ഗാന്ധിജയന്തി ദിനത്തില്‍ പോലും ഗാന്ധിജിയെ നമ്മള്‍ വിസ്മരിക്കുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം. സ്വച്ഛഭാരത് എന്ന പേരില്‍ ഇന്ന് നടക്കുന്ന പ്രക്രിയകള്‍ പോലും ഗാന്ധിജയന്തി ദിനത്തില്‍ മാത്രം നാം ഒതുക്കിയിരിക്കുന്നു. വാക്കിലല്ല, മറിച്ച് പ്രവൃത്തിയിലാണ് ഗാന്ധിജി രാഷ്ട്രത്തിന്റെ ആത്മാവിനെ ദര്‍ശിച്ചത്. പണ്ടൊരിക്കല്‍ ഗാന്ധിജി ശാന്തിനികേതന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കുട്ടികള്‍ അതിന്റെ പരിസരം മുഴുവന്‍ മലമൂത്ര വിസര്‍ജനം ചെയ്ത് വൃത്തികേടാക്കി എന്ന് ടാഗോര്‍ ഗാന്ധിജിയോട് പറയുകയുണ്ടായി. മാത്രവുമല്ല, കുട്ടികളെ ഒന്നു ഉപദേശിക്കണമെന്ന് ടാഗോര്‍ ഗാന്ധിജിയോട് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേ ദിവസം ആരോടും ഒന്നും മിണ്ടാതെ ഗാന്ധിജി തന്നെ സ്വന്തമായി പരിസരം വൃത്തിയാക്കി കാണിച്ചു കൊടുത്തു. ഈ പ്രവൃത്തിയിലൂടെ ഗാന്ധിജിയിലെ ഒരു വലിയ മനുഷ്യന്റെ മൂല്യം നമുക്ക് ദര്‍ശിക്കാനാകും. ഗാനധിജിയുടെ സബര്‍മതി ആശ്രമത്തില്‍ പുതുതായി ഏതു അന്തേവാസി വന്നാലും കക്കൂസ് വൃത്തിയാക്കാന്‍ ഗാന്ധിജി അവരെ പ്രേരിപ്പിക്കുമായി രുന്നു. പരിസ്ഥിതി സംരക്ഷണം എന്നുള്ളത് ഗാന്ധിജയന്തി ദിനത്തില്‍ മാത്രം ഒതുക്കാതെ അത് ഒരു ജീവിതചര്യയാക്കി മാറ്റണം. ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ഓരോ ചൂലും കൊണ്ട് രണ്ട് വര വരയ്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഗാന്ധിജിയ്ക്കാണോ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്കാണോ പ്രകൃതിയോട് കൂടുതല്‍ സ്‌നേഹമുള്ളത് എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.
ഗാന്ധിജി എപ്പോഴും അധികാരത്തില്‍ നിന്നും മാറിനിന്നിരുന്ന ഒരു വ്യക്തിയായിരുന്നു. രാഷ്ട്രത്തെ സേവിക്കലാണ് എന്റെ മതം എന്ന് ഗാന്ധിജി 1920 കളില്‍ പറയുകയുണ്ടായി. 1947-ല്‍ ഡൽഹിയില്‍ അധികാര കൈമാറ്റം നടക്കുന്ന വേളയില്‍ ഗാന്ധിജി അതില്‍ നിന്നും ഒഴിഞ്ഞുമാറി നിന്നിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഒരു ഖദറും ധരിച്ച് ഒരു ഡയറിയും കക്ഷത്തില്‍ വച്ച് പോകുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. 1930-ല്‍ 78 വളണ്ടിയറുമായി 240-മൈല്‍ സഞ്ചരിച്ച് ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് എത്തുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു. ഗാന്ധിജി പോയ വഴിയില്‍ ജനങ്ങള്‍ ഒന്നടങ്കം ആ മാര്‍ച്ചില്‍ പങ്കെടുത്തു. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന നേതാക്കന്‍മാര്‍ ഇതൊക്കെ ഒന്നു പഠിക്കുന്നത് നന്നായിരിക്കും. മാത്രവുമല്ല, ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലീമുകളെയും ഒന്നിപ്പിച്ചു കൊണ്ട് ഗാന്ധി നടത്തിയ നിസ്സഹരണപ്രസ്ഥാനം ഒരു കറ കളഞ്ഞ നേതാവിന്റെ തെളിവിനെ വിളിച്ചോതുന്നതായിരുന്നു.
ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ കാലത്തിനനുസരിച്ച് മാറികൊണ്ടയിരുന്നു. ദൈവമാണ് സത്യമെന്നും സ്‌നേഹമെന്നും വിശ്വസിച്ച ഗാന്ധി 1930 കളില്‍ തന്റെ കാഴ്ചപ്പാടിനെ മാറ്റുകയും ഈശ്വരനല്ല സത്യമെന്നും സത്യമാണ് ഈശ്വരനും സ്‌നേഹവുമെന്നും ഗാന്ധിജി തിരുത്തി. കാലഘട്ടത്തിനനുസരിച്ച് കാഴ്ചപ്പാടുകളും ഗാന്ധിജി മാറ്റിയിരുന്നത് ഇന്നത്തെ നേതാക്കന്‍മാര്‍ക്ക് ഒരു പാഠമാണ്. സത്യവും അഹിംസയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഗാന്ധി വാദിച്ചിരുന്നു. സത്യവും അഹിംസയും കേവലം രണ്ടു വാക്കിനപ്പുറം ആത്മീയമായ ഒരു തലം ഗാന്ധിജി അതില്‍ ദര്‍ശിച്ചു. അധികാരമില്ലാതെ എങ്ങനെ ജനങ്ങളെ സേവിക്കാമെന്ന് ലോകജനതയ്ക്ക് കാണിച്ചുകൊടുത്ത നേതാവായിരുന്നു ഗാന്ധിജി.

സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയമാണല്ലോ രാമരാജ്യം. വാസ്തവത്തില്‍ ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ അക്രമരഹിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് രാമരാജ്യം എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നത്. ഈ ആശയത്തെ ഇന്ന് രാഷ്ട്രീയക്കാര്‍ വോട്ടുബാങ്കാക്കാന്‍ നോക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ഒരിക്കല്‍പ്പോലും സാക്ഷാല്‍ രാമന്റെ രാജ്യമെന്ന് ഗാന്ധിജി ഈ പദത്തിനെ നിര്‍വചിച്ചിട്ടില്ല. സത്യം, നീതി, സമത്വം, ദയ, അഹിംസ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ഭാരതസൃഷ്ടി എന്നാണ് ഗാന്ധിജി രാമരാജ്യത്തെ നിര്‍വചിച്ചത്. ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഗാന്ധിജി രൂപകല്‍പ്പന ചെയ്ത ഒരു ആയുധമാണ് സത്യഗ്രഹം. ദക്ഷിണാഫ്രിക്കയില്‍ തുടക്കം കുറിച്ച ഈ സമരായുധം ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി ചബാരനിലെ നിലം കര്‍ഷക സമരത്തിലും പ്രയോഗിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. 1932 ലെ പൂനെ ഉടമ്പടിക്ക് എതിരായി ഗാന്ധിജി ഡെല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുകയും അത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്തു. നിരാഹാരം എന്നുള്ളത് സത്യഗ്രഹത്തിന്റെ ഒരു ഭാഗമാണെന്നും എല്ലാവരും അത് അനുഷ്ടിക്കാന്‍ യോഗ്യരല്ലെന്നും ഗാന്ധിജി ഹരിജനില്‍ എഴുതി. സത്യവും, അഹിംസയും മുറുകെപിടിക്കുന്നവര്‍ക്കും ഹൃദയശുദ്ധി യുള്ളവര്‍ക്കും മാത്രമേ സത്യഗ്രഹം അനുഷ്ഠിക്കാന്‍ യോഗ്യതയുള്ളൂ എന്ന് ഗാന്ധിജി ഹരിജനില്‍ എഴുതുകയുണ്ടായി. ഗാന്ധിജി നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ അനുസരിച്ചാണോ ഇന്നത്തെ സത്യഗ്രഹികള്‍ ഗാന്ധിയന്‍ മാതൃക സ്വീകരിക്കുന്നതെന്ന് ഒരു ആത്മപരിയോധന നടത്തണം.
ആധുനിക യന്ത്രയുഗത്തിന് ഗാന്ധി എതിരായിരുന്നു. ബ്രിട്ടീഷുകാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പിലാണ് ഇന്ത്യ മാനസികമായി അടിപതറിയ തെന്ന് ഗാന്ധി വാദിച്ചു. ആഗോളവല്‍ക്കരണത്തിന്റെ തിക്തഫലത്തെപ്പറ്റി ഗാന്ധി തികച്ചും ബോധവാനായിരുന്നു. യന്ത്രവല്‍ക്കരണം മനുഷ്യനെ കൂടുതല്‍ അടിമകളാക്കുന്നു എന്ന് ഗാന്ധിജി കരുതിയിരുന്നു. സാങ്കേതികവിദ്യ എത്ര തോതില്‍ വളരുന്നോ അത്രയും കണ്ട് മനുഷ്യന്‍ അടിമകളായി മാറുന്നുവെന്ന് ഗാന്ധി നന്നായി മനസ്സിലാക്കിയിരുന്നു. വിദേശ ഉല്‍പ്പന്നങ്ങളും, ആഡംബര വസ്തുക്കളും ആധുനിക മനുഷ്യന്‍ ഉപയോഗി ക്കുക വഴി ഉല്‍പ്പന്നങ്ങളുടെ മൂല്യം പ്രകടമായി നില്‍ക്കുകയും മനുഷ്യന്റെ മൂല്യം രണ്ടാംസ്ഥാനത്ത് ആകുകയും ചെയ്യുന്നു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും, ഗ്രാമങ്ങള്‍ നശിച്ചാല്‍ ഇന്ത്യ നശിക്കുമെന്നും ഗാന്ധി നമുക്ക് പണ്ടേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുത്തനെയുള്ള നഗരവല്‍ക്കരണം പല രീതിയിലുമുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. 1992-ല്‍ പാസ്സാക്കിയ മുന്‍സിപ്പല്‍ ആക്റ്റിലൂടെ ഗ്രാമപഞ്ചായത്തിന്റെ നെഞ്ചത്താണ് അന്നത്തെ നരസിംഹറാവു ഗവണ്‍മെന്റ് കത്തിവച്ചത്. എല്ലാം ഗൂഗിളില്‍ തിരയുന്ന ഒരു ജനതയ്ക്ക് ഗ്രാമങ്ങള്‍ എന്താണെന്നും, അതിലെ കാഴ്ചകള്‍ എന്താണെന്നും കൂടി ഗൂഗിളില്‍ തിരയേണ്ട ഒരു കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഗ്രാമസ്വരാജിലൂടെ രാജ്യത്തിന്റെ ഐക്യവും വികസനവുമാണ് ഗാന്ധി ലക്ഷ്യമിട്ടത്.
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ഒരു ഉപകരണമായി ഭാഷയെ ഗാന്ധി ദര്‍ശിച്ചിരുന്നു. ഹിന്ദിക്കൊപ്പം, മാതൃഭാഷകളില്‍ വേണം വിദ്യാഭ്യാസമെന്ന് ഗാന്ധിജി ഉപദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് ഒന്നാം ഭാഷയായും മാതൃഭാഷകള്‍ രണ്ടാംസ്ഥാനവുമായി പിന്തള്ളപ്പെട്ടിരിക്കുന്നു. വോട്ടിനുവേണ്ടി ഭാഷയെപോലും രാഷ്ട്രീയക്കാര്‍ ഇന്ന് ദുരുപയോഗം ചെയ്യുന്നു. മാതൃഭാഷയെ അമ്മയുടെ മുലപ്പാലിനോടാണ് ഗാന്ധിജി ഉപമിച്ചത്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഇന്ത്യയില്‍ എവിടെയും നിര്‍ഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്രം കൈവന്നാല്‍ മാത്രമേ നമ്മുടെ രാഷ്ട്രീയ സ്വാതന്ത്രം പൂര്‍ണമാകുവെന്ന് ഗാന്ധിജി വിശ്വസിച്ചു. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീസുരക്ഷയ്ക്കും ഗാന്ധി മുന്തിയ പരിഗണന നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് നേരെ ഇന്ന് ഇന്ത്യയില ഭാഗങ്ങളിലും നടത്തുന്ന അക്രമങ്ങള്‍ കാണുമ്പോള്‍ എന്തുമാത്രം നാം ഗാന്ധിമാര്‍ഗം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗാന്ധിയന്‍ ആശയങ്ങള്‍ മാര്‍ഗനിര്‍ദേശക തത്വങ്ങളിലും ഇടംപിടിച്ചു അതിലെ ഒരു പ്രധാന വകുപ്പാണ് ലഹരിവസ്തുക്കളുടെ നിരോധനം. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 47-ല്‍ ചാരായ നിരോധനത്തെപ്പറ്റി പരാമര്‍ശിക്കുന്നു. ഈ വകുപ്പിനെ കാറ്റില്‍ പറത്തിക്കൊണ്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിവറേജസ് നടത്തി കോടികള്‍ സമ്പാദിക്കുന്നു.

ഗാന്ധിയന്‍ ജനാധിപത്യ ആശയങ്ങള്‍ നമ്മള്‍ പണ്ടേ കുഴിച്ചുമൂടി സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി എല്ലാവിഭാഗം ജനങ്ങളുടെയും ശാരീരിക, സാമ്പത്തിക ആത്മീയമായ വിഭവങ്ങളെ സ്വരൂപിച്ചുകൊണ്ടുള്ള ഒരു കലയും മാര്‍ഗവുമാണ് യഥാര്‍ത്ഥം ജനാധിപത്യമെന്ന് ഗാന്ധി ഹരിജനില്‍ എഴുതി. അക്രമത്തിലൂടെയും, അസത്യം വഴിയും ജനാധിപത്യം ഒരിക്കലും പുലരില്ലെന്നും ഗാന്ധിജി വാദിച്ചു. ജനാധിപത്യവും, അക്രമവും ഒരുമിച്ച് പോകില്ലെന്നും ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. എല്ലാം നമ്മളില്‍ നിന്നും തുടങ്ങുന്നു എന്നു പറയുന്നതുപോലെ സ്ത്രീയും പുരുഷനും തങ്ങളെകുറിച്ച് ചിന്തിച്ച് വിവേകം നേടുമ്പോഴാണ് ജനാധിപത്യം പുലരുന്നതെന്നും ഗാന്ധിജി പറയുകയുണ്ടായി. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് എതിരാണെന്നുള്ളത് വ്യക്തം.
ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയമാണ് നിരായുധീകരണം (Disarmament) അയുധപന്തയം ഒരു ഭ്രാന്തായി രാജ്യങ്ങള്‍ കൊണ്ടു നടന്നാല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള കൂട്ടകുരുതിക്ക് ഇടയാക്കും. യുദ്ധത്തില്‍ വിജയിക്കുന്ന രാജ്യം പോലും ജീവശവമായി മാറുമെന്ന് ഗാന്ധി ഹരിജനില്‍ എഴുതി. ആണവ പരീക്ഷണം നിര്‍വീര്യമാക്കുന്ന യുദ്ധത്തിന്റെ ഉടമ്പടിയായ എന്‍.പി.റ്റി-ല്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. നിരായുധീകരണത്തിനുവേണ്ടി ഐക്യരാഷ്ട്രസഭ പോലും കാര്യമായി ഒന്നും ചെയ്യുന്നില്ല. രണ്ടുവട്ടം ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോള്‍ ബുദ്ധന്‍ ചിരിച്ചു. എന്നാല്‍ ഗാന്ധിയും ചിരിച്ചുകൊണ്ട് മരിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയെ വിസ്മരിക്കുന്ന ഒരു കാഴ്ചയാണ് ഇന്ത്യയില്‍ ഇന്നുള്ളത്. രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ ചിത്രത്തിനു മുന്‍പില്‍ വെടിവയ്ക്കുന്ന കാഴ്ചയും നമ്മള്‍ കാണേണ്ടിവരുന്നു. ഗാന്ധിയുടെ നാട്ടില്‍ മറ്റു നേതാക്കന്മാരുടെ പ്രതിമകള്‍ ആകാശംമുട്ടെ ഉയരുമ്പോള്‍ ഗാന്ധിജിയെ വില കുറച്ചു കാണാനുള്ള ആസൂത്രിതനീക്കം നടന്നുവരുന്നു. ഗാന്ധിജിയുടെ ചിത്രം മുദ്രണം ചെയ്ത കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിരി മായുന്നു. വത്തിക്കാനിലെ മ്യൂസിയത്തില്‍ യേശുവിന്റെ പ്രതിമയ്ക്ക് മുമ്പില്‍ വച്ചിരിക്കുന്നത് ഗാന്ധിയുടെ പ്രതിമയാണ് എന്ന് ഓര്‍ക്കുക.
ഗാന്ധിയുടെ നാട്ടില്‍ നിന്നും ഏറെകുറെ ഗാന്ധി നിഷ്‌കാസനം ചെയ്യപ്പെട്ടു. ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യാന്തരതലവും കടന്ന് രാജ്യങ്ങളിലും ഗാന്ധിയുടെ ശിഷ്യഗണങ്ങള്‍ ഉണ്ടാവുകയും, അവര്‍ ഗാന്ധിജിയുടെ അഹിംസയില്‍ ഊന്നല്‍ കൊടുത്തു കൊണ്ട് നിരവധി സമരങ്ങള്‍ നടത്തുകയും അവ വിജയിപ്പിക്കുകയും ചെയ്തു. നെല്‍സണ്‍ മണ്ടേല മ്യാന്‍മറിലെ ഓങ് സാന്‍ സ്യൂചി, മാര്‍ട്ടിന്‍ ലൂഥര്‍ എന്നിവര്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രശസ്തരായത്. ഗാന്ധിയുടെ ശിഷ്യന്മാര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയപ്പോള്‍ ഗാന്ധിജി യെ സ്വീഡിഷ് അക്കാഡമി അഞ്ചുപ്രാവശ്യം നോമിനേഷനില്‍ നിരാകരിച്ചു.
ലോകത്ത് ഏറെ വായിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരുമ്പോഴാണ് ഗാന്ധി ജയന്തി ദിനത്തിന് അര്‍ത്ഥപൂര്‍ണമായി മാറുന്നത്.
(തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)
Key Points:
- Gandhi`s life and teachings are relevant even today.
- His emphasis on truth, non-violence, and social justice remains crucial.
- Gandhi`s vision of Rama Rajya was based on principles like equality and non-violence.
- Satyagraha, a powerful tool for social change, was pioneered by Gandhi.
- Gandhi was a staunch advocate for disarmament and environmental protection.
- His ideas on education, women`s rights, and democracy are still influential.
Content Highlights: Gandhi Jayanti, Non-Violence Social Justice Rama Rajya Satyagraha
Published: 02 Oct 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented