
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ വെല്ലുവിളിയാവുക ദക്ഷിണേന്ത്യയായിരിക്കും. ഹിന്ദുത്വ രാഷ്ട്രീയം അത്രകണ്ട് ഏശാത്ത മണ്ണില്‍ വികസനമാണ് ബി.ജെ.പിയുടെ പ്രചരണായുധം. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്നത് കര്‍ണാടകത്തില്‍ മാത്രമാണ്. മറ്റിടങ്ങളില്‍ ഇന്ത്യ മുന്നണിയിലെ പ്രാദേശിക പാര്‍ട്ടികളാണ് ബി.ജെ.പിയുടെ എതിരാളി. തത്വത്തില്‍ ദക്ഷിണേന്ത്യ, ഇന്ത്യ സഖ്യത്തിന്റെ ശക്തികേന്ദ്രവും കോണ്‍ഗ്രസിന്റെ സുരക്ഷിത മേഖലയുമാണ്. 2014-ലും 2019-ലും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടപ്പോഴും കോണ്‍ഗ്രസിനെ തുണച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളാണുളളത്. തൊട്ടുപിന്നില്‍ കര്‍ണാടക 28, ആന്ധ്ര 25, തെലങ്കാന 17, കേരളം 20, പുതുച്ചേരി ഒന്ന്. ദക്ഷിണേന്ത്യയില്‍ ആകെ 130 മണ്ഡലങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിൽ 29 സീറ്റാണ് ബി.ജെ.പി നേടിയത്. കര്‍ണാടകയിൽ 25 ഉം തെലങ്കാനയില്‍ നാലും. കേരളം, ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ട് ശതമാനം ഉയര്‍ത്തിയതല്ലാതെ ഏതെങ്കിലും സീറ്റിൽ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ സ്ഥിതി ദക്ഷിണേന്ത്യയില്‍ മോശമല്ല. 2019-ല്‍ നേടിയത് 28 സീറ്റ്. കൂടുതല്‍ സീറ്റ് ലഭിച്ചത് കേരളത്തില്‍ 15. തമിഴ്‌നാട്- 8, തെലങ്കാന- 3, കര്‍ണാടക- ഒന്ന് , പുതുച്ചേരി- ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സീറ്റുനില. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലും തെലങ്കാനയിലും അധികാരം പിടിക്കാനായത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ ഡി.എം.കെ., മുസ്ലീം ലീഗ്, ഇടതുപാര്‍ട്ടികള്‍ക്കും ദക്ഷിണേന്ത്യയില്‍ മേല്‍ക്കൈ ഉണ്ട്.
വീണ്ടും തുണയ്ക്കുമോ കര്‍ണാടക?
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നഡനാട് താമര വിട്ട് കൈ പിടിച്ചു. ഡി.കെ ശിവകുമാറെന്ന ഡി.കെയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ പാളയത്തില്‍ പടയുമായി ഇറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടു. 224 അംഗ നിയമസഭയില്‍ 42 ശതമാനം വോട്ടോടെ 135 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചു. 36 ശതമാനം വോട്ട് നേടിയ ബിജെപി 66 സീറ്റിലൊതുങ്ങി. ജെ.ഡി.എസ് 19 ഉം മറ്റുളളവര്‍ നാല് മണ്ഡലങ്ങളിലും വിജയിച്ചു. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസിന് 55 സീറ്റ് കൂടിയപ്പോള്‍ ബി.ജെ.പിക്ക് 38 മണ്ഡലങ്ങള്‍ നഷ്ടമായി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് കര്‍ണാടകയിലാണ്. ആകെ 28 മണ്ഡലങ്ങളുളളതില്‍ ബി.ജെ.പി. 25 സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ ബി.ജെ.പി. പിന്തുണയോടെ നടി സുമലത ജയിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും ഓരോ സീറ്റ് വീതം നേടി.
2019 ആവര്‍ത്തിക്കാനുളള സാധ്യത കര്‍ണാടയില്‍ കുറവാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നു. നിയമസഭാ വോട്ട് ശതമാനം കണക്കിലെടുക്കുമ്പോള്‍ 15 മുതല്‍ 20 സീറ്റില്‍ വരെ ജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാലിത് എത്രമാത്രം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് കണ്ടറിയണം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തന്നെയാണ് പ്രധാന കാരണം. ഇത് തിരിച്ചറിഞ്ഞാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ടാണ് ബി.ജെ.പി.യുടെ നീക്കങ്ങള്‍. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി. ലിംഗായത്ത് സമുദായം കോണ്‍ഗ്രസിനോട് കാണിക്കുന്ന അതൃപ്തി മുതലെടുക്കാന്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി. ദേവഗൗഡയെ കൂടെ നിര്‍ത്തിയത് വൊക്കലിഗ സമുദായത്തിന്റെ പിന്തുണയ്ക്കും വഴിവെച്ചേക്കും. പിണങ്ങി നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനും നേതൃതലത്തില്‍ ഊര്‍ജ്ജിത ശ്രമങ്ങളുണ്ട്. ജനപ്രീതി കുറഞ്ഞ സിറ്റിങ് എംപിമാരെ മാറ്റിനിര്‍ത്തിയാകും ബി.ജെ.പി. മത്സരിക്കാനിറങ്ങുക.

വാഴ്ത്തുമോ തമിഴകം
കര്‍ണാടക കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. കണ്ണുവെക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയം വേരോടിയ മണ്ണില്‍ ബി.ജെ.പി. രണ്ടും കല്‍പ്പിച്ചാണ്. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൊമ്പുകോര്‍ക്കുന്ന തമിഴകത്ത് അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് പാര്‍ട്ടി. എം.കെ സ്റ്റാലിന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാക്കാമെന്നാണ് ബി.ജെ.പി. കണക്കൂകൂട്ടല്‍. അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞത് തിരിച്ചടി ആകില്ലെന്നും ഒറ്റയ്ക്ക് ശക്തി പ്രകടിപ്പിക്കാനാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2019-ല്‍ ആകെയുളള 29 സീറ്റില്‍ 28ലും ജയിച്ചത് ഡി.എം.കെ. സഖ്യമായിരുന്നു. 2014-ല്‍ കന്യാകുമാരി മണ്ഡലത്തില്‍നിന്ന് ബി.ജെ.പിയുടെ പൊന്‍ രാധാകൃഷ്ണന്‍ ജയിച്ചെങ്കിലും 2019-ല്‍ ജയം ആവര്‍ത്തിക്കാനായില്ല.
പശ്ചിമഘട്ടത്തോട് ചേര്‍ന്നുളള പടിഞ്ഞാറന്‍ മേഖലയിലാണ് ബിജെപിയുടെ കണ്ണ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.അണ്ണാമലൈ എന്ന സംസ്ഥാന പ്രസിഡന്റിന്റെ കരുത്തിലാണ് വിശ്വാസം. തമിഴ്‌നാട് സംസ്‌കാരത്തെ ഭാരതീയ പൈതൃകവുമായി ബന്ധപ്പെടുത്തിയുളള പ്രധാനമന്ത്രിയുടെ പരമാര്‍ശങ്ങളെല്ലാം തമിഴ് വോട്ട് ലക്ഷ്യമിട്ടുളള നീക്കങ്ങളാണ്. കാശി-തമിഴ് ബന്ധവും ചെങ്കോല്‍ രാഷ്ട്രീയവുമെല്ലാം വിഷയമാക്കുന്നത് ഇതിന്റെ ഭാഗം. ഇത്തവണ അഞ്ചു സീറ്റെങ്കിലും ബി.ജെ.പി. സ്വപ്നം കാണുന്നു. തമിഴ്‌നാട്ടിലെ ഏതെങ്കിലും മണ്ഡലത്തില്‍ മോദി മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. മത്സരിക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയാകെ ഇതിന്റെ അലയൊലി ഉണ്ടാകുമെന്ന് ഉറപ്പ്.
'കൈ'ക്കരുത്തില്‍ തെലങ്കാന
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു കോട്ടയാണ് തെലങ്കാന. മാസങ്ങള്‍ക്കു മുന്‍പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിനെ തറപറ്റിച്ച് അധികാരത്തിലെത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് കനത്ത ആത്മവിശ്വാസം നല്‍കുന്നു. 39 ശതമാനം വോട്ടോടെ 64 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. 13 ശതമാനം വോട്ട് നേടിയ ബിജെപി 8 സീറ്റില്‍ വിജയിച്ചു. അധികാരം നഷ്ടപ്പെട്ടെങ്കിലും ബിആര്‍ എസിന് 37 ശതമാനം വോട്ട് നേടാനായി. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ആകെ 17 ലോക്‌സഭാ മണ്ഡലങ്ങളാണ് തെലങ്കാനയില്‍ ഉളളത്. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്. വിജയിച്ചത് 9 സീറ്റില്‍. 2014-നേക്കാള്‍ 2 സീറ്റ് കുറവ്. ബി.ജെ.പിയാകട്ടെ നില മെച്ചപ്പെടുത്തി. ഒന്നില്‍ നിന്ന് നാലിലേക്കായിരുന്നു കുതിച്ചു ചാട്ടം. കോണ്‍ഗ്രസ് 3 സീറ്റ് നേടിയപ്പോള്‍ ഒരു സീറ്റ് മജ്‌ലിസ് പാര്‍ട്ടി നേടി. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. എന്നാല്‍ ബി.ആര്‍.എസിന്റെ ശക്തമായ സാന്നിധ്യം സാഹചര്യം വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി സീറ്റാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ജഗന്മയം ആന്ധ്ര
25 ലോക്‌സഭാ സീറ്റുകളുളള ആന്ധ്രയില്‍ പൊതുതിരഞ്ഞെടുപ്പിന് ഒപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ഇത്തവണ എതിരാളികള്‍ രണ്ടാണ്. കോണ്‍ഗ്രസും തെലങ്കുദേശം പാര്‍ട്ടിയും. ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് കാര്യമായ റോളില്ല. ബി.ജെ.പി. മുന്നണിയുടെ ഭാഗമല്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്ന പാര്‍ട്ടിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. രാജ്യസഭയിലും ലോക്‌സഭയിലും കേന്ദ്രം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം ഘടകകക്ഷിയെ പോലെയായിരുന്നു വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 സീറ്റിലായിരുന്നു ജഗന്റെ പാര്‍ട്ടിയുടെ വിജയം. മൂന്ന് സീറ്റ് ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി നേടി. ജഗനുമായി തെറ്റിപ്പിരിഞ്ഞ സഹോദരി വൈ.എസ്. ശര്‍മിളയെ പാളയത്തില്‍ എത്തിച്ച് പുതു പരീക്ഷണത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്.
കേരളാ സ്വപ്നങ്ങള്‍
കോണ്‍ഗ്രസും സി.പി.എമ്മും നേതൃത്വം നല്‍കുന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ കൊമ്പുകോര്‍ക്കുന്ന കേരളത്തില്‍ ബി.ജെ.പി. കാലങ്ങളായി കാഴ്ച്ചക്കാരായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോഴുണ്ടായ തരംഗത്തില്‍ എല്‍.ഡി.എഫിന് അടിതെറ്റി. യു.ഡി.എഫ്. മുന്നണി 19 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് 15, മുസ്ലീം ലീഗ് 2, ആര്‍.എസ്.പി ഒന്ന്, കേരളാ കോണ്‍ഗ്രസ് മാണി ഒന്ന്. ഇതില്‍ കേരളാ കോണ്‍ഗ്രസ് മാണി ഇപ്പോള്‍ ഇടതുപാളയത്തിലാണ്. കനലൊരു തരി പോലെ ആലപ്പുഴയില്‍ മാത്രം എല്‍.ഡി.എഫ്. വിജയിച്ചു. യു.ഡി.എഫിന്റെ വോട്ടുവിഹിതം 47 ശതമാനമായി ഉയര്‍ന്നു. ഇടതുമുന്നണിക്ക് 36 ശതമാനം വോട്ട് കിട്ടി. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വോട്ട് വര്‍ധിപ്പിക്കുകയാണ്. 2014-നേക്കാള്‍ രണ്ട് ശതമാനം വോട്ട് വര്‍ധിപ്പിച്ച ബി.ജെ.പി. 2019-ല്‍ 15 ശതമാനത്തിലധികം വോട്ട് നേടി.
തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യതയുളള സംസ്ഥാനമാണ് കേരളം. ആയതിനാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്നത് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ കൂടി താത്പര്യമാണ്. കേരളത്തില്‍ മുഖ്യ എതിരാളി കോണ്‍ഗ്രസല്ല, ഇടതുപാര്‍ട്ടികളാണെന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വത്തിന്റെ തന്ത്രം. എല്‍.ഡി.എഫും ഇതേ തന്ത്രം അവലംബിക്കുന്നു. തൃശൂര്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് നയതന്ത്ര കളളക്കടത്ത് വിഷയം പ്രധാനമന്ത്രി ഉയര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ കാരണം യു.പി.എ. ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ സമര്‍ദ്ദം മൂലമാണെന്ന പ്രചാരണവും വരും ദിവസങ്ങളില്‍ ബി.ജെ.പി. ശക്തമാക്കും. വയനാട്ടില്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന പ്രചാരണവും ആവര്‍ത്തിക്കും.
ചേരിമാറുമോ പുതുച്ചേരി?
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന്റെ കൈവശമാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി- എ.എന്‍.ആര്‍.സി സഖ്യം കോണ്‍ഗ്രസിനെ അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാകുന്നു.
പിന്‍കുറിപ്പ്: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയത് ആകെയുളള 543-ല്‍ 303 സീറ്റിലും വിജയിച്ചായിരുന്നു. ദക്ഷിണേന്ത്യയില്‍ ജയിച്ച 29 സീറ്റ് കുറച്ചാലും കേവല ഭൂരിപക്ഷത്തിന് മുകളിലായിരുന്നു ബി.ജെ.പിയുടെ അംഗബലം.
Content Highlights: BJP on Mission South, eyes more seats in southern states
Published: 15 Jan 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented