു-2 വിമാനത്തിന് യാദൃച്ഛികമായി ചില ചിത്രങ്ങള്‍ ലഭിച്ചു. അമേരിക്കയെ ഞെട്ടിപ്പിച്ച ചിത്രങ്ങളയിരുന്നു അവ. ക്യൂബയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മിസൈല്‍ തറകളുടെ ആ ചിത്രങ്ങള്‍ അമേരിക്കയുടെ ഉറക്കം കെടുത്തുവാന്‍ പോന്നവയായിരുന്നു.

1962 ഒക്ടോബര്‍ 22 ന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി (John F Kennedy) ടെലിവിഷനിലൂടെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ക്യൂബയിലെ ആണവ മിസൈല്‍ വിന്യാസത്തെക്കുറിച്ച് സംസാരിച്ചു. ക്യൂബയ്ക്കുമേല്‍ സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ചു. യു എസ് എസ് ന്യൂപോര്‍ട്ട് ന്യൂസ് എന്ന പടക്കപ്പലിന്റെ നേതൃത്വത്തില്‍ സുശക്തമായ ഒരു കപ്പല്‍വ്യൂഹവും ക്യൂബയെ ലക്ഷ്യമാക്കി പുറപ്പെട്ടു. അമേരിക്കയില്‍ നിന്നും ഉണ്ടാകുന്ന ഏതു വലിയ ഭീഷണിയെയും നേരിടുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് ക്യൂബയും പ്രഖ്യാപിച്ചതോടെ ഒരു ആണവയുദ്ധത്തിന്റെ സാധ്യത തെളിയുകയായിരുന്നു.

ക്യൂബയ്ക്കുനേരെ നാവിക ആക്രമണം ലക്ഷ്യമിട്ടാണ് അമേരിക്കന്‍ കപ്പല്‍പ്പട യാത്രതിരിച്ചതെങ്കിലും പിന്നീട് നാവിക ആക്രമണം എന്നതിനുപകരം നാവിക ഉപരോധം എന്ന തീരുമാനത്തിലേക്ക് അമേരിക്ക മാറി. അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ആണവയുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത് ലോകത്തിന്റെ ആവശ്യമായിരുന്നു. യുദ്ധമുണ്ടായാല്‍ അത് ലോകമഹായുദ്ധമായി പരിണമിക്കുവാനും ആണവപോര്‍മുനകളില്‍ ലോകം വെന്ത് വെണ്ണീറാകുവാനും സാധ്യതകള്‍ ഏറെയുണ്ടായിരുന്നു. ഈ ഒരു പ്രതിസന്ധി സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഉ താന്റ്  (U Thant) മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തുന്നത്. ഇരു രാജ്യങ്ങളുമായി  ഉ താന്റ് നടത്തിയ ചര്‍ച്ചകള്‍ ക്രമേണ ഫലം കണ്ടു. ഇരു രാജ്യങ്ങളും ഉ താന്റിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ നിന്നും ആണവ മിസൈലുകളും ആയുധങ്ങളും പിന്‍വലിക്കും. അമേരിക്ക തുര്‍ക്കിയിലെയും ഇറ്റലിയിലെയും മിസൈല്‍ വിന്യാസവും പിന്‍വലിക്കും. ക്യൂബയെ ആക്രമിക്കില്ല എന്ന ഉറപ്പും അമേരിക്ക സോവിയറ്റ് യൂണിയന് നല്‍കി. വരുംകാലങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായാല്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുവാന്‍ ടെലിഫോണ്‍ ഹോട്ട് ലൈന്‍ ആരംഭിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി. ഈ മിസൈല്‍ പ്രതിസന്ധി പരിഹാരത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് സോവിയറ്റ് യൂണിയനായിരുന്നു. തുര്‍ക്കിയിലും ഇറ്റലിയിലും തങ്ങളെ ലക്ഷ്യമാക്കി സ്ഥാപിച്ചിരുന്ന അമേരിക്കന്‍ മിസൈലുകള്‍ എടുത്തുമാറ്റിക്കുവാന്‍ കഴിഞ്ഞത് ക്രൂഷ്‌ചേവിന്റെ വിജയമായിരുന്നു. എന്നാല്‍, ക്യൂബയില്‍ നിന്നും സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങേണ്ടി വന്നതിനെ വലിയ പരാജയമായാണ് തീവ്രകമ്യൂണിസ്റ്റുകള്‍ കണ്ടത്.

സ്റ്റാലിനിസത്തിന്റെ ഭീകരതയില്‍ നിന്നും സോവിയറ്റ് യൂണിയനെ മോചിപ്പിച്ചു എന്നത് ക്രൂഷ്‌ചേവിന്റെ ഏറ്റവും വലിയ സംഭാവനയായാണ് ലോകം വിലയിരുത്തുന്നത്. മരണം വരെയും ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു ക്രൂഷ്‌ചേവ്. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് ഇന്ത്യയ്ക്കുവേണ്ടി മാവോയോട് ക്രൂഷ്‌ചേവ് കയര്‍ത്തു സംസാരിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആദ്യം വിളിച്ചുപറഞ്ഞ  ലോകനേതാവും  ക്രൂഷ്‌ചേവ് ആയിരുന്നു. 

ക്രൂഷ്ചേവിനു ശേഷം തികഞ്ഞ യാഥാസ്ഥിതിക കമ്യൂണിസ്റ്റായ ബ്രഷ്‌നേവ് സോവിയറ്റ് യൂണിയന്റെ സാരഥ്യം ഏറ്റെടുത്ത ഉടന്‍തന്നെ ക്രൂഷ്‌ചേവ് അതുവരെ തുടര്‍ന്നു വന്നിരുന്ന സാമ്പത്തികനയം വീണ്ടുവിചാരമില്ലാതെ പിന്‍വലിച്ചു. തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടു. കരിഞ്ചന്തക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും സര്‍വ്വസാധാരണമായി. ശീതസമരത്തിന്റെ ആക്കം വര്‍ധിപ്പിച്ചുകൊണ്ട് പ്രതിരോധ ബജറ്റ് ക്രമാതീതമായി ഉയര്‍ത്തിയതോടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് പണം തികയാതെ വന്നു. പത്രമാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങു വീണു. വിദ്യാഭ്യാസ മേഖലയെ വീണ്ടും പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. സ്‌കൂളുകളില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പഠനം നിര്‍ബന്ധമാക്കി. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനത്തിനപ്പുറം തൊഴിലാളികള്‍ക്ക് ഒന്നും  തന്നെ ലഭിച്ചില്ല.

ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകത്തൊഴിലാളികളായ ഗ്രാമീണജനത പട്ടണങ്ങളിലേക്ക് കുടിയറുവാന്‍ തുടങ്ങിയതോടെ കാര്‍ഷികമേഖലയിലും പ്രതിസന്ധി നേരിട്ടു. ക്രഷ്‌ചേവ് ഭരണകാലത്ത് അടച്ചുപൂട്ടിയ ഗുലാഗ് തടവറകള്‍ പലതും വീണ്ടും തുറന്നു. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ ഗുലാഗുകളിലെത്തിച്ച് അവരെക്കൊണ്ട് സര്‍ക്കാര്‍ പ്രോജക്ടുകളില്‍ കഠിനമായി പണിയെടുപ്പിച്ചു. തികച്ചും സ്റ്റാലിന്‍ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു തികഞ്ഞ സ്റ്റാലിന്‍ ഭക്തനായ ബ്രിഷ്‌നേവ് അനുവര്‍ത്തിച്ചത്.

ബ്രഷ്‌നേവിന്റെ കാലത്തു നടന്ന 1979 ലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശം സോവിയറ്റ്‌ന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഇസ്ലാമിസ്റ്റുകളും തമ്മില്‍ നടന്ന യുദ്ധത്തില്‍ കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുവാനായി ആ രാജ്യത്ത് സോവിയറ്റ് സേന കടന്നുകയറുകയായിരുന്നു. എന്നാല്‍, ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഹായം കിട്ടിയതോടെ യുദ്ധം അനന്തമായി നീണ്ടുപോകുകയായിരുന്നു. ആഗോള കമ്യൂണിസത്തെ സംരക്ഷിക്കുക എന്ന ബ്രഷ്‌നേവിന്റെ നയപ്രകാരം അഫ്ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശം കടുത്ത സാമ്പത്തികനഷ്ടമാണ് സോവിയറ്റ് യൂണിയന് വരുത്തിവച്ചത്. ബ്രഷ്‌നേവിനുശേഷം യൂറി അന്ത്രോപ്പോവ് (Yuri Andropov) അധികാരമേറ്റെടുത്തതെങ്കിലും 1984 ല്‍ തന്നെ അദ്ദേഹം അന്തരിച്ചു. കോണ്‍സ്റ്റാന്റീന്‍ ചെര്‍നെങ്കോ (Konstantin Ustinovich Chernenko) ആണ് പിന്നീട് അധികാരത്തില്‍ വന്നത്. 

placeholder
ഗോര്‍ബച്ചേവ്

ചെര്‍നെങ്കോയുടെ മരണശേഷം അധികാരത്തില്‍ വന്ന മിഖായേല്‍ ഗോര്‍ബച്ചേവിനെ (Mikhail Sergeyevich Gorbachev) കാത്തിരുന്നത് ഏറെ വെല്ലുവിളികള്‍ ആയിരുന്നു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ സോവിയറ്റ് യൂണിയന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിരുന്നു അദ്ദേഹം മുഖ്യപരിഗണന നല്‍കിയത്. ക്രൂഷ്‌ചേവ്  സാമ്പത്തിക രംഗത്തെ പരിഷ്‌കരണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നപ്പോള്‍ ഗോര്‍ബച്ചേവ് സമസ്ത മേഖലകളെയും പരിഷ്‌കരിച്ചുകൊണ്ടുള്ള ഒരു പുതിയ സോവിയറ്റ് യൂണിയനാണ് സ്വപ്നം കണ്ടത്. വ്യക്തിസ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കാതെ സ്വന്തം ജനതയെ പാശ്ചാത്യ ജനതകളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ഉയര്‍ത്തുവാന്‍ കഴിയില്ലെന്ന് ഗോര്‍ബച്ചേവ് അടിയുറച്ച് വിശ്വസിച്ചു. അതിന്റെ ഫലമായിരുന്നു പെരെസ്‌ട്രോയിക്കയും (Perestroika), ഗ്ലാസ്‌നോസ്റ്റും (Glansost). 

വാഴ്‌സായ് സഖ്യത്തെ പിരിച്ചുവിട്ടുകൊണ്ട് നാറ്റോയുമായുള്ള ശീതസമരത്തിനും പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ലോകമഹായുദ്ധ ഭീഷണിയ്ക്കും ഗോര്‍ബച്ചേവ് അന്ത്യം കുറിച്ചു. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് സേനയെ പിന്‍വലിച്ചു. ജര്‍മനിയുടെ ഏകീകരണത്തിനും മുന്‍കൈ എടുത്തു. സോവിയറ്റ് സേന പിന്മാറിയതോടെ ചെക്കോസ്ലോവാക്യ, റുമാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സോവിയറ്റ് വിധേയത്വ ഭരണകൂടങ്ങള്‍ തകര്‍ന്നടിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള സോവിയറ്റ് സേനാ പിന്‍മാറ്റം ജനങ്ങള്‍ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു. ശീതസമരത്തേക്കാള്‍ ഗോര്‍ബച്ചേവ് ആഗ്രഹിച്ചത് ലോക സമാധാനം എന്നതായിരുന്നു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും ആദരം സമ്പാദിക്കുവാന്‍ പലപ്പോഴും ഗോര്‍ബച്ചേവിനു കഴിഞ്ഞിരുന്നു. 

കാലാന്തരത്തില്‍  പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും കൈവിട്ട പട്ടമായി മാറിയതോടെ റഷ്യയിലെ പല റിപ്പബ്ലിക്കുകളും, യു.എസ്.എസ്.ആറില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി യു.എസ്.എസ്.ആറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട തങ്ങളുടെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് ലിത്വാനിയ, ലാത്വിയ, മള്‍ഡോവ, ജോര്‍ജിയ, ഈസ്റ്റോണിയ തുടങ്ങിയ റിപ്പബ്ലിക്കുകളുടെ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടതോടെ യു.എസ്.എസ്.ആറിന്റ്‌റെ ഭൗമരാഷ്ട്രഘടന  ദുര്‍ബലമാകുവാന്‍ തുടങ്ങി. 

സംഘടിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു തുടങ്ങിയതോടെ റഷ്യയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു നേതാവ് ഉയര്‍ന്നു വന്നു. പേര് ബോറിസ് യെല്‍സിന്‍ (Boris Yeltsin). കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവും ഗോര്‍ബച്ചേവ് ക്യാബിനറ്റില്‍ മന്ത്രിയുമായിരുന്ന ഇദ്ദേഹം ഗ്ലാസ്‌നോസ്റ്റും, പെരിസ്‌ട്രോയിക്കയും ഒച്ചിഴയുന്ന വേഗത്തിലാണ് നടപ്പിലാക്കുന്നത് എന്നാരോപിച്ചുകൊണ്ടും  കമ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചുകൊണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരികയായിരുന്നു. യു.എസ്.എസ്.ആറിലും, അതിലുപരി റഷ്യയിലും ഭരണകൂടത്തിനെതിരെ പരസ്യമായി ജനങ്ങളെ സംഘടിപ്പിച്ചതും യെല്‍സിന്‍ ആയിരുന്നു. ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ ഭാവിയും, റഷ്യയുടെ ജനാധിപത്യ ഭാവിയും നിര്‍ണ്ണയിച്ചതിലും പില്‍ക്കാലത്ത് പ്രധാന പങ്കുവഹിച്ചതും യെല്‍സിന്‍ തന്നെ യായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും വിഘടനവാദവും അരാജകത്വവും രൂക്ഷമായതോടെ ഏതുവിധേനയും യു.എസ്.എസ്.ആര്‍. എന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ നിലനിര്‍ത്തുവാന്‍ തീവ്ര കമ്യൂണിസ്റ്റുകള്‍ പ്രതിജ്ഞയെടുത്തു. ഓഗസ്റ്റ് 19 ന് തലേദിവസം പ്രതിവിപ്ലവകാരികള്‍ ഗോര്‍ബച്ചേവിനെ വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് ഗന്നഡി യാനയേവ് (Gennady Yanayev )പ്രസിഡന്റായി സ്വയം അവരോധിതനാകുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സമയം മോസ്‌കോയിലേക്ക് പാഞ്ഞെത്തിയ യെല്‍സിന്‍ റഷ്യന്‍ ജനതയോട് മോസ്‌കോയിലേക്ക് മാര്‍ച്ച് ചെയ്ത് അട്ടിമറിയെ പ്രതിരോധിക്കുവാന്‍ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ജനം മോസ്‌കോയില്‍ തടിച്ചുകൂടി. അനുയായികളുമായി യെല്‍സിന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തമ്പടിച്ച്  സൈന്യത്തിനെതിരെ പ്രതിരോധമറ തീര്‍ത്തു. പ്രക്ഷോഭകരെ നേരിടാന്‍ നിലയുറപ്പിച്ച വലിയൊരു വിഭാഗം സൈന്യവും പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതോടെ  അട്ടിമറി പരാജയപ്പെട്ടു. അട്ടിമറിശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗോര്‍ബച്ചേവ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം അപ്രസക്തമാകുവാനും തുടങ്ങി. 

യു.എസ്.എസ്.ആര്‍. 15 സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറിയപ്പോള്‍ സ്വതന്ത്ര റഷ്യയുടെ ആദ്യ പ്രസിഡന്റായി ബോറിസ് യെല്‍സിന്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഒരുകാലത്തു ലോകമഹാശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ട്രത്തിന്റെ പതനം പൂര്‍ണമാകുകയായിരുന്നു.

ജനാധിപത്യ വിശ്വാസികള്‍ക്ക് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ആഹ്‌ളാദമുണ്ടാകാം. സ്റ്റാലിനിസം ആ രാജ്യത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ദുരിതങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. പതിറ്റാണ്ടുകളുടെ പീഡനങ്ങളില്‍ നിന്നും അവര്‍ മോചിതരായി എന്നത് തികച്ചും ആശ്വാസപരമായ കാര്യം തന്നെയാണ്. സമഗ്രാധിപത്യമെന്ന കറുത്ത ഭൂതത്തെ  ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോക പുനര്‍നിര്‍മിതിയില്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. വാഴ്‌സാ സഖ്യത്തിലെയും വികസ്വര രാഷ്ട്രങ്ങളിലെയും നിരവധി രാജ്യങ്ങളെ തീറ്റിപ്പോറ്റിയ രാജ്യമാണ് സോവിയറ്റ് യൂണിയന്‍. തങ്ങളുടെ സമ്പത്തിന്റെ ഒരു പങ്ക് സഖ്യ രാജ്യങ്ങളുടെയും സുഹൃത്  രാജ്യങ്ങളുടെയും ദാരിദ്ര്യമകറ്റുവാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണവര്‍ മാറ്റിവെച്ചത്. യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിലെ നിരവധി രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നത്. ഏകദേശം 21 ല്‍ പരം രാജ്യങ്ങള്‍ സോവിയറ്റ് യൂണിയന്റെ സൈനിക സഹായവും സ്വീകരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞു ദരിദ്രമായ പല രാജ്യങ്ങള്‍ക്കും താങ്ങും തണലും ആയത് സോവിയറ്റ് യൂണിയന്‍ ആയിരുന്നു. ശാസ്ത്രസാങ്കേതിക ബഹിരാകാശ മേഖലകളില്‍ ലോകം കൈവരിച്ച അത്ഭുതകരമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതിലും സോവിയറ്റ് യൂണിയന് പ്രധാന പങ്കാണുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ആയിരുന്നു. സുസ്ഥിര ജനാധിപത്യത്തിലൂന്നിയ ഒരു ഭരണ വ്യവസ്ഥയില്ലായിരുന്നു എന്നതായിരുന്നു ആ രാജ്യത്തിന്റെ ഏറ്റവും വലിയ പോരായ്മ. മനുഷ്യസ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ ദുരുപയോഗം ചെയ്തുകൊണ്ട് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികള്‍ നടത്തിയ സമഗ്രാധിപത്യ ഭരണമായിരുന്നു സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ രാഷ്ട്രത്തെ തകര്‍ത്തടുക്കിയതെന്ന് നിസംശയം  പറയാം. അതിന്റെ നഷ്ട്ടങ്ങളേറെ ഉണ്ടായതാകട്ടെ ലോകത്തൊഴിലാളിവര്‍ഗത്തിനും.