ഒരൊറ്റ വെടിയുണ്ട. അത് ചാര്‍ലി കിര്‍ക്കിന്റെ കഴുത്തു തുളച്ചു. തോക്കു കൈവശംവെക്കാനുള്ള അവകാശത്തിനായി നിരന്തരം വാദിച്ചയാള്‍ 31-ാം വയസ്സില്‍ വെടിയേറ്റുമരിച്ചു. ''നിര്‍ഭാഗ്യവശാല്‍, എല്ലാവര്‍ഷവും കുറച്ചുപേര്‍ വെടിയേറ്റുമരിക്കുന്നത് പ്രയോജനമുള്ള കാര്യമാണെന്നു ഞാന്‍ കരുതുന്നു. എങ്കിലേ നമുക്ക് രണ്ടാംഭേദഗതി (തോക്കു കൈവശംവെക്കാന്‍ അവകാശം നല്കുന്ന ഭരണഘടനാഭേദഗതി) നടപ്പിലാക്കാന്‍ കഴിയൂ'' എന്നാണ് കിര്‍ക്ക് പറഞ്ഞിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായിരുന്നു സെപ്റ്റംബര്‍ പത്തിന് യൂട്ടാ സര്‍വകലാശാലാ കാമ്പസില്‍ വെടിയേറ്റുവീണ ചാര്‍ലി കിര്‍ക്ക്. അതിയാഥാസ്ഥിതികന്‍. വ്യത്യസ്ത ലൈംഗികാഭിരുചിയുള്ളവര്, കുടിയേറ്റക്കാര്‍, വെളുത്തവരല്ലാത്തവര്എല്ലാവരെയും ശത്രുപക്ഷത്തുകണ്ടയാള്. 'അമേരിക്കന്‍ വലതുപക്ഷത്തിനായി യുവാക്കളെ മെരുക്കുന്നവന്' എന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കിര്‍ക്കിനെ വിശേഷിപ്പിച്ചത്. യാഥാസ്ഥിതികപ്രസ്ഥാനമായ ടീ പാര്‍ട്ടിയിലെ അംഗം ബില്‍ മോണ്ട്ഗോമെറിയും വലതുപക്ഷക്കാരനായ ഫോസ്റ്റര്‍ ഫിയെസും പിതാവ് റോബര്‍ട്ട് ഡബ്ല്യു കിര്‍ക്കും നല്കിയ പണംകൊണ്ട് 18-ാം വയസ്സില്‍ 'ടേണിങ് പോയിന്റ് യുഎസ്എ' എന്ന സംഘടനയുണ്ടാക്കി കിര്‍ക്ക്. ആ സംഘടനയിലൂടെയാണ് അദ്ദേഹം യുവാക്കളെ വലതുപക്ഷത്തിനുചേര്ന്നവിധം 'മെരുക്കി'യിരുന്നത്. ട്രംപിന്റെ 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എ?െഗെന്' (മാഗാ) പ്രസ്ഥാനത്തിലേക്ക് ഒരുവലിയ മുതല്‍ക്കൂട്ടായിരുന്നു കാമ്പസുകള്‍ തോറും ടേണിങ് പോയിന്റ് യുഎസ്എയുടെ ശാഖകള്സ്ഥാപിച്ചുള്ള ഈ പ്രവൃത്തി.
കിര്‍ക്ക് മരിച്ച് ഒരുമണിക്കൂര്‍ തികയുംമുന്പ് 'മഹാന്', 'ഇതിഹാസതുല്യന്‍' എന്നീ വിശേഷണങ്ങളോടെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു ട്രംപ്. രാജ്യമെങ്ങും ദേശീയപതാക പാതിതാഴ്ത്തിക്കെട്ടാന് ഉത്തരവിട്ടു. സര്‍ക്കാരിലെയോ സൈന്യത്തിലെയോ പ്രമുഖര്‍ വിടവാങ്ങുമ്പോഴും രാജ്യത്തെ പിടിച്ചുലയ്ക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോഴുംമാത്രം ചെയ്യുന്നകാര്യം. കിര്‍ക്ക് ഒരിക്കലും സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. ട്രംപിന്റെ പ്രചാരണസംഘത്തില്പ്പോലും ഔദ്യോഗികാംഗമായിരുന്നില്ല. കിര്‍ക്കിന്റെ തന്നെ ഭാഷയില്‍പ്പറഞ്ഞാല്‍, രണ്ടാംഭേദഗതി നടപ്പിലാക്കാന്‍വേണ്ടി ജീവനേകിയ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, ട്രംപിന്റെ ഇടപെടല്‍ ആ മരണത്തിന് പ്രത്യേകമാനം നല്കി.
യാഥാസ്ഥിതികമാധ്യമമായ ബ്രെയ്ബാര്‍ട്ട് ന്യൂസില്‍ പോള്‍ ക്രൂഗ്മാനെപ്പോലുള്ള സാമ്പത്തികവിദഗ്ധരെ വിമര്‍ശിച്ച് 2012-ല്‍ എഴുതിയ ലേഖനത്തിലൂടെയാണ് കിര്‍ക്ക് ശ്രദ്ധേയനായത്. ഈ വിദഗ്ധര്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുകൊടുക്കുന്നത് പക്ഷപാതപരമായ കാഴ്ചപ്പാടുകളാണെന്നും ക്ലാസ്മുറികള് രാഷ്ട്രീയപ്രഭാഷണങ്ങളുടെ കേന്ദ്രങ്ങളാകുന്നുവെന്നും ആ ലേഖനത്തില്‍ അദ്ദേഹം വാദിച്ചു. അങ്ങനെ ലഭിച്ച മാധ്യമശ്രദ്ധയാണ് ടേണിങ് പോയിന്റിന്റെ സ്ഥാപനത്തിലെത്തിച്ചത്. ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉദിച്ചുവരുന്നകാലമായിരുന്നു അത്. ഒരേ ആശയങ്ങളിലൂന്നി സമാന്തരപാതകളിലൂടെ സഞ്ചരിച്ചവര്‍ പിന്നീട് യാത്ര ഒരുവഴിക്കാക്കി. തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ടേണിങ് പോയിന്റ് യുഎസ്എ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു.
വലതുപക്ഷം പകവീട്ടുമോ
ഒരു ആഭ്യന്തരയുദ്ധവും നാലു പ്രസിഡന്റുമാരുടെ കൊലപാതകവും തല്ലിക്കൊല്ലലുകളും കണ്ടിട്ടുള്ള അമേരിക്കയ്ക്ക് രാഷ്ട്രീയാതിക്രമങ്ങള്‍ പുതിയ പ്രതിഭാസമല്ല. പക്ഷേ, സാധാരണക്കാരായ അമേരിക്കക്കാര്‍ കൂടുതല്‍ മൗലികവാദികളായിക്കൊണ്ടിരിക്കുന്നുവെന്നത് പുതിയപ്രതിഭാസമാണ്. അത്തരമൊരു പരിതഃസ്ഥിതിയില്‍, ഒരു പ്രമുഖരാഷ്ട്രീയക്കാരിയോ/രാഷ്ട്രീയക്കാരനോ, ഏതുനേരവും ഇരയാക്കപ്പെട്ടേക്കാം. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്ക്കുനേരേയുള്ള വധഭീഷണിയില്‍ കഴിഞ്ഞവര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ 18 ശതമാനം വര്‍ധനയാണുണ്ടായത്. അങ്ങേയറ്റം അക്രമങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ വക്കിലാണ് യുഎസ് രാഷ്ട്രീയമെന്ന് മുന്നറിയിപ്പുനല്കുന്നു ഷിക്കാഗോ പ്രോജക്ട് ഓണ്‍ സെക്യൂരിറ്റി ആന്‍ഡ് ത്രെറ്റ്സ് ഡയറക്ടര്‍ റോബര്‍ട്ട് പെപ്പെ. 'രാഷ്ട്രീയഹിംസയ്ക്ക് കൂടുതല്‍ പൊതുപിന്തുണ കിട്ടുംതോറും അത് വളരെ സാധാരണമാകും' എന്നും അദ്ദേഹം പറഞ്ഞു. തോക്കിനോടുള്ള അമേരിക്കക്കാരുടെ അഭിനിവേശം കൂടിയാകുമ്പോള്‍ ഇതിനുള്ള സാധ്യതയുമേറെ. പ്രായപൂര്‍ത്തിയായ പത്തുപേരില്‍ നാലുപേരും ജീവിക്കുന്നത് തോക്കുള്ള വീട്ടില്‍. 32 ശതമാനം അമേരിക്കക്കാര്‍ക്കും സ്വന്തമായി തോക്കുണ്ടെന്നാണ് പ്യൂ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.
'വലതുപക്ഷ മൗലികവാദികള്‍, മൗലികവാദികളായിരിക്കുന്നത് അവര്‍ക്ക് കുറ്റകൃത്യങ്ങള്‍ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ്... ഇടതുപക്ഷ മൗലികവാദികളാണ് പ്രശ്നക്കാര്‍-അവര്‍ ക്രൂരരും സഹിക്കാന്കഴിയാത്തവരും രാഷ്ട്രീയബോധമുള്ളവരുമാണ്. അവര്‍ക്ക് സ്ത്രീകളുടെ കായികവിനോദങ്ങളില്‍ പുരുഷന്മാരെ പങ്കെടുപ്പിക്കണം, അവര്‍ക്കെല്ലാം ട്രാന്‍സ്ജെന്‍ഡറിനെ വേണം, അവര്‍ക്ക് തുറന്നുകിടക്കുന്ന അതിര്ത്തികള്വേണം. ഈ രാജ്യത്തിനുസംഭവിച്ച ഏറ്റവും മോശം കാര്യം.' ചാര്‍ലി കിര്‍ക്കിന്റെ മരണം നടന്ന 48 മണിക്കൂറിനുള്ളില്‍ ട്രംപ് പറഞ്ഞതാണിത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ധ്രുവീകരണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ഭീഷണികളായി ചിത്രീകരിക്കുന്ന പ്രവണതയുമേറുന്നു. കിര്‍ക്കിന്റെ മരണം ഒരുവിഭാഗം ഇടതുപക്ഷക്കാര്‍ ആഘോഷിക്കുന്നു എന്നതരത്തിലാണ് തീവ്ര വലതുസ്വഭാവമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ പ്രചാരണം. അതിനാല്‍ പ്രതികാരം ചെയ്യണമെന്ന് ആഹ്വാനംചെയ്യുന്നു അവര്‍. ഗൂഢാലോചനാസിദ്ധാന്തക്കാരനും തീവ്രവലതുപക്ഷക്കാരനുമായ അലക്സ് ജോണ്‍സ് 'ഇത് യുദ്ധമാണ്' എന്ന് പറഞ്ഞ്, ആഭ്യന്തരയുദ്ധത്തിന് ആഹ്വാനം ചെയ്തു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റപ്പോഴുണ്ടായ കാപ്പിറ്റോള്‍ കലാപത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഓത്ത് കീപ്പേഴ്സ് എന്ന സായുധസംഘടനയുടെ സ്ഥാപകന്‍ സ്റ്റ്യുവര്‍ട്ട് റോഡ്സാകട്ടെ, കിര്ക്കിനെപ്പോലുള്ളവരെ സംരക്ഷിക്കാനായി സംഘടനയെ വീണ്ടും പടുത്തുയര്‍ത്തുമെന്നു പ്രഖ്യാപിച്ചു. 'ഇടതുപക്ഷം കൊലയാളിപ്പാര്ട്ടിയാണ്' എന്ന പ്രഖ്യാപനവുമായി എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കുമെത്തി. ആശങ്കപ്പെടുത്തുംവിധം കലുഷമാകുകയാണ് അമേരിക്കന്‍ രാഷ്ട്രീയം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായിരുന്നു സെപ്റ്റംബര്‍ പത്തിന് യൂട്ടാ സര്‍വകലാശാലാ കാമ്പസില്‍ വെടിയേറ്റുവീണ ചാര്‍ലി കിര്‍ക്ക്. അതിയാഥാസ്ഥിതികന്‍. വ്യത്യസ്ത ലൈംഗികാഭിരുചിയുള്ളവര്, കുടിയേറ്റക്കാര്‍, വെളുത്തവരല്ലാത്തവര്‍ എല്ലാവരെയും ശത്രുപക്ഷത്തുകണ്ടയാള്. 'അമേരിക്കന്‍ വലതുപക്ഷത്തിനായി യുവാക്കളെ മെരുക്കുന്നവന്' എന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കിര്‍ക്കിനെ വിശേഷിപ്പിച്ചത്
അമേരിക്കന്‍ സംസ്കാരം തകര്‍ന്നുകൊണ്ടിരിക്കുന്നു, അതിനാല്‍ പല വംശങ്ങളെയും സാംസ്കാരികവൈവിധ്യങ്ങളെയും പുണരുന്നതിനെ നേരിടണം, സ്വവര്‍ഗാനുരാഗികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും അവകാശങ്ങള്‍ എടുത്തുകളയണം, അമേരിക്കയിലെ പള്ളികളുടെ പ്രസംഗപീഠങ്ങളില്‍നിന്ന് ഇത്തരം ആശയങ്ങള്‍ക്ക് അനുകൂലമായ വാക്കുകള്‍ ഉയരുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ ആശയങ്ങളാണ് കിര്‍ക്ക് പ്രചരിപ്പിച്ചത്. തൊലിവെളുത്ത അമേരിക്കക്കാര്‍ വൈകാതെ യുഎസില്‍ ന്യൂനപക്ഷമാകുമെന്നും മറ്റു നിറക്കാര്‍ അവര്‍ക്കുമേല്‍ ആധിപത്യംനേടുമെന്നുമുള്ള ഗൂഢാലോചനാസിദ്ധാന്തമായ 'ഗ്രേറ്റ് റീപ്ലേസ്മെന്റ് തിയറി'ക്കും അദ്ദേഹം പ്രചാരം നല്കി. വംശത്തിന്റെയും നിറത്തിന്റെയും മതത്തിന്റെയും ദേശത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനത്തിന് അന്ത്യംകുറിച്ച 1964-ലെ പൗരാവകാശനിയമം 'വലിയ ബുദ്ധിമോശമായിപ്പോയി' എന്നു പരിതപിച്ചു. അമേരിക്ക ഒരു ക്രിസ്ത്യന്രാഷ്ട്രമാകണമെന്നു പറയുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെയും വക്താവായിരുന്നു കിര്‍ക്ക്. ട്രംപിനും മാഗാ പ്രസ്ഥാനത്തിനും യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വീകാര്യമായി. 2020-ല്‍ 'ദ മാഗാ ഡോക്ട്രിന്‍' എന്ന പുസ്തകംതന്നെയെഴുതി.
പ്രസിഡന്റായ ട്രംപിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുന്നണിപ്പോരാളിയായി കിര്ക്കുണ്ടായിരുന്നു. തന്റെ രാഷ്ട്രീയപിന്‍ഗാമിയായി ട്രംപ് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ രാഷ്ട്രീയമുഖ്യധാരയിലേക്ക് കൊണ്ടുവന്നതിലും കിര്‍ക്കിനു പങ്കുണ്ട്. 'അമേരിക്കയിലെ യുവാക്കളെ ചാര്‍ലിയെക്കാള്‍ നന്നായി മനസ്സിലാക്കാന്‍ മറ്റാര്‍ക്കും അറിയില്ല, കഴിയില്ല' എന്നാണ് ആദരാഞ്ജലിയില്‍ ട്രംപ് കുറിച്ചത്.
കിര്‍ക്ക് കൊല്ലപ്പെട്ട് 33 മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ ഘാതകനെന്നു കരുതുന്ന ടൈലര്‍ റോബിന്‍സണ്‍ പിടിയിലായി. കൊലയുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ, രണ്ടാംലോകയുദ്ധകാലത്ത് ഫാസിസ്റ്റ് വിരുദ്ധര്‍ ആലപിച്ചിരുന്ന 'ബെല്ല ചാവോ' എന്ന ഗാനം റോബിന്‍സന്റെ തിരക്കൂടുകളിലൊന്നില് എഴുതിയിരുന്നു. ഇത് പ്രതീകാത്മകമോ, പ്രത്യയശാസ്ത്രപരമോ, തീവ്ര വലതുപക്ഷത്തിനെതിരേ വളരുന്ന രോഷത്തിന്റെ അടയാളമോ എന്നെല്ലാം അറിയാനിരിക്കുന്നതേയുള്ളൂ.
Content Highlights: Charlie Kirk: Death, Politics, and US Polarization
Published: 14 Sept 2025, 06:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented