
ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ, ഏറ്റവും പ്രധാനപ്പെട്ട രേഖയേതാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായി വാഴ്ത്തപ്പെടുന്ന മാഗ്നാ കാര്‍ട്ടയാണ്. 1215 ജൂണ്‍ 15ന് ഇംഗ്ലണ്ടിലെ തെംസ് നദിയുടെ തീരത്തുള്ള റെനിമേഡ് എന്ന പ്രദേശത്ത് വെച്ച് കിങ് ജോണ്‍ രാജാവും അദ്ദേഹത്തിന്റെ പ്രഭുക്കന്‍മാരും തമ്മില്‍ ഒപ്പുവെച്ച പുരാതന ഉടമ്പടി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളിന്റെ ലൈബ്രറിയില്‍ മാഗ്നാ കാര്‍ട്ടയുടെ ഒരു കോപ്പി സംരക്ഷിച്ചിരുന്നു. പകര്‍പ്പായതിനാല്‍ തന്നെ അത്ര പ്രാധാന്യമേ അതിന് ലഭിച്ചിരുന്നുമുള്ളൂ. എന്നാല്‍ ഈ രേഖയുടെ ഫോട്ടോകോപ്പി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ കണ്ട രണ്ട് ചരിത്ര പ്രൊഫസര്‍മാര്‍ക്ക് തോന്നിയ ചില സംശയങ്ങള്‍ വലിയൊരു കണ്ടെത്തലിലേക്കാണ് നയിച്ചിരിക്കുന്നത്. അവര്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമായ ചിത്രങ്ങള്‍ വച്ച് ചില പഠനങ്ങള്‍ നടത്തുന്നു. ആ പഠനത്തിന്റെ അവസാനം ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിലാണ് അവരെത്തിച്ചേർന്നത്. പകര്‍പ്പെന്ന് കരുതി സംരക്ഷിച്ചിരുന്ന ഈ രേഖ യഥാര്‍ഥ മാഗ്‌നാ കാര്‍ട്ടയായിരുന്നു. കിങ് എഡ്വേര്‍ഡ് ഒന്നാമന്‍ 1300കളില്‍ പുറത്തിറക്കിയ പുരാതന ഉടമ്പടി.
എ.ഡി 1215 മുതല്‍ 1300 വരെയുള്ള കാലങ്ങളില്‍ ഇംഗ്ലണ്ടിലെ നാട്ടുരാജ്യങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടവയായിരുന്നു ഇവ. ഇത്തരത്തില്‍ ആകെ 200 മാഗ്നാ കാര്‍ട്ടകളാണ് ഉണ്ടായിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതില്‍ ആറെണ്ണം മാത്രമേ ഇന്ന് ബാക്കിയുള്ളൂ. ഇതില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലാണ് സംരക്ഷിക്കപ്പെടുന്നത്. ഒരെണ്ണം വാഷിങ്ടണ്‍ ഡി.സി നാഷണല്‍ ആര്‍ക്കൈവിലും ഒരെണ്ണം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസിലും സംരക്ഷിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഹാര്‍വാര്‍ഡിലെ, പകര്‍പ്പെന്ന് കരുതപ്പെട്ടിരുന്ന, രേഖകൂടി എത്തുന്നത്. ലണ്ടന്‍ കിങ്‌സ് കോളേജിലെ ചരിത്ര അധ്യാപകനായ പ്രൊഫസര്‍ ഡേവിഡ് കാര്‍പ്പന്ററും നോര്‍വിച്ച് സര്‍വകലാശാലയിലെ അധ്യാപകനായ പ്രൊഫസര്‍ നിക്കോളാസ് വിന്‍സന്റും ചേര്‍ന്ന് നടത്തിയ, ഒരു വര്‍ഷം നീണ്ട പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. 2017ല്‍ നടന്ന ഒരു ലേലത്തില്‍ മറ്റൊരു മാഗ്നാ കാര്‍ട്ട ഉടമ്പടി 21 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് (180 കോടിയോളം രൂപ) വിറ്റുപോയത്.
1946ല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ കേവലം 27.50 ഡോളര്‍ നല്‍കിയാണ് പകര്‍പ്പാണെന്ന് കരുതിയിരുന്ന ഈ രേഖ വാങ്ങിയിരുന്നത്. അന്നുമുതല്‍ ഇന്നുവരെ ഹാര്‍വാര്‍ഡ് ലൈബ്രറിയില്‍ മാഗ്നാ കാര്‍ട്ടയുടെ നേരിട്ടുള്ള പതിപ്പ് എന്ന നിലയിലാണ് ഇത് സംരക്ഷിച്ചുപോന്നിരുന്നത്. ഹാര്‍വാര്‍ഡ് രേഖകള്‍ പ്രകാരം 1946ല്‍ ലേലത്തില്‍ പിടിച്ചാണ് ഇത് സര്‍വകലാശാല സ്വന്തമാക്കിയത്. യഥാര്‍ഥ മാഗ്നാ കാര്‍ട്ടയുടെ എ.ഡി. 1327ല്‍ എടുത്ത പകര്‍പ്പാണ് ഇതെന്നും രേഖകളില്‍ പറഞ്ഞിരുന്നു. ലോകത്തിലെവിടെയും അവകാശപ്രമാണങ്ങളെയും അവകാശപോരാട്ടങ്ങളുടെ പരിസമാപ്തി കുറിക്കുന്ന രേഖകളെയും മാഗ്നാ കാര്‍ട്ടയെന്നാണ് വിശേഷിപ്പിച്ചുപോരാറുള്ളത്. പാശ്ചാത്യ നാഗരികതയുടെ വികാസപരിണാമത്തിന്റെ ചരിത്രത്തിലെ മൗലികമായ രേഖയായി മാഗ്നാ കാര്‍ട്ട വിലയിരുത്തപ്പെടുന്നു. ചരിത്രത്തിലെ എഴുതപ്പെട്ട ആദ്യത്തെ അവകാശപ്രമാണവും യുറോപ്യന്‍ ചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടനയും ഇതാണ്.
എന്താണ് മാഗ്നാ കാര്‍ട്ട
11-ാം നൂറ്റാണ്ടില്‍ നോര്‍മന്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതിനുശേഷം ഇംഗ്ലണ്ടിന്റെ രാഷ്ട്രീയ സ്ഥിതിയില്‍ പല മാറ്റങ്ങളുമുണ്ടായി. കൂടുതല്‍ സ്വേച്ഛാധിപതികളായ രാജാക്കന്‍മാര്‍ ഭൂപ്രഭുക്കളെ വരുതിയില്‍ നിർത്താൻ ശ്രമിച്ചു. ക്രൂരനും പരാക്രമിയുമായിരുന്ന കിങ് ജോണായിരുന്നു ഇതില്‍ മുന്‍പില്‍ നിന്നത്. ഫ്രാന്‍സിനോട് നിരന്തരം യുദ്ധം ചെയ്ത കിങ് ജോണ്‍ പലതിലും പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹം കണ്ട മാര്‍ഗം കൂടുതല്‍ നികുതി പിരിച്ചെടുക്കുക എന്നതായിരുന്നു. രാജാവിന്റെ ഭരണത്തില്‍ പൊറുതിമുട്ടിയ ഭൂപ്രഭുക്കള്‍ പുതിയ തീരുമാനത്തെ സൈനികമായി തന്നെ എതിര്‍ത്തു. ഇതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി 1215 ജൂണ്‍ 15-ാം തിയ്യതി തെംസ് നദിയുടെ തീരത്തുള്ള റെനിമേഡ് എന്ന പ്രദേശത്ത് രാജാവ് ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗത്തില്‍ പ്രഭുക്കളുമായി ഒത്തുതീര്‍പ്പിലെത്തിയ രാജാവ് അവരുമായി ഒപ്പിട്ട ഉടമ്പടിയാണ് മാഗ്നാകാർട്ട. ഈ ഉടമ്പടിയില്‍ നിയമവിരുദ്ധമായ നികുതി പിരിക്കില്ലെന്നും നീതി നടപ്പിലാക്കുമെന്നും പള്ളിയുടെ അവകാശങ്ങളെ മാനിക്കുമെന്നും രാജാവ് ഉറപ്പുനല്‍കിയിരുന്നു.
ഉടമ്പടിയില്‍ ഒപ്പുവെച്ച കിങ് ജോണിന് പക്ഷേ, അക്ഷരാഭ്യാസമില്ലായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിത്യച്ചെലവിന് പോലും പ്രഭുക്കന്മാരെ ആശ്രയിച്ചിരുന്ന രാജാവിന് ഉടമ്പടിയിലെ ഉള്ളടക്കത്തിലൊന്നും ആശങ്കയില്ലായിരുന്നു. അവരെ തൃപ്തിപ്പെടുത്തല്‍ മാത്രമായിരുന്നു ഉദ്ദേശം. രാജാവിന്റെ അധികാരങ്ങളെ വെട്ടിക്കുറച്ച ഈ ഉടമ്പടിക്ക് പക്ഷേ, കാര്യമായ ആയുസ്സില്ലായിരുന്നു. പോപ്പിനെ കൂട്ടുപിടിച്ച രാജാവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ലംഘിച്ചു. പക്ഷേ, ഉടമ്പടിയുടെ സാധുതയെക്കാള്‍ അതില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളുടെ പ്രസക്തിയായിരുന്നു മാഗ്നാ കാര്‍ട്ടയെ അനശ്വരമാക്കിയത്. അതുകൊണ്ട് 13, 14 നൂറ്റാണ്ടുകളില്‍ മാഗ്നാ കാര്‍ട്ട മാറ്റങ്ങളോടെ പുനഃസ്ഥാപിക്കപ്പെട്ടു. ആശയങ്ങളില്‍ മാറ്റം വന്നെങ്കിലും അടിസ്ഥാന സ്വഭാവം നിലനിന്നു. പൗരസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനശിലയായി അത് ഇന്നും നിലകൊള്ളുന്നു.
ഉണക്കിയെടുത്ത ആട്ടിന്‍തോലുകൊണ്ടുള്ള വിലകൂടിയ വസ്തുവിലായിരുന്നു പ്രമാണം തയ്യാറാക്കിയത്. ഓക്ക് മരത്തിന്റെ കറയും ഇരുമ്പ് ലവണങ്ങളും ചേര്‍ത്ത് തൂവലുകൊണ്ടാണ് അതിൽ എഴുതിയത്. ലാറ്റിന്‍ ഭാഷയില്‍ 3600 വാക്കുകളാണ് ഈ പ്രമാണത്തിലുണ്ടായിരുന്നത്. ആരുടെ കൈപ്പടയിലാണ് രേഖ എഴുതപ്പെട്ടത് എന്ന കാര്യം അജ്ഞാതമാണ്. പണ്ഡിതരും ഉദ്യോഗസ്ഥരും എഴുത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. കരാര്‍ നടത്തിപ്പിന് ഉറപ്പ് നല്‍കുന്നതിനായി 25 പ്രഭുക്കന്‍മാരുടെയും സാക്ഷികളായി 12 ബിഷപ്പുമാരുടെയും 20 സന്യാസിശ്രേഷ്ഠരുടെയും പേരുകള്‍ പ്രമാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രമാണത്തിന്റെ യഥാർഥ പതിപ്പ് ഇംഗ്ലണ്ടിലെ ബിഷപ്പുമാര്‍ക്കും ഓരോ ഷെയറിലെയും മുഖ്യഭരണാധികാരികള്‍ക്കും എത്തിച്ചു നല്‍കുകയായിരുന്നു.
രാഷ്ട്രീയ പ്രസക്തി
മാഗ്നാ കാര്‍ട്ടയിലെ ഒരു ഭാഗം ജനാധിപത്യത്തിന്റെ ആദ്യശില പാകലായിരുന്നു എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം. രാജാധികാരം ദൈവദത്തമല്ലെന്നും രാജാവ് തങ്ങളുടെ നിയമത്തിനും നിയന്ത്രണത്തിനും അധീനനാണെന്നും ഈ ഉടമ്പടി പ്രഖ്യാപിച്ചു. 25 പ്രഭുക്കന്‍മാര്‍ അടങ്ങുന്ന ഒരു സഭയുടെ നിയന്ത്രണത്തിന് രാജാവിനെ അധീനനാക്കുന്നതാണ് ഈ ഭാഗം. രാജാവ് അമിതമായ അധികാരം ഉപയോഗിച്ചാല്‍ അതിനെ നിയന്ത്രിക്കാന്‍ അധികാരമുള്ളതായിരുന്നു ഈ സഭ. അതായത് മാഗ്നാ കാര്‍ട്ടയില്‍ നിന്നാണ് പാര്‍ലമെന്ററി സംവിധാനത്തിന്റെ തുടക്കം എന്നർഥം. ഇംഗ്ലണ്ടില്‍ രാജവാഴ്ച തുടര്‍ന്നെങ്കിലും അത് പാര്‍ലമെന്റിനാല്‍ നിയന്ത്രിക്കപ്പെട്ടു. പ്രഭുക്കന്‍മാരുടെ പാര്‍ലമെന്റ് പിന്നീട് ജനങ്ങള്‍ പിടിച്ചെടുത്തു. 1600 കളിലെ ഇംഗ്ലീഷ് വിപ്ലവത്തിന്റെ സൈദ്ധാന്തിക അടിത്തറ മാഗ്നാ കാര്‍ട്ടയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം അങ്ങനെ ഇംഗ്ലണ്ടില്‍ ആരംഭിച്ചെന്നും അത് പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പടര്‍ന്നുവെന്നുമാണ് ചരിത്രകാരന്‍മാര്‍ കരുതുന്നത്. മാഗ്നാ കാര്‍ട്ടയുടെ സ്വാധീനം ലോകത്തെ പ്രധാന ജനാധിപത്യ ശക്തികളായ ഇന്ത്യയുടെയും അമേരിക്കയുടെയുമെല്ലാം ഭരണഘടനയില്‍ കാണാനാവും.
എന്നാല്‍ മാഗ്നാ കാര്‍ട്ട അധികാര വര്‍ഗത്തിനിടയില്‍ സംഭവിച്ച ഒരു ഒത്തുതീര്‍പ്പ് മാത്രമാണെന്നും ജനാധിപത്യത്തിന്റെ പലരൂപങ്ങള്‍ അതിന് മുന്‍പേ ലോകത്തുണ്ടായിരുന്നെന്നും കൊളോണിയല്‍ ചരിത്രകാരന്‍മാരാണ് മാഗ്നാ കാര്‍ട്ടയ്ക്ക് അമിത പ്രാധാന്യം നല്‍കിയതെന്നും വിശ്വസിക്കുന്നവരുമുണ്ട്. മാഗ്നാ കാര്‍ട്ട പറയുന്നത് ജനങ്ങളുടെ അവകാശങ്ങളെ കുറിച്ചല്ലെന്നും ഭൂപ്രഭുക്കളുടെ അവകാശങ്ങളെ കുറിച്ചാണെന്നും ഭൂപ്രഭുക്കളെന്നത് രാജാവിന്റെ മറ്റൊരു രൂപം മാത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ചരിത്രത്തില്‍ പിന്നീട് മാഗ്നാ കാര്‍ട്ടയുടെ വ്യാഖ്യാനത്തിന് പൊതുസമൂഹത്തെ ആകെ ഉള്‍ക്കൊള്ളാൻ സാധിച്ചു എന്നതാണ് അതിന്റെ രാഷ്ട്രീയ പ്രസക്തിയെന്നതാണ് അതിനെ അനുകൂലിക്കുന്നവരുടെ മറുപടി. എന്തായാലും മനുഷ്യന്റെ അവകാശബോധത്തിന്റെയും അധികാര കേന്ദ്രങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും പ്രതീകമാണ് ഇന്ന് മാഗ്നാ കാര്‍ട്ട. ഒറിജിനലിന്റെ വീണ്ടെടുപ്പ് മാറിയ ലോകക്രമത്തിന്റെ കാലത്ത് ചില ഓർമപ്പെടുത്തൽ കൂടിയാണ്.
Content Highlights: copy of magna carta at harvard turns out to be extremely rare original
Published: 16 May 2025, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented