ര്‍ഷാവര്‍ഷം മലിനീകരണത്തിന്റേയും പുകമഞ്ഞിന്റേയും പേരിലെത്തുന്ന നിര്‍ഭാഗ്യത്തെ പഴിക്കുകയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ജനങ്ങള്‍. ശൈത്യകാലം അടുക്കും തോറും ഡല്‍ഹിയിലെ വായു മലിനീകരണ തോതും കൂടിക്കൊണ്ടിരിക്കുന്നു. പ്രധാനപ്പെട്ട ജംങ്ഷനുകളിലും റോഡുകളിലുമെല്ലാം സ്ഥാപിച്ചിരിക്കുന്ന വായുഗുണനിലവാര സൂചികകള്‍ അപകടകരമായ തോതിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഞങ്ങള്‍ ഇനി എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് തലസ്ഥാനവാസികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയും വാഹന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും മലിനീകരണത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ തേടി പരക്കം പായുകയാണ് അധികൃതര്‍. മാറ്റമില്ലാതെ തുടരുന്ന വിധിയെ പഴിച്ച് ജനങ്ങളും. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് സുപ്രീം കോടതി പോലും ചോദിച്ചിരിക്കുന്നു. ഡല്‍ഹിയിലെ വായുമലിനീകരണം ഇത്രകണ്ട് വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നത് എന്താണ്? മലിനീകരണ ഫലപ്രദമായി നേരിടാന്‍ വഴികള്‍ എന്തെങ്കിലും ഉണ്ടോ? എന്തൊക്കെയാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍? 

To advertise here,

പുക, മലിനീകരണം.. തലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു

കാലങ്ങളേറെയായി വര്‍ഷാവസാനത്തോടെ ഡല്‍ഹി വിഷവായുകലര്‍ന്ന പുക മഞ്ഞില്‍ മൂടും. മലിനീകരണ തോത് ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പുകളും സര്‍ക്കാര്‍ നേതൃത്വത്തില്‍ അങ്ങിങ്ങ് ഏതാനും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും. മാസ്‌കും മറ്റും ധരിച്ച് ഏത് സാഹചര്യത്തോടും പൊരുത്തപ്പെട്ട് ജനങ്ങളും. ഏതാനും മാസങ്ങള്‍ക്കിപ്പുറം മലിനീകരണ തോത് കുറയും ഡല്‍ഹി സാധാരണപടിയിലേക്കെത്തും. അടുത്തവര്‍ഷവും ആവര്‍ത്തിക്കുന്നത് ഇതുതന്നെ. തണുപ്പുകാലം ആരംഭിച്ചതോടെ ഉച്ചയായാലും ഡല്‍ഹിയിലെ പലസ്ഥലങ്ങളും പുകമഞ്ഞാല്‍ മൂടിയിരിക്കുകയാണ്. 

ഡല്‍ഹിയില്‍ ഓരോ വര്‍ഷവും മലിനീകരണത്തിന്റെ തോത് കൂടിക്കൂടി വരികയാണ്. മലിനീകരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ച് വ്യക്തമായ ഉത്തരമുണ്ടെങ്കിലും കൃത്യമായ നടപടികളില്ലാത്തതാണ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നതിലേക്ക് നയിക്കുന്നത്. മലിനീകരണവും ശൈത്യത്തോനുബന്ധിച്ചുള്ള പ്രതികൂല കാലാവസ്ഥയും കാരണം വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് കുപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഗാസിയാബാദ്, നോയിഡ, ഫരീദബാദ്, ഗുരുഗ്രാം, റവാഡി എന്നീ മേഖലകളിലാണ് ഗുരുതരമായ സ്ഥിതിയുള്ളത്.  

placeholder
Photo: Getty Images

ശ്വാസതടസ്സം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയും വൃദ്ധജനങ്ങളേയും കുട്ടികളേയുമാണ് മലിനീകരണം ഏറ്റവും ആദ്യവും ഏറ്റവും ഗുരുതരവുമായി ബാധിക്കുന്നത്. മലിനീകരണത്തിനൊപ്പം പുകമഞ്ഞുമെത്തുമ്പോള്‍ പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. കുട്ടികള്‍ക്കളടക്കം രോഗബാധിതരാവുന്നു. വായുനിലവാരം പൂജ്യത്തിനും അമ്പതിനും ഇടയിലാണെങ്കില്‍ മികച്ചത്, 51-100നും ഇടയില്‍ തൃപ്തികരം, 101-200 ഇടയില്‍ ഇടത്തരം, 201-300നും ഇടയില്‍ മോശം, 301-400നും ഇടയില്‍ വളരെ മോശം, 401-500നും ഇടയില്‍ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുക. 

നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം 0-50 വരെയുള്ള തോതിനെയാണ് നല്ലവായു എന്നുപറയുന്നത്. 50-100 വരെയുള്ള തോതിനെ പോലും മോഡറേറ്റ് ലെവലിലുള്ള അനാരോഗ്യകരമായ വായു എന്ന് കണക്കാക്കപ്പെടുമ്പോള്‍ ഡല്‍ഹിയിലെ ശരാശരി വായുനിലവാരം 300 ആണ്. പ്രധാനപ്പെട്ട നഗരങ്ങളില്ലെല്ലാം 200-300 ഇടയിലാണ് ഗുണനിലവാര സൂചികകളുള്ളത്. ഡല്‍ഹി അതിര്‍ത്തികളിലടക്കമുള്ള ചില സ്ഥലങ്ങളില്‍ ഇത് ക്രമാതീതമായി കൂടിയിട്ടുമുണ്ട്. അതായത് ആരോഗ്യമുള്ള ആളുകളെ പോലും അവശാരാക്കുകയോ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയോ ചെയ്യുന്നതാണ് ഡല്‍ഹിയിലെ വായുഗുണനിലവാരമെന്ന് സാരം. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സമയമെടുക്കുമെന്നാണ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പറയുന്നത്. 

 

കാരണങ്ങളെന്ത്? 

നവംബര്‍ 9ന് ഡല്‍ഹിയിലെ ശരാശരി വായുനിലവാരം 426 ആയിരുന്നു. തൊട്ടുമുന്‍പുള്ള ദിവസം ഇത് 395 ആയിരുന്നു. നോയിഡ, ഘാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളെല്ലാം 380ന് മേലാണ് സൂചിക കാണിച്ചത്. അതായത് ഡല്‍ഹിയിലെ വായുഗുണനിലവാരം പ്രതിദിനം അപകടകരമാവുകയാണെന്ന് ചുരുക്കം. 

ചപ്പുചവറുകള്‍, കാര്‍ഷിക മാലിന്യങ്ങള്‍, കാട്ടുതീ, വലിയ അളവിലുള്ള വിറക് കത്തിക്കല്‍  തുടങ്ങിയ ബയോമാസ് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഡല്‍ഹിയുടെ അന്തരീക്ഷത്തെ മലിനമാക്കുന്നതില്‍ പ്രധാനകാരണമാണ്. ഇതില്‍ ഏറ്റവും പ്രധാനം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷിക മാലിന്യമായ വൈക്കോലുകള്‍ കത്തിക്കുന്നതാണ്. തലസ്ഥാനത്തെ മലിനീകരണത്തിന്റെ 20-40 ശതമാനവും വൈക്കോല്‍ കത്തിക്കുന്നതില്‍ നിന്നുണ്ടായതാണെന്നാണ് വായുഗുണനിലവാരം നിരീക്ഷിക്കുന്ന ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്‌റംറം ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ കണക്കുകള്‍ പറയുന്നത്. (പ്രതിദിന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം). തലസ്ഥാനത്തെ വായുമലിനീകരണത്തില്‍ 38 ശതമാനവും വൈക്കോല്‍ കത്തിക്കല്‍ കാരണമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന ഏജന്‍സിയായ സഫറും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈക്കോല്‍ കത്തിക്കല്‍ പ്രധാനകാരണമായി തുടരവേ കത്തിക്കുന്നത് നിര്‍ത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എങ്കില്‍ പിന്നെ മാലിന്യം നശിപ്പിക്കാന്‍ ഞങ്ങളെന്ത് ചെയ്യുമെന്ന കര്‍ഷകരുടെ ആശങ്കയ്ക്ക് വൈക്കോലുകളെ ദിവസങ്ങള്‍ക്കുള്ളില്‍ വളമാക്കി മാറ്റുന്നതിനുള്ള സംവിധാനവും പ്രാബല്യത്തിലുണ്ട്. 

എന്നാല്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ഡല്‍ഹിക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല. കാരണം ഡല്‍ഹിയിലെ മലിനീകരണത്തിന്റെ കാരണങ്ങളില്‍ പകുതിയോളം പ്രാദേശിക സ്രോതസ്സുകളില്‍ നിന്നുള്ളവയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് വാഹനങ്ങളില്‍ നിന്ന് പുകയും നിര്‍മാണ സ്ഥലങ്ങളില്‍ നിന്നുള്ള പൊടിപടലങ്ങളും കാറ്റിന്റെ ദിശാമാറ്റവുമെല്ലാം ഡല്‍ഹിയുടെ വായുഗുണനിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. വാഹനങ്ങളുടെ പുകയ്ക്ക് പുറമേ താമസസ്ഥലങ്ങളില്‍ നിന്നുള്ള പുക, വ്യവസായശാലകളില്‍ നിന്നുള്ള പുക, നിര്‍മാണസ്ഥലങ്ങളില്‍ നിന്നുള്ള, പൊടിപടലങ്ങള്‍ തുടങ്ങിയവയാണ് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണത്തിന് കാരണമാവുന്നത്. ശൈത്യകാലത്തെ പുകമഞ്ഞ് ഡല്‍ഹിയെ മൂടുമ്പോള്‍ അതിനൊപ്പം മലിനീകരണത്തിന്റെ ഭവിഷ്യത്തുകളും വര്‍ധിക്കുന്നു. പാടേ മലിനമായിരിക്കുന്ന അന്തരീക്ഷത്തിലേക്കാമ് ദീപാവലി ആഘോഷക്കാലത്തെ പടക്കംപൊട്ടിക്കലുകളെ വിഷപ്പുകയും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഇതൊന്നും പോരാതെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈക്കോല്‍ കത്തിക്കലിന്റെ പുകയും കൂടി ഡല്‍ഹിയിലേക്ക് കയറുമ്പോള്‍ തീര്‍ത്തും അപകടകരമായ അവസ്ഥയിലേക്കാണ് തലസ്ഥാനത്തെ വായുഗുണനിലവാരം കൂപ്പുകുത്തുന്നത്. 

കത്തിക്കൽ കുറഞ്ഞിട്ടും കുറയാത്ത മലിനീകരണം

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പഞ്ചാബ്, ഹരിയാണ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക മാലിന്യം കത്തിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രാലയം പറയുന്നത്. എന്നിരുന്നാലും പ്രതികൂല കാലാവസ്ഥ മൂലം ഡല്‍ഹിയില്‍ വായുമലിനീകരണ തോത് കൂടിത്തന്നെ ഇരിക്കുകയാണെന്ന്  പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കാര്‍ഷികമാലിന്യം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് 5,000ന് മുകളില്‍ കേസുകള്‍ ഉണ്ടായപ്പോള്‍ ഇത്തവണ അത് 2,500 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണ്. 2022 ല്‍ 49,922 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 -ല്‍ 71,304 , 2020 -ല്‍ 83,002 , 2019-ല്‍ 50,738, 2018-ല്‍ 59,684, 2017-ല്‍ 67,079, 2016-ല്‍ 1,02,379 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാണയിലാകട്ടെ 2022-ല്‍ 3,661 സംഭവങ്ങളുണ്ടായി. 2021-ല്‍ 6,987, 2020-ല്‍ 4,202 2019-ല്‍ 6,364, 2018-ല്‍ 9,225 എന്നിങ്ങനെയാണ് കണക്കുകള്‍. 

വാഹനങ്ങളുടെ പുകയും വില്ലന്‍

വാഹനങ്ങളില്‍നിന്നുള്ള പുകയാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിലേക്ക് സംഭാവന ചെയ്യുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം. നവംബര്‍ 9ന് ഡി.എസ്.എസ് നടത്തിയ പരിശോധനയില്‍ തലസ്ഥാനത്തെ മലിനീകരണത്തിന്റെ കാരണത്തില്‍ 11 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയാണ്. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ 2019 ലെ പഠനത്തില്‍, ട്രാഫിക് സിഗ്‌നലുകളില്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഒമ്പതു ശതമാനത്തിലധികം മലിനീകരണ തോത് വര്‍ധിപ്പിക്കുമെന്നാണ് കാണിക്കുന്നത്. 

ഒരു കോടിയിലേറെ വാഹനങ്ങളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനങ്ങളില്‍ നിന്നുള്ള പുക മലിനീരണത്തിലേക്ക് തക്കതായ സംഭാവന നല്‍കുന്നുണ്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയും സി.എന്‍ജി വാഹനങ്ങള്‍ പൊതുഗതാഗതത്തിനായി വ്യാപിക്കുകയും ചെയ്‌തെങ്കിലും മലിനീകരണം കുറയാതെ തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, സ്വകാര്യ ഗതാഗതം നിരുത്സാഹപ്പെടുത്തുന്നതിനും സി.എന്‍.ജി. അല്ലെങ്കില്‍ ഇലക്ട്രിക് ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യവാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ബി.എസ്. മൂന്ന് പെട്രോള്‍, ബി.എസ്. നാലു ഡീസല്‍ നാലുചക്രവാഹനങ്ങള്‍ നിരോധിക്കും. ലഘു വാണിജ്യ വാഹനങ്ങള്‍, ഡീസല്‍-ഗസ്ലിങ് ട്രക്കുകള്‍, ഇടത്തരം, ഹെവി ഗുഡ്സ് വാഹനങ്ങള്‍ (അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ഒഴികെ) എന്നിവയ്ക്കുള്ള നിരോധനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 

വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുവപ്പുസിഗ്‌നലില്‍ വാഹനം നിര്‍ത്തിയിടാമെന്ന പ്രചാരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.'റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്' എന്നപേരില്‍ മുമ്പ് നടത്തിവന്ന പ്രചാരണപരിപാടിയാണ് ഇക്കൊല്ലവും ആരംഭിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തുനില്‍ക്കുമ്പോള്‍ വാഹനം ഓഫ് ആക്കി നിര്‍ത്തിയിടാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രചാരണം. ഒറ്റ ഇരട്ട അക്ക നമ്പര്‍ പരിഷ്‌കരണവും ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സുപ്രീകോടതിയുടെ അവലോകനത്തിന് ശേഷമാകും ഇതുസംബന്ധിച്ച അന്തിമതീരുമാനം

placeholder
Photo: Getty Images

സ്‌കൂളുകള്‍ക്ക് അവധി, വര്‍ക്ക് ഫ്രം ഹോം

ഡല്‍ഹിയിലെ പുകമഞ്ഞ് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.  സാധാരണയായി ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നല്‍കുന്ന ശൈത്യകാലാവധിയാണ് ഇത്തവണ നവംബര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചത്. നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെയാണ് അവധി. ഇതിനുശേഷം ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്താനാണ് നിലവിലുള്ള നിര്‍ദേശം. സാധ്യമെങ്കില്‍ പൊതു-സ്വകാര്യ കമ്പനികള്‍ പകുതി സ്റ്റാഫുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം രീതി നല്‍കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമോ വീട്ടില്‍ അടച്ചിരിക്കലോ പ്രാവര്‍ത്തികമാവില്ല. 

ലോകാരോഗ്യസംഘടന ഈയടുത്ത് പുറത്തുവിട്ട വായുമലിനീകരണവും ആരോഗ്യവും എന്ന പഠനറിപ്പോര്‍ട്ട് വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. കേവലം ശ്വാസോച്ഛാസ രോഗങ്ങള്‍ക്കുപരി പ്രസവിക്കപ്പെട്ട കുട്ടികളിലെ ഭാരക്കുറവ്, നാഡീവ്യൂഹ വളര്‍ച്ചയുടെ മുരടിപ്പ്, ആസ്ത്മ, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയും വ്യാപകമായി കണ്ടുവരുന്നു.

തെരുവുകളില്‍ റിക്ഷ വലിക്കുന്നവര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കാണ് ഇത് കൂടുതല്‍ അപകടകരമാകുന്നത്. മലിനീകരണം തടയാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ ഇത്തരം ജോലികളെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും നിത്യജീവിതത്തെയും അത് ബാധിക്കുന്നു. ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മെട്രോ നഗരമായ ഡല്‍ഹിയിലെ വായു മലിനീകരണ അളവ് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.

placeholder
Photo: Getty Images

വായു നന്നാക്കാന്‍ 'ഗ്രാപ്പ്' പൂട്ട്

വായുമലിനീകരണ തോത് നിയന്ത്രിക്കാന്‍ സമയബന്ധിത കര്‍മപദ്ധതി രൂപീകരിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ട്രക്കുകള്‍ക്കും വാഹനങ്ങള്‍ക്കുമടക്കം വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഗ്രാപ്പ് (ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍) എന്നു വിളിക്കപ്പെടുന്ന പദ്ധതി. വായുമലിനീകരണം അതിദുസ്സഹമായ 2017-ലാണ് ഗ്രാപ്പ് ആദ്യം നടപ്പാക്കിയത്. അന്തരീക്ഷമലിനീകരണം ക്രമേണ കുറച്ചു കൊണ്ടുവരാനുള്ള കര്‍മ്മപദ്ധതിയാണ് ഗ്രാപ്പ്. വായുമലിനീകരണ പ്രശ്നം സുപ്രീംകോടതി വരെ എത്തിയ പശ്ചാത്തലത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയതാണ് ഈ കര്‍മപദ്ധതി. വായുമലിനീകരണം നേരിടാന്‍ സമയബന്ധിതമായി ഒട്ടേറെ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതാണ് ഗ്രാപ്പ്. മലിനീകരണ തോതിന്റെ അളവ് അനുസരിച്ച് ഓരോ തരണം നടപടികളാണ് ഗ്രാപ്പില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

റോഡുകളില്‍ സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കല്‍, ഡല്‍ഹി-എന്‍.സി.ആര്‍. മേഖലയിലേക്ക് ട്രക്കുകള്‍ക്ക് നിരോധനം, ഡീസല്‍ ജനറേററ്റുകള്‍ക്കുള്ള വിലക്ക്, ഇഷ്ടികച്ചൂളകളും കരിങ്കല്‍ ക്രഷറുകളും അടച്ചിടല്‍, ബസ്, മെട്രോ സേവനം മെച്ചപ്പെടുത്തല്‍, പാര്‍ക്കിങ് നിരക്ക് ഉയര്‍ത്തല്‍, ഡീസല്‍ എന്‍ജിനുകളുടെ ഉപയോഗം നിര്‍ത്തിവെക്കല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍. കൂടാതെ അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കുറയ്ക്കാന്‍ റോഡുകളില്‍ വെള്ളം തളിക്കല്‍, യന്ത്രവത്കൃത ശുചീകരണം തുടങ്ങിയവയും നടപ്പാക്കും. 

പൊടി ലഘൂകരണ നടപടികളുടെ ഭാഗമായി നിര്‍മാണ - പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ മലിനീകരണമുണ്ടാക്കുന്ന വ്യാവസായിക യൂണിറ്റുകള്‍ക്കും താപവൈദ്യുത നിലയങ്ങള്‍ക്കുമെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തുറന്ന ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ തന്തൂരി അടുപ്പില്‍ കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുന്നതിനും നിര്‍ദേശം നല്‍കി.

സ്വകാര്യ ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുന്നതിനായി പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കും.ഒപ്പം ഇലക്ട്രിക് ബസ്, മെട്രോ സര്‍വീസുകള്‍ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഗ്രാപ്പിന്റെ രണ്ടാം ഘട്ടമാണിത്. ഗ്രാപ്പിന്റെ സ്റ്റേജ് മൂന്നുപ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ ബി.എസ്. മൂന്ന് പെട്രോള്‍, ബി.എസ്. നാലു ഡീസല്‍ നാലുചക്രവാഹനങ്ങള്‍ നിരോധിക്കും. ലഘു വാണിജ്യ വാഹനങ്ങള്‍, ഡീസല്‍-ഗസ്ലിങ് ട്രക്കുകള്‍, ഇടത്തരം, ഹെവി ഗുഡ്സ് വാഹനങ്ങള്‍ (അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ഒഴികെ) എന്നിവയ്ക്കുള്ള നിരോധനവും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ ഒഴികെയുള്ള നിര്‍മാണവും പൊളിക്കുന്ന ജോലികളും പൂര്‍ണമായി നിര്‍ത്തിവെപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളും സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളുടെ വര്‍ക്ക് ഫ്രം ഹോം ക്രമീകരണങ്ങളും നടപ്പാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. 

ഗ്രാപ്പിന് പുറമേ മലിനീകരണം നിരീക്ഷിക്കാന്‍ ഗ്രീന്‍ വാര്‍ റൂമും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020-ല്‍ ആരംഭിച്ച ഗ്രീന്‍ റൂമില്‍ അത്യാധുനിക എയര്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഉപകരണങ്ങളും ശാസ്ത്രജ്ഞരും ഡാറ്റാ അനലിസ്റ്റുകളും ഉള്‍പ്പെടുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നഗരത്തില്‍ വായുമലിനീകരണത്തിന് കാരരണമാവുന്ന എല്ലാ സ്രോതസ്സുകളും നിരീക്ഷിക്കുകയും വിദഗ്‌ധോപദേശം നല്‍കി മലിനീകരണം കുറയ്ക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മലിനീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഗ്രീന്‍ ഡല്‍ഹി ആപ്പുമുണ്ട്. 

വായുഗുണനിലവാരം അപകടകരമായ നിലയിലേക്ക് കടന്ന സാഹചര്യത്തില്‍ നിര്‍ണായകമായ നിരവധി പ്രധാനപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ സമഗ്ര ആക്ഷന്‍ പ്ലാന്‍ ആണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസ്യാശാലകളില്‍ നിന്നുമുള്ള മലിനീകരണം, വൈക്കോല്‍ കത്തിക്കല്‍, പടക്കനിരോധനം, മരം നടീല്‍ തുടങ്ങി നഗരത്തിന്റെ അന്തരീക്ഷം മോശമാക്കുന്നവയ്‌ക്കെല്ലാം പ്രത്യേക ശ്രദ്ധ നല്‍കിയാണ് കര്‍മപദ്ധതി. 

  • അവശ്യവസ്തുക്കള്‍ കയറ്റിയെത്തുന്ന ട്രക്കുകള്‍ക്ക് മാത്രമേ ഡല്‍ഹിയിലേക്ക് പ്രവേശനമുള്ളൂ. എല്‍.എന്‍.ജി, സി.എന്‍.ജി, ഇലക്ട്രിക് അല്ലാത്ത വാഹനങ്ങള്‍ക്ക് ഗതാഗതത്തിന് അനുമതിയില്ല. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകള്‍ക്കും നിരോധനം ബാധകമാണ്. 
  • ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാത്തരം ചെറുകിട ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം. അവശ്യസാധനങ്ങള്‍ കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് ഇളവുകളുണ്ട്. 
  • ദേശീയപാത, റോഡ്, ഫ്‌ളൈ ഓവറുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി വിതരണത്തിനുള്ള നിര്‍മാണങ്ങള്‍, പൈപ്പ് ലൈന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെടുന്ന നിര്‍മാണങ്ങള്‍ക്കും പൊളിക്കലുകള്‍ക്കും നിരോധനം. 
  • സ്‌കൂളുകള്‍ക്ക് അവധി/ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
  • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മുന്‍സിപ്പല്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. വര്‍ക്ക് ഫ്രം ഹോം അഭികാമ്യം. 
  • കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ ആലോചന. 
  • വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ അല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ആലോചന. 

പെയ്യുമോ കൃത്രിമ മഴ? 

മലനീകരണം രൂക്ഷമായി തുടരുന്നതിനിടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചന ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മേഘങ്ങളില്‍ രാസവസ്തുക്കള്‍ നിക്ഷേപിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃത്രിമ മഴപെയ്യിക്കുക. വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങ്ങില്‍ ചെയ്യുക. മഴമേഘങ്ങളിലെ ജലതന്മാത്രകളെ ലവണ തരികള്‍ ആകര്‍ഷിക്കുകയും ജലതന്മാത്രകള്‍ ചേര്‍ന്ന് ജലത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യുന്നതാണ് കൃത്രിമ മഴ.

നവംബര്‍ 20-21 തീയതികളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് എല്ലാസഹായവും നല്‍കാമെന്ന് എഐടി കാന്‍പുര്‍ ഡല്‍ഹി സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഐഐടി സംഘത്തോട് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് അനുമതി ലഭിച്ചാലാവും മഴ പെയ്യിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക. 

കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്നാണ് ഐഐടി സംഘം പറയുന്നത്. നവംബര്‍ 20-21 തീയതികളില്‍ ഡല്‍ഹിയിലെ അന്തരീക്ഷം മേഘാവൃതമാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഈ തീയതികള്‍ തിരഞ്ഞെടുത്തത്.

പുകമഞ്ഞില്‍ പുകയുന്നത് രാഷ്ട്രീയവും

ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടുമ്പോള്‍ തലസ്ഥാനത്തെ രാഷ്ട്രീയവും കൂടെയാണ് ഒപ്പം പുകയുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതിന് രണ്ടുവര്‍ഷംമുമ്പ് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ സ്ഥാപിച്ച സ്‌മോഗ് ടവര്‍ അടച്ചുപൂട്ടിയ ഡല്‍ഹി മലിനീകരണ നിയന്ത്രണസമിതി (ഡി.പി.സി.) അധ്യക്ഷന്‍ അശ്വനി കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ഡല്‍ഹി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കെജ്​രിവാളിന്റെ നടപടി സര്‍ക്കാര്‍-ഉദ്യോഗസ്ഥ അധികാരപ്പോരിന് പുതിയ കളമൊരുക്കുകയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് ചൂണ്ടിക്കാട്ടി പദ്ധതിയുടെ നടത്തിപ്പ് തടസ്സപ്പെടുത്തിയ ഡി.പി.സി. അധ്യക്ഷനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഡല്‍ഹി പരിസ്ഥിതിവകുപ്പ് മന്ത്രി ഗോപാല്‍ റായ് കെജ്​രിവാളിന് കത്തയച്ചിരുന്നു. സ്‌മോഗ് ടവര്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊണാട്ട് പ്ലേസിലെ ടവര്‍ വീണ്ടും സജ്ജമാക്കിയതായും ഗേപാല്‍ റായ് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ മലിനീകരണ നിയന്ത്രണപദ്ധതിയായ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍പ്ലാനിന്റെ അവസാനഘട്ടങ്ങള്‍ ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് നഗരത്തില്‍ പിഴയീടാക്കല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.  എല്ലാത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഉള്‍പ്പെടെ ഡല്‍ഹിയില്‍ നിരോധനമുണ്ട്. ഡല്‍ഹിയില്‍ പഴയ ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ വാഹനങ്ങളും അവശ്യവസ്തുക്കളല്ലാത്ത ട്രക്കുകളും ഓടിക്കുന്നത് മോട്ടോര്‍വാഹന നിയമപ്രകാരം 20,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. വായുനിലവാരസൂചിക 400-ന് മുകളില്‍ എത്തുമ്പോഴാണ് ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കുക. നാല് ദിവസത്തിനുള്ളില്‍ ബിഎസ്-3 പെട്രോള്‍ വാഹനങ്ങള്‍ക്കും 3656 ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്കും 814 ചലാനുകളാണ് നല്‍കിയത്. ഡല്‍ഹിയെയും അയല്‍സംസ്ഥാനങ്ങളെയും പുകമഞ്ഞ് ആവരണംചെയ്ത സാഹചര്യത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധന നേരിടാന്‍ എയര്‍പ്യൂരിഫെയറുകള്‍ സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശ്വാസമായി അപ്രതീക്ഷിത മഴ

മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ കൃത്രിമമഴ പെയ്യിക്കാനും വെള്ളം തളിക്കാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നതിനിടെ ഡല്‍ഹിയില്‍ നവംബര്‍ 10ന് അപ്രതീക്ഷിതമായി മഴയെത്തി. 9,10 തീയതികളില്‍ നഗരത്തില്‍ പരക്കെ മഴ ലഭിച്ചതോടെ കൃത്രിമമഴയെക്കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്ന് പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. മഴപെയ്തത് മലിനീകരണത്തിന്റെ തോത് കുറച്ചെങ്കിലും വരുംദിവസങ്ങളിലും ഇതിന്റെ ഗുണം ലഭിക്കുമോയെന്ന് അറിയില്ല. ദീപാവലിക്കു ശേഷമുള്ള അന്തരീക്ഷവായുവിന്റെ നിലവാരം പരിശോധിച്ചശേഷമാകും കൃത്രിമമഴയെ കുറിച്ച് വീണ്ടും ആലോചിക്കുകയെന്നാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ പെയ്തത് കൃത്രിമമഴയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ സ്വാഭാവിക മഴയാണെന്ന് പെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.