
ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍-വാക്കിടോക്കി ആക്രമവും ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും സാധ്യതകള്‍ തള്ളിക്കളയരുതെന്ന ആവശ്യം ഉയരുന്നത് ഇറാനില്‍നിന്ന് തന്നെയാണ്. ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനിയാണ് സംശയം പ്രകടിപ്പിച്ചത്. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഒരു പേജര്‍ ഉണ്ടായിരുന്നുവെന്നുവെന്നാണ് ആര്‍ദെസ്താനി വെളിപ്പെടുത്തിയത്. പക്ഷേ, ഇത് സ്‌ഫോടനം നടന്നതിന് സമാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. ഹിസ്ബുള്ള ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാകാമെങ്കിലും റെയ്സി ഒരു പേജര്‍ ഉപയോഗിച്ചതായാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ലെബനനിലും സിറിയയിലുടനീളവുമുള്ള പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ നിരവധി പേർ കൊല്ലപ്പെടുകയും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
ഇറാന്റെ വടക്കന്‍ ഭാഗത്തെ പര്‍വതമേഖലയില്‍ മേയ് 19-ന് ഉച്ചയ്ക്കാണ് മുന്‍ പ്രസിഡന്റ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇറാനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു ആ അപകടം. വലിയ പ്രഹരവും. ആ അപകടമാണ് ഇപ്പോള്‍ അട്ടിമറിയായിരുന്നോ എന്ന സംശയമുയര്‍ത്തി ഇറാന്‍ പാര്‍ലമെന്റ് അംഗം തന്നെ രംഗത്ത് എത്തിയത്. റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കൈകളുണ്ടെന്ന് അപകടത്തിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ മൊസാദിന് എന്തെങ്കിലും പങ്കുണ്ടോ? ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെപ്പറ്റി എന്താണ് ഇറാന്‍ നല്‍കുന്ന വിശദീകരണം?

ഇറാനെ ഞെട്ടിച്ച ഹെലികോപ്റ്റര്‍ അപകടം
ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ കിഴക്കന്‍ അസര്‍ബെയ്ജാനിലെ ജോഫ പര്‍വതമേഖലയില്‍ മേയ് 19-ന് ഉച്ചയ്ക്കാണ് മുന്‍ പ്രസിഡന്റ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. 1960-കളില്‍ കാനഡയുടെ സൈനിക ആവശ്യങ്ങള്‍ക്കായി യു.എസ്. വികസിപ്പിച്ച ബെല്‍ 212 ഹെലികോപ്റ്ററിലാണ് അപകടസമയത്ത് റെയ്‌സി സഞ്ചരിച്ചിരുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന യു.എച്ച്-1 എന്‍. ട്വിന്‍ ഹുവേ ഹെലികോപ്റ്ററുകളുടെ സിവിലിയന്‍ പതിപ്പാണിത്. വ്യോമയാന കമ്പനിയായ ബെല്‍ ടെക്സ്ട്രോണിക്‌സ് നിര്‍മിച്ച ഇത് ലോകത്തെമ്പാടുമായി സര്‍ക്കാര്‍ മേഖലയിലും സ്വകാര്യാവശ്യങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന കിഴക്കന്‍ അസര്‍ബെയ്ജാന്‍ പ്രവിശ്യാഗവര്‍ണര്‍ മാലിക് റഹ്‌മത്തി, ഇറാന്‍ പരമോന്നത നേതാവിന്റെ കിഴക്കന്‍ അസര്‍ബയ്ജാനിലെ പ്രതിനിധി അയത്തൊള്ള മുഹമ്മദ് അലി ആലു ഹാഷിം, പൈലറ്റ് എന്നിവരും മരിച്ചു. ഇറാന്‍-അസര്‍ബയ്ജാന്‍ അതിര്‍ത്തിയിലെ അറസ് നദിയില്‍ ഇരുരാജ്യവും ചേര്‍ന്നു പണിത ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനംചെയ്തു തബ്രീസിലേക്ക് മടങ്ങവേയാണ് ഇബ്രാഹിം റെയ്‌സിയും ഹുസൈന്‍ അമീര്‍ അബ്ദൊള്ളാഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
മൂന്ന് ഹെലികോപ്റ്ററുകളാണ് ഇബ്രാഹിം റെയ്സിയുടെ വ്യൂഹത്തില്‍ ഉണ്ടായിരുന്നത്. അണക്കെട്ട് ഉദ്ഘാടനത്തിന് ശേഷം തബ്രീസിലേക്ക് മടങ്ങിയ ഇവയില്‍ രണ്ടെണ്ണം ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും റെയ്സിയുടെ ഹെലികോപ്റ്റര്‍ കാണാതാവുകയായിരുന്നു. ഹെലികോപ്റ്ററുമായുള്ള ആശയവിനിമയബന്ധം നഷ്ടമായതോടെ നടത്തിയ തിരച്ചിലിലാണ് ജോഫ പര്‍വതമേഖലയില്‍ ഇത് കണ്ടെത്തിയത്. മോശം കാലാവസ്ഥയും മലമ്പ്രദേശത്തെ ദുര്‍ഘടമായ പാതയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതോടെ രക്ഷാപ്രവര്‍ത്തകസംഘത്തിന് അപകടസ്ഥലത്തേക്കെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. അപകടം നടന്ന് ഏതാണ്ട് ഒരു ദിവസത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താനായത്. തുര്‍ക്കിയും റഷ്യയും തിരച്ചിലില്‍ പങ്കെടുത്തു. അപകടസ്ഥലം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ പോലും സാധിക്കാതിരുന്ന സാഹചര്യത്തിലാണ് തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍ണായകമായ തിരച്ചില്‍ നടത്തിയത്. തുര്‍ക്കിയുടെ അകിന്‍സി നിരീക്ഷണ ഡ്രോണ്‍ തിരിച്ചറിഞ്ഞ പ്രദേശത്ത് നടത്തിയ, മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവില്‍ കത്തിക്കരിഞ്ഞനിലയില്‍ ഹെലികോപ്റ്ററും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

പേജര്‍ ആക്രമണവും പുതിയ ആരോപണവും
ലെബനനിലും സിറിയയിലും സെപ്റ്റംബര്‍ 17-നുണ്ടായ 'പേജര്‍' സ്‌ഫോടന പരമ്പരയാണ് റെയ്‌സിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ കൊണ്ടുവന്നത്. ആയിരത്തിലധികം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് ലെബനനില്‍ ഒന്‍പതും സിറിയയില്‍ എട്ടുപേരും മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ലെബനനില്‍ മാത്രം 2800-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനപരമ്പരയുണ്ടായത്. പേജറുകളുടെ ബാറ്ററിക്കു സമീപം അതിസൂക്ഷ്മ സ്‌ഫോടകവസ്തുക്കള്‍ തിരുകിക്കയറ്റിയെന്നാണ് ലെബനന്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. ഇതോടെ ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം കിഴക്കന്‍ ലെബനനിലെ സൊഹ്‌മോര്‍ പട്ടണം, ബെകാവാലി തുടങ്ങി വിവിധ ഇടങ്ങളില്‍ വാക്കിടോക്കി പൊട്ടിത്തെറിച്ച് 14 പേര്‍ മരിച്ചു. 450-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസങ്ങളിലായുണ്ടായ പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ 12 സാധാരണക്കാരുള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകള്‍.
പേജര്‍- വാക്കിടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഇറാന്‍ പാര്‍ലമെന്റ് അംഗം രംഗത്തെത്തിയത്. മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി പറഞ്ഞു. റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്സി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ബഖ്ഷയെഷ ആവശ്യപ്പെട്ടു. റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന തരത്തിൽ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍ സ്ഫോടനം കാരണമായിട്ടുണ്ടാകാമെന്ന അഭ്യൂഹവും ഉയര്‍ന്നത്. പക്ഷേ, ഹിസ്ബുള്ള ഉപയോഗിച്ച അതേ പേജര്‍ ബ്രാന്‍ഡ് തന്നെയാണോ അദ്ദേഹം ഉപയോഗിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
സംഭവത്തില്‍ ഇസ്രയേലിന്റെ പങ്ക് സംബന്ധിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റെയ്സിയുടെ മരണത്തില്‍ ഇസ്രയേലിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് അന്ന് തന്നെ അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് രാജ്യങ്ങളും ദീര്‍ഘകാലമായി ശത്രുതയിലാണെന്നത് മുന്‍നിര്‍ത്തിയായിരുന്നു അത്തരം ആരോപണങ്ങള്‍. ശത്രുരാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിൽ പേരുകേട്ട ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് അപകടത്തിന് പിന്നിലെന്ന ഗൂഢാലോചനാ സിദ്ധാന്തം വ്യാപകമായി ഉയര്‍ന്നുകേട്ടിരുന്നു. ഇറാന്റെ ഉന്നത സൈനികഉദ്യോഗസ്ഥരേയും ആണവമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളാണ് ഈ സിദ്ധാന്തത്തിന് ബലം നല്‍കിയിരുന്നത്. പക്ഷേ, ഒരുവിഭാഗം നിരീക്ഷകര്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കുന്നത് നേരിട്ടുള്ള യുദ്ധനീക്കത്തിന് തുല്യമാണ്. ഇത് ഇറാനില്‍ നിന്ന് കടുത്ത പ്രതികരണത്തിന് കാരണമാകും. പക്ഷേ, ഇറാന്റെ രാജ്യതിര്‍ത്തിക്കുള്ളില്‍വെച്ച് തന്നെ സൈനിക ഉദ്യോഗസ്ഥരേയും ആണവശാസ്ത്രജ്ഞരേയുമെല്ലാമാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത് എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറുവിഭാഗം ഇതിനെ പ്രതിരോധിച്ചത്. എന്നാല്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്.

അട്ടിമറി തള്ളി ഇറാന്റെ അന്വേഷണ റിപ്പോര്‍ട്ട്
യു.എസ് നിര്‍മിത ബെല്‍-212 ഹെലിക്കോപ്റ്ററിലാണ് ഇബ്രാഹിം റെയ്സി സഞ്ചരിച്ചിരുന്നത്. ആളുകളെ വഹിക്കാനും യുദ്ധവേളയിലും സൈനികാവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ രേഖകള്‍ പ്രകാരം പൈലറ്റുള്‍പ്പെടെ 15 പേരെ പരമാവധി കയറ്റാം. ഏരിയല്‍ ഫയര്‍ഫൈറ്റിങ് ഗിയര്‍, ഫെറി കാര്‍ഗോ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഹെലിക്കോപ്റ്ററിന്റെ പഴക്കം അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടത്. യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാണ് പുതിയ വിമാനങ്ങളോ യന്ത്രഭാഗങ്ങളോ വാങ്ങാന്‍ തടസ്സമായി നില്‍ക്കുന്നത്. പ്രമുഖ ഇറാനിയന്‍ വിമാനക്കമ്പനികളായ ഇറാന്‍ എയര്‍, മഹാന്‍ എയര്‍ എന്നിവ വിമാനങ്ങള്‍ 20 വര്‍ഷത്തില്‍ അധികം ഉപയോഗിക്കാറുണ്ട്. പഴക്കംചെന്ന ഹെലിക്കോപ്റ്ററിന്റെ യന്ത്രഭാഗങ്ങള്‍ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഒരുപക്ഷേ അപകടത്തില്‍ നിര്‍ണായകമായിരിക്കാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മോശം കാലാവസ്ഥയും മൂടല്‍മഞ്ഞും മൂലം ഹെലിക്കോപ്റ്റര്‍ തകര്‍ന്നു എന്നതായിരുന്നു തുടക്കത്തിലെ നിഗമനം.
ഇബ്രാഹിം റെയ്സി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന നിഗമനത്തില്‍ ഇറാന്‍ എത്തിയിരുന്നു. ജോല്‍ഫ മലനിരകളില്‍ വീണയുടന്‍ ഹെലികോപ്റ്ററിന് തീപിടിച്ചെന്നാണ് സൈന്യത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. അട്ടിമറി ഉദ്ദേശ്യത്തോടെ ഹെലികോപ്റ്ററിന് നേരേയോ അതിന്റെ പാതയിലേക്കോ എന്തെങ്കിലും അയച്ചതിന്റെ സൂചനയില്ലെന്നും പ്രഥാമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കണ്‍ട്രോള്‍ ടവറും ഹെലികോപ്റ്റര്‍ പൈലറ്റുമായി അപകടത്തിനു തൊട്ടുമുമ്പുവരെ നടത്തിയ ആശയവിനിമയത്തില്‍ സംശയകരമായി ഒന്നുമില്ലെന്നും സൈന്യം പറഞ്ഞു. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം റെയ്സിയുടെ അപകടമരണവുമായി ബന്ധപ്പെട്ട അന്തിമറിപ്പോര്‍ട്ട് അന്വേഷണസംഘം സെപ്റ്റംബര്‍ ഒന്നിന് സമര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ അപകടത്തിലേക്ക് നയിച്ചത് മോശം കാലാവസ്ഥയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കട്ടിയേറിയ മൂടല്‍മഞ്ഞ് അടക്കമുള്ള ഘടകങ്ങള്‍ പ്രതികൂലമായെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കനത്തമൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ് റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മലയിലിടിച്ച് തകരാന്‍ കാരണമെന്നും അട്ടിമറിസാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ പുതിയ ആരോപണങ്ങളെക്കുറിച്ച് ഇറാനോ ഇസ്രയേലോ പ്രതികരിച്ചിട്ടില്ല.
Content Highlights: Ebrahim Raisi's death, Was Helicopter Crash a Targeted Attack ?
Published: 25 Sept 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented