ക്രിസ്മസിന് തൊട്ടുമുമ്പാണ് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാനമ കനാല്‍ 'തിരിച്ചുപിടിക്കുമെന്ന്' ഭീഷണിപ്പെടുത്തുന്നത്. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പാനമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ന്യായമായ നിരക്കില്‍ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കില്‍ കനാല്‍ സഖ്യകക്ഷി കൂടിയായ യു.എസിന് കൈമാറേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.  അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ കപ്പല്‍പാത നിയന്ത്രിക്കാന്‍ ചൈനീസ് സൈനികരെ പാനമ അനുവദിച്ചുവെന്ന് ആരോപിച്ച ട്രംപ് തെറ്റായ കൈകളില്‍ കനാലിനെ എത്തിക്കാന്‍ നുവദിക്കില്ലെന്നും വ്യക്തമാക്കി. പിന്നാലെ നടന്ന ഒരു പത്രസമ്മേളനത്തില്‍, കനാല്‍ തിരിച്ചുപിടിക്കാന്‍ സൈനിക ബലപ്രയോഗം ഉപയോഗിക്കുമോ എന്ന ചോദ്യത്തെ ട്രംപ് തള്ളിക്കളഞ്ഞതുമില്ല. 

To advertise here,

എന്‍ജിനീയറിങ് വിസ്മയം എന്നാണ് പാനമ കനാലിനെ വിശേഷിപ്പിക്കുന്നത്. 82 കിലോ മീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത കനാല്‍ രണ്ട് ശുദ്ധജല തടാകത്തിലൂടെ രണ്ട് പ്രധാനപ്പെട്ട സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നു. എന്നാൽ, രണ്ട് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കനാല്‍ നിര്‍മാണം എളുപ്പമായിരുന്നില്ല. അവയ്ക്കിടയില്‍ സമതലങ്ങളും ശുദ്ധജല തടാകങ്ങളും മലകളുമെല്ലാം ഉണ്ടായിരുന്നു. തടാകങ്ങളിലെ ജലനിരപ്പ് സമുദ്രജലനിരപ്പിനേക്കാള്‍ ഉയരത്തിലുമായിരുന്നു. അതിനാല്‍ തന്നെ പല ജലനിരപ്പുകളിലൂടെയാണ് പാനമ കനാലിലൂടെ ഒരു കപ്പലിന് യാത്ര ചെയ്യേണ്ടിവരുക.

പസിഫിക്കിനേയും അറ്റ്ലാന്റിക് സമുദ്രങ്ങളേയും ബന്ധിപ്പിക്കുന്ന ഈ കനാലിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്. ഇത് തന്നെയാണ് കനാലിനോടുള്ള ട്രംപിന്റെ സമീപകാല താത്പര്യത്തിന്റെ കാരണവും. പക്ഷേ, കപ്പല്‍ പാത പാനമയുടെ നിയന്ത്രണം പാനമക്ക് നൽകിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉടമ്പടിക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പലപ്പോഴും എതിര്‍പ്പുയര്‍ത്തിയുന്നു. അമേരിക്കയിലെ ജനങ്ങളാണ് കനാലിന്റെ 'ശരിയായ ഉടമകള്‍' എന്നാണ് അവരുടെ വാദം. പണം നല്‍കി വാങ്ങിയ സ്ഥലത്ത് അമേരിക്ക നിര്‍മിച്ച കനാല്‍ എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ ആരാണ് കനാലിന്റെ ശരായയ ഉടമസ്ഥര്‍? എങ്ങനെയാണ് പാനമ കനാല്‍ നിര്‍മിക്കുന്നത്? എന്താണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ താത്പര്യം? 

placeholder
പാനമ കനാലിലൂടെ കടന്നുപോകുന്ന കപ്പൽ | Photo : LUIS ACOSTA / AFP

ഫ്രഞ്ചുകാര്‍ നിര്‍മാണം തുടങ്ങി, അമേരിക്ക പൂര്‍ത്തീകരിച്ചു

മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാനമ കനാല്‍ കണക്കാക്കുന്നത്. പാനമയുടെ വഴി ഒരു കനാല്‍ നിര്‍മ്മിക്കുക എന്ന ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് കനാലിനായുള്ള ശ്രമങ്ങള്‍ ഉയര്‍ന്നത്. സൂയസ് കനാലിന്റെ ശില്പി ഫ്രഞ്ചുകാരനായ ഫെര്‍ഡിനാന്‍ഡ് ഡി ലെസെപി( Ferdinand de Lesseps)ന്റെ നേതൃത്വത്തില്‍ 1880-ല്‍ കനാല്‍ നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചു. തുടക്കത്തില്‍ സമുദ്രനിരപ്പിന് സമാനമായി ഒരു കനാല്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍, സാങ്കേതികവും പാരിസ്ഥിതികവുമായ വെല്ലുവിളികള്‍ മറികടക്കാന്‍ കഴിഞ്ഞില്ല. കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങള്‍, മലേറിയ, മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍, കുന്നിന്‍ പ്രദേശങ്ങളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയുമുള്ള നിര്‍മാണം എന്നിവ വെല്ലുവിളിയായി. 1889 ആയപ്പോഴേക്കും 20,000-ത്തിലധികം തൊഴിലാളികള്‍  പനിയും മലേറിയയും ബാധിച്ച മരിച്ചു. ഇതിന് പുറമേ സാമ്പത്തിക പ്രശ്‌നങ്ങള്‍ വെല്ലുവിളിയായി. ഇതോടെ കനാല്‍ നിര്‍മാണം 1893-ല്‍ ഫ്രഞ്ച് കമ്പനി അവസാനിപ്പിച്ചു. 

കനാല്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫ്രഞ്ചുകാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്ക ഇത് ഏറ്റെടുക്കുന്നത്. 1900-കളുടെ തുടക്കത്തില്‍, വ്യാപാര- സൈനിക താത്പര്യങ്ങൾ മുന്‍നിര്‍ത്തി കനാല്‍ നിർമിക്കാൻ അമേരിക്ക താത്പര്യം പ്രകടിപ്പിച്ചു. കൊളംബിയയുമായായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍. അന്ന് പാനമ കൊളംബിയയുടെ ഭാഗമായിരുന്നു. ഭൂമി പാട്ടത്തിന് ഏറ്റെടുക്കാനുള്ള വാഗ്ദാനം കൊളംബിയ നിരസിച്ചതോടെ യു.എസിന്റെ നീക്കം പരാജയപ്പെട്ടു. തുടര്‍ന്ന് പാനമയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അമേരിക്ക പിന്തുണച്ചു. കൊളംബിയന്‍ സൈന്യം കലാപം അടിച്ചമര്‍ത്തുന്നത് അമേരിക്കൻ സേന തടഞ്ഞു. ഇതോടെ കൊളംബിയയുടെ വടക്കന്‍ പ്രവിശ്യകള്‍ വേര്‍പിരിഞ്ഞ് പാനമ റിപ്പബ്ലിക് രൂപീകരിച്ചു. 1903 നവംബര്‍ 3-ന് പാനമ കൊളംബിയയില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം, പുതുതായി സ്ഥാപിതമായ പാനമ സര്‍ക്കാര്‍ Hay-Bunau-Varilla ഉടമ്പടിയില്‍ ഒപ്പുവച്ചു.  ഇത് പ്രകാരം വര്‍ഷംതോറുമുള്ള നിശ്ചിത തുകയ്ക്ക് പകരമായി കനാൽ നിർമിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും 16 കിലോ മീറ്റര്‍ വീതിയുള്ള ഒരു മേഖല പാനമ യു.എസിന് പാട്ടത്തിന് നല്‍കി. പക്ഷേ, തുടക്കത്തില്‍ വളരെ കുറഞ്ഞ നിരക്കാണ് പാട്ടമായി നിശ്ചയിച്ചിരുന്നത്. 

placeholder
പാനമ കനാലിലൂടെ സഞ്ചരിക്കുന്ന ഒരു ചരക്ക് കപ്പൽ | Photo: Teresita CHAVARRIA/ AFP 

1904-ല്‍ കനാലിന്റെ നിര്‍മ്മാണം യു.എസ്.  ആരംഭിച്ചു. കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളുടെ ഉയരവ്യത്യാസം മറികടക്കാനായി ലോക്ക് സിസ്റ്റം ഉള്‍പ്പെടെയുള്ള ആധുനിക എൻജിനീയറിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് കനാല്‍ നിര്‍മിച്ചത്. കൊതുകുകളെ ഇല്ലാതാക്കിയും ശുചിത്വം മെച്ചപ്പെടുത്തിയും രോഗങ്ങളെ ചെറുക്കുന്നതിന് ഗണ്യമായ ശ്രമങ്ങള്‍ നടത്തി. ഒരു പതിറ്റാണ്ടുകാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1914 ഓഗസ്റ്റ് 15-ന് കനാല്‍ ഔദ്യോഗികമായി തുറന്നുകൊടുത്തു. ഇത് ആഗോള വ്യാപാരത്തില്‍ ഒരു പുതിയ കുതിച്ചുചാട്ടത്തിന് വഴിവെച്ചു. ഇതോടെ കപ്പലുകള്‍ക്ക് ദക്ഷിണ അമേരിക്കന്‍ വന്‍കര ചുറ്റിയുള്ള അപകടകരമായ യാത്ര ഒഴിവാക്കി ശാന്തസമുദ്രത്തില്‍നിന്ന് അറ്റ്‌ലാന്റിക്കിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമായി. പാനമയില്‍നിന്ന് പാട്ടത്തിനെടുത്തതാണെങ്കിലും കനാല്‍ മേഖലയെ യു.എസ്. തങ്ങളുടെ പ്രദേശമായി കണ്ടു. ജലപാതയിലും അതിന്റെ വരുമാനത്തിലും യു.എസ്. നിയന്ത്രണം തുടര്‍ന്നത് പാനമയില്‍ നീരസം ജനിപ്പിച്ചു.

കനാലിന്റെ നിയന്ത്രണം യു.എസ്. തുടർന്നത് പാനമയിൽ കാര്യമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. 1960-കളില്‍ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. 1964-ല്‍, യു.എസ്. നിയന്ത്രണത്തിലുള്ള കനാല്‍ മേഖലയില്‍ അമേരിക്കന്‍ വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കലാപങ്ങള്‍ കനാല്‍ ഉടമ്പടികള്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതിലേക്ക് നയിച്ചു. ഇതോടെ  1977-ല്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പാനമ നേതാവ് ഒമര്‍ ടോറിജോസും ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടി(Torrijos-Carter Treaty)യിൽ ഒപ്പുവച്ചു. ഉടമ്പടി കനാല്‍ ഭരണം പാനമയ്ക്ക് ഘട്ടംഘട്ടമായി കൈമാറുന്നതായിരുന്നു. നിശ്ചിതകാലത്തേക്ക് സംയുക്ത നിയന്ത്രണം തുടർന്നു. ഇതിന് ശേഷം 1999 ഡിസംബര്‍ 31-ന് കനാലിനുമേലുള്ള നിയന്ത്രണം അമേരിക്ക ഉപേക്ഷിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഇതോടെ കനാലിന്റെ നിയന്ത്രണം പൂര്‍ണമായി പാനമയുടെ കൈയിലായി. അതിനുശേഷം പാനമ കനാല്‍ അതോറിറ്റിക്കാണ് കനാലിന്റെ നടത്തിപ്പ്. ഇതോടെ കനാല്‍ പാനമയുടെ ദേശീയ പരമാധികാരത്തിന്റെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമായി മാറി.

placeholder
പാനമ കനാലിലെ ലോക്ക് സിസ്റ്റം(പ്രതീകാത്മക ചിത്രം) | ഫോട്ടോ: മാതൃഭൂമി

ട്രംപിന്റെ ഭീഷണി, പാനമയുടെ പ്രതിരോധം

കനാല്‍ ഉപയോഗിക്കുന്നതിന് പാനമ അമിതനിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കനാലിന്റെ അധികാരം 'തെറ്റായ കൈകളിലേക്കെ'ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പാനമ അമിതനിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് പാനമയ്ക്ക് അമേരിക്ക നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടികൊടുത്തത്. അമേരിക്കയും പാനമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണത്. ഈ മഹത്തായ ദാനത്തിന്റെ ധാര്‍മികവും നിയമപരവുമായ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പാനമ കനാല്‍ പൂര്‍ണമായും തിരിച്ചു നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.'-ട്രംപ് വ്യക്തമാക്കുന്നു. 

പാനമ എന്ന രാജ്യത്തിന്റെ വരുമാനത്തില്‍ 80 ശതമാനവും ലഭിക്കുന്നത് കനാലിലൂടെയുള്ള ജലഗതാഗതത്തിന്റെ ഭാഗമായാണ്. കനാൽ വഴി കടന്നുപോകുന്ന യാത്രക്കപ്പലുകളും ചരക്കുകപ്പലുകളും ഒരു നിശ്ചിതതുക ഫീസായി നല്‍കേണ്ടതുണ്ട്. ഇതോടെയാണ് ട്രംപിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി പാനമ പ്രസിഡന്റ് ഹോസ് റൗൾ മുളിനോ (José Raúl Mulino) രംഗത്ത് എത്തിയത്. കനാലിന്റെയും അതിന്റെ സമീപ പ്രദേശത്തേയും ഓരോ ചതുരശ്ര മീറ്ററും പാനമയുടേതാണെന്നാണ് മുളിനോ പറഞ്ഞത്. യു.എസ് കപ്പലുകളില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നില്ലെന്നും മുളിനോ പറഞ്ഞു. കപ്പലിന്റെ വലുപ്പത്തിനനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും എല്ലാ രാജ്യങ്ങള്‍ക്കും ഒരേ ഫീസാണ് ഈടാക്കുന്നത്. പാനമ കനാല്‍ അതോറിറ്റി പൊതുയോഗങ്ങളിലൂടെയാണ് ഇത് നിശ്ചയിക്കുന്നത്. കൂടാതെ വിപണി സാഹചര്യങ്ങള്‍, അന്താരാഷ്ട്ര മത്സരം, പ്രവര്‍ത്തന- പരിപാലന ചെലവുകള്‍ എന്നിവ കണക്കിലെടുക്കുകയും ചെയ്യുന്നുവെന്നും മുളിനോ കൂട്ടിച്ചേർത്തു.

പക്ഷേ, അടുത്തിടെ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുകള്‍ പാനമ വര്‍ദ്ധിപ്പിച്ചിരുന്നു. എല്‍-നിനോയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പാനമയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. കനാലിന്റെ പ്രധാന ജലസ്രോതസായ ഗാറ്റൂണ്‍ തടാകത്തിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. ഇതോടെ ജലസംരക്ഷണത്തിനായി അധികൃതര്‍ കനാലിലൂടെയുള്ള കപ്പൽനീക്കം കുറച്ചു. കനാലിന്റെ ഏറ്റവും വലിയ ഉപയോക്താവ് അമേരിക ആയതിനാൽ ഷിപ്പിങ്ങിലെ ഈ കുറവും ഫീസ് വര്‍ദ്ധനയും അമേരിക്കയേയും അവരുടെ കപ്പലുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരത്തിന്റെ 40 ശതമാനം ഈ വഴിയാണ് നടക്കുന്നത്. എന്നാൽ ട്രംപ് ആരോപിച്ചതുപോലെ കനാല്‍ നിയന്ത്രിക്കുന്നത് ചൈനീസ് പട്ടാളമല്ലെന്നാണ് പാനമ വ്യക്തമാക്കുന്നത്. അമേരിക്കക്ക് പിന്നിൽ കനാലിന്റെ രണ്ടാമത്തെ വലിയ ഉപയോക്താവായ ചൈനയ്ക്ക് ഇക്കാര്യത്തിൽ ചില താത്പര്യങ്ങളുണ്ടെന്ന് വ്യക്തമാണ്. എന്നാൽ കനാലിനു മേലുള്ള പാനമയുടെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നാണ് ഇക്കാര്യത്തിൽ ചൈനയുടെ നിലപാട്. 

placeholder
ഡൊണാൾഡ് ട്രംപ്, ഷീ ജിങ്പിങ് | Photos : Paul J. RICHARDS and Ed Jones / AFP

അമേരിക്കക്കും ചൈനയ്ക്കും ഒരുപോലെ പ്രധാനം

കനാല്‍ പാനമയ്ക്ക് കൈമാറിയത് അമേരിക്കയെ സംബന്ധിച്ച് വൈകാരികവും വിവാദപരവുമായ ഒരു വിഷയമായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത് അമേരിക്കയില്‍ ദേശസ്‌നേഹത്തിന്റെകൂടി കാര്യമായിരുന്നു. യു.എസ്. പൂര്‍ത്തിയാക്കി പതിറ്റാണ്ടുകൾ നിയന്ത്രിച്ച കനാല്‍, പല അമേരിക്കക്കാരും തങ്ങളുടെ രാജ്യത്തിന്റെ സാങ്കേതിക, രാഷ്ട്രീയ ശക്തിയുടെ പ്രതീകമായിട്ടാണ് കണ്ടിരുന്നത്. ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടിയിലൂടെ ഔപചാരികമായി നടപ്പാക്കിയ കൈമാറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നേ എതിര്‍ത്തിരുന്നു. കനാല്‍ ഒരു പ്രധാന വ്യാപാരപാത മാത്രമായിരുന്നില്ല, മറിച്ച് തന്ത്രപരമായ പ്രാധാന്യംകൂടി ഇതിനുണ്ടായിരുന്നു. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങള്‍ക്കിടയില്‍ യു.എസ്. നാവികസേനയുടെ ദ്രുതഗതിയിലുള്ള നീക്കത്തിന് ഇത് സഹായകമായി. പാനമയ്ക്ക് നിയന്ത്രണം കൈമാറുന്നത് സുരക്ഷയെ ബാധിക്കുമെന്നായിരുന്നു ഒരു വിഭാ​ഗം ആശങ്കപ്പെട്ടത്. അതിനാൽ തന്നെ കനാൽ യു.എസ്.നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 

കനാലിന്മേല്‍ അമേരിക്കയെപ്പോലെ ചൈനയ്ക്കും വലിയ താത്പര്യമുണ്ട്. കനാലിലൂടെയുള്ള ചരക്കുനീക്കത്തിന്റെ 60 ശതമാനവും യു.എസില്‍ നിന്നുള്ളതോ അല്ലെങ്കില്‍ യു.എസിലേക്ക് കൊണ്ടുപോകുന്നവയാണ്. അതേസമയം, ഏകദേശം 20 ശതമാനത്തോളം ചൈനയുമായി ബന്ധപ്പെട്ടതാണ്. ആഗോള സമുദ്രവ്യാപാരത്തിന്റെ ഏകദേശം അഞ്ച് ശതമാനമാണ് പാനമ കനാലിലൂടെ കടന്നുപോകുന്നത്. ഇത് മുന്‍നിര്‍ത്തി കനാലിന് ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ചൈന ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ, കനാലിന്റെ നിയന്ത്രണം പാനമ തന്നെയാണ് നിലനിർത്തുന്നത്.  ഒരു കാലത്തും കനാല്‍ മേഖല യു.എസിന്റെ സ്വത്തായിരുന്നില്ല. അവര്‍ അത് പാട്ടത്തിനെടുക്കുക മാത്രമാണ് ചെയ്തത്. ട്രംപിന്റെ ഭീഷണിയോടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്ക് നഷ്ടപ്പെടുമോ എന്നതാണ് വലിയ ചോദ്യം. ഒരു സൈനിക നടപടി അല്ലാതെ കനാല്‍ 'തിരിച്ചുപിടിക്കാന്‍' ട്രംപിന് മാര്‍ഗമില്ല എന്നാണ് ഈ രം​ഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.