ജെൻ സീ പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ‘ബാലേൻ ഷാ’ എന്ന് അറിയപ്പെടുന്ന ബാലേന്ദ്ര ഷാ അധികാരത്തിലേക്ക് എത്തുന്നത്.

നേപ്പാളിൽ അധികാരമുറപ്പിച്ച് കാഠ്മണ്ഡു മുൻമേയറും റാപ്പറുമായ ബാലേന്ദ്ര ഷാ. കഴിഞ്ഞ വർഷം അരങ്ങേറിയ ജെൻ സീ പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ‘ബലേൻ ഷാ’ എന്ന് അറിയപ്പെടുന്ന ബാലേന്ദ്ര ഷാ അധികാരത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ (ആർ.എസ്.പി.) സ്ഥാനാർഥിയായി ഝാപ-5 മണ്ഡലത്തിൽ മത്സരിച്ച ഷാ, മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ അരലക്ഷത്തോളം വോട്ടുകൾക്കാണ് തോൽപ്പിച്ചത്. അന്തിമഫലം പുറത്തുവരാനിരിക്കെ ഫലം പുറത്തുവന്ന 97 സീറ്റുകളിൽ 77 സീറ്റ് ആർ.എസ്.പി. നേടി. ബാക്കിയുള്ള സീറ്റിലും പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം.
സാമൂഹികമാധ്യമ നിരോധനത്തിൽ തുടങ്ങി, തൊഴിലില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതവുമടക്കമുള്ള കാരണങ്ങളുടെ പേരിൽ ശക്തിപ്പെട്ട ജെൻ സീ വിപ്ലവത്തിന്റെ ശക്തനായ പിന്തുണക്കാരനായിരുന്നു ഷാ. ആദ്യം സംഗീതത്തിലൂടെയും പിന്നീട് വേറിട്ട രാഷ്ട്രീയ ശൈലിയിലൂടെയും യുവതലമുറയുടെ മനം കവർന്നയാൾ. നേപ്പാളിലെ അഴിമതി രാഷ്ട്രീയത്തെ നിരന്തരം എതിർത്തയാൾ. ഒലിയുടെ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കിയതിന് ശേഷം അധികാരത്തിൽവന്ന ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിലേക്ക് യുവാക്കൾ ആദ്യം നിർദേശിച്ചതും ബാലേൻ ഷായെ ആയിരുന്നു. അന്നത് നിരസിച്ചെങ്കിലും നാലുവർഷം പ്രധാനമന്ത്രിയായ ഒലിയെ അദ്ദേഹത്തിന്റെ തട്ടകത്തിൽ മുട്ടുകുത്തിച്ചാണ് ഷാ പ്രധാനമന്ത്രി കസേരയിലേക്ക് എത്തുന്നത്.
ഇന്ത്യയിൽ പഠനം, എൻജിനീയർ, റാപ്പർ
കാഠ്മണ്ഡുവിലെ നാരദേവിയിൽ ബുദ്ധമത വിശ്വാസികളായ മൈഥിലി-മാധേഷി കുടുംബത്തിൽ 1990 ഏപ്രിൽ 27-നാണ് ബാലേന്ദ്ര ഷാ ജനിച്ചത്. പാരമ്പര്യ ആയുർവേദ ചികിത്സകനായ രാം നാരായൺ ഷായുടെയും ധ്രുവദേവി ഷായുടെയും ഇളയ മകനായിരുന്നു ബാലേന്ദ്ര. ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ള മാധേഷ് പ്രവിശ്യയിലെ മഹോട്ടാരി ജില്ലയിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സർക്കാർ ജീവനക്കാരനായ പിതാവിന് നാരദേവിയിലെ ആയുർവേദ ആശുപത്രിയിൽ നിയമനം ലഭിച്ചതിനെത്തുടർന്നാണ് മഹോട്ടാരിയിൽനിന്ന് കുടുംബം കാഠ്മണ്ഡുവിലേക്ക് താമസം മാറുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ബാലേന്ദ്ര ഷാ കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (വി.ടി.യു.) നിന്ന് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കാഠ്മണ്ഡു സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി പഠനത്തിന് ഷായ്ക്ക് ഗവേഷക ഫെലോഷിപ്പ് ലഭിച്ചു.
പഠനശേഷം സംഗീതമായിരുന്നു ഷായുടെ മേഖല. 2010-കളുടെ തുടക്കം മുതൽ ഷാ നേപ്പാളിലെ ഹിപ്-ഹോപ്പ് രംഗത്ത് സജീവമാണ്. 2012-ൽ അദ്ദേഹം തന്റെ ആദ്യ ആൽബം ‘സഡക് ബാലക്’ പുറത്തിറക്കി. ഇതിന്റെ വരികൾ സ്കൂൾ കാലഘട്ടത്തിൽ പഠിക്കുമ്പോഴാണ് അദ്ദേഹം എഴുതുന്നത്. 2013-ൽ നേപ്പാളിൽ ജനപ്രിയ റാപ്പ് പരിപാടിയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വർധിച്ചു. സംഗീതജീവിതത്തിന്റെ തുടക്കത്തിലാണ് ബാലേന്ദ്ര ഷാ, ‘ബലേൻ’ എന്ന് പേര് സ്റ്റേജ് നെയിമായി സ്ഥിരീകരിക്കുന്നത്. അത് പിന്നീട് ബാലേൻ ഷാ എന്ന പേരിൽ അറിയപ്പെട്ടു.
അസമത്വം, അഴിമതി, വികസനമില്ലായ്മ തുടങ്ങി സാമൂഹിക പ്രശ്നങ്ങളെ തുറന്നുപറഞ്ഞ ബാലേന്റെ ഗാനങ്ങൾക്ക് വലിയ ആരാധകരാണ് നേപ്പാളിലുണ്ടായിരുന്നത്. സാമൂഹിക വിഷയങ്ങൾ, അഴിമതി, അസമത്വം, നേപ്പാളിലെ നഗരജീവിതം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പാട്ടുകളിലൂടെ തുടർച്ചയായി അഭിസംബോധന ചെയ്തു. നേപ്പാളി ഹിപ്-ഹോപ് രംഗത്തെ പേരെടുത്ത വ്യക്തിയായി മാറാൻ ബാലേന് അധികകാലം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ വരികൾ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശബ്ദമായി ആരാധകർ കാണാൻ തുടങ്ങി. ഇതിനിടെ 2015-ലെ നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിന് പിന്നാലെ കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിച്ചതിലൂടെ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി.
രാഷ്ട്രീയ പ്രവേശനം, കാഠ്മണ്ഡുവിന്റെ മേയർ
2022-ലായിരുന്നു ബാലേൻ ഷായുടെ രാഷ്ട്രീയ പ്രവേശനം. കാഠ്മണ്ഡുവിന്റെ മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചുകൊണ്ടാണ് ഷാ നേപ്പാൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഏകദേശം അഞ്ച് വർഷക്കാലം അദ്ദേഹം കാഠ്മണ്ഡു നഗരം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം വോട്ടർമാരുമായി സംസാരിക്കാൻ അദ്ദേഹം വീടുതോറും കയറിയിറങ്ങി. വസ്ത്രധാരണത്തിലടക്കം ഷാ ശ്രദ്ധേയനായി. സൺഗ്ലാസുകൾ ഷായുടെ വ്യക്തിത്വത്തിന്റെ പര്യായമായി. പ്രചാരണവേളയിൽ കറുത്ത കോട്ടും പാന്റും സൺഗ്ലാസുകളും തോളിൽ നേപ്പാളീസ് പതാകയും ധരിച്ചുകൊണ്ട് അദ്ദേഹം വേറിട്ടു നിന്നു. ദേശീയ പതാകയെ അപമാനിച്ചെന്ന എതിരാളികളുടെ പ്രചാരണം വരാൻ അധികകാലം വേണ്ടിവന്നില്ല. എന്നാൽ, ആ പ്രതിഷേധം വാസ്തവത്തിൽ ഷായുടെ ജനപ്രീതി വർധിപ്പിച്ചു.
നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് ഷാ അറുപത്തിയൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. പ്രമുഖ പാർട്ടികളിലെ എതിരാളികളെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മേയർ സ്ഥാനത്തെത്തുന്നത്. അങ്ങനെ 32-ാം വയസ്സിൽ അദ്ദേഹം കാഠ്മണ്ഡുവിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. അധികാരമേറ്റ ശേഷവും വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വിപുലമായ വിജയ റാലികളോ ചടങ്ങുകളോ ഉണ്ടായിരുന്നില്ല. മേയറുടെ ഓഫീസിലെ പൊതുയോഗങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്ത് ഭരണരംഗത്തെ സുതാര്യത ഉറപ്പാക്കി. മാലിന്യ സംസ്കരണം, ഗതാഗത നിയന്ത്രണം, നിയമവിരുദ്ധ നിർമ്മാണം തുടങ്ങിയ നഗരത്തിന്റെ ദൈനംദിന പ്രശ്നങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്തി. പൊതു ശൗചാലയങ്ങൾ തുറക്കുന്നതിനായി കാഠ്മണ്ഡുവിലുടനീളമുള്ള ബിസിനസുകളുമായി അദ്ദേഹം ചർച്ച നടത്തി. നഗരം വൃത്തിയാക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചു. അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്തു.
ജെൻ സീ പ്രക്ഷോഭകരുടെ പ്രിയ നേതാവ്
അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു രാജ്യത്ത് ബാലേൻ ഷായുടെ പ്രവർത്തനങ്ങൾ വ്യത്യസ്തനായി. പരമ്പരാഗത നേപ്പാളി രാഷ്ട്രീയക്കാരിൽനിന്ന് തികച്ചും വ്യത്യസ്ത പുലർത്തിയ ഷായുടെ രാഷ്ട്രീയ പ്രവർത്തനം രാജ്യത്ത് അദ്ദേഹത്തിന് പിന്തുണ വർധിപ്പിക്കുകയും മാധ്യമ ശ്രദ്ധ കിട്ടുകയും ചെയ്തു. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ അദ്ദേഹത്തിന് കവറേജ് ലഭിച്ചു. ടൈം മാസികയുടെ 2023-ലെ മികച്ച 100 വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പൊള്ളയായ വാഗ്ദാനങ്ങൾക്കപ്പുറത്തുള്ള പ്രായോഗിക ഭരണത്തിന്റെ പേരിൽ ഷാ പെട്ടന്ന് തന്നെ പ്രശസ്തി നേടി. ഉത്തരവാദിത്തമുള്ള നേതൃത്വത്തെ പ്രതീക്ഷിച്ചിരുന്ന നേപ്പാളിലെ യുവതലമുറയെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആകർഷിച്ചു. രാജ്യത്തെ ഭരണസംവിധാനത്തിൽ അസംതൃപ്തരായിരുന്ന യുവാക്കൾ പുത്തൻ നേതാവായി ഷായെ സോഷ്യൽമീഡിയയിൽ വാഴ്ത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമായി അദ്ദേഹം മാറാൻ അധികം സമയമെടുത്തില്ല. ബാലേൻ പ്രധാനമായും ഓൺലൈനിലൂടെയാണ് തൻ്റെ ആരാധകവൃന്ദത്തെ കെട്ടിപ്പടുത്തത്.
2025-ൽ ശർമ ഒലിയുടെ സോഷ്യൽ മിഡിയ നിരോധനവും അതിനെതിരായ യുവജനപ്രക്ഷോഭവും ഷായുടെ രാഷ്ട്രീയ ഭാവിയിലും നിർണായകമായി. സോഷ്യൽ മീഡിയ നിരോധനത്തെ എതിർത്ത ഷാ, ഒലി സർക്കാരിനെതിരായ ജെൻ സീ പ്രക്ഷോഭങ്ങളെ പിന്തുണച്ചു. നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതിനാൽ തനിക്ക് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അവരുടെ ശബ്ദം കേൾക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നാണ് ഷാ പ്രതികരിച്ചത്. പ്രതിഷേധം രാഷ്ട്രീയ നേതാക്കൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന ഓൺലൈൻ ചർച്ചകളും സർവേകളും വലിയ പിന്തുണ ഷായ്ക്ക് ലഭിച്ചു. പ്രതിഷേധക്കാർ അദ്ദേഹത്തെ തങ്ങളുടെ ഇഷ്ടപ്പെട്ട നേതാവായി കണ്ടു.
ശർമ ഒലി രാജിവച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെൻ സീ പ്രക്ഷോഭകർ ഉയർത്തിക്കാട്ടിയത് ബാലേന്ദ്ര ഷായെയായിരുന്നു. ഇടക്കാല സർക്കാരിനെ നയിക്കാൻ ഷാ എത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു. സർക്കാരിനെതിരായ ജെൻ സീ പ്രക്ഷോഭങ്ങൾക്ക് ഷാ ശക്തമായ പിന്തുണ നൽകിയ പശ്ചാത്തലത്തിലാണ് ആ ആവശ്യത്തിന് ശക്തികൂടിയത്. എന്നാൽ, അദ്ദേഹം അധികാരം ഏറ്റെടുത്തില്ല. പകരം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ പരസ്യമായി പിന്തുണച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ സുശീല കാർക്കിയുടെ ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നതിനും ഷാ സഹായിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2026 ജനുവരി 18-ന് ഷാ മേയർ സ്ഥാനം രാജിവച്ചു. അതേദിവസം തന്നെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിൽ (ആർ.എസ്.പി.) ചേർന്നു. ആർ.എസ്.പി. ചെയർ റാബി ലാമിച്ചാനുമായുണ്ടാക്കിയ കരാറിനെത്തുടർന്നായിരുന്നു ഷായുടെ പാർട്ടി പ്രവേശനം. തുടർന്ന് ഷാ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ജനവിധി തേടി. അതേസമയം, പാർട്ടി അധ്യക്ഷ സ്ഥാനം ലാമിച്ചനെ നിലനിർത്തി. ലാമിച്ചാനെ വിവാദങ്ങളിലകപ്പെട്ട നിർണായക ഘട്ടത്തിലായിരുന്നു ഷായുടെ പാർട്ടി പ്രവേശനം. പാർട്ടിയുടെ മുഖമായി മാറിയ ഷയുടെ ജനപ്രീതി പാർട്ടിക്കും ഗുണകരമായി. രാഷ്ട്രീയ ശൈലി കൊണ്ട് വിവാദങ്ങൾ സൃഷ്ടിച്ച ലാമിച്ചാനയിൽനിന്ന് വ്യത്യസ്തമായി, വിദ്വേഷ പ്രസംഗങ്ങളോ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളോ ഇല്ലാതെ സൗമ്യമായി സംസാരിച്ച് ഷാ നേപ്പാളിലുടനീളം വലിയ പിന്തുണ നേടിയെടുത്തു. പ്രാദേശിക, വംശീയ വേർതിരിവുകൾക്കപ്പുളം ദേശീയത പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു ഷായുടെ പ്രചാരണം. ഇതോടെ യുവാക്കൾ, സ്ത്രീകൾ, മാധേഷി സമൂഹം, പ്രവാസികൾ എന്നിവരുടെ പങ്കാളിത്തം അദ്ദേഹത്തിന്റെ പ്രചാരണ റാലികളിൽ ലഭിച്ചു.
ശർമ ഒലിയുടെ ശക്തി കേന്ദ്രമായ ഝാപ-5 മണ്ഡലത്തിലാണ് ബാലേൻ ജനവിധി തേടിയത്. യുവജന ശാക്തീകരണം, അഴിമതി വിരുദ്ധത, ഫെഡറലിസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു പ്രചാരണം. പ്രവിശ്യാ ഘടനകളെയും ഫെഡറലിസത്തെയും ശക്തിപ്പെടുത്തും എന്നതായിരുന്നു പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബീഹാറുമായി സാമൂഹിക-സാംസ്കാരിക ബന്ധം പങ്കിടുന്ന മധേസികളുടെ പ്രധാന ആവശ്യമായിരുന്നു ഫെഡറലിസം ശക്തിപ്പെടുത്തണമെന്നത്. ഇക്കാര്യത്തിൽ ഉറപ്പ് നൽകിക്കൊണ്ടായിരുന്നു ഷാ വോട്ട് തേടിയത്. ഫലം വന്നപ്പോൾ ഒലിയെ അരലക്ഷത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചു. ഫലം പുറത്തുവന്ന 97 സീറ്റുകളിൽ 77 സീറ്റ് ആർ.എസ്.പി. നേടി. 275 അംഗ പാർലമെന്റിൽ 165 സീറ്റുകൾ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയും 110 സീറ്റുകൾ പാർട്ടികളുടെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയുമാണ് നിശ്ചയിക്കുന്നത്.
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമ്പോൾ?
ബാലേന്ദ്ര ഷാ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുമ്പോൾ ഇന്ത്യയോടുള്ള നിലപാട് എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. യുവജന പ്രക്ഷോഭത്തിന് പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിനെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. മാത്രമല്ല, വരാനിരിക്കുന്ന സർക്കാരുമായി ശക്തമായ ബഹുമുഖ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് വിദേശകാര്യ മന്ത്രാലയം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നോപ്പാളിൽ ശക്തമായ സർക്കാർ അധികാരത്തിൽ തുടരേണ്ടത് അത്യാവശ്യമാണ്. അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം, ഊർജ്ജ സഹകരണ പദ്ധതികൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്ഥിരതയുള്ള സർക്കാർ നിർണായകമാണ്. നേപ്പാളിൽ ഒരു യുവ നേതാവിന്റെ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇതെല്ലാം വിദേശനയത്തിലും മാറ്റം വന്നേക്കാം.
പക്ഷേ, എന്താണ് ഇന്ത്യയോടുള്ള ബാലൻ ഷായുടെ നിലപാട്? ഇന്ത്യയോടും ചൈനയോടും സ്വതന്ത്രവും ശക്തമായ ബന്ധം പുലർത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് ആർഎസ്പിയുടെ നിലപാട്. പരമ്പരാഗത ഇന്ത്യ അനുകൂല അല്ലെങ്കിൽ ചൈന അനുകൂല ലേബലുകളിൽനിന്ന് മാറി കൂടുതൽ സുതാര്യമായ ഒരു ഉഭയകക്ഷി ബന്ധമാണ് നേപ്പാൾ ആഗ്രഹിക്കുന്നതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുമായി വ്യക്തിപരമായ ബന്ധമുള്ള ഷാ മാധേസി സമുദായത്തിൽ നിന്നുള്ളയാളും കർണാടകയിൽനിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആളുമാണ്. പക്ഷേ, ഇന്ത്യയെ വിമർശിക്കുന്ന നിലപാടുകൾ പലപ്പോഴും സ്വീകരിക്കുന്നയാളുമാണ് ഷാ. 2023-ൽ, കാഠ്മണ്ഡു മേയർ ഓഫീസിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു ഗ്രേറ്റർ നേപ്പാൾ ഭൂപടം ഷാ പ്രദർശിപ്പിച്ചിരുന്നു. അതുപോലെ തന്നെ ലിപുലേഖ് പോലുള്ള അതിർത്തി തർക്കങ്ങളിൽ ബാലൻ ഷായുടെ തീവ്ര നിലപാടും ഇന്ത്യയുടെ താല്പര്യങ്ങളുമായി യോജിക്കുന്നതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേപ്പാളിലെ ചൈനീസ് സ്വാധീനത്തെക്കുറിച്ച് ഇന്ത്യയും ജാഗ്രത പാലിക്കേണ്ടതുണ്ട്. കാഠ്മണ്ഡു-ടിബറ്റ് റെയിൽവേ, പൊഖ്റ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളെ തന്ത്രപരമായ ഭീഷണികളായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള ചൈനീസ് അടിസ്ഥാന സൗകര്യങ്ങൾ അപകടസാധ്യത വർധിപ്പിച്ചേക്കാം. പ്രത്യേകിച്ച്, ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിക്ക് നേപ്പാൾ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുമ്പോൾ. അതിനാൽ തന്നെ ‘ഇന്ത്യ ആദ്യം’ എന്ന നയം നേപ്പാൾ തുടരുന്നതും ഇന്ത്യാ വിരുദ്ധ വികാരങ്ങൾക്ക് കാരണമാകുന്ന സാഹചര്യം ഒഴിവാക്കുന്നതുമാണ് നമ്മളെ സംബന്ധിച്ചിച്ച് ഗുണകരം. സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്ക്ക് പിന്തുണ നൽകി നേപ്പാളിന്റെ പുതിയ രാഷ്ട്രീയ തലമുറയുമായി ഇടപഴകുന്ന സമീപനമാകും ഇന്ത്യയും സ്വീകരിക്കുകയെന്നാണ് കരുതുന്നത്.
Published: 09 Mar 2026, 02:00 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented