'സിന്ധു നദിജലം പാകിസ്താന്റെ അവകാശമാണ്. ജലം തന്നില്ലെങ്കില്‍ ഇന്ത്യക്കാരന്റെ ചോരയൊഴുക്കും.' പറയുന്നത് ബിലാവല്‍ ഭൂട്ടോ. ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരന്‍. ബേനസീര്‍ ഭൂട്ടോയുടെ മകന്‍. ഇന്ത്യക്കാരന്റെ ചോരയൊഴുക്കാൻ ഭൂട്ടോ കുടുംബം പദ്ധതിയിട്ടു തുടങ്ങിട്ട് കാലം കുറച്ചായി, ഇത് നാലാം തലമുറയാണ്.
ബിലാവല്‍ ഭൂട്ടോ അറിയാത്ത കഥകളുണ്ട് ഇന്ത്യാ ചരിത്രത്തില്‍. അത് മുതുമുത്തച്ഛന്‍ സര്‍ ഷാനവാസ് ഭൂട്ടോയില്‍ തുടങ്ങുന്നതാണ്. മുംബൈ പ്രവിശ്യയില്‍ നിന്ന് സിന്ധിന് വിടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യവട്ടമേശ സമ്മേളത്തില്‍ വാദിച്ചതാണ് ഷാനവാസ് ഭൂട്ടോ. 1931-ലെ ഈ ആവശ്യം ബ്രിട്ടീഷുകാര്‍ 1935-ല്‍ നടപ്പാക്കിക്കൊടുത്തു. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള വെള്ളക്കാരന്റെ തന്ത്രങ്ങള്‍ക്ക് ഷാനവാസ് ഭൂട്ടോ സ്തുതി പാടി. സിന്ധില്‍ സ്വന്തം രാഷ്ട്രീയമോഹങ്ങളുമായി രാഷ്ട്രീയം കളിച്ചു. അവിഭക്ത ഇന്ത്യയില്‍ ജിന്നയ്ക്ക് പിന്നാലെ മതത്തെ അതിതീവ്രം ദൈനംദിന രാഷ്ട്രീയത്തില്‍ കളിക്കാന്‍ ഇറക്കിയ നേതാവു കൂടിയാണ് ഷാനവാസ് ഭൂട്ടോ. എന്നാല്‍, ഇന്ത്യാ വിഭജനകാലത്താണ് ഇന്ത്യയുടെ ചോരയ്ക്കായുള്ള ഭൂട്ടോയുടെ കൊതി പുറത്തുവന്നത്. അക്കാലം ജുനാഗഢ് നവാബിന്റെ ദിവാനായിരുന്നു ഭൂട്ടോ.
നവാബ് ജനപ്രിയനായിരുന്നു. ഗീര്‍ വനത്തിലെ സിംഹങ്ങളെ രക്ഷിച്ചവന്‍. സ്വന്തമായി രണ്ടായിരത്തോളം അഭിജാതരായ നായ്ക്കുട്ടികളെ വളര്‍ത്തിയവന്‍. ശ്വാനവിവാഹത്തിന് കോടികള്‍ ചെലവിട്ടവന്‍. അദ്ദേഹം യൂറോപ്പിലായിരിക്കേ ദിവാന്‍ ജിന്നയുമായി ഗൂഢാലോചന നടത്തി. ജുനാഗഢിനെ പാകിസ്താനില്‍ ലയിപ്പിക്കാന്‍ തീര്‍ച്ചപ്പെടുത്തി. തിരിച്ചുവന്ന നവാബ് പാക് കെണിയില്‍ കൂടുങ്ങി. പാക്കിസ്താനുമായി പങ്കിടാന്‍ അതിര്‍ത്തി പോലും ഇല്ലാഞ്ഞിട്ടും ജുനാഗഢ് പാകിസ്താനില്‍ ചേരും എന്നു പ്രഖ്യാപിച്ചു.

ജനാഗഢ് ജനത പക്ഷേ, ഇന്ത്യക്കൊപ്പം നിന്നു. സൗരാഷ്ട്രക്കാരന്റെ വികാരത്തെ ജിന്നയുടെ കാല്‍ക്കല്‍വച്ചു തൊഴാന്‍ അവര്‍ തയ്യാറായില്ല. കത്തിയാവാറിന്റെ ശബ്ദമായി മംഗ്രോലും ബാബറിയാവാഡും ജുനാഗഡില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സമാല്‍ദാസ് ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവാസ സര്‍ക്കാരുണ്ടാക്കി. വൈകാതെ സര്‍ദാര്‍ പട്ടേല്‍ ഇന്ത്യന്‍ സൈന്യത്തെ ജുനാഗഢിലേക്ക് അയച്ചു. ജുനാഗഢ് ഇന്ത്യയുടേതായി. പിന്നീട് നടന്ന ജനഹിതപരിശോധനയിലും ജുനാഗഢിന്റെ വികാരം ഇന്ത്യക്കൊപ്പം നിന്നു. പാകിസ്താനിലേക്ക് കടന്ന ഷാനവാസ് ഭൂട്ടോ പിന്നീട് പാക് പ്രസിഡണ്ടായ ഇസ്‌കന്ദര്‍ മിര്‍സയുടെ കൂട്ടാളിയായി അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ കളിച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനാണ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ. ബിലാവലിന്റെ മുത്തച്ഛന്‍. 1965 ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറുമായി ഭൂട്ടോ കശ്മീര്‍ ലക്ഷ്യമിട്ടു. ഇന്ത്യ-പാക് യുദ്ധത്തിലേക്ക് ഇത് നീണ്ടു.
സുള്‍ഫിക്കര്‍ ഭൂട്ടോയുടെ അധികാരക്കൊതി അടുത്ത ഇന്ത്യ- പാക് യുദ്ധത്തിനും വഴിയൊരുക്കി. അവാമി ലീഗിന്റെ വിജയം അംഗീകരിക്കാതെ ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ്. ലക്ഷക്കണക്കിന് ബംഗാളികളുടെ കൂട്ടക്കൊല. ഒടുവില്‍ ബംഗ്ലാ വിമോചനം. അന്നത്തെ നാണംകെട്ട തോല്‍വി മറന്നാണ് ഇപ്പോള്‍ പാകിസ്താന്‍ സിംലാ കരാര്‍ റദ്ദാക്കുന്നത്. സിയാവുള്‍ ഹഖിന്റെ പട്ടാള ഭരണകൂടം റാവല്‍പിണ്ടി ജയിലില്‍ തൂക്കിക്കൊല്ലും മുമ്പേ പാകിസ്താന്റെ വിധി മാറ്റിയെഴുതി സുള്‍ഫിക്കര്‍ അലി ഭൂട്ടോ. ആ അനിശ്ചിതത്വങ്ങളിലേക്കാണ് ബേനസീര്‍ ഭൂട്ടോ വന്നത്.
എല്ലാ അധികാരത്തര്‍ക്കങ്ങളിലും ബേനസീറിനും ഇന്ത്യയ്ക്കെതിരായ വികാരം ഉയര്‍ത്തല്‍ ലക്ഷ്യമായി. കശ്മീരിലെ ഓരോ വീട്ടിലും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയരുമെന്ന് ബേനസീറും പറഞ്ഞു. പലപ്പോഴും ഇന്ത്യ മാത്രമേ അവരെ സഹായിക്കാന്‍ ഉണ്ടായുള്ളൂ എന്നത് വിധിവൈപരീത്യം. റാവല്‍പിണ്ടിയില്‍ വച്ചു തന്നെ ബേനസീറും അന്ത്യയാത്രയായി. മുത്തച്ഛന്‍ കൊളുത്തിയ പോര്‍മുഖങ്ങളെല്ലാം ഇന്നും എരിഞ്ഞുകൊണ്ടിരിക്കേ പരിമിതമായ ജനാധിപത്യം പോലും ബാക്കിയില്ലാത്ത പാകിസ്താനില്‍ നിന്നാണ് ഭൂട്ടോ കുടുംബത്തിലെ നാലാം തലമുറയും ഇന്ത്യക്കെതിരേ പോര്‍വിളി നടത്തുന്നത്.
പഞ്ചാബിലേയും സിന്ധിലേയും ഗോതമ്പുപാടങ്ങള്‍ തരിശായേക്കും. ഉരുളക്കിഴങ്ങു വിളയില്ല. കരിമ്പു മധുരിക്കില്ല. കടുകുപാടങ്ങളില്‍ മഞ്ഞപ്പൂക്കള്‍ വിരിയില്ല. ഒരു യുദ്ധത്തിലും ചെയ്യാത്തവിധം ഇന്ത്യ സിന്ധു നദിക്ക് ചാലു കീറുകയാണ്. ലോകരാഷ്ട്രീയത്തില്‍ തന്നെ പാകിസ്താന്‍ ഗണനീയശക്തി അല്ലാതാവുന്നതിനിടെ. കശ്മീരദേശത്തെ ചോരയും നദികളിലെ ജലവും ഒന്നിച്ചൊഴുക്കാന്‍ പറ്റില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ബിലാവലിന്റെ കൊലവിളിയില്‍ തലമുറകളുടെ വെറുപ്പു മുഴങ്ങുകയാണ്.
Content Highlights: Bhutto Family`s History of Anti-India Sentiment
Published: 26 Apr 2025, 08:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented