ചെന്നൈ: ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കം സാരമായിത്തന്നെയാണ് ജനജീവിതത്തെ ബാധിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. ചലച്ചിത്രനടൻ വിജയ് യും അത്തരത്തിലൊരാളാണ്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് നിർദേശിച്ചത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ പോസ്റ്റ് ചെയ്തു.
"ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴയിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ സഹായിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ അഭ്യർത്ഥിക്കുന്നു. ഈ വേളയിൽ, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യർത്ഥിക്കുന്നു." സൂപ്പർതാരത്തിന്റെ വാക്കുകൾ.
അതേസമയം വെള്ളക്കെട്ടും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും തുടരുന്നതിനിടെ ചെന്നൈ നഗരവാസികൾ പ്രളയദുരിതം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. നഗരത്തിലെ 60 ശതമാനം സ്ഥലത്തും വെള്ളക്കെട്ട് നീങ്ങുകയും വൈദ്യുതിയെത്തുകയും ചെയ്തെന്ന് അധികൃതർ പറയുന്നു. എന്നാൽ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധം പൂർവസ്ഥിതിയിലായിട്ടില്ല.
കോടമ്പാക്കം, ചൂളമേട്, പള്ളിക്കരണി, വേളാച്ചേരി, താംബരം, കൊരട്ടൂർ, കൊളത്തൂർ, മുടിച്ചൂർ, അമിഞ്ചിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ബുധനാഴ്ച നഗരത്തിൽ നല്ല വെയിൽ ലഭിച്ചു. ദുരിതബാധിതർക്ക് ഭക്ഷണവിതരണം നടക്കുന്നുണ്ടെങ്കിലും പലയിടത്തും കുടിവെള്ളത്തിനും പാലിനും പെട്രോളിനും ക്ഷാമം അനുഭവപ്പെട്ടു.
Content Highlights: chennai floods 2023, vijay asks fan club members to volunteer for relief work, cyclone michaung
Published: 07 Dec 2023, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented