
ഭക്ഷണവും വെള്ളവുമില്ലാതായിപ്പോയ ദിവസങ്ങള്‍, സഹായത്തിനായി കാത്തുനില്‍ക്കുന്ന കരങ്ങള്‍, കരകവിഞ്ഞൊഴുകുന്ന നദികള്‍, പണമില്ലാതായിപ്പോയ എ.ടി.എമ്മുകള്‍, ഒരുപാക്കറ്റ് പാലിന് നൂറ് രൂപ കൊടുത്തിരുന്ന ജനങ്ങള്‍, നിശ്ചലമായിപ്പോയ റോഡുകളും റെയില്‍വേ ട്രാക്കുകളും. എട്ടുവര്‍ഷം മുമ്പേ ഇതുപോലൊരു ഡിസംബറില്‍ ചെന്നൈ മഹാനഗരം സാക്ഷിയായ പ്രളയക്കാഴ്ചകളായിരുന്നു ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് കരതൊടുന്നതിന് മുമ്പുണ്ടായ കനത്ത മഴ ചെന്നൈയെ ഒരിക്കല്‍ കൂടെ 2015 ലെ പ്രളയ സമാന സാഹചര്യത്തിലാക്കി മാറ്റിയിരുന്നു. റോഡുകള്‍ വെള്ളത്തിനടിയിലായി, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കപ്പെട്ടു, വാഹനങ്ങള്‍ ഒഴുകി നടക്കുന്നു, ജനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയി.
ചൊവ്വാഴ്ച പുലര്‍ച്ചയോടെ കരതൊടുമെന്ന് പ്രതീക്ഷിച്ചിരുന്ന മിഷോങ്ങിന് മുന്നോടിയായി ചെന്നൈയിലെങ്ങും അതിശക്തമായ മഴയായിരുന്നു.ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് മാറിയത് ആശ്വാസമായെങ്കിലും വെള്ളക്കെട്ടില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നഗരത്ത പ്രധാനമേഖലകളിലെല്ലാം വെള്ളം കയറി. റോഡുകളും സബ്വെകളും അടിപ്പാതകളും മുങ്ങിയതോടെ അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ പുറത്തിങ്ങാന്‍ പാടുള്ളൂവെന്ന ശക്തമായ നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിരിന്നു. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടു. ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി നിലച്ചതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ഇരുട്ടിലായി. സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചുഴലിക്കാറ്റ് കരയില്‍ തൊടുമ്പോള്‍ കാറ്റിന് 90 കിലോമീറ്ററെങ്കിലും വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ഒരു ദിവസത്തെ മഴയില്‍ തന്നെ ചെന്നൈ നഗരം സ്തംഭിച്ചുപോയതോടെ ഇത് മനുഷ്യനിര്‍മിത ചുഴലിക്കാറ്റും പ്രളയവുമാണെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍. കാരണം അത്രമാത്രമായിരുന്നു ചെന്നൈ നഗരത്തിലെ അശാസ്ത്രീയ നിര്‍മാണവും പ്രകൃതിയെ കണക്കിലെടുക്കാത്ത നഗരാസൂത്രണവും. ഇതില്‍ നിന്ന് കേരളത്തിനും പാഠാം പഠിക്കേണ്ടതുണ്ട്.

മിഷോങും ചെന്നൈയും
ഈ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ആറാമത്തേയും ബംഗാള്‍ ഉള്‍ക്കടലിലെ നാലാമത്തേയും ചുഴലിക്കാറ്റാണ് മിഷോങ്. ശക്തി അല്ലെങ്കില്‍ പ്രതിരോധമെന്നാണ് അർഥം. ലോകത്ത് ആകെയുള്ള ആറ് റിജ്യണല്‍ സ്‌പെഷ്യലൈസ്ഡ് മെറ്റിയറോളജിക്കല്‍ സെന്ററുകളാണ് ചുഴലിക്കാറ്റുകളുടെ പട്ടിക തയ്യാറാക്കുന്നതും പേരുകള്‍ നല്‍കുന്നതും. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്റ, യു.എ.ഇ, യെമന്‍ എന്നീ 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍.എസ്.എം.സി (റീജ്യണല്‍ മെറ്റിയോറോളജിക്കല്‍ സെന്റര്‍)ആണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ക്കും ഈ രാജ്യങ്ങളാണ് പേരുകള്‍ നല്‍കുന്നത്. ഇതിന് പ്രത്യേക മാനദണ്ഡങ്ങള്‍വരേയുണ്ട്. ഇതില്‍ അംഗമായ മ്യാന്‍മറാണ് പുതിയ ചുഴലിക്കാറ്റിന് മിഷോങ് എന്ന പേര് നിര്‍ദേശിച്ചത്.
2015 ഡിസംബറിലുണ്ടായ പ്രളയത്തിന് ശേഷമാണ് എല്ലാവര്‍ഷവും ചെന്നൈ വലിയ രീതിയിലുള്ള വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയത്. മഴവെള്ളത്തെ ഒഴുക്കി വിടാന്‍ വേണ്ട ശരിയായ മാര്‍ഗം സ്വീകരിക്കാനാവാത്തതാണ് ഓരോ വര്‍ഷവും ഇവിടെ പ്രളയ സമാന സാഹചര്യമാണുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍. വ്യക്തമായ ആസൂത്രണമില്ലാത്ത നഗരവത്കരണവും കെട്ടിടങ്ങളുടെ നിര്‍മാണവും ദുരന്തത്തിന് കാരണമാക്കുന്നുവെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പൂര്‍ണമായ പരിഹാരമാര്‍ഗം കാണാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 1980-ലെ കണക്കുപ്രകാരം ചെന്നൈയിലുണ്ടായിരുന്നത് ചെറുതും വലുതുമായ 600 തടാകങ്ങളാണ്. ഇതില്‍ 19 എണ്ണം 1130 ഹെക്ടറിലായി വ്യാപിച്ച് കിടക്കുകയായിരുന്നു. എന്നാല്‍ 2000-ല്‍ ഇത് 645 ഹെക്ടറായി കുറഞ്ഞു. ഇപ്പോഴിത് പകുതിയിലധികം നഷ്ടപ്പെടുകയും ചെയ്തു. വെള്ളം ഒഴുകിപ്പോവാനുള്ള ഇടങ്ങള്‍ താമസ മേഖലകളിലായി മാറ്റപ്പെട്ടു. ഇതോടെ ഒരു ഭാഗം കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ മറ്റേ ഭാഗം വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നു. അധികമായി എത്തുന്ന വെള്ളത്തിന് ഒഴുകിപ്പോവാന്‍ ഇടമില്ലാതായി മാറിയതോടെ ഒരു ദിവസം തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ പോലും വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ട ഇടമായി ചെന്നൈ മാറി. കേരളത്തെ സംബന്ധിച്ചും ഇത് പാഠമാകുന്നുണ്ട്. തിരുവനന്തപുരമടക്കം ഇത്തവണ മുങ്ങുന്ന കാഴ്ചകള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. ഇതിന് പ്രധാനമായി ചൂണ്ടിക്കാട്ടിയത് മഴവെള്ളത്തിന് ഒഴുകിപ്പോവാനുള്ള ഇടമില്ലാതായി തീര്‍ന്നതാണ്.
ചെന്നൈ നഗരത്തിനു ചുറ്റും മുമ്പ് ജലത്തിന്റെ വലിയൊരു സംരക്ഷണ കേന്ദ്രങ്ങളുണ്ടായിരുന്നു. നദികള്‍, തോടുകള്‍, കനാലുകള്‍, കുളങ്ങള്‍, കണ്ടലുകള്‍, തീരദേശ നീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പല രൂപത്തിലാണ് പ്രകൃതി ചെന്നൈ പട്ടണത്തെ ജലംകൊണ്ട് സമൃദ്ധമാക്കിയിരുന്നത്. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത ആധുനിക വികസനം ഈ നീര്‍ത്തടങ്ങളെയെല്ലാം വിഴുങ്ങിയതിന്റെ തിക്ത ഫലമായിരുന്നു 2015 ല്‍ ചെന്നൈയില്‍ കണ്ടത്. പല തടകങ്ങളും പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടു. ഓരോ പത്തു വര്‍ഷം കൂടുമ്പോഴും വലിയൊരു പ്രളയം ഈ നഗരത്തില്‍ പതിവാണ്. 1969, 76, 85, 96, 98, 2005, 2015 എന്നീ വര്‍ഷങ്ങള്‍ ഉദാഹരണം. നഗരാസൂത്രണം ചെയ്യുന്നവര്‍ ഈ ചരിത്രസത്യം ഇനിയും മനസിലാക്കിയിട്ടില്ലെന്ന് പറയുന്നു പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍. പ്രകൃതിയെയും കാലാവസ്ഥയെയും അവഗണിക്കുന്ന എന്‍ജിനീയറിങ് മനോഭാവവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ഉന്നത നേതാക്കളുടെ പരിസ്ഥിതിബോധമില്ലായ്മയും ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാമാറ്റവും ഉഷ്ണമേഖലാ ചുഴലിക്കറ്റും
കടലിലെ സ്വാഭാവികതയിലും അന്തരീക്ഷ താപനിലയിലും കാലാവസ്ഥാ മാറ്റം മൂലമുണ്ടായ വ്യതിയാനമാണ് ഇടക്കിടെയുണ്ടാകുന്ന അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവെ ഉഷ്ണമേഖലാ ചൂഴലിക്കാറ്റുകള്‍ സാധാരണയായി ഉണ്ടാവുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ തുടക്കമായ മാര്‍ച്ചിനും ജൂണിനും ശേഷം അവസാന മാസങ്ങളായ ഒക്ടോബറിനും ഡിസംബറിനും ഇടയിലാണ്. പക്ഷെ ഇത്തണ മാത്രം ഇതുവരെ ആറ് ചുഴലിക്കാറ്റുകള്‍ക്കാണ് തീരം സാക്ഷിയായത്. സാധാരണ മൂന്നെണ്ണം ഉണ്ടാവേണ്ടയിടത്താണ് ആറെണ്ണം സംഭവിച്ചത്.
സ്വാഭാവിക മാറ്റങ്ങള്‍ക്കപ്പുറം മനുഷ്യനിര്‍മിത പാരിസ്ഥിക സ്വാധീനമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍. അതായത് മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള നിരുത്തരവാദ പരമായ ഇടപെടല്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കുസാറ്റ് അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റാഡര്‍ റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ് എസ് അടക്കമുള്ളവര്‍ നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ അറബിക്കടലിലെ ചെറിയ മാറ്റം പോലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് വലിയ മാറ്റമുണ്ടാക്കും. ചുഴലിക്കാറ്റുകളുടെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച്, ഉയര്‍ന്ന കാറ്റ്, കൊടുങ്കാറ്റ്, ശക്തമായ മഴ എന്നിവയടക്കം ഉണ്ടാക്കാനുള്ള അവയുടെ സാധ്യതയും വര്‍ധിക്കുന്നുവെന്നും ഇവര്‍ പഠനങ്ങള്‍ പറയുന്നു. അറബിക്കടലില്‍ നാം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതയാണിതെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാത്തപക്ഷം തീരദേശത്തേയും ഇതിനോട് ചേര്‍ന്ന തദ്ദേശവാസികളുടെയും കരകൗശല മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെയും ഉപജീവനത്തെയും ഇത് വലിയ തോതില്‍ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
ചെന്നൈയുടെ ഡിസംബര്‍ ദുരിതം
2015 ഡിസംബര്‍ ചെന്നൈയെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നമായിരുന്നു. അപ്രതീക്ഷിതമായി ആടിത്തിമിര്‍ത്ത പേമാരി മഹാദുരന്തം വിതച്ചപ്പോള്‍ നിസ്സായതയുടെ കണ്ണീരില്‍ മുങ്ങിപ്പോയിരുന്നു തമിഴ്നാട്. ഒരു നൂറ്റാണ്ടിന് ശേഷം കണ്ട മഹാമാരിയ നഗരം നേരിടേണ്ടി വന്നപ്പോള്‍ യാതൊരുവിധ മുന്‍കരുതലുകളുമില്ലാതിരുന്ന ജനതയുടെ ജീവിത ഗതിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും നഷ്ടങ്ങള്‍ നികത്തുവാനും അതീജീവിക്കുവാനും ചെന്നൈ വല്ലാതെ ബുദ്ധിമുട്ടി. പിടിച്ചുനില്‍ക്കാന്‍ മറ്റുള്ളവരോട് കൈനീട്ടേണ്ടി വന്നു.
2015-ഒക്ടോബറില്‍ തുടങ്ങി ഡിസംബര്‍ ഒന്ന് മുതല്‍ ഘോരതാണ്ഡവമാടിയ പേമാരിയില്‍ ചെന്നൈയിലേയും പരിസര പ്രദേശങ്ങളിലേയും പ്രളയത്തില്‍ 354 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 4353 നാല്‍ക്കാലികളും പ്രളയത്തിനിരയായി. 1.17 ലക്ഷം പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടുവെന്നും പിന്നീട് കേന്ദ്രം ചൂണ്ടിക്കാട്ടി. ആള്‍നാശവും പാര്‍പ്പിട നഷ്ടത്തിനുമൊപ്പം ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കെട്ടിക്കിടന്ന മാലിന്യം നീക്കം ചെയ്യലും പകര്‍ച്ചവ്യാധിയും. ഏഴ് ദിവസങ്ങളിലായി 60000 ടണ്‍ മാലിന്യമാണ് 35000 ശുചീകരണ തൊഴിലാളികള്‍ നീക്കം ചെയ്തത്. ഒരു ലക്ഷം ടണ്‍ മാലിന്യം അടിഞ്ഞുകൂടിയിരുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം മറ്റ് ജില്ലകളില്‍ നിന്ന് കൂടിയുള്ള തൊഴിലാളികള്‍ എത്തിയാണ് മാലിന്യ നീക്കംപോലും യാഥാര്‍ഥ്യത്തിലായത്. 25 ദിവസത്തിനുള്ളില്‍ മാത്രം ചെന്നെയില്‍ അന്ന് പെയ്ത് തീര്‍ത്തത് 167 സെന്റിമീറ്റര്‍ മഴ, ചരിത്ര റെക്കോര്‍ഡ്.
ചെന്നൈയ്ക്ക് ശുദ്ധജലം എത്തിക്കാനായി ഉപയോഗിക്കുന്നത് പ്രധാനമായി നാല് ജലസംഭരണികളാണ്. ചെമ്പരമ്പാക്കം , പൂഴല്‍, പൂണ്ടി, ചോഴാവരം, വീരാനം ജലസഭരണികള്‍. ഈ ജലസംഭരണികളെല്ലാം നിറഞ്ഞ് കവിഞ്ഞ് പുഴകളും ആറുകളും തോടുകളുമെല്ലാം കവിഞ്ഞ് റോഡുകളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ 20 അടിയോളം വെള്ളമുയര്‍ന്നു. വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവെയെല്ലാം മുങ്ങി വലിയ നാശം വിതച്ചു. ചെന്നൈയിലെ വിമാനത്താവളങ്ങള്‍ ആറ് ദിവസം സര്‍വീസ് നിര്‍ത്തിവെച്ചു. 561 പ്രധാന ട്രെയിനുകള്‍ റദ്ദാക്കി. ഓഫീസുകളും ബാങ്കുകളും തുറന്നില്ല, എ.ടി.എമ്മുകള്‍ നിലച്ചു, ഇന്ധനങ്ങള്‍ കിട്ടാതായി.

ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 35000 ഘനയടി വെള്ളം 2015 ഡിസംബര്‍ രണ്ടിന് ഒറ്റയടിക്ക് തുറന്നുവിട്ടതായിരുന്നു പ്രളയത്തിന് കാരണമായതെന്നാണ് ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്‍ അന്ന് പറഞ്ഞത്. ഇത്രയധികം വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസിനോ അഗ്‌നിശമന സേനയ്ക്കോ പിടിയുണ്ടായിരുന്നില്ല. വലിയൊരു ദുരന്തം നേരിടുന്നതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നില്ല. ഇത് ദുരന്തത്തിന്റെ ആഴം കൂട്ടുകയും ചെയ്തു. അതിന് മുമ്പ് 2004-ലും 2005-ലും രണ്ട് ദുരന്തങ്ങളെ തമിഴ്നാട് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നുവെങ്കിലും അതിനെ കുറെക്കൂടി കാര്യക്ഷമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇതില്‍ ആദ്യത്തേത് സുനാമിയും രണ്ടാമത്തേത് കനത്ത മഴക്കെടുതിയുമായിരുന്നു. ജയലളിത തന്നെയായിരുന്നു അന്നും മുഖ്യമന്ത്രി. പക്ഷെ ഇതിനെയെല്ലാം കടത്തിവെട്ടുന്നതായി 2015 ലെ ദുരിതം. ആളുകള്‍ വലിയ രീതിയില്‍ രോഗക്കിടക്കയിലായി.
വികസനത്തിന്റെ പേരില്‍ 5500 ഹെക്ടര്‍ ചതുപ്പുനിലമായിരുന്നു ഇവിടെ നികത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ധാരാളം സ്വാഭാവിക തടാകങ്ങളും മഴവെള്ളത്തെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ തുറസ്സായ സ്ഥലങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം നികത്തപ്പെട്ടു. 300 തടാകങ്ങള്‍ ഇല്ലാതായിപ്പോയി. ഇവിടെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അവിടെ നിന്നുള്ള അഴുക്കുജലം ഒഴുകിപ്പോവാനള്ള സംവിധാനമുണ്ടായിരുന്നില്ല. പൊതുവ മഴ കുറഞ്ഞ സ്ഥലമാണ് ചെന്നൈയെങ്കിലും ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും മഴ വലിയ നാശനഷ്ടമുണ്ടാക്കാറുണ്ടായിരുന്നു. ഇക്കാര്യങ്ങളൊന്നും അധികൃതര്‍ കണക്കിലാക്കിയതേയില്ല. ഒപ്പം അഴുക്കുചാലുകളുടെ അശാസ്ത്രീയമായ നിര്‍മാണവും പ്രളയത്തിലേക്ക് വലിച്ചെറിയപ്പെട്ടുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.
Content Highlights: Cyclone Michaung and Chennai Flood
Published: 05 Dec 2023, 03:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented