180 കിലോമീറ്റര്‍ നീളമുള്ള ഒരു കനാല്‍ പദ്ധതിയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ കംബോഡിയക്കും വിയറ്റ്നാമിനും ഇടയില്‍ ഇപ്പോള്‍ പുകയുന്ന വിഷയം. പൂര്‍ണമായും ചൈനീസ് സാമ്പത്തിക സഹായത്തിലാണ് കംബോഡിയയുടെ ഫുനാൻ ടെക്കോ കനാല്‍ (Funan Techo Canal) പദ്ധതി. തലസ്ഥാനമായ നോം പെന്നിനെ (Phnom Penh) കടലുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കംബോഡിയ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. പാരിസ്ഥിതിക ആശങ്കകളും അയല്‍രാജ്യമായ വിയറ്റ്‌നാമുമായുള്ള ബന്ധം വഷളാകാനുള്ള സാധ്യതയും അവഗണിച്ചാണ് കനാലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കംബോഡിയ ആരംഭിച്ചത്. നാല് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി, 2028-ല്‍ കനാല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് കംബോഡിയ ലക്ഷ്യമിടുന്നത്. കനാല്‍ പൂര്‍ത്തിയാകുന്നതോടെ ആഴക്കടല്‍ തുറമുഖത്ത് നിന്ന് നോംപെന്നിലെ നദീതീരതുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം കംബോഡിയക്ക് സുഗമമാകും. പക്ഷേ, കനാല്‍ നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള കംബോഡിയയുടെ നീക്കം അയല്‍രാജ്യമായ വിയറ്റ്‌നാമിന് അത്ര പിടിച്ചിട്ടില്ല. കനാല്‍ പദ്ധതിക്കെതിരേ അവര്‍ എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു. എന്താണ് ഈ കനാല്‍ പദ്ധതി? കനാല്‍കൊണ്ട് കംബോഡിയ എന്താണ് ലക്ഷ്യമിടുന്നത്? എന്താണ് ഇക്കാര്യത്തില്‍ വിയറ്റ്‌നാമിന്റെ ആശങ്കകള്‍? ചൈനയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് താല്പര്യം? 

To advertise here,

എന്താണ് ഫുനാൻ ടെക്കോ കനാല്‍ പദ്ധതി? 

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കംബോഡിയയുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഫുനാൻ ടെക്കോ കനാല്‍. ഏകദേശം 1.7 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തുറമുഖത്തെ മെക്കോങ് (Mekong) നദിയുമായി ബന്ധിപ്പിക്കുന്ന ഒരു കൃത്രിമ കനാലാണ്. 180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കനാല്‍ വഴി തീരദേശ പ്രവിശ്യയായ കെപ്പിനെ (Kep) ലോക്ക് ഗേറ്റുകളുടെ സംവിധാനത്തിലൂടെ മെക്കോങ് നദിയുടെ നിലവിലുള്ള കനാലുമായി ബന്ധിപ്പിക്കും. ഇതോടെ അടിസ്ഥാനപരമായി തലസ്ഥാനമായ നോം പെന്നിനെ രാജ്യത്തെ ഏക ആഴക്കടല്‍ തുറമുഖമായ സിഹാനൂക്വില്ലുമായി (Sihanoukville) ഒരു ജലപാതവഴി ബന്ധിപ്പിക്കപ്പെടും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തലസ്ഥാനനഗരം മുതല്‍ ദക്ഷിണ ചൈനാ കടല്‍വരെ നീളുന്ന കംബോഡിയയുടെ ആദ്യത്തെ ജലപാതയാകും ഈ കനാല്‍. പദ്ധതിരേഖ പ്രകാരം കനാലിന് ഉപരിതലത്തില്‍ 100 മീറ്റര്‍ വീതിയും അടിത്തട്ടിന് 80 മീറ്റര്‍ വീതിയും മൊത്തം 5.4 മീറ്റര്‍ ആഴവുമാണ് പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇരുദിശകളിലേക്കും ഡെക്ക് വെയിറ്റ് 3,000  ടണ്‍ വരെ ഭാരമുള്ള കപ്പലുകള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാം. മൂന്ന് വാട്ടര്‍വേ ഡാമുകള്‍, പതിനൊന്ന് പാലങ്ങള്‍, 208 കിലോമീറ്റര്‍ നടപ്പാതകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

കംബോഡിയയില്‍ ഹുന്‍ മാനെറ്റ് (Hun Manet) സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പ്രഖ്യാപിച്ച മുന്‍ഗണനാ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നാണ് ഈ മെഗാ പ്രോജക്ട്. പദ്ധതിയുടെ സാധ്യതാപഠനം ഇതിനകം പൂര്‍ത്തിയായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുക്കുമെന്നാണ് കംബോഡിയന്‍ സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത് പ്രകാരം പദ്ധതി 2028-ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ആഴക്കടല്‍ തുറമുഖത്ത് നിന്ന് തലസ്ഥാനനഗരത്തിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കും. ബി.ഒ.ടി. വ്യവസ്ഥയില്‍ നിര്‍മിക്കുന്ന പദ്ധതി പൂര്‍ണമായും ചൈനീസ് സഹായത്തോടെയാണ് നിര്‍മിക്കുന്നത്. പ്രോജക്റ്റിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് ചൈന റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷനാണ് (സിആര്‍ബിസി). പദ്ധതിക്ക് ആവശ്യമായ 1.7 ബില്യണ്‍ യു.എസ്. ഡോളറിന്റെ മുഴുവന്‍ സാമ്പത്തിക സഹായമാണ് സിബിആര്‍സിയാണ് വഹിക്കുന്നത്. 2023 സെപ്റ്റംബറില്‍ ചൈനയുടെ ചൈന ബ്രിഡ്ജ് ആന്‍ഡ് റോഡ് കോ-ഓപ്പറേഷന്‍ കനാല്‍ നിര്‍മാണത്തിന് ധനസഹായം നല്‍കുന്നതിന് കംബോഡിയയുമായി കരാറില്‍ ഒപ്പുവച്ചു. 

placeholder
മെകോങ് നദി | Photo:mrcmekong.org

കംബോഡിയയുടെ വലിയ ലക്ഷ്യങ്ങള്‍ 

കംബോഡിയ വലിയ ലക്ഷ്യങ്ങളാണ് കനാല്‍ വഴി ലക്ഷ്യമിടുന്നത്. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കംബോഡിയയിലെ വ്യത്യസ്ത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ഫുനാൻ ടെക്കോ കനാലിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. നോം പെന്നിലെ നദീതീര തുറമുഖത്ത് നിന്ന് കെപ് പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖത്തേക്ക് ജലപാത വരുന്നതോടെ ആഭ്യന്തര-അന്തര്‍ദേശീയ വിപണികളിലേക്ക് കംബോഡിയക്ക് എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയും. ഇത് ചരക്കുകളുടെ കയറ്റിറക്കുമതി സുഗമമാക്കുകയും വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും വിപുലപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ഇതിന് പിന്നാലെ റോഡുകള്‍, പാലങ്ങള്‍, ജലപാതകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളില്‍ ഗണ്യമായ നിക്ഷേപമുണ്ടാകുമെന്നും രാജ്യത്തിന്റെ ഗതാഗത സംവിധാനത്തില്‍ മൊത്തത്തിലുള്ള പുരോഗതിയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഗതാഗതശൃംഖലകള്‍ മെച്ചപ്പെടുന്നത് വഴി ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാകുകയും സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിന് പുറമേ പദ്ധതി രാജ്യത്തിന് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശ്വാസം.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ചാലകമായി മാത്രമല്ല, പരിസ്ഥിതി സുസ്ഥിരതയുടെ ഉത്തേജകമായിക്കൂടിയാണ് കനാല്‍ പദ്ധതിയെ കംബോഡിയ നോക്കിക്കാണുന്നത്. ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗ്യം സാധ്യമാകുമെന്നും അതുവഴി രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. വെള്ളപ്പൊക്ക ലഘൂകരണവും ജലസംരക്ഷണശ്രമങ്ങളും ഇതുവഴി നടപ്പാക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. കനാല്‍ പദ്ധതി പ്രദേശത്തെ ഇക്കോടൂറിസത്തിന്റെ പ്രോത്സാഹനത്തിന് വിശാലമായ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) ആകര്‍ഷിക്കുന്നതിനുള്ള കംബോഡിയയുടെ വര്‍ദ്ധിച്ചുവരുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആഭ്യന്തര, ആഗോള വിപണികളുമായി മെച്ചപ്പെട്ട കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിലൂടെ, വിദേശ നിക്ഷേപസാധ്യത എന്ന നിലയില്‍ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ കനാല്‍ പദ്ധതിക്ക് സാധിക്കുമെന്നും കംബോഡിയ കരുതുന്നുണ്ട്.

placeholder
മെക്കോങ് നദിയിലെ നോം പെൻ തുറമുഖത്തിന്റെ കണ്ടെയ്‌നർ ടെർമിനലിൽ | Photo : Suy SE / AFP

വിയറ്റ്‌നാമിന്റെ ആശങ്കകള്‍ 

കംബോഡിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പ്രവചിക്കുമ്പോഴും വലിയ ആശങ്കയാണ് ഇക്കാര്യത്തില്‍ അവരുടെ അയല്‍രാജ്യമായ വിയറ്റ്‌നാം ഉയര്‍ത്തുന്നത്. പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തങ്ങളെയാണെന്നതാണ് വിയറ്റ്നാമിന്റെ ആശങ്കകള്‍ക്ക് പിന്നില്‍. മെക്കോങ് നദീ മേഖലയില്‍ കനാല്‍ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതത്തെ ചുറ്റിപ്പറ്റിയാണ് വിയറ്റ്നാമിന്റെ ആശങ്ക. പദ്ധതി മെകോങ് നദിയുടെ ഒഴുക്കിനെ- പ്രത്യേകിച്ച് കംബോഡിയയില്‍ നിന്ന് വിയറ്റ്നാമിലേക്കുള്ള ജലപ്രവാഹത്തെ- പ്രതികൂലമായി ബാധിക്കുമെന്നാണ് വിയറ്റ്‌നാമിന്റെ ആശങ്ക. നദിയിലെ ജലപ്രവാഹത്തില്‍ പ്രവചനാതീതമായ വ്യതിയാമുണ്ടായേക്കുമെന്ന് അവര്‍ ഭയക്കുന്നു. പദ്ധതി മെകോങ് ഡെല്‍റ്റയിലെ മത്സ്യബന്ധനത്തെയും കൃഷിയെയും ബാധിക്കുമെന്നാണ് പ്രധാന ആശങ്ക.കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തെക്കന്‍ വിയറ്റ്നാമിലെ മെക്കോങ്ങിന്റെ ഡെല്‍റ്റ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ കുറവുണ്ടായേക്കുമെന്ന തരത്തില്‍ ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു. കനാല്‍ ഒരു അണക്കെട്ട് പോലെ പ്രവര്‍ത്തിക്കുമെന്നും ഇതോടെ കനാലിന് തെക്ക് വരണ്ട മേഖലയും വടക്ക് ആര്‍ദ്ര മേഖലയും സൃഷ്ടിക്കപ്പെടുമെന്നുമാണ് പഠനം പ്രവചിച്ചത്. നീരൊഴുക്കിലെ മാറ്റം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും പ്രദേശത്തെ ജീവികളുടെ ആവാസ വ്യവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുമെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടക്കാണിക്കുന്നു.

പരിസ്ഥിതിയേക്കള്‍ കംബോഡിയയുടെ കനാല്‍ പദ്ധതിയെക്കുറിച്ചുള്ള വിയറ്റ്‌നാമിന്റെ ആശങ്കക്ക് അടിസ്ഥാനം സാമ്പത്തികമാണ്. കംബോഡിയയുടെ കനാല്‍ വിയറ്റ്നാമിന് സൃഷ്ടിച്ചേക്കാവുന്ന സാമ്പത്തിക ആഘാതമാണ് അവരുടെ പ്രധാന ആശങ്ക. കംബോഡിയയുടെ പ്രധാന വ്യവസായമായ വസ്ത്ര കയറ്റുമതിയും അതിന്റെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കും വിയറ്റ്‌നാമിന്റെ തുറമുഖങ്ങളിലൂടെയാണ് നടക്കുന്നത്. ചൈനയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും യു.എസിലേക്കും പാശ്ചാത്യ വിപണികളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും മെക്കോങ് ഡെല്‍റ്റയില്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്‌നാമിന്റെ തുറമുഖങ്ങളെയാണ് അവര്‍ ആശ്രയിക്കുന്നത്. 2011 മുതല്‍, ഏകദേശം 30 ദശലക്ഷം ടണ്‍ ചരക്കുകള്‍ വിയറ്റ്നാം-കംബോഡിയ ജലപാത വഴികളിലൂടെ കയറ്റി അയച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പുതിയ കനാല്‍ വരുന്നതോടെ ചരക്കുനീക്കത്തിനായി വിയറ്റ്‌നാമിനെ കംബോഡിയ ആശ്രയിക്കുന്നത് കുറയും. ഇത് കംബോഡിയന്‍ ചരക്കിന്റെ കയറ്റിറക്കുമതിയില്‍ നിന്നുള്ള വിയറ്റ്നാമിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും. കയറ്റിറക്കുമതിക്ക് ഒരു ബദല്‍ മാര്‍ഗം വരുന്നതോടെ വിയറ്റ്നാമിലെ തുറമുഖങ്ങളുടെയും വരുമാനം വലിയ തോതില്‍ ഇടിയുമെന്നാണ് അവര്‍ ഭയക്കുന്നത്.

നിലവില്‍ കംബോഡിയയ്ക്ക് രണ്ട് പ്രധാന തുറമുഖങ്ങളാണുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ആഴക്കടല്‍ തുറമുഖവും നോംപെന്നില്‍ മെക്കോങ് നദിയിലെ തുറമുഖവും. രണ്ട് തുറമുഖങ്ങളും റോഡ് വഴിയും തെക്കുപടിഞ്ഞാറന്‍ റെയില്‍ പാത വഴിയും ബന്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ, രണ്ട് തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന ജലപാത നിലവിലില്ല. നോം പെന്നില്‍ നിന്ന് ആഴക്കടല്‍ തുറമുഖത്തേക്കും തിരിച്ചും റോഡ്, റെയില്‍ വഴിയാണ് നിലവില്‍ ചരക്ക് നീക്കം സാധിക്കുക. ഇത് ചെലവേറിയതും സമയനഷ്ടം ഉണ്ടാക്കുന്നതുമാണ്. ഇതോടെയാണ് ചരക്ക് നീക്കത്തിനായി കംബോഡിയ വിയറ്റ്‌നാമിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. കംബോഡിയയുടെ വസ്ത്രമേഖലയിലെ ഫാക്ടറികളില്‍ പകുതിയും നോം പെന്‍ നഗരത്തിലാണ്. അവിടെനിന്ന് വിയറ്റ്‌നാമിലെ തുറമുഖങ്ങളിലേക്ക് മെകോങ് നദിയിലൂടെ ജലപാതകളുണ്ട്. ഇതുവഴി വിയറ്റ്‌നാമിലെ തുറമുഖങ്ങളിലേക്ക് ബാര്‍ജുകളില്‍ ചരക്ക് ഗതാഗതം സാധ്യമാണ്. അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയും ഇതേമാര്‍ഗത്തിലൂടെ നടക്കും. സിഹാനൂക്വില്ലില്‍ നിന്ന് നോം പെന്നിലേക്ക് റെയില്‍ വഴിയോ റോഡ് വഴിയോ ചരക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ ലാഭകരമാണ്. 2009-ല്‍ ഇരു രാജ്യങ്ങളും ജലഗതാഗത ഉടമ്പടി ഒപ്പുവെച്ചു. ഇതോടെ മെകോങ് നദിയിലൂടെയും അതിന്റെ പോഷകനദികളിലൂടെയും കംബോഡിയയ്ക്കും വിയറ്റ്നാമിനും ഇടയിലുള്ള കയറ്റുമതി സുഗമമാക്കി. 

placeholder
 ഫുനാൻ ടെക്കോ കനാലിന്റെ നിർമാണപ്രവർത്തനങ്ങൾ  | Photo : Suy SE / AFP

ചൈനയുടെ നേട്ടവും വിയറ്റ്‌നാമിന്റെ ഭയവും

ഫുനാൻ ടെക്കോ കനാല്‍ പദ്ധതിയുടെ പ്രധാന പങ്കാളിയെന്ന നിലയില്‍ കരാര്‍ പ്രകാരം, കനാലിന്മേല്‍ ചൈനയ്ക്ക് 40 മുതല്‍ 50 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക അധികാരം ലഭിക്കും. ഈ കാലയളവില്‍, ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചൈനക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കും. 50 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ കനാലിന്റെ നടത്തിപ്പ് അവകാശം കംബോഡിയക്ക് ലഭിക്കുകയുള്ളൂ. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.) എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വ്യാവസായിക വികസനം, നെല്ല്, മത്സ്യ ഇടനാഴി എന്നിവയുടെ പൂര്‍ണ്ണമായ നിര്‍വ്വഹണത്തിന് ഈ കനാല്‍ വഴിയൊരുക്കും. മേഖലയിലെ ചൈനയുടെ നിക്ഷേപം വഴി കാംബോഡിയയുമായുള്ള സാമ്പത്തിക, നയതന്ത്ര, ഭൗമരാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവരുടെ നീക്കങ്ങളെ ശക്തിപ്പെടുത്തും. ഗണ്യമായ നിക്ഷേപം എത്തുന്നത്  കംബോഡിയയുടെ ചൈനയുമായുള്ള സാമ്പത്തിക ആശ്രിതത്വം വര്‍ധിപ്പിക്കും. അതുവഴി ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കും. കംബോഡിയയുടെ പ്രധാന സാമ്പത്തിക പങ്കാളിയായി മാറുന്നതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ചൈനയ്ക്ക് സാധിക്കും. ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നിര്‍ണായകവുമാണ്. 

ചൈനയോട് കംബോഡിയ വലിയ സാമ്പത്തിക ആശ്രയം പുലര്‍ത്തുന്നതാണ് വിയറ്റ്‌നാമിനെ ആശങ്കപ്പെടുത്തുന്നത്. ചൈനീസ് ഇടപെടല്‍  പ്രദേശത്ത് വിയറ്റ്നാമിന്റെ സ്വാധീനം കുറയ്ക്കും. പദ്ധതിയ രാഷ്ട്രീയ സ്വാധീനത്തിനായി ചൈന ഉപയോഗിക്കുമെന്ന ഭയം വിയറ്റ്‌നാമിനുണ്ട്. സാമ്പത്തിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തില്‍ കംബോഡിയ പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ചൈനയെ സ്വാഭാവികമായും പിന്തുണയ്ക്കും. സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കംബോഡിയന്‍ പ്രദേശത്തിനുള്ളില്‍ ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിച്ചേക്കുമെന്നാണ് വിയറ്റ്‌നാം ചൂണ്ടിക്കാണിക്കുന്നത്. മേഖലയില്‍ സൈനിക നീക്കത്തിന് വരെ ചൈന ഈ കനാല്‍ ഉപയോഗിച്ചേക്കുമെന്നാണ് വിയറ്റ്‌നാമിന്റെ ആശങ്ക. തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ നിന്ന് പ്രവേശിച്ച് കംബോഡിയന്‍-വിയറ്റ്‌നാം അതിര്‍ത്തിയോട് അടുക്കുന്ന സൈനിക കപ്പലുകളെ ഉള്‍ക്കൊള്ളാനുള്ള കനാലിന്റെ ശേഷിയാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ചൈനയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടും എന്നതാണ് ആശങ്ക.