നവംബര്‍ 14 ഇന്ത്യയില്‍ ഔദ്യോഗിക ശിശുദിനമായി ആചരിക്കുകയാണ്. ലോകത്തെ വിവിധ രാജ്യങ്ങള്‍ പല ദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചു വരുന്നു. 1925 ജൂണ്‍ ഒന്നിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി നടന്ന സാര്‍വ്വദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വര്‍ഷത്തില്‍ ഒരുദിവസം കുട്ടികള്‍ക്കായി ശിശുദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അതിനെ തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ വര്‍ഷത്തില്‍ ഒരു ദിവസം ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1949 നവംബര്‍ 22-ന് മോസ്‌കോയില്‍ ചേര്‍ന്ന സ്ത്രീകളുടെ സാര്‍വദേശീയ സമ്മേളനം എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് സാര്‍വദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ഇതിനെ തുടര്‍ന്നാണ് പഴയ സോവിയറ്റ് യൂണിയനും ചൈനയുമടക്കമുള്ള മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ജൂണ്‍ ഒന്നിന് ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ചൈനയില്‍ ജൂണ്‍ ഒന്നിന് ഇപ്പോഴും പൊതുഅവധി ദിനമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ലോകമാകെ ജൂണ്‍ ഒന്നിന്  ശിശുദിനമായി ആചരിക്കുമ്പോള്‍ യു.എസ്.എയില്‍ ജൂണ്‍ രണ്ടിനാണ് ശിശുദിനം. ഇന്ത്യയിലാകട്ടെ, കുട്ടികള്‍ ചാച്ചാ നെഹ്‌റു എന്നു വിളിച്ച, 16 വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമത്തെ തുടര്‍ന്നാണ് (1964) അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14-ന് ശിശു ദിനമായി ആചരിച്ചുവരുന്നത്.

To advertise here,

എന്നാല്‍, ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 20-നാണ് സാര്‍വദേശീയ ശിശുദിനമായി ആഘോഷിക്കുന്നത്. 1989 നവംബര്‍ 20-നാണ് യു.എന്‍. ജനറല്‍ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ഉടമ്പടി (UNCRC) ഐക്യകണ്‌ഠേന അംഗീകരിച്ചത്. 195 രാജ്യങ്ങള്‍ അംഗീകരിച്ച ഈ ഉടമ്പടിയില്‍, വിവിധ പ്രമാണങ്ങളിലായി ചിതറി കിടന്നിരുന്ന കുട്ടികളുടെ അവകാശങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ കര്‍മ്മപരിപാടികളില്‍ കുട്ടികളുടെ അവകാശസംരക്ഷണം ഉള്‍പ്പെടുത്തുന്നതിന് ഈ സാര്‍വദേശീയ ഉടമ്പടി പ്രധാന പ്രേരകശക്തി തന്നെയാണ്. 1992-ല്‍ ഇന്ത്യ ഈ ഉടമ്പടി അംഗീകരിച്ചത് നമ്മുടെ രാജ്യത്തെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി. ഇതിനുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1950-ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒട്ടേറെ അനുച്ഛേദനങ്ങള്‍ നീക്കിവച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍പരമായ ചൂഷണത്തില്‍ നിന്നും ലൈംഗിക ചൂഷണത്തില്‍ നിന്നുമുള്ള പരിരക്ഷ, ആരോഗ്യം, അന്തസ്സ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ വ്യവസ്ഥകള്‍ ഭരണഘടനയുടെ വിവിധ അധ്യായങ്ങളില്‍ അനുശാസനം ചെയ്തിരിക്കുന്നു. 

ഭരണഘടനയുടെ 39-ാം അനുച്ഛേദത്തില്‍ ആരോഗ്യകരമായ ചുറ്റുപാടില്‍ വളരുവാനുള്ള സാഹചര്യം കുട്ടികള്‍ക്കുണ്ടാക്കുവാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് നിസ്തര്‍ക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്വാതന്ത്ര്യവും അന്തസ്സും നിലനില്‍ക്കുന്ന അന്തരീക്ഷമുണ്ടാക്കേണ്ടത് വിവിധതലങ്ങളിലെ സര്‍ക്കാരുകളുടെ പരമപ്രധാനമായ ഉത്തരവാദിത്വമാണ്. ഇതോടൊപ്പം തന്നെ കുട്ടികളുടെ ഉത്തമ താല്പര്യം ഉറപ്പുവരുത്തുന്നതിനായി നിരവധി നിയമങ്ങളും നമ്മുടെ രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. ധാര്‍മികവും ഭൗതികവുമായ അവഗണനയില്‍ നിന്നും ബാല്യത്തേയും യുവത്വത്തേയും സംരക്ഷിക്കുകയും ആഹ്ലാദകരമായ ചുറ്റുപാടില്‍ അഭിമാനത്തോടെ, സര്‍ഗ്ഗാത്മകമായി വളര്‍ന്നുവരുന്നതിനുള്ള ജീവിത പരിസരങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിന്റേതാണെന്നതാണ് ദേശീയവും അന്തര്‍ദേശീയവുമായ ബാലാവകാശ സംരക്ഷണ നിയമങ്ങളുടേയും ഉടമ്പടികളുടേയും രത്നച്ചുരുക്കം.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കേരളത്തിലെ കുട്ടികള്‍ക്കുള്ളത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടികള്‍ക്ക് പൊതുവേ ലഭ്യമാണ്. ധനിക-ദരിദ്ര വ്യത്യാസമില്ലാതെ, ജാതിമത ഭിന്നതകള്‍ മറികടന്നുകൊണ്ട്, ലിഗംഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ ലഭ്യത ഉറപ്പാക്കാന്‍ കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍, ഉച്ചഭക്ഷണം, വിവിധ ക്ഷേമപദ്ധതികള്‍, വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന ശിശുമരണനിരക്ക്- ഇത്തരം മാനദണ്ഡങ്ങളെല്ലാം വച്ചുനോക്കിയാല്‍ കുട്ടികള്‍ക്ക് താരതമ്യേന നല്ല ജിവിത സാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. എന്നാല്‍,  കുട്ടികള്‍ക്ക് നേരെയുള്ള ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നാമാഗ്രഹിക്കുന്നപോലെ ഇല്ലാതാക്കുവാന്‍ കഴിയുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നുണ്ട്. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം (2024 സെപ്തംബര്‍ മാസംവരെ) 19 കുട്ടികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പോക്‌സോ നിയമം സെക്ഷന്‍ 4, 5 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍- 1385 ഉം, കുട്ടികളെ തട്ടിക്കൊണ്ടുപോകലിന് 75 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

വളരെ ഭീതിയുണര്‍ത്തുന്ന വിവരങ്ങളാണിത്. കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യ സമ്പത്താണെന്ന തിരിച്ചറിവുണ്ടാവുകയും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും സര്‍ക്കാര്‍ കുട്ടികള്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം വര്‍ധിച്ചുവരികയാണ്. രാജ്യം ഒരു ശിശുദിനം കൂടി ആഘോഷിക്കുമ്പോള്‍ ഈ കണക്കുകള്‍ നമ്മളോട് ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. കേരളീയ പൊതുസമൂഹമാകെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിരന്തരമായ പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതിനും അതിനാവശ്യമായ ജനകീയ ബോധവല്‍ക്കരണ കാമ്പയിനുകള്‍ ആരംഭിക്കുന്നതിനും സമയമായിരിക്കുന്നു.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷിതമായ ബാല്യ-കൗമാരത്തെക്കുറിച്ചുമുള്ള ധാരണകള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ദൃഡമാക്കുകയാണ് ശിശുദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. കേവലം  ആഘോഷപ്പൊലിമകള്‍ക്കപ്പുറം, വളരെ ഗൗരവത്തോടെ, സമകാലിക അവസ്ഥ മനസ്സിലാക്കി, കുട്ടികളുടെ ജീവിതപരിസരങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആനന്ദകരമായ ബാല്യ-കൗമാര ജീവിതം സമ്മാനിക്കുന്നതിനുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് ഓരോ ശിശുദിനവും നമ്മെ ഓര്‍മപ്പെടുത്തുന്നത്. യാന്ത്രികമായ പതിവ് ശിശുദിനാഘോഷങ്ങളില്‍ അവസാനിപ്പിക്കാതെ, കുട്ടികള്‍ നേരിടുന്ന ശാരീരികവും മാനസികവും അക്കാദമികവും സാമൂഹികവുമായ പ്രതിസന്ധികളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ്, എല്ലാവിധ പ്രശ്‌നങ്ങളേയും സമചിത്തതയോടെ നേരിടാനും അതിജീ വിക്കാനുമുള്ള കരുത്ത് പകരാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന് ഓരോ പൗരനും മുന്നോട്ട് വരേണ്ടതുണ്ട്. 

നമ്മുടെ രാജ്യത്ത് കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുമ്പിലാണ്. വിവിധങ്ങളായ കര്‍മപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇതോടൊപ്പം അതിശക്തമായ നിയമപരിരക്ഷകള്‍ ഉറപ്പുവരുത്തിയിട്ടും കുട്ടികല്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാമാഗ്രഹിക്കുന്ന തരത്തില്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ല എന്നത് പൊള്ളുന്ന യാഥാര്‍ഥ്യമായി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. സമകാലിക വാര്‍ത്താനുഭവങ്ങള്‍ ഒട്ടേറെ ആശങ്കകളോടെയാണ് കേരളീയ സമൂഹം നോക്കിക്കാ ണുന്നത്. കേവലം നിയമസംവിധനങ്ങള്‍ മാത്രമാണോ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത്? ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് കുട്ടികള്‍ എന്ന തിരിച്ചറിവ് കുറെക്കൂടി വ്യക്തതയോടെ ഉരുവപ്പെട്ടു വരേണ്ടതുണ്ട്. കുട്ടികളുടെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഭരണകൂടവും കോടതികളും അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ഥി-യുവജന സംഘടനകളും ചുരുക്കത്തില്‍ പൊതുസമൂഹമൊന്നാകെ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ട തിന്റെ അനിവാര്യത കൂടി ഈ ശിശുദിനം നമ്മെ ഓര്‍പ്പെടുത്തുന്നു.

'മറിയ മോണ്ടസോറി തന്റെ പ്രശസ്തമായ The Secret of Childhood എന്ന പുസ്തകത്തില്‍ പറയുന്നു'. മുതിര്‍ന്നവര്‍ പൊതുവേ സാധാരണ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു കൊച്ചുകുട്ടി മഹത്തായ മറ്റൊരു ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. കുട്ടിയില്‍ നിന്നും മനുഷ്യനെ സൃഷ്ടിക്കുന്ന ജോലി. സാധാരണ തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങളെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞപ്പോള്‍, സര്‍വ്വരാജ്യത്തൊഴിലാളികള്‍ സംഘടിച്ചപ്പോള്‍ മനുഷ്യ ചരിത്രത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അപാരമായിരുന്നു. എങ്കില്‍ മനുഷ്യനെ നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ വേണ്ടുംവിധം പരിരക്ഷിക്കപ്പെട്ടാല്‍, അവര്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍, അതുവഴി കോടിക്കണക്കിന് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടാല്‍ ലോകത്തിനുണ്ടാകുന്ന മാറ്റം എത്രവലുതായിരിക്കും!. ഇത്തരമൊരു അവബോധത്തിലേക്ക് നമ്മുടെ പൊതുസമൂഹത്തെ മാറ്റിയെടുക്കുന്നതിനാവശ്യമായ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്കാണ് ഈ ശിശുദിനത്തില്‍ തുടക്കം കുറിക്കേണ്ടത്.