ഇൻസ്റ്റഗ്രാമിൽ സജീവമാകണം, റീൽസുകൾ പങ്കുവെക്കണം അടുത്തിടെ നടന്ന എൻഡിഎ-ബിജെപി യോഗങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് ആവർത്തിക്കുന്നു. വിദ്യാർത്ഥികളുമായും യുവജനങ്ങളുമായും നേരിട്ടുള്ള സംവാദപരിപാടികളിലാണ് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ. 'പാറ്റ'കളുടെ സമര മാതൃകയിൽ യുവജന വിഷയങ്ങൾ ഏറ്റെടുത്ത് സംഘടന മടങ്ങി വരണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആഹ്വാനം.

To advertise here,

പരീക്ഷാക്രമക്കേടുകളിൽ പാറ്റകൾ അഥവാ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ വിപ്ലവകരമായ പ്രതിഷേധം രാജ്യത്തെ രാഷ്ട്രീയ പാർട്ടി സംവിധാനങ്ങളിലും പ്രവർത്തനരീതികളിലും പ്രകടമായ മാറ്റങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. യുവജനങ്ങളെ നിസ്സാരമായി കാണാൻ കഴിയില്ലെന്ന തിരിച്ചറിവ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉണ്ടായി എന്നതാണ് ശ്രദ്ധേയം.

സിജെപിയെ ആദ്യം കുറച്ച് കണ്ടെങ്കിലും യുവജനങ്ങൾക്കിടയിലെ മാറ്റം തിരിച്ചറിഞ്ഞ് അതിവേഗത്തിൽ നീക്കങ്ങൾ നടത്തിവരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മുള്ളിനെ മുള്ള് കൊണ്ട് നേരിടാനെന്നോണം ഡൽഹിയിലെ പ്രതിഷേധക്കാരോട് റെക്കോർഡ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് മോദി സംവദിക്കാൻ ശ്രമിച്ചത്. ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും മക്കൾവരെ പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വന്നതോടെ 'വിട്ടുവീഴ്ചയില്ലാത്ത നിലപാട്' എന്ന മോദിനയം പൊളിച്ചെഴുതേണ്ടി വന്നു. ലാത്തികൊണ്ട് സമരത്തെ നേരിടാമെന്ന് കരുതിയവർക്ക് പാർലമെന്റിൽനിന്ന് പോലും വിട്ടുനിൽക്കേണ്ടിയും വന്നു. ബംഗ്ലാദേശിലും നേപ്പാളിലുമുണ്ടായ ജെൻസീ വിപ്ലവങ്ങൾ ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തി.

മന്ത്രിയുടെ രാജിക്കും നിയമങ്ങളിലെ തിരുത്തലുകൾക്കും വഴിവെച്ച സിജെപി പ്രതിഷേധം ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും പരമ്പരാഗത പ്രവർത്തനങ്ങളിൽനിന്ന് മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും പാർട്ടിയോട് അന്ധമായ കൂറ് വെച്ച് പുലർത്തുന്നവർ യുവതലമുറയിൽ കുറവാണ് എന്നതാണ് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കുന്നത്.

ജന്തർമന്തറിലെ പ്രക്ഷോഭത്തിന്റെ നിഴലെന്നോണം ഝാർഖണ്ഡിലും നടന്നു ഒരു വിദ്യാർഥി സമരം. ജന്തർമന്തറിലേതിന് സമാനമായ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇല്ലാതിരുന്നിട്ടും യുവജനങ്ങൾക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു. ഡൽഹിയിലെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച മാധ്യമങ്ങൾ ഝാർഖണ്ഡിൽ ഉഷാറായി.

യുവാക്കളെ ആകർഷിക്കാൻ പരമ്പരാഗത ശൈലികൾ മാറ്റി പുതിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ ഉപയോഗിക്കാൻ പ്രധാന പാർട്ടികളല്ലാം ഇപ്പോൾ നിർബന്ധിതരായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സാധാരണയായി നടത്തുന്ന റാലികൾക്കും പ്രകടനങ്ങൾക്കും പകരം, സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ, മീമുകൾ, ആക്ഷേപഹാസ്യങ്ങൾ എന്നിവ രാഷ്ട്രീയ ആയുധമാക്കാമെന്ന് സിജെപി സമരം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ചർച്ച ചെയ്തിരുന്ന പാർട്ടികൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തൊഴിൽ, പരീക്ഷ സുതാര്യത തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവ്കൂടിയാണ് ജെൻസീ പ്രക്ഷോഭങ്ങൾ മുന്നോട്ട് വെക്കുന്നത്.

ഭൂരിപക്ഷമായി മാറുന്ന ജെൻസികൾ

പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധ നേടുന്നതിനൊപ്പം തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിയെഴുതാൻ ശേഷിയുള്ള ഒരു നിർണായക വിഭാഗമായും ജെൻസികൾ അഥവാ പുതുതലമുറ മാറിയിട്ടുണ്ട്.

2029-ലെ അടുത്ത ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ജനസംഖ്യാപരമായി രാജ്യത്തെ ഏറ്റവും വലിയ വോട്ടിങ് ബ്ലോക്ക് ജെൻസികളായി മാറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോൾ ഇൻസ്റ്റാഗ്രാമും സ്നാപ്ചാറ്റും പ്രധാന മാധ്യമമായി ഉപയോഗിക്കുന്ന ജെൻസികളെ എങ്ങനെ ആകർഷിക്കുമെന്നത് തന്നെയാണ് പാർട്ടികളുടെ മുന്നിലുള്ള ചോദ്യം. സാമൂഹിക മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും കേവലം രാഷ്ട്രീയ പരസ്യങ്ങളോ ഇൻഫ്‌ളുവൻസർമാരെ ഉപയോഗിച്ചുള്ള പ്രചാരണങ്ങളോ ഇവരിൽ സ്വാധീനം ചെലുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതിവേഗം ബിജെപി

സിജെപി പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നെങ്കിലും ബിജെപിയെ ദ്രുതഗതിയിൽ മാറ്റിചിന്തിപ്പിക്കാൻ ഈ സമരത്തിനായിട്ടുണ്ട്. ആ തന്ത്രത്തിന്റെ ആദ്യ പടിയായിരുന്നു സിജെപി പ്രതിഷേധത്തിനിടെ പുറത്തുവന്ന പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വീഡിയോ. ചെറുപ്പക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത് ഇൻസ്റ്റാഗ്രാമിലാണെന്ന വിലയിരുത്തലിൽ മന്ത്രിമാരോടും എംപിമാരോടും അതിലൂടെ സംവദിക്കാൻ പ്രധാനമന്ത്രി പലതവണ ആഹ്വാനം ചെയ്യുകയുമുണ്ടായി. സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും റീൽസുകളിലൂടെ ചെറുപ്പക്കാരിലേക്ക് എത്തിക്കാൻ പ്രത്യേക ശ്രദ്ധ നൽകാനും തീരുമാനിച്ചിട്ടുണ്ട്. അമിത് മാളവ്യയെ മാറ്റി ദീപക് മഹാസ്‌കെയെ ഐടി സെൽ തലവനാക്കിക്കൊണ്ട് സംഘടനപരമായ പൊളിച്ചെഴുത്തും ബിജെപി നടത്തിയിട്ടുണ്ട്. യുവ വോട്ടർമാരിലേക്ക് എത്തുന്നതിനായി ഇൻസ്റ്റഗ്രാം റീൽസുകൾ കേന്ദ്രീകരിച്ചുള്ള പുതിയ ഡിജിറ്റൽ തന്ത്രങ്ങൾക്കാണ് പാർട്ടി രൂപം നൽകുന്നത്. യുവാക്കളുടെ താത്പര്യങ്ങൾക്കനുസൃതമായ പോസിറ്റീവായ വിവരങ്ങൾ കൈമാറുന്ന ഡിജിറ്റൽ കാമ്പയിനുകളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരോട് സർവ്വകലാശാലകളിൽ ഒരു ദിവസം ചെലവഴിച്ച് വിദ്യാർത്ഥികളുമായി സംവദിക്കാനും, ഉച്ചഭക്ഷണം ഉൾപ്പെടെ കുട്ടികൾക്ക് നൽകുന്ന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സ്വന്തം മണ്ഡലങ്ങളിലെ സർക്കാർ സ്‌കൂളുകൾ സന്ദർശിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിശീലനം നൽകുന്നത് മുതൽ മത്സരപ്പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ പരിശീലനം വരെ, യുവാക്കളെ നേരിട്ട് ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലുണ്ടായിരുന്നു.

ജെൻസികളിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ

വലിയ റാലികൾ സംഘടിപ്പിക്കുന്നതിന് പകരം വിദ്യാർഥികളെയും യുവജനങ്ങളെയും അവരുടെ ഇടങ്ങളിൽ ചെന്ന് കണ്ട് സംവദിക്കുന്ന തന്ത്രമാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വീകരിച്ചിരിക്കുന്നത്. മത്സരപ്പരീക്ഷകളുടെ സമ്മർദ്ദം, ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ നടപടിക്രമങ്ങളിലുള്ള കാലതാമസം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് ആരംഭിച്ച 'ഛാത്രോൻ കി ഗൂഞ്ച്' (Chhatron Ki Goonj) എന്ന പരിപാടി ഇതന്റെ ഭാഗമാണ്. കോട്ട, ഡെഹ്‌റാഡൂൺ, പ്രയാഗ്രാജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ച രാഹുൽ പദ്ധതി കൂടുതൽ വിപുലപ്പെടുത്തും. കൂടാതെ വിദ്യാർഥിനികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. പുണെയിൽ ശനിയാഴ്ച നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ച് കൊണ്ട് കോൺഗ്രസിന്റെ സമൂഹിക ഹാൻഡിലുകളിൽ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടു.

'നമ്മുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സ്ത്രീകൾ അവരുടെ ജീവിതത്തിൽ നേരിടുന്ന അവസ്ഥകൾ ഒന്നിച്ച് മെച്ചപ്പെടുത്തുന്നതിനും നാം നടത്തേണ്ട ചർച്ചയാണിത്. പുണെയിലെ ഈ സംഭാഷണത്തിൽ കഴിയുന്നത്ര പേർ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളെല്ലാവരെയും അവിടെ കാണാൻ ഞാൻ കാത്തിരിക്കുന്നു' രാഹുൽ പറഞ്ഞു.