1971-ലെ യുദ്ധത്തിന് ശേഷം പാകിസ്താനുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത്. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ തോക്കിനിരയാക്കിയ പാക് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ തീരുമാനിച്ച ഇന്ത്യ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി നൂറിലധികം ഭീകരരെ വധിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ ഡ്രോണ്‍- മിസൈല്‍ ആക്രമണം നടത്തി തിരിച്ചടിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ പതിനൊന്ന് സൈനികവിമാനത്താവളങ്ങൾ ഇന്ത്യ തകര്‍ത്തു. വെടിനിര്‍ത്തലിന് അപേക്ഷിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായി.

To advertise here,

ഇന്ത്യയെ 'ചൊറിയാന്‍' മുന്നിട്ടിറങ്ങും മുമ്പ് സ്വന്തം രാജ്യത്തെ അവസ്ഥയെന്താണെന്ന് പാകിസ്താന്‍ ചിന്തിച്ചില്ല. ബലൂചിസ്താനിലും പഷ്തൂണ്‍ മേഖലകളിലും നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുന്ന സമയത്താണ് പാകിസ്താന്‍ ഇന്ത്യയ്ക്കെതിരേ  കച്ചകെട്ടിയിറങ്ങിയത്. പ്രതിഷേധക്കാരിൽ തെഹ്രീക്കെ താലിബാനും (ടി.ടി.പി) ബലൂച് ലിബറേഷന്‍ ആര്‍മിയും (ബി.എല്‍.എ) സായുധ സംഘങ്ങളുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവരുടെ വ്യോമസേനയ്ക്കു വരുത്തിയ നാശനഷ്ടങ്ങള്‍ ബലൂചിസ്താനിലും സിന്ധിലും മറ്റും നടക്കുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള പാക് പട്ടാളത്തിന്റെ ശേഷിയെ ഗണ്യമായി കുറച്ചിരിക്കുന്നു.

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ മാനസികമായും അല്ലാതെയും വീര്യംകെട്ടു നില്‍ക്കുന്ന പാക് സൈന്യത്തിന് നേരേ അവര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 'അധിനിവേശ' ബലൂചിസ്താനിലെ 51 ഇടങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ഏകോപിതമായ 71 ആക്രമണങ്ങള്‍ ബി.എല്‍.എ നടത്തിയിട്ടുണ്ടെന്ന് അവരുടെ വക്താവ് ജീയന്ദ് ബലൂചും പത്രക്കുറിപ്പില്‍ അറിയിച്ചു. 

ശത്രുവിനെ നശിപ്പിക്കുക മാത്രമായിരുന്നില്ല, സൈനികമായ ഏകോപനം, ഗ്രൗണ്ട് കണ്‍ട്രോള്‍, പ്രതിരോധം തുടങ്ങിയവയൊക്കെ പരീക്ഷിക്കുകയും ഭാവിയിലെ സംഘടിതമായ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയുമായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ബലൂചിന്റെ പത്രക്കുറിപ്പ് പ്രഖ്യാപിക്കുന്നു. നിരവധി പ്രദേശങ്ങള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് അവര്‍ കലാത് ജില്ലയിലെ മങ്ഗോചര്‍ പട്ടണം പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ചത്.

പലയിടത്തും ജനങ്ങള്‍ പാകിസ്താന്റെ ദേശീയപതാക താഴ്ത്തി ബലൂച് കൊടിയുയര്‍ത്തി. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ പരാജയം ബലൂച് വിമോചനപ്പോരാളികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ തന്നെ ബലൂച് പോരാളികളോട് യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച് പാക് സൈനികര്‍ രാജിവെച്ചു പോവുന്ന സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബി.എല്‍.എ ജാഫര്‍ എക്സ്പ്രസ് റാഞ്ചിയ സംഭവവും പാക് പട്ടാളത്തിന്റെ ധൈര്യം ചോര്‍ത്തിയിരുന്നു. മനോവീര്യം ചോര്‍ന്ന സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ കൂടുകയേയുള്ളൂ.

ബലൂച് ആക്രമണ പരമ്പരയില്‍ തളര്‍ന്ന് പാകിസ്താന്‍

കഴിഞ്ഞയാഴ്ചയില്‍ പാകിസ്താനെതിരായി നടന്ന തീവ്രവാദി ആക്രമണങ്ങളുടെ രൂക്ഷത നോക്കുക. മേയ് ആറാം തീയതി ഇരട്ടസ്ഫോടനത്തില്‍ 14 പാക് സൈനികര്‍ കൊല്ലപ്പെട്ടു. മേയ് ഏഴിന് ദേര ബുഗ്തിയിലുള്ള പ്രകൃതിവാതക പാടങ്ങള്‍ക്ക് നേരെ ആക്രമണം, മേയ് എട്ടിന് പാകിസ്താന്റെ സൈനിക, ചരക്കു കടത്ത് വാഹനവ്യൂഹങ്ങള്‍ക്ക് നേരേ ആക്രമണം, അതേദിവസം മറ്റൊരു സഫോടനത്തില്‍ പാക് സൈനികന്‍ മരിച്ചു. അതു കൂടാതെ ആറ് ആക്രമണങ്ങള്‍. അന്നു തന്നെ ക്വറ്റയില്‍ നാലിടത്തും ആക്രമണമുണ്ടായി.

മേയ് ഒമ്പതിന് ക്വറ്റയിലും സിബ്ബി സൈനിക ക്യാമ്പിലും ബി.എല്‍.എ ആക്രമണം നടത്തി. അതിന് ശേഷമാണ് ഏകോപിതമായ ആക്രമണപരമ്പര അവര്‍ സംഘടിപ്പിച്ചത്. അതായത്, ഇന്ത്യയ്ക്ക് നേരെ പാകിസ്താന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്ന സമയത്തായിരുന്നു പാകിസ്താനില്‍ ബലൂച് വിമതരുടെ താണ്ഡവം. ഇതിനിടെ ഇന്ത്യയ്ക്ക് നേരെയുള്ള എല്ലാ ആക്രമണവും  വിഫലമാവുകയും ചെയ്തു.

മുമ്പ് ബലൂച് പോരാളികള്‍ക്കു നേരെ ഡ്രോണുകളും പോര്‍വിമാനങ്ങളും ഉപയോഗിച്ചിട്ടുള്ള പാകിസ്താന്‍ സൈന്യത്തിന്റെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ മുറീദ് വ്യോമത്താവളവും നിരവധി റഡാറുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത് ബലൂചികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സൈന്യത്തിന്റെ ശേഷി ഗണ്യമായി കുറയ്ക്കും. വ്യോമസേനയുടെ പിന്തുണയില്ലാത്ത പാക് പട്ടാളത്തിന് ബലൂചികള്‍ക്കെതിരേ ആക്രമണത്തിനുള്ള ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും.

പാകിസ്താനില്‍ നിന്നും നയതന്ത്ര കമ്മീഷനുകളെ പിന്‍വലിച്ച് അവയെ പുതുതായി രൂപം കൊള്ളുന്ന ബലൂചിസ്താനിലേക്ക് മാറ്റാന്‍ ആഹ്വാനം ചെയ്യുന്നു എഴുത്തുകാരന്‍ മീര്‍ യാര്‍ ബലൂച്. നേരത്തെ, മുന്‍ പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ബലൂചിസ്താന്‍ പ്രവിശ്യയുടെ മേല്‍ പാക് പട്ടാളത്തിന്റെ നിയന്ത്രണം നഷ്ടമാവുകയാണെന്ന് പ്രസ്താവിച്ചിരുന്നു. അബ്ബാസിയുടെ അഭിപ്രായത്തില്‍ ബലൂചിസ്താനില്‍ നിയമവാഴ്ചയുടെ തകര്‍ച്ചയല്ല, രാജ്യത്തിന്റെ അധികാരം ഇല്ലാതാകുന്നതാണ് നടക്കുന്നത്. പ്രവിശ്യയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും പോലും കനത്ത സുരക്ഷയില്ലാതെ യാത്ര ചെയ്യാനാവാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, പോരാട്ടത്തിനുള്ള ജനപിന്തുണ നാമമാത്രമാണെന്നും ഇന്ത്യ അവരെ പിന്തുണയ്ക്കുകയാണെന്നുമായിരുന്നു പാക് പട്ടാള മേധാവി അസിം മുനീറിന്റെ മറുപടി.

ഇന്ത്യയും ബലൂചികളും

ഇന്ത്യയെ ശക്തമായി അനുകൂലിക്കുന്നവരാണ് ബലൂച് സ്വാതന്ത്ര്യ സമരക്കാര്‍. ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ തങ്ങളും പങ്കുചേരാമെന്ന് ചില നേതാക്കള്‍ എക്സില്‍ കുറിച്ചു. സ്വാതന്ത്ര്യസമരത്തിന് ദീര്‍ഘകാലമായി അവര്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ഇന്ത്യാ-പാക് സംഘര്‍ഷം നടക്കുന്ന സമയത്ത് ചില ബലൂച് പ്രവര്‍ത്തകര്‍ ജനഗണമന പാടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. സ്വാതന്ത്ര്യസമരത്തിന് സായുധസംഘടനകള്‍ മാത്രമല്ല, സമാധാന സമരക്കാരുമുണ്ട്. ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഡോ.മഹ്രംഗ് ബലൂചിനെപ്പോലുള്ളവര്‍. അവരുടെ പിതാവ് അബ്ദുല്‍ ഗാഫര്‍ ലാംഗോവിനെ 2009-ല്‍ അപ്രത്യക്ഷമാക്കി. ജഡം കിട്ടിയത് മൂന്നു വര്‍ഷത്തിനു ശേഷമാണ്.

ഇന്ത്യയില്‍ കഴിയുന്ന നിരവധിയായ ബലൂച് പ്രവാസികളും നേതാക്കളും പാക് ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടുന്നവയാണ്. പരേതനായ താരിഖ് ഫത്തേയെപ്പോലുള്ള നേതാക്കള്‍ ബലൂചിസ്താനെ സ്വതന്ത്രമാക്കാന്‍ ഇന്ത്യ നേരിട്ടിടപെടണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബലൂചിസ്താനില്‍ എന്തെങ്കിലും തരത്തില്‍ ഇന്ത്യ ഇടപെടുന്നതിന് യാതൊരു തെളിവുമില്ല. ബലൂച് പ്രശ്നത്തെ പാകിസ്താന്റെ കശ്മീര്‍ ആഖ്യാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ നയതന്ത്രപരമായി ഉപയോഗിക്കുന്നതാവാം ആരോപണത്തിനു കാരണം. അങ്ങനെ ഇന്ത്യ ഇടപെട്ടാല്‍ അത് സി.പി.ഇ.എസിനെ തകര്‍ക്കാനായുള്ള പ്രോക്സിവാറായി ചൈനയ്ക്ക് തോന്നാം. ചൈന ഇതുവരെ പരസ്യമായിട്ട് ഇന്ത്യയ്ക്കെതിരെ അത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പക്ഷേ, ഇന്ത്യയിലാകെ ബലൂചികള്‍ക്ക് അനുകൂലമായ വികാരമുണ്ട്.

പക്ഷേ, ബലൂചിസ്താനെ പരസ്യമായി അനുകൂലിക്കാന്‍ ഇന്ത്യ രംഗത്തു വരാനിടയില്ല. മുംബൈ ആക്രമണത്തിന് സമാനമായ ഒന്നിന് പാകിസ്താന്‍ തുനിഞ്ഞാല്‍ ബലൂചിസ്താന്‍ പ്രത്യേകരാജ്യമാവും എന്ന രീതിയില്‍ പത്തുവര്‍ഷം മുമ്പ് അജിത് ഡോവല്‍ പ്രസംഗിച്ചിരുന്നു. പക്ഷേ, ഇന്ന് അദ്ദേഹം ദേശീയസുരക്ഷാ ഉപദേഷ്ടാവാണ്, അങ്ങനെ സംസാരിക്കാനാവില്ല, പരസ്യമായി പ്രവര്‍ത്തിക്കാനും! എന്തായാലും വലിയൊരു സ്റ്റാന്‍ഡിങ് ആര്‍മിയുള്ള പാക് പട്ടാളത്തെ മറികടന്ന് സ്വതന്ത്ര ബലൂചിസ്താന്‍ സാധ്യമാക്കുക നിലവിലെ സാഹചര്യത്തില്‍ പോലും പോരാളികള്‍ക്ക് എളുപ്പമാവില്ല.

സ്വാതന്ത്ര്യപോരാട്ടങ്ങളുടെ തുടര്‍ച്ച

ബലൂചിസ്താനിലെ അസ്വസ്ഥതകള്‍ക്ക് ദീര്‍ഘമായ ചരിത്രമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡം ബ്രിട്ടീഷ് രാജില്‍ നിന്നും സ്വതന്ത്രമായപ്പോള്‍ ഇന്ത്യയും പാകിസ്താനും പോലെ സ്വതന്ത്ര രാജ്യമായിരുന്നു കലാത്തിലെ ഖാനേറ്റ്. ബലൂചിസ്താന്റെ ഭൂരിഭാഗവും ഈ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പക്ഷേ അടുത്ത വര്‍ഷം മുഹമ്മദാലി ജിന്നയുടെ പട്ടാളം കലാത്തിലേക്ക് മാര്‍ച്ച്‌ചെയ്തു, രാജ്യം പാകിസ്താനോടു കൂട്ടിച്ചേര്‍ത്തു. ആ വര്‍ഷം തന്നെ തുടങ്ങി ചെറുത്തുനില്‍പ്പിന്റെ വീരഗാഥകള്‍.

പെട്രോളിയം പാചകവാതകം, കല്‍ക്കരി, ചെമ്പ്, സ്വര്‍ണം എന്നിങ്ങനെ പ്രകൃതിവിഭവങ്ങളാല്‍ സമൃദ്ധമായ, പാകിസ്താന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന മേഖലയാണിത്. അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് പകരം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു ഭരണകൂടം ഇതുവരെ ചെയ്തുപോന്നത്. ആഗോള തീവ്രവാദ സൂചിക (2025) അനുസരിച്ച് പാകിസ്താനില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പോയവര്‍ഷം 45 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനില്‍ ആണ്.

ബലൂചിസ്താനിലെ പ്രകൃതിവിഭവ ചൂഷണത്തിന് എപ്പോഴും അക്രമവും കൂട്ടിനുണ്ട്. പൗരന്‍മാരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബലമായി അപ്രത്യക്ഷമാക്കുന്നതില്‍ ഏറ്റവും കുപ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ് ബലൂചിസ്താന്‍. അപ്രത്യക്ഷമാക്കപ്പെട്ടവരില്‍ ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും സിവിലിയന്‍സും ഒരുപാടുണ്ട്. 5,000 മുതല്‍ 8,000 വരെ ആള്‍ക്കാര്‍ ഇത്തരത്തില്‍ അപ്രത്യക്ഷരായി എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കരുതുന്നു. സര്‍ക്കാരിന്റെ കണക്കില്‍ ഇത് 2,700 മാത്രം. പക്ഷേ ഇത്തരം അപ്രത്യക്ഷമാക്കലുകള്‍- തട്ടിക്കൊണ്ടുപോയി കൊല്ലല്‍- കൂടുതല്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സ്വാഭാവിക പ്രതിഷേധം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നത് പട്ടാളത്തെ കയറൂരി വിട്ടാണ്!

ചൈനയുടെ ഉല്‍ക്കണ്ഠകള്‍

ബലൂചിസ്താനിലാണ് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഹൃദയമായ ഗ്വാദര്‍ തുറമുഖം. മൂവായിരം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളുടെയും റെയില്‍പ്പാതകളുടെയും പൈപ്പ് ലൈനുകളുടെയും ശൃംഖല വഴി പടിഞ്ഞാറന്‍ ചൈനയെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) മൂലക്കല്ല്. 2013-ല്‍ സി.പി.ഇ.സി ആരംഭിച്ചതിനുശേഷം 21-ല്‍ അധികം ചൈനീസ് ജീവനക്കാര്‍ ബലൂച് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബെല്‍റ്റ് - റോഡ് പദ്ധതിയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് എന്‍ജിനിയര്‍മാര്‍ ബലൂചികളുടെ പ്രധാന ആകമണലക്ഷ്യമായി മാറിയിരിക്കുന്നു.

ധാതുവിഭവങ്ങള്‍ ഏറെയുണ്ടെങ്കിലും പാകിസ്താനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ ഒന്നാണ് ബലൂചിസ്താന്‍. ഇവിടെ സാക്ഷരതാനിരക്ക് 40 ശതമാനത്തില്‍ താഴെയാണ്, തൊഴിലില്ലായ്മ 30 ശതമാനത്തില്‍ കൂടുതലും. തങ്ങളുടെ പ്രകൃതി വിഭവങ്ങളെല്ലാം ഊറ്റിക്കൊണ്ടു പോകുന്നവര്‍ തിരിച്ചൊന്നും നല്‍കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂരിഭാഗം നാട്ടുകാരും കരുതുന്നത് ചൈനയും പാകിസ്താനും ചേര്‍ന്നുള്ള അധിനിവേശമാണ് സി.പി.ഇ.സി നടത്തുന്നത്, അവര്‍ സമ്പത്ത് കൊള്ളയടിക്കുകയാണ് എന്നാണ്. ബലൂചിസ്താനില്‍ ചൈന നടത്തുന്ന ഖനികളുമുണ്ട്. ഇവയില്‍ നിന്നെല്ലാം നൂറുകണക്കിന് കോടികള്‍ പാകിസ്താനും ചൈനയും നേടുമ്പോള്‍ ബലൂചികള്‍ക്ക് കിട്ടുന്നത് പരിസ്ഥിതി നാശവും അവഗണനയും മാത്രമാണ്.

മാറിയ സാഹചര്യത്തില്‍ ബലൂചിസ്താന്‍ സ്വതന്ത്രരാജ്യമായാല്‍ പ്രവിശ്യയില്‍ തങ്ങള്‍ നടത്തിയ കോടിക്കണക്കിന് ഡോളറുകള്‍ക്കെന്തു സംഭവിക്കും എന്നതും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങള്‍ക്കു കവാടമാവേണ്ട ഗ്വാദര്‍ തുറമുഖം കൈവിട്ടുപോവുമോ എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. അതിനാല്‍ ബലൂചിസ്താന്‍ അസ്ഥിരമാകുന്നത് അവര്‍ ഏതുവിധേനയും തടഞ്ഞേക്കും.