ഏതാനും നാളുകള്‍ക്ക് മുന്‍പാണ് അമേരിക്കയെ നടുക്കി യുവ യാഥാസ്ഥിതിക നേതാവും ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെടുന്നത്. യൂട്ടാ സര്‍വകലാശാലയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു ടേണിങ് പോയന്റ് അമേരിക്ക എന്ന സംഘടനയുടെ സ്ഥാപകനായ ചാര്‍ളിക്കിന് വെടിയേറ്റത്. അതിന് ശേഷം എഫ്ബിഐ ഉള്‍പ്പടെയുള്ള സുരക്ഷ ഏജന്‍സികളുടെ നേതൃത്വത്തില്‍ വലിയ അന്വേഷണങ്ങള്‍ നടക്കുകയും വൈകാതെ കൊലയാളി പിടിയിലാകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അമേരിക്കന്‍ പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും ഈ കൊലപാതകമുണ്ടാക്കിയ അലയാലികള്‍ അവസാനിക്കുന്നില്ല. കൊലപാതകത്തിന്റെ പേരു പറഞ്ഞ് അമേരിക്കയില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ വേട്ടയും നിയമനടപടികളുമാണ് ട്രംപ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവും അതുണ്ടാക്കിയ പ്രത്യേക സാഹചര്യവും മുതലെടുത്ത് എതിരാളികളെയും വിമര്‍ശകരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും ജനാധിപത്യ വിരുദ്ധവുമായ കാലത്തിലേക്കാണ് അമേരിക്ക നടന്നടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

To advertise here,

ചാര്‍ളി കിര്‍ക്കിനെതിരെയോ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയോ വിമര്‍ശനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഒട്ടേറെ പേരാണ് അറസ്റ്റ് ചെയ്യപ്പെടുകയോ ഫെഡറല്‍ ഏജന്‍സികളാല്‍ ഭീഷണിപ്പെടുത്തുകയോ ചെയ്യപ്പെട്ടത്. ഒട്ടേറെ പേരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ചാര്‍ളി കിര്‍ക്ക് വംശീയവാദിയായിരുന്നെന്ന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ട പല പ്രൊഫസര്‍മാരെയും അധ്യാപകരെയും ജോലിയില്‍നിന്ന് നീക്കം ചെയ്തു. ചാര്‍ളിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പണിപോയവരുടെ കൂട്ടത്തില്‍ പൈലറ്റുമാര്‍ വരെയുണ്ട്. ചാര്‍ളി ഒരു നിയോ നാസിയായിരുന്നുവെന്നും സ്ത്രീ വിരോധിയായിരുന്നുവെന്നും വിമര്‍ശിച്ചവരെല്ലാമാണ് ഇത്തരത്തില്‍ നടപടിക്ക് വിധേയരായത്.

ചാര്‍ളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പണിപോയ മാധ്യമപ്രവര്‍ത്തകരും അവതാരകരും അമേരിക്കയില്‍ കുറവല്ല. ഇക്കൂട്ടത്തില്‍ അമേരിക്കയിലെ ഏറ്റവും ജനപ്രിയ പരിപാടിയായ ലേറ്റ് നൈറ്റ് ഷോയുടെ അവതാരകനായ ജിമ്മി കിമ്മലുമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ജിമ്മി കിമ്മലിന്റെ ഷോ നിര്‍ത്തിവെക്കാന്‍ എബിസി തീരുമാനിച്ചത് ഞെട്ടലോടെയാണ് അമേരിക്കൻ ജനത അറിഞ്ഞത്. കടുത്ത ജനരോഷത്തെ തുടർന്ന് കിമ്മലിൻറെ ഷോ പുനരാരംഭിക്കാൻ എബിസി നിർബന്ധിതരായിട്ടുണ്ട്.

 

ചാര്‍ളി കിര്‍ക്കിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ പോസ്റ്റിടുന്നവരെ ട്രാക്ക് ചെയ്യാനായി ചാർളി കിർക്ക് ഡാറ്റാ ഫൌണ്ടേഷൻ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ചാര്‍ളിയെ വിമര്‍ശിച്ച അറൂപതിനായിരത്തിലേറെപ്പേരെ തിരിച്ചറിഞ്ഞതായും വൈകാതെ ഒരുലക്ഷം പിന്നിടുമെന്നുമാണ് ഈ വെബ്‌സൈറ്റില്‍ വന്ന അപ്‌ഡേറ്റ്. വിമര്‍ശകരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ പൊതുമധ്യത്തില്‍ അപമാനിക്കുകയും ഫെഡറല്‍ ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി വാര്‍ റൂമുകളും വാളണ്ടിയര്‍മാരും പ്രവർത്തിക്കുന്നുണ്ട്. വിമര്‍ശകരുടെ ജോലി കളയിക്കലാണ് യാഥാസ്ഥിതിക സംഘടനകളുടെ നേതൃത്വത്തിലുള്ള ഇത്തരം കൂട്ടായ്മകളുടെ മറ്റൊരു ലക്ഷ്യം.

ഇത്തരത്തിലുള്ള നീക്കങ്ങളെ പ്രശംസിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്തെത്തിയതും വിവാദമായിരുന്നു. പോഡ്കാസ്റ്റ് ഷോയില്‍ അതിഥിയായി എത്തിയാണ് വാന്‍സ് ഇത്തരം നീക്കങ്ങളെ പിന്തുണച്ചത്. ചാര്‍ളിയെ പരിഹസിക്കുകയും കൊലപാതകം ആഘോഷിക്കുകയും ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തുറന്നുകാട്ടണമെന്നും അവരുടെ കമ്പനി മുതലാളിമാരെ വിളിച്ച് ജോലി കളയിക്കണമെന്നുമാണ് വാന്‍സ് പറഞ്ഞത്. പുരോഗമവാദികളും ഇടതുപക്ഷക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളുമെല്ലാമാണ് ചാര്‍ളിയെ കൊന്നതെന്നും അവര്‍ അമേരിക്കയുടെ ശത്രുക്കളാണെന്നും ട്രംപും പലതവണ പറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള ഇത്തരം സംഘടിത മുന്നേറ്റങ്ങള്‍ ഭരണകൂട പിന്തുണയോടെ രാജ്യത്തുടനീളമുണ്ടാകുന്നത്. 1950-കളില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന മെക്കാര്‍ത്തിസം എന്ന ഇരുണ്ട കാലഘട്ടത്തോടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നത്.

എന്താണ് മെക്കാര്‍ത്തിസം

 

1947 മുതല്‍ 1957-ല്‍ തന്റെ മരണം വരെ അമേരിക്കന്‍ സെനറ്റിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്നു ജോസഫ് മക്കാര്‍ത്തി. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ശാക്തിക ചേരികളുടെ നേതൃത്വത്തിലുണ്ടായ ശീതയുദ്ധം കൊടുമ്പിരികൊണ്ട നാളുകളായിരുന്നു 1950-കള്‍. ലോകംമുഴുവന്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ അമേരിക്കയിലും ഫെഡറല്‍ സര്‍ക്കാരിനുള്ളിലും നുഴഞ്ഞുകയറിയതായുള്ള ഭീതി രാജ്യം മുഴുവന്‍ പടര്‍ന്നു. ജോസഫ് മെക്കാര്‍ത്തിയായിരുന്നു ഈ ഭീതി പടര്‍ത്താന്‍ മുന്‍പില്‍ നിന്നത്. സര്‍ക്കാരിലും ഫെഡറല്‍ ഏജന്‍സികളിലും നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റ് ചാരന്‍മാരുടെ പട്ടിക തന്റെ കൈവശമുണ്ടെന്ന് മെക്കാര്‍ത്തി അവകാശപ്പെട്ടു. ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഉടന്‍തന്നെ അമേരിക്ക കമ്മ്യൂണിസ്റ്റ് ഭരണത്തിലാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഈ ഭീതി പൊതുസമൂഹത്തില്‍ ശക്തിപ്പെട്ടതോടെ വലിയ രീതിയിലുള്ള വേട്ടയും അഭിപ്രായ സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റവുമാരംഭിച്ചു.  തെളിവുകളും അടിസ്ഥാനവുമില്ലാത്ത വാദങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് വിശ്വസിപ്പിക്കലായിരുന്നു മെക്കാര്‍ത്തിസത്തിന്റെ അടിത്തറ. നിരവധി പേര്‍ യാതൊരു തെളിവുകളുമില്ലാതെ കമ്മ്യൂണിസ്റ്റുകളെന്നും ഇടത് തീവ്രവാദികളെന്നും അമേരിക്കൻ വിരുദ്ധരെന്നും മുദ്രകുത്തപ്പെട്ടു.

നടന്‍മാരും എഴുത്തുകാരും കലാകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും യൂണിയന്‍ നേതാക്കളുമെല്ലാമായിരുന്നു ഇത്തരം വിചാരണയ്ക്ക് പാത്രമായത്. കോണ്‍ഗ്രസ് കമ്മിറ്റികളും ഫെഡറല്‍ അന്വേഷണ ഏജന്‍സികളും ഇത്തരം ആരോപണങ്ങളെ കുറിച്ച് ഏകപക്ഷീയമായ അന്വേഷണങ്ങള്‍ നടത്തി. യാതൊരു തെളിവുകളുമില്ലാതെ ഇവരെയെല്ലാം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ആരോപണവിധേയരായ കലാകാരന്‍മാരും നടന്‍മാരുമെല്ലാമായി കമ്പനികള്‍ കരാറുകള്‍ അവസാനിപ്പിച്ചു. ഇത്തരം നടപടികളെ ചോദ്യംചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളാകുമെന്ന ഭീതി പരന്നു. ഇവരെ അപമാനിക്കാനും തള്ളിപ്പറയാനും പൊതുജനം നിര്‍ബന്ധിതരായി. നിരവധി നിരപരാധികളുടെ കരിയറും ജീവിതവും ഇതോടെ ഇല്ലാതായി. പല പ്രമുഖ ഹോളീവുഡ് ഡയറക്ടര്‍മാരും എഴുത്തുകാരും രാജ്യംവിടുകയോ അപരനാമത്തില്‍ ജോലിചെയ്യേണ്ടിവരികയോ ചെയ്തു. ലൈംഗികന്യൂനപക്ഷങ്ങള്‍ പരസ്യമായി അപമാനിക്കപ്പെട്ടു.

തങ്ങളുടെ ആശയങ്ങളും വിശ്വാസങ്ങളും തള്ളിപ്പറയാന്‍ തയ്യാറാവാത്തവര്‍ക്ക് ജയില്‍ശിക്ഷ ഉള്‍പ്പടെ വലിയ വില നല്‍കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് ചാരന്‍മാരല്ലെന്ന് തെളിയിക്കാനായി രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ എടുക്കേണ്ടിവന്നു. പതിനായിരക്കണക്കിന് വരുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റുകളല്ലെന്ന സത്യവാങ്മൂലം ഒപ്പിട്ടുനല്‍കി. തൊഴിലാളി സംഘടനകളും പൗരാവകാശ മുന്നേറ്റങ്ങളും സ്ത്രീവിമോചന പ്രസ്ഥാനങ്ങളുമെല്ലാം ശക്തി ക്ഷയിക്കുകയോ ഇല്ലാതാവുകയോ ചെയ്തു. സാംസ്‌കാരികമായും ഇത് വലിയ സ്വാധീനങ്ങളുണ്ടാക്കി. സിനിമകളും പുസ്തകങ്ങളുമെല്ലാം മാധ്യമങ്ങളുമെല്ലാം ഇടത്-പുരോഗമനവിരുദ്ധ ആശയങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചു. പൗരാവകാശങ്ങളും വലിയരീതിയില്‍ ലംഘിക്കപ്പെട്ടു- എഫ്ബിഐ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ജനങ്ങളുടെ വ്യക്തിജീവിതത്തില്‍ വരെ കടന്നുകയറി. അമേരിക്കയുടെ ചരിത്രത്തില്‍ അഭിപ്രായസ്വാതന്ത്ര്യം പോലും അപകടത്തിലായ ഇരുണ്ട ഏടായാണ് മെക്കാര്‍ത്തിസം വിലയിരുത്തപ്പെടുന്നത്.

മെക്കാര്‍ത്തിയിസവും ട്രംപിസവും

മെക്കാര്‍ത്തിയിസത്തിന് സമാനമായ സാഹചര്യങ്ങളിലേക്കാണ് ഇപ്പോള്‍ അമേരിക്ക നടന്നുകയറുന്നതെന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകര്‍ പോലും വിലയിരുത്തുന്നത്. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകമുണ്ടാക്കിയ പ്രത്യേക സാഹചര്യം മുതലെടുത്ത് യാഥാസ്ഥിതിക ശക്തികള്‍ പൊതുസമൂഹത്തില്‍ പിടിമുറുക്കുകയാണ്. അമ്പതുകള്‍ക്ക് സമാനമായി ഭരണകൂട പിന്തുണയും ഇതിനുണ്ട്. ചാര്‍ളി കിര്‍ക്കിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരെയെല്ലാം അപമാനിക്കാനും ജോലി കളയിക്കാനുമുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. നേരത്തെ അന്വേഷണ ഏജന്‍സികളെയാണ് ഇതിന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇൻറർനെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. പുരോഗമനവാദികളും ഇടതു തീവ്രവാദികളും ലൈംഗിക ന്യൂനപക്ഷങ്ങളുമെല്ലാം അമേരിക്ക പിടിച്ചെടുക്കാനും രാജ്യസ്‌നേഹികളെ ഉന്മൂലനം ചെയ്യാനും ശ്രമിക്കുകയാണെന്നുമുള്ള ഭീതി മുന്‍പത്തേതിലും വേഗതയിലാണ് രാജ്യത്ത് പരക്കുന്നത്.

കിര്‍ക്കിന് കൊലപാതകത്തിന് മുന്‍പേ തന്നെ സമാനമായ സാഹചര്യങ്ങള്‍ അമേരിക്കയിലുണ്ടായിരുന്നു. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നത് മുതല്‍ തന്നെ രണ്ടാം മെക്കാര്‍ത്തിയിസത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന ആശങ്കയുണ്ടായി. സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. യൂണിവേഴ്‌സിറ്റികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഫണ്ട് വെട്ടിക്കുറച്ചു. സെമറ്റിക് വിരുദ്ധ നിലപാടുകളുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലറുകള്‍ നല്‍കി. പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നവരെ വോക്ക് ആശയക്കാരെന്നും ഇടത് തീവ്രവാദികളെന്നും അമേരിക്കന്‍ വിരുദ്ധരെന്നും മുദ്രകുത്തി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ അപമാനിച്ചു.

രാജ്യത്ത് രാജ്യസ്‌നേഹികളായ അമേരിക്കക്കാരും ഇടത് തീവ്രവാദികളും എന്നിങ്ങനെ രണ്ട് വിഭാഗക്കാര് മാത്രമാണുള്ളതെന്ന നരേറ്റീവ് പ്രചരിപ്പിച്ചു.  കിര്‍ക്ക് വധിക്കപ്പെട്ടതോടെ ഇതിനെല്ലാം ആക്കം കൂടുകയാണുണ്ടായത്.

ലോകജനാധിപത്യത്തിന്റെ സംരക്ഷകരെന്നാണ് അമേരിക്ക കാലങ്ങളായി സ്വയം എടുത്തണിഞ്ഞ വിശേഷണം. ജനാധിപത്യ സംരക്ഷണമെന്ന പേര് പറഞ്ഞ് ഏഷ്യയിലും യൂറോപ്പിലുമെല്ലാം അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ക്കും ക്രൂരതകള്‍ക്കും കയ്യും കണക്കുമില്ല. അതേ അമേരിക്കയില്‍ തന്നെയാണ് ഭരണകൂട പിന്തുണയോടെ അഭിപ്രായ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നത്. സംവാദങ്ങളും ആശയസംഘട്ടനങ്ങളുമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഏകാധിപത്യവും നീതിലംഘനവുമാരോപിച്ച് വിദേശ രാജ്യങ്ങള്‍ക്ക് ഉപരോധവും കേട്ടുകേള്‍വിയില്ലാത്ത താരിഫും ചുമത്തുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇതിനെല്ലാം ചൂട്ട് വീശുന്നതെന്നാണ് മറ്റൊരു വിരോധാഭാസം.