തോറിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആണവനിലയം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണ് ചൈന. ലോകത്തിലെ തന്നെ ആദ്യ തോറിയം അധിഷ്ഠിത ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിച്ചുകൊണ്ട് ഊര്‍ജമേഖലയില്‍ സുപ്രധാനമായ നാഴികക്കല്ലാണ് ചൈന പിന്നിട്ടിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യത്തെ അമൂല്യമായ തോറിയം ശേഖരം ചൈന ഫലപ്രദമായി ഉപയോഗിക്കാനൊരുങ്ങുന്നത്. തോറിയം ശേഖരത്തില്‍ ലോകത്ത് മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. അടുത്ത പതിനായിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് വേണ്ട ഊര്‍ജോത്പാദനം നടത്താന്‍ ശേഷിയുള്ളത്രയും വലിയ തോറിയം സമ്പത്ത് രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. തോറിയം നിക്ഷേപം  ഉപയോഗപ്പെടുത്തിക്കൊണ്ട് ഊര്‍ജോത്പാദനത്തില്‍ ചൈന സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപമുള്ള ഇന്ത്യ തോറിയം അധിഷ്ഠിത ഊര്‍ജോത്പാദനത്തില്‍ എവിടെ എത്തി നില്‍ക്കുകയാണ്? എന്തൊക്കെ നേട്ടമാണ് ഇന്ത്യ ഇതുവരെ കൈവരിച്ചിരിക്കുന്നത്? അന്വേഷണം അനിവാര്യമാണ്.

To advertise here,

ചൈനയും തോറിയവും 

ഗാന്‍സു പ്രവിശ്യയിലെ വുയി നഗരത്തില്‍ ഗോബി മരുഭൂമിയിലാണ് തോറിയം റിയാക്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലാണ് തോറിയം അധിഷ്ഠിത റിയാക്ടര്‍ നിര്‍മിക്കാനുള്ള പദ്ധതി ചൈന ആരംഭിച്ചത്. രണ്ട് മെഗാവാട്ടാണ് പരീക്ഷണ റിയാക്ടറിന്റെ ശേഷി. 444 ദശലക്ഷം ഡോളര്‍ ആണ് തോറിയം അധിഷ്ഠിത റിയാക്ടര്‍ നിര്‍മാണത്തിനായി ചൈന മുതല്‍മുടക്കിയിരിക്കുന്നത്. പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2011 മുതല്‍ക്കേ ആരംഭിച്ചിരുന്നു. ആണവോര്‍ജോത്പാദനത്തില്‍ ചൈന കൈവരിച്ചിരിക്കുന്നത് നിര്‍ണായകമായ മുന്നേറ്റമാണെങ്കിലും തോറിയം റിയാക്ടറുകളില്‍ നിന്ന് വലിയ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവന്നേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തോറിയം അധിഷ്ഠിത ആദ്യ റിയാക്ടറിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ റിയാക്ടര്‍ നിര്‍മിക്കുകയാണ് ചൈനയുടെ അടുത്ത പദ്ധതി. 10 മെഗാവാട്ട് ശേഷിയുടെ റിയാക്ടര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഷെഡ്യൂള്‍ ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2030നുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ തോറിയത്തെ ആണവ ഇന്ധനമാക്കി ഉപയോഗപ്പെടുത്താനാണ് ചൈന ഉദ്ദേശിക്കുന്നത്.

ചൈന പ്രവര്‍ത്തനസജ്ജമാക്കിയ റിയാക്ടറില്‍ മോള്‍ട്ടന്‍ സാള്‍ട്ട് റിയാക്ടര്‍ (എംഎസ്ആര്‍) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. തോറിയത്തെ നേരിട്ട് ഊര്‍ജോത്പാദനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ നിയന്ത്രിത ശൃംഖലാ പ്രതിപ്രവർത്തനം (ചെയിന്‍ റിയാക്ഷൻ)  എംഎസ്ആറുകള്‍ തോറിയത്തെ യുറേനിയം-233 ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ സ്വയം നിയന്ത്രിതമായതിനാല്‍ ഇവയില്‍ നിന്നുള്ള അപകടസാധ്യതകള്‍ കുറവാണ്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും ഫലമാണ് ചൈനയുടെ പുതിയ സംരംഭം. ആഗോള ഊര്‍ജ  വിപണികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ് ചൈനയുടെ തോറിയത്തില്‍ നിന്നുള്ള ഊര്‍ജ  വിപ്ലവമെന്നാണ് വിലയിരുത്തപ്പെടുന്നത്. തോറിയം അടിസ്ഥാനമാക്കിയുള്ള ആണവോര്‍ജ  നിര്‍മാണത്തില്‍ ചൈന പുതിയ ശക്തിയായി വളരുമ്പോള്‍ അത് ക്ലീന്‍ എനര്‍ജി ഉത്പാദനത്തിലെ ആഗോള മുന്നേറ്റം കൂടിയാവുന്നു. അത് ഭൗമരാഷ്ട്രീയ, വ്യാപാര ക്രമങ്ങളിലും പ്രതിഫലിക്കും. 

ആ അടുത്തകാലം കൊണ്ടുതന്നെ വലിയ തോതില്‍ തോറിയം നിക്ഷേപം ചൈനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഒബോ മൈനിങ് കോംപ്ലക്‌സില്‍ പത്ത് ലക്ഷം ടണ്‍ തോറിയം ശേഖരം ഉണ്ടെന്നാണ് ചൈനീസ് പ്രസിദ്ധീകരണമായ ജിയോളജിക്കല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തത്. ഈ തോറിയം അളവ് രാജ്യത്തിന് 60,000 വര്‍ഷത്തിലേറെക്കാലം ഊര്‍ജം നല്‍കാന്‍ പര്യാപ്തമാണ്. ചൈന തയ്യാറാക്കിയ സ്ട്രാറ്റജിക്കല്‍ മാപ്പ് പ്രകാരം രാജ്യത്തങ്ങോളമിങ്ങോളമായി 233 മേഖലകളിലാണ് തോറിയം നിക്ഷേപം തിരിച്ചറിഞ്ഞിരിക്കുന്നത്. വര്‍ധിച്ച ഊര്‍ജ ആവശ്യങ്ങളെ പരിഗണിക്കുമ്പോള്‍ തോറിയം നിക്ഷേപത്തിന്റെ കണ്ടെത്തല്‍ ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്കുള്ള അടിസ്ഥാനശിലയാണ്. ഊര്‍ജോത്പാദനത്തിലെ ബദല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനപ്പുറം ചൈനയുടെ നൂതനമായ ഭൗമശാസ്ത്ര സര്‍വേയുടെ കാര്യക്ഷമതയും മാനേജ്‌മെന്റ് ശേഷിയും കൂടിയാണ് തോറിയം സമ്പത്ത് തിരിച്ചറിഞ്ഞ് അത് പ്രയോജനപ്പെടുത്തുന്നതിലൂടെ ചൈന പ്രകടമാക്കുന്നത്. തോറിയത്തില്‍ നിന്നുള്ള ഊര്‍ജോത്പാദനം രാജ്യത്തിന് ആഗോളതലത്തില്‍ പ്രശംസയും നേടിക്കൊടുക്കുന്നുണ്ട്.

placeholder
ഷീ ജിന്‍ പിങ് | Photo: Xinhua
ഷീ ജിൻ പിങ്

എന്തുകൊണ്ട് തോറിയം?

വികിരണസാധ്യത, മാലിന്യസംസ്‌കരണ ബുദ്ധിമുട്ട്, എന്നിവയാണ് ആണവനിലയങ്ങളോട് പൊതുവേയുള്ള ഭയത്തിനടിസ്ഥാനം. തോറിയവും യുറേനിയവും റേഡിയോ ആക്ടീവ് ലോഹങ്ങളാണ്. എന്നാല്‍ പരമ്പരാഗത യുറേനിയം റിയാക്ടറുകളെ അപേക്ഷിച്ച് ഏറെ ഗുണങ്ങളുള്ള ആണവ ഇന്ധനമാണ് തോറിയം. ഇത് ഇന്ധനമായി ഉപയോഗിക്കുന്ന നിലയങ്ങളില്‍ ഈ ദോഷങ്ങള്‍ താരതമ്യേന കുറവാണ്. 

സാധാരണ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ അപകടസാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും ഭീമമായ അളവില്‍ ചൂട് തുടരും. ഉള്‍ഭാഗം ഉരുകി അപകടമുണ്ടാകാതിരിക്കാന്‍ പുറത്തുനിന്ന് തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തു തണുപ്പിക്കണം. തോറിയം നിലയങ്ങളില്‍ ഇത് വേണ്ട എന്നതാണ് പ്രധാന മെച്ചം. റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് യുറേനിയവും തോറിയവും ചേര്‍ന്ന മോള്‍ട്ടന്‍ സോള്‍ട്ടാണ്. ഇത് റിയാക്ടറിനുള്ളില്‍ നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. റിയാക്ടറിന്റെ ഉള്‍ക്കാമ്പില്‍ക്കൂടി കടന്നുപോകുന്ന മിശ്രിതം മാത്രമാണ് ചൂടാവുക. ബാക്കി മിശ്രിതം കാമ്പിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ അത് കാമ്പിനെ പുറത്തുനിന്ന് തണുപ്പിച്ചുകൊണ്ടുമിരിക്കും. ചൂട് അധികമായാല്‍ ഉരുകിപ്പോകാന്‍ ഫ്യൂസ് ഉണ്ടാവും. അത് ഉരുകുമ്പോള്‍ റിയാക്ടറിലെ മുഴുവന്‍ ഇന്ധനവും ചോര്‍ന്ന് പുറത്ത് മറ്റൊരു സംഭരണിയിലെത്തി റിയാക്ടര്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയും വലിയ അപകടങ്ങൾ തടയുകയും ചെയ്യും. 

ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന യുറേനിയത്തെ അപേക്ഷിച്ച് കുറഞ്ഞ അളവിലാണ് തോറിയം റിയാക്ടറുകളില്‍ നിന്നുള്ള ആണവമാലിന്യത്തിന്റെ അവശേഷിപ്പ്. അതിനാല്‍ തന്നെ അണുവികിരണ കാലാവധിയും കുറവാണ്. യുറേനിയത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുപോലെ, തോറിയത്തില്‍ നിന്ന് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടില്ല, അതിനാല്‍, ഇത് ശുദ്ധമായ ഊര്‍ജ സ്രോതസ്സായിരിക്കും.

ചെലവും കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. തോറിയം ആണവോര്‍ജനിലയം സ്ഥാപിക്കാന്‍ താരതമ്യേന കുറഞ്ഞ ചെലവേ വരൂ. യൂണിറ്റിന് ഒരു രൂപയിലുംതാഴെ വിലയ്ക്ക് ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. യുറേനിയത്തെ അപേക്ഷിച്ച് ഒരു കിലോഗ്രാമില്‍ നിന്ന് 200 ഇരട്ടി വരെ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സാധ്യത തോറിയത്തിനുണ്ട്. 

ലോകത്താകമാനമായി 35 രാജ്യങ്ങളില്‍ തോറിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒരു രാജ്യവും തോറിയത്തെ വാണിജ്യപരമായ ഉപയോഗപ്പെടുത്തിയിട്ടില്ല. തോറിയം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ഊര്‍ജ ഉത്പാദനത്തിനുള്ള ബദല്‍ സ്രോതസ്സാണ് തുറന്നിടുന്നത്. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, ഫിന്‍ലന്‍ഡ്, തുര്‍ക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ തോറിയം നിക്ഷേപം കണ്ടെത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍. 

യുറേനിയത്തേക്കാള്‍ സുലഭമായ ഇന്ധനമാണ് തോറിയം. ഇതിന് സ്വാഭാവികമായി വിഘടനശേഷിയില്ല. എന്നാല്‍ വിഘടനശേഷിയുള്ള യുറേനിയം-233 ഉത്പാദിപ്പിക്കുന്നതിനായി തോറിയത്തെ ഒരു 'ഫെര്‍ട്ടൈല്‍' (fertile) പദാര്‍ത്ഥമായാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ ഊര്‍ജോത്പാദനവും കുറഞ്ഞ ആണവമാലിന്യവുമാണ് ഇതിന്റെ മേന്മകള്‍. 

placeholder
പ്രതീകാത്മക ചിത്രം | Getty Images

ചൈനയുടെ മുന്നേറ്റം; ബദല്‍മാര്‍ഗങ്ങള്‍ തേടി ലോകരാഷ്ട്രങ്ങളും 

തോറിയത്തെ ഉപയോഗപ്പെടുത്തുന്നതിലൂടെ ഫോസില്‍ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്ക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇത് ശുദ്ധമായ സുസ്ഥിര ഊര്‍ജ ഭാവിക്കായി വഴിതുറക്കുന്നു. ചൈനയുടെ ഈ മാറ്റം ആഗോളതലത്തില്‍ കുത്തകകളായി പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിക്കുക കൂടിയാണ് ചെയ്യുന്നത്. ചൈനയുടെ പദ്ധതി മുന്നോട്ടുപോവുന്നതിനൊപ്പം രാഷ്ട്രങ്ങള്‍ അവരുടെ ഊര്‍ജനയങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങും. 

തോറിയത്തിനൊപ്പം ഇന്ധന ഉപയോഗത്തിലെ മറ്റ് നൂതന കണ്ടുപിടുത്തങ്ങളും ആഗോള വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഉദാഹരണത്തിന് കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ മീഥെയ്ന്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ചൈന അടുത്തിടെ കടുത്ത നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഖനികളില്‍ നിന്നാണ് പ്രധാനമായും മീഥെയ്ന്‍ പുറത്തുവരുന്നത്. ഇത് നിയന്ത്രിക്കാനാണ് ചൈനയുടെ കര്‍ശനമായ ചട്ടങ്ങള്‍. ഗ്യാസ് സെന്‍സറുകള്‍, സാറ്റലൈറ്റ് മോണിറ്ററിങ്, എമിഷന്‍ ക്യാപ്ചറിങ് മെക്കാനിസം തുടങ്ങിയ നിയമങ്ങള്‍ രാജ്യം കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് പുറമേ 150 രാജ്യങ്ങള്‍ മീഥെയ്ന്‍ ബഹിര്‍ഗമനം 2030 ഓടെ 30 ശതമാനമാക്കി കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലക്ഷ്യം കൈവരിക്കാത്ത രാജ്യങ്ങളുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കുമെന്ന് മറ്റ് രാഷ്ട്രങ്ങള്‍ നിലപാട് സ്വീകരിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളിലേക്കാവും എത്തിച്ചേരുക. അതിനാല്‍ ഇത്തരം നയങ്ങൾ ആഗോള നയരൂപീകരണത്തേയും സ്വാധീനിക്കും. ഊര്‍ജോപയോഗത്തെ അടിസ്ഥാനമാക്കി പുതിയ ആഗോളസഖ്യങ്ങള്‍ രൂപം കൊള്ളാനുള്ള സാധ്യതകള്‍ പോലും തള്ളിക്കളയാനാവില്ല. ക്ലീന്‍ എനര്‍ജിയിലേക്കുള്ള ചൈനയുടെ ചുവടുമാറ്റം മറ്റ് രാജ്യങ്ങള്‍ക്കും ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള പ്രചോദനമേകും. 

ഇന്ത്യയും തോറിയവും

ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപമുള്ള രാജ്യമാണ് ഇന്ത്യ. ഭൂമിയുടെ ഉപരിതലത്തിലെ തോറിയത്തിന്റെ 30 ശതമാനത്തിലേറെയും ഇന്ത്യയിലാണ്. അതിലധികവും കേരളതീരത്തും. തമിഴ്‌നാട്, ഒഡിഷ, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് ആകെയുള്ളതിന്റെ 70 ശതമാനം നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. 

ഊര്‍ജ ഉപഭോഗത്തില്‍ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് തോറിയത്തില്‍ നിന്ന് ആണവോര്‍ജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. തോറിയം ഉപയോഗപ്പെടുന്നതിലൂടെ യുറേനിയം, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവയിലുള്ള ആശ്രയത്വം കുറയ്ക്കാനും ആണവമാലിന്യങ്ങള്‍ കുറയ്ക്കാനും സാധിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്നതിനാലാണ് തോറിയത്തെ ഭാവിയുടെ പ്രതീക്ഷയായി കണക്കാക്കുന്നത്. 

തോറിയത്തെ നേരിട്ട് ഒരു ആണവ ഇന്ധനമാക്കി ഉപയോഗപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ഇതിനെ രാസപ്രക്രിയകളിലൂടെ യുറേനിയം-233 ആക്കി മാറ്റാനും റിയാക്ടറുകളില്‍ ഉപയോഗിക്കാനും കഴിയും. ഈ പ്രക്രിയ സങ്കീര്‍ണവും ചെലവേറിയതുമാണെങ്കിലും ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ തോറിയം ഇന്ധനമാക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിലായിരുന്നു 1950-കളില്‍ ഇന്ത്യ ആണവോര്‍ജ രംഗത്ത് കാര്യമായ മുന്നേറ്റം നടത്തിയത്. രാജ്യത്തിന്റെ പരിമിതമായ യുറേനിയം വിഭവങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യയുടെ ആവശ്യത്തിനനുസൃതമായ തോറിയം ശേഖരം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഭാഭയുടെ കാഴ്ചപ്പാട്. ഇതിനായി പിൽക്കാലത്ത് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററും മറ്റ് സ്ഥാപനങ്ങളും വിജയകരമായ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. 2050-ഓടെ രാജ്യത്തിന്റെ വൈദ്യുതിയുടെ 30 ശതമാനം തോറിയം അധിഷ്ഠിത റിയാക്ടറുകളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ തോറിയത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 

placeholder
kalpakam nuclear plant
കല്‍പ്പാക്കം മിനി റിയാക്ടര്‍

കല്‍പാക്കത്തെ 'കാമിനി'

ഇന്ത്യയില്‍ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്. കല്‍പാക്കത്തെ റിയ്കാടറില്‍ പ്ലൂട്ടോണിയമാണ് ആണവ ഇന്ധനമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാല്‍ അറ്റോമിക് പ്ലാന്റുകളിലാണ് അവ നിര്‍മിക്കുന്നത്. അതേസമയം ഇന്ത്യയില്‍ തോറിയത്തിന്റെ വലിയ ശേഖരമുണ്ട്. തോറിയത്തെ പ്ലൂട്ടോണിയമായും യുറേനിയം 233 ആയും മാറ്റാനുള്ള പദ്ധതിയാണ് ഇന്ത്യയുടേത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണമായ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിക്കഴിഞ്ഞു. തോറിയം ഇന്ധനമായി ഉപയോഗിക്കാനായാല്‍ രാജ്യത്തിന് ഊര്‍ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവും.

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം മിനി റിയാക്ടര്‍ അഥവാ കാമിനിയാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തോറിയം അധിഷ്ഠിത ആണവനിലയം പ്രവര്‍ത്തിക്കുന്നത്. തോറിയത്തില്‍ നിന്നുള്ള ഊര്‍ജോത്പാദനത്തിനായി മൂന്ന് ഘട്ട പദ്ധതിയാണ് ഇന്ത്യ നടപ്പാക്കിവരുന്നത്. പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടര്‍ (PHWRs), ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ (LWRs) എന്നിവ ഉപയോഗിച്ച് പ്രകൃതിദത്ത യുറേനിയത്തില്‍ നിന്ന് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഫാസ്റ്റ് ബ്രീഡറുകളില്‍ യുറേനിയവും പ്ലൂട്ടോണിയവും ഉപയോഗിച്ച് തോറിയത്തെ യുറേനിയം-233 ആക്കി മാറ്റുന്നു. തോറിയവും യുറേനിയവും ഇന്ധനമാക്കി യുറേനിയം-233 ഉത്പാദനം പൂര്‍ത്തിയാക്കും. ഇത് ഊര്‍ജമാക്കി മാറ്റുന്നതാണ് മൂന്നാംഘട്ടം. അഡ്വാന്‍സ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (AHWR) ആണ് ഇതിനായി ഉപയോഗിക്കുക. മൂന്ന് ഘട്ടത്തിന്റേയും പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. ഇക്കാരണത്താലാണ് അളവറ്റ ഊര്‍ജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വര്‍ഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2003 ലാണ് ഇന്ത്യയിലെ ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ റിയാക്ടറായ - പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിന് ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന് (ഭവിനി) രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷക്കാലമായി പിഎഫ്ബിആറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്രയും സങ്കീര്‍ണമായ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റിയാക്ടര്‍ മറ്റൊരു രാജ്യത്തിനുമില്ല. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം മുന്‍നിര്‍ത്തി ഭവിനി പൂര്‍ണമായും തദ്ദേശീയമായാണ് പിഎഫ്ബിആര്‍ വികസിപ്പിച്ചെടുത്തത്. 5677 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കിലും അത് മറികടന്ന് 6740 കോടി രൂപയോളം പദ്ധതിക്ക് ചെലവാക്കിയിട്ടുണ്ട്. 

2012 ജൂണ്‍ അവസാനത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തോറിയം ഫാസ്റ്റ് റിയാക്ടര്‍ അവസാനഘട്ടത്തിലാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. 500 മെഗാവാട്ട്  ശേഷിയുള്ള കാമിനിയില്‍ നിന്ന് 30 kW താപോര്‍ജമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത്. വിജയകരമായ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഈ റിയാക്ടര്‍, തോറിയം രാജ്യത്തിന് എങ്ങനെ വൈദ്യുതി നല്‍കാന്‍ സഹായിക്കുമെന്ന് ഫലപ്രദമായി തെളിയിച്ചുകഴിഞ്ഞു. 

കേരളമെന്ന തോറിയം സമ്പത്ത്

കടൽത്തീരങ്ങൾക്ക് പേരുകേട്ട കേരളത്തിലെ തീരപ്രദേശങ്ങള്‍ക്കടിയില്‍ രാജ്യത്തിന്റെ ഭാവി ഊര്‍ജ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായത്രയും തോറിയം നിക്ഷേപമുണ്ട്. ഇന്ത്യയിലെ തോറിയത്തിന്റെ 70 ശതമാനത്തിലധികവും കേരളത്തിലും ഒഡിഷയിലുമാണുള്ളത്. കേരളത്തില്‍ കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ചവറതീരത്തെ കരിമണലിലാണ്. കേരളതീരത്ത് രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തില്‍വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് തോറിയം അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ ആണവനിലയം തുടങ്ങാനുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. കേരളത്തില്‍ ആണവ നിലയം തുറന്നില്ലെങ്കിലും ഇവിടുത്തെ തോറിയം സംഭരിച്ച് കല്‍പ്പാക്കത്ത് എത്തിച്ചാലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. ആണവ നിലയത്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍പ്പാക്കം ആണവ നിലയത്തിന് കേരളത്തില്‍ നിന്നുള്ള തോറിയം സഹായകമാകും. 

ഭൗതികശാസ്ത്ര സവിശേഷതകള്‍ കാരണം തോറിയം (തോറിയം-232) മാത്രം ഉപയോഗിച്ച് ഒരു ആണവ റിയാക്ടര്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇന്ധനമായി ഉപയോഗിക്കുന്നതിന് മുമ്പ് തോറിയം ഒരു റിയാക്ടറില്‍ യുറേനിയം-233 ആയി മാറ്റണം.നിലവിലുള്ള തോറിയവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ വികസിപ്പിക്കുന്നതിനും നമ്മുടെ ആണവോര്‍ജ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിനുമായി നിലവില്‍ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ തോറിയം സാങ്കേതിക വികസന പഠനങ്ങളിലും സുരക്ഷയ്ക്ക് പരമപ്രധാനമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ തോറിയം സമ്പത്ത് കണക്കിലേറെയെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ അത് ഉപയോഗപ്പെടുത്താന്‍ കടമ്പകളേറെയുണ്ട്. യുറേനിയം-233 അല്ലെങ്കില്‍ പ്ലൂട്ടോണിയം വിഭവങ്ങള്‍ സമൃദ്ധമായി ലഭ്യമാകുമ്പോള്‍ മാത്രമേ ഗണ്യമായ തോതില്‍ തോറിയത്തിന്റെ വാണിജ്യ ഉപയോഗം ആരംഭിക്കാന്‍ കഴിയൂ. കാലതാമസം ഉണ്ടെങ്കിലും, ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയെ ഡീകാര്‍ബണൈസ് ചെയ്യുന്നതില്‍ തോറിയം അധിഷ്ഠിത സംവിധാനങ്ങള്‍ ഒരു പ്രധാന പങ്കു വഹിക്കും. 2030 ഓടെ ആണവോര്‍ജ ഉല്‍പാദനശേഷി മൂന്നിരട്ടിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഊര്‍ജ സുരക്ഷയ്‌ക്കൊപ്പം സുസ്ഥിര വികസനവും കൈവരിക്കുകയെന്ന ഇരട്ടലക്ഷ്യം നേടുക കൂടിയാണ് തോറിയം ഉപയോഗിക്കുന്നതിലൂടെ തുറക്കപ്പെടുന്നത്.