
'അനായാസേന മരണം, ദൈന്യംവിനാ ജീവിതം' എന്നിവ ഏത് കാലത്തും മനുഷ്യന്റെ മോഹങ്ങളായിരുന്നു. ദൈന്യമില്ലാതെ ജീവിക്കാനുള്ള തന്ത്രങ്ങൾ ഒരുപരിധിവരെ അവന് പരിണാമപരമായിത്തന്നെ കിട്ടിയിട്ടുണ്ട്. എന്നാൽ 'സുഖമരണം' എന്നത് ഒരു ബാലികേറാമലയായി തുടർന്നു. അതിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ പലതും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദയാവധം എക്കാലവും ഒരു വിവാദവിഷയമായി. രോഗിയോടുള്ള സഹാനുഭൂതി മൂലം സുഖമരണം നൽകാനുള്ള ആവശ്യം ഒരുഭാഗത്തും ജീവൻ,ജീവിതം, മരണം തുടങ്ങിയവയെക്കുറിച്ചുള്ള മതവിശ്വാസങ്ങൾ മറുഭാഗത്തും നിന്നാണ് ഈ വിഷയത്തിൽ തർക്കിച്ചത്. ദൈവം നൽകുന്നതാണ് ജീവനെന്നും അതെടുക്കാനുള്ള അവകാശം ദൈവത്തിന് മാത്രമാണെന്നും വിശ്വാസികൾ വാദിക്കുന്നു. ആധുനിക ലോകത്തെ നിയമങ്ങൾ മനുഷ്യനു വേണ്ടി മനുഷ്യൻ ഉണ്ടാക്കുന്നതാണെന്ന് ബോധ്യം വന്നിട്ടും ദൈവനിയമങ്ങളുടെ പേരിൽ ചിലർ ഇപ്പോഴും സഹജീവികളെ നരകയാതനയ്ക്ക് വിട്ടുകൊടുക്കുന്നു.
13 വർഷമായി അബോധാവസ്ഥയിൽ കിടക്കുന്ന ഹരീഷ് റാണയെന്ന 32 കാരന് ഇന്ത്യൻ സുപ്രീംകോടതി നിഷ്‌ക്രിയ ദയാവധം (Passive Euththanasia) അനുവദിച്ചതാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാവാൻ കാരണം. നേരത്തേ 1973 ൽ ക്രൂരമായ ബലാത്സംഗത്തിനിരയായി വർഷങ്ങളോളം അബോധാവസ്ഥയിൽ കിടക്കേണ്ടിവന്ന മുംബൈ സ്വദേശി അരുണാ ഷാൻബാഗിന്റെ കേസിൽ സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയില്ല. ഈ രണ്ട് കേസുകളാണ് ഈ വിഷയത്തിൽ ഇന്ത്യയിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ദയാവധം എന്ന സങ്കൽപം ഏറെ പഴയതാണ്. ദുരിതക്കടലിൽ ഒരു മനുഷ്യൻ കരകയറാനാവാതെ പിടയുന്നത് കാണുന്ന ഏതൊരു മനുഷ്യസ്നേഹിയും ഒരുനിമിഷമെങ്കിലും അങ്ങനെ ചിന്തിച്ചിരിക്കും. കാരണം അത് മനുഷ്യന്റെ അടിസ്ഥാന ചോദനയാണ്. അതുകൊണ്ടാണ് പ്രസിദ്ധ ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയുടെ ഒരു നിലപാട് ദയാവധത്തിന് അനുകൂലമാണെന്ന് ചിലർ വാദിച്ചത്.
പ്ലേറ്റോയുടേയും സെനേക്കയുടേയും നിലപാട്
പ്ലേറ്റോയുടെ സങ്കൽപത്തിലുള്ള ആദർശരാഷ്ട്രത്തിൽ ഏതെല്ലാം തരത്തിലുള്ളവർ ഉണ്ടാവണം എന്ന വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കവികളേയും കലാകാരൻമാരേയും പോലും അദ്ദേഹം സങ്കൽപരാഷ്ട്രത്തിൽ നിന്ന് അകറ്റിനിർത്തി. ഗുരുതരരോഗം ബാധിച്ച് ജീവിതകാലം മുഴുവൻ കിടപ്പിലായവരേയും അക്കൂട്ടത്തിൽ കൂട്ടി. 'റിപ്പബ്ലിക്കി' ന്റെ മൂന്നാം ഭാഗത്തിൽ അത്തരത്തിലുള്ളവരുടെ ചികിത്സ അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുത് എന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ അതിന് കാരണം യഥാർത്ഥത്തിൽ രോഗിയോടുള്ള സഹാനുഭൂതിയായിരുന്നില്ല, മറിച്ച് തന്റെ ആദർശരാഷ്ട്രത്തിന് ബാധ്യതയാവുന്നവരെയെല്ലാം ഒഴിവാക്കുക എന്ന തന്ത്രമായിരുന്നു. അതേസമയം അതൊരു ദയാവധാഹ്വാനമായിരുന്നു എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.
എന്നാൽ പുരാതന ഗ്രീസിലെ സ്റ്റോയിക് തത്വചിന്തകനായിരുന്ന ലൂസ്യസ് അന്നേയസ് സെനേക്ക അൽപംകൂടി വിശാലമായ അർത്ഥത്തിൽ ദയാവധത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മികച്ച ജീവിതം നയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നല്ല മരണം തിരഞ്ഞെടുക്കാനുള്ള അവകാശം മനുഷ്യനുണ്ട് എന്നാണ് സെനേക്കയുടെ നിലപാട്. ചെറിയ രോഗങ്ങളും വേദനകളുമെല്ലാം സഹിക്കാം. എന്നാൽ അസഹ്യമായ അസ്വസ്ഥതകൾ അനന്തകാലം തുടരുന്നുവെങ്കിൽ ജീവിതം അവസാനിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം ആവർത്തിക്കുന്നു. സെനേക്കയുടെ ചിന്ത ഇന്നും ചർച്ച ചെയ്യപ്പെടാനുള്ള രണ്ട് പ്രധാന കാരണം അദ്ദേഹം ബി.സി.ഇ 65 ൽത്തന്നെ ഗുണമേൻമയുള്ള ജീവിതം, വേദനയില്ലാത്ത മരണം എന്നിവക്കുള്ള അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു എന്നതാണ്.
സെനേക്കയുടെ മരണവും അത്തരത്തിലുള്ളതായി എന്നതാണ് ഏറെ വിചിത്രം. തനിക്കെതിരേ ഗൂഢാലോചന നടത്തി എന്നാരോപിച്ച് നീറോ ചക്രവർത്തി തന്റെ ഉപദേശകൻ കൂടിയായ സെനേക്കയെ തടവിലാക്കി. അദ്ദേഹത്തോട് ആത്മഹത്യ ചെയ്യാൻ നിർദ്ദേശിച്ചു. അങ്ങനെ സെനേക്കയും ഭാര്യ പൗളിനും ആത്മഹത്യക്കായി സ്വന്തം സിരകൾ മുറിച്ച് രക്തമൊഴുക്കി. ഒപ്പം വിഷവും കഴിച്ചു. പൗളിൻ രക്ഷപ്പെട്ടെങ്കിലും സെനേക്ക മരിച്ചു.
ആദ്യത്തെ രേഖപ്പെടുത്തിയ ദയാവധം
17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് തത്വചിന്തകനായ ഫ്രാൻസിസ് ബൈക്കൺ ആണ് യൂത്തനേസ്യ എന്ന പദം ഉപയോഗിച്ചത്. 'നല്ല മരണം' എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം. രേഖകളുള്ള ആദ്യത്തെ ദയാവധം നടന്നത് 1915 ലാണ്. ജർമൻ-അമേരിക്കൻ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഹാരി ഹൈസൽഡൻ. ആശുപത്രിയിൽ ഗുരുതരമായ ജനിതകവൈകല്യങ്ങളോടെ ഒരു കുഞ്ഞു ജനിച്ചു. മേജർ ശസ്ത്രക്രിയ നടത്തിയാലേ കുഞ്ഞ് അതിജീവിക്കൂ എന്നതായിരുന്നു സ്ഥിതി. എന്നാലും ബുദ്ധിവൈകല്യമടക്കമുള്ള കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഡോ.ഹാരി ഹൈസൽഡൻ ശസ്ത്രക്രിയ നടത്താൻ വിസമ്മതിച്ചു. ഈ കുഞ്ഞ് ജനിച്ചാലും അതിന്റെ ജീവിതം ദുരിതമയമായിരിക്കും എന്നാണ് അദ്ദേഹം കാരണം പറഞ്ഞത്. കുറച്ചുദിവസത്തിനുള്ളിൽത്തന്നെ കുഞ്ഞ് മരിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം അമേരിക്കയിൽ വലിയ ചർച്ചയായി. ഇതേ ആശയം ആവർത്തിച്ച് ഹൈസൽഡൻ 'ദ ബ്ലാക്ക് സ്റ്റോർക്ക്' എന്ന സിനിമയിലും അഭിനയിച്ചു.
മറ്റു പ്രധാന ദയാവധങ്ങൾ
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ പലതിലും ഇന്ന് ദയാവധം നിയമപരമാണ്. അഭിമാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയാത്ത പക്ഷം സ്വയം മരിക്കാനുള്ള അവകാശം മനുഷ്യനുണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നാണ് ഈ രാജ്യങ്ങൾ യൂത്തനേസ്യ നിയമപരമാക്കിയത്. ഇപ്പോൾ ഇന്ത്യയും അതിനോടടുത്തെത്തിയിരിക്കുന്നു.
ദയാവധം ഗൗരവമായി ചർച്ച ചെയ്യാനിടയായ ഒരു പ്രധാന സംഭവം അമേരിക്കയിലെ കരൻ ആൻ ക്വിൻലൻ എന്ന 21 കാരിയുടെ മരണമാണ്. 1975 ൽ ഗുരുതരരോഗം കാരണം കോമയിലായ അവൾ കുറേക്കാലം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിച്ചത്. അവളുടെ മാതാപിതാക്കൾ ദയാവധത്തിനായി കോടതിയിൽ പോയി. കുറേക്കാലത്തെ വാദത്തിന് ശേഷം ന്യൂ ജഴ്സിയിലെ സുപ്രീംകോടതി വെന്റിലേറ്റർ നീക്കാൻ അനുമതി നൽകി. ജീവിക്കാനെന്ന പോലെ മരിക്കാനും മനുഷ്യന് അവകാശമുണ്ടെന്ന ആശയം ഗൗരവമായി ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയ സംഭവമായിരുന്നു ഇത്. പിന്നീട് 1990 ലെ നാൻസി ക്രൂസൻ, 2005ലെ ടെറി ഷിയാവോ കേസുകളിലും അമേരിക്കൻ കോടതി ഇതേ നിലപാടെടുത്തു.
ദയാവധം സ്വയം ആവശ്യപ്പെട്ടയാൾ
സ്വമേധയാ ദയാവധം ആവശ്യപ്പെട്ട ആദ്യത്തെ സംഭവമായി പരിഗണിക്കപ്പെടുന്നത് 1983 ൽ കാലിഫോർണിയയിൽ നടന്നതാണ്. എലിസബത്ത് ബോവിയ എന്ന പെൺകുട്ടി ജൻമനാ സെറിബ്രൽ പാഴ്സി ബാധിതയായിരുന്നു. കാലം കഴിയുംതോറും അവൾക്ക് സ്വയം ഒന്നിനും കഴിയാത്ത സ്ഥിതിയായി. കഠിനമായ വേദന വേറേയും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവൾ തനിക്ക് ഭക്ഷണം നൽകുന്ന ട്യൂബ് നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മെഡിക്കൽ ധാർമികതയുടെ പേരിൽ ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചു. അവൾ കോടതിയെ സമീപിച്ചു. മൂന്നു വർഷത്തെ നിയമപ്പോരാട്ടത്തിന് ശേഷം കാലിഫോർണിയൻ കോടതി അവൾക്ക് അനുകൂലമായി വിധിച്ചു. കോടതി അഭിപ്രായപ്പെട്ടത് ഒരാൾക്ക് അവർ തുടരുന്ന ചികിത്സ വേണ്ടെന്നുവെക്കാൻ അവകാശമുണ്ടെന്നായിരുന്നു. അതായത് ഫലത്തിൽ ദയാവധത്തിന് അനുകൂലമായിരുന്നു ആ വിധി. എന്നാൽ തന്റെ പോരാട്ടം വിജയിച്ചതോടെ എലിസബത്ത് തീരുമാനം മാറ്റി. ട്യൂബ് വഴി ഭക്ഷണം തുടരാൻ തീരുമാനിച്ചു. അങ്ങനെ കുറച്ചുകൊല്ലങ്ങൾ കൂടി ജീവിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.പിന്നീട് 1954 ൽ കരേൻ ആൻ ക്വുയിൻലൻ എന്ന 21 കാരിയുടേയും 1990 ൽ നാൻസി ക്രൂസൻ എന്ന 25 കാരിയുടേയും രക്ഷിതാക്കൾ ഇതേ ആവശ്യമുന്നയിച്ച് അമേരിക്കൻ കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടിയെടുക്കുകയും ചെയ്തു. ഈ കേസുകളാണ് ലോകത്ത് ദയാവധം ഗൗരവമായി ചർച്ച ചെയ്യുന്നതിന് ആക്കം കൂട്ടിയത്.
ജൈനരുടെ സല്ലേഖനയും തമിഴ്നാട്ടിലെ തലൈക്കൂത്തലും
'അനായായേന മരണം' എന്ന ആശയത്തിൽ പല പരീക്ഷണങ്ങളും നമ്മുടെ നാട്ടിലും നടന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. അതിൽ പെട്ടതാണ് ജൈനരുടെ 'സല്ലേഖന'യും തമിഴ്നാട്ടിലെ 'തലൈക്കൂത്ത'ലും. 'സല്ലേഖന' എന്നത് ജൈനമതത്തിലുള്ള ഒരു സമ്പ്രദായമാണ്. ഗുരുതരമായ രോഗത്തേയോ വാർധക്യാവസ്ഥയിലെ പരാശ്രയത്വത്തേയോ തുടർന്ന് ഭക്ഷണവും വെള്ളവും ക്രമമായി കുറച്ചുകൊണ്ടുവരികയും പിന്നീട് പൂർണമായി നിർത്തുകയും ചെയ്ത് മരണം വരിക്കുന്നതാണ് ഈ രീതി. മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ ജൈനമതം സ്വീകരിച്ചതിന് ശേഷം തന്റെ അവസാനകാലത്ത് ഈ രീതിയിൽ മരണം വരിച്ചുവെന്നാണ് ജൈനരുടെ വിശ്വാസം. ഈ വഴി പിൽക്കാലത്ത് പലരും പിന്തുടർന്നിരുന്നു. എന്നാൽ 2015 ൽ രാജസ്ഥാൻ ഹൈക്കോടതി 'സല്ലേഖന' യെ ആത്മഹത്യയായി കാണേണ്ടിവരുമെന്ന് വിധിച്ചു. അത് ജൈനവിശ്വാസികളിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു.
'തലൈക്കൂത്തൽ' എന്നത് ഇതുപോലെത്തന്നെ ഗുരുതര രോഗബാധിതരേയോ വയോധികരേയോ ക്രമേണ മരണത്തിലേക്ക് തള്ളിയിടുന്ന പ്രക്രിയയാണ്. അതേസമയം ഇത് പലപ്പോഴും സ്വന്തം ഇഷ്ടപ്രകാരമാവണമെന്നില്ല. ബന്ധുക്കളുടെ താത്പര്യങ്ങളും ഇതിന്റെ പിന്നിലുണ്ടാവാം. തലയിൽ നിരന്തരം എണ്ണയോ വെള്ളമോ ഒഴിക്കുന്നതാണ് രീതി. നല്ല തണുത്ത വെള്ളം മണിക്കൂറുകളോളം ധാരചെയ്യും. തേങ്ങാവെള്ളമോ പാലോ ബലംപ്രയോഗിച്ച് കുടിപ്പിക്കും. മൂക്കിലൂടെയും ഒഴിക്കും. ശരീരോഷ്മാവിലെ ഏറ്റക്കുറച്ചിൽ മൂലവും അണുബാധയാൽ ശ്വാസകോശത്തിന്റേയും ആമാശയത്തിന്റേയും പ്രവർത്തനം നിലയ്ക്കുന്നത് മൂലവും ഹൃദയസ്തംഭനം മൂലവുമൊക്കെയാണ് മരണം സംഭവിക്കുക. ചിലപ്പോൾ ദിവസങ്ങളോളം ഇങ്ങനെ കിടന്നതിന് ശേഷവും മരിക്കാം. സ്വാഭാവികമരണം എന്ന് എഴുതിത്തള്ളുകയും ചെയ്യും. തലൈക്കൂത്തൽ പലപ്പോഴും ആചാരപരമായാണ് നടക്കുക. അതുകൊണ്ടുതന്നെ പോലീസ് നടപടികൾ ഉണ്ടാവാറില്ല. എന്നാൽ പിൽക്കാലത്ത് ഇതിനെതിരേ നിയമം കർശനമാക്കിയിട്ടുണ്ട്. ഈ കർമങ്ങൾ ചെയ്യാൻ അനുവാദവും അധികാരവുമുള്ള ചില സമുദായങ്ങളും വ്യക്തികളുമെല്ലാം ഉണ്ട്. നിസാർ ഇൽത്തുമിഷ് എന്ന മാധ്യമപ്രവർത്തകൻ ഈ ചടങ്ങിനെ അധികരിച്ച് നോവൽ എഴുതിയിട്ടുണ്ട്.
Content Highlights: Historical evolution of euthanasia from ancient Greek philosophy to modern legal frameworks., Analysis of landmark cases like Aruna Shanbaug and Karen Ann Quinlan., Distinction between mercy killing and cultural traditions like Sallekhana and Thalaikoothal., The ongoing legal and moral conflict between religious beliefs and human autonomy.
Published: 12 Mar 2026, 03:54 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented