
ഒരു സൈനികന്‍ തനിക്ക് മരണത്തെ ഭയമില്ലെന്ന് പറഞ്ഞാല്‍, അവന്‍ ഒന്നുകില്‍ കള്ളം പറയുകയാണ് അല്ലെങ്കില്‍ അയാള്‍ ഒരു ഗൂര്‍ഖയാണ്. ഇന്ത്യന്‍ കരസേനയുടെ പരമോന്നത സ്ഥാനമായ ഫീല്‍ഡ് മാര്‍ഷല്‍ (കരസേനാ മേധാവി) എന്ന പദവയിലെത്തിയ ആദ്യ വ്യക്തി സാം മനേക് ഷാ 208 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ഗോര്‍ഖ റൈഫിള്‍സിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞ വാക്കുകളായിരുന്നു അത്. കാരണം മരണത്തെ ഭയമില്ലാത്ത ധീരരില്‍ ധീരര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാനാവുന്ന സൈനിക വിഭാഗമായിരുന്നു ഗോര്‍ഖകള്‍. തുടക്കത്തിൽ റൈഫിൾസിനെ ഗൂർഖ റൈഫിൾ എന്നായിരുന്നു വിളിച്ചിരുന്നതെങ്കിൽ പിന്നീട് ഗോർഖ എന്ന് പേര് മാറ്റി.
പരമ്പരാഗാത ഗുര്‍ഖ വിഭാഗത്തില്‍ പെടുന്ന ഇന്ത്യന്‍ വംശജരില്‍ നിന്നും നേപ്പാളിലെ ഗൂര്‍ഖ വിഭാഗത്തില്‍ പെടുന്നവരില്‍ നിന്നുമാണ് ബറ്റാലിയനിലേക്ക് ആളുകളെ തിരഞ്ഞെടുത്തിരുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ തുറുപ്പ്ചീട്ടായിരുന്ന ഗൂര്‍ഖകളുടെ നിയമനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. അഗ്നിപഥിന്റെ പേരില്‍ നേപ്പാള്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസവും സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ് നിയമനങ്ങള്‍ക്ക് തടസ്സമായിരിക്കുന്നത്.
അഗ്നിപഥ് പ്രഖ്യാപനം വലിയ പ്രതിഷേധമാണ് നേപ്പാളിലുണ്ടാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഗൂര്‍ഖനിയമനങ്ങള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് മാറ്റിവെക്കേണ്ടി വന്നു. മാത്രമല്ല ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധിച്ച് അഗ്നിപഥിലൂടെയുള്ള ഗുര്‍ഖ നിയമനങ്ങള്‍ നേപ്പാളും നിര്‍ത്തി. പ്രതിരോധ നിയമനങ്ങളില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളോട് ആലോചിക്കാതെ അഗ്നിപഥ് പ്രഖ്യാപിച്ചതായിരുന്നു നേപ്പാളിനെ ചൊടിപ്പിച്ചത്. അഗ്നിപഥ് പ്രഖ്യാപിച്ച ശേഷം ഒരാള്‍ പോലും നേപ്പാളില്‍ നിന്ന് ഗുര്‍ഖാ റെജിമെന്റിലേക്ക് ചേര്‍ന്നിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയവും ചൂണ്ടിക്കാട്ടുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഗൂര്‍ഖ നിയമനം നിലയ്ക്കുമ്പോള്‍ രാജ്യത്തിന് നഷ്ടമാവുന്നത് ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ പോലും മുട്ടുവിറച്ച സൈനിക വിഭാഗമാണ്. എന്താണ് ഗൂര്‍ഖ നിയമനത്തില്‍ സംഭവിക്കുന്നത്. നേപ്പാളില്‍ നിന്നുള്ള ഇന്ത്യന്‍ ഗൂര്‍ഖകളുടെ പാരമ്പര്യവും ചരിത്രവും പരിശോധിക്കാം.
208 വര്‍ഷത്തെ ചരിത്രം; ഇന്ത്യയുടെ വജ്രായുധം
നേപ്പാളിലെ മല്ല രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന കാഠ്മണ്ഡു താഴ്‌വരയിലേക്ക് ഗൂര്‍ഖാ രാജാവായിരുന്ന പൃഥ്വി നാരായണ്‍ ഷാ അതിക്രമിച്ചു കയറിയതോടെയാണ് ഗൂര്‍ഖകളുടെ ഉദയം. ഗുര്‍ഖകളെ തോല്‍പിക്കാന്‍ നേപ്പാളിലെ മല്ല രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം അഭ്യര്‍ഥിച്ചു. 1767-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാളിലേക്ക് പട്ടാളത്തെ അയച്ചു. പക്ഷെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വന്‍ തിരിച്ചടിയാണ് ഗൂര്‍ഖകളില്‍ നിന്നും നേരിടേണ്ടി വന്നത്. ഒടുവില്‍ പൃഥ്വി ഷാ കാഠ്മണ്ഡു പിടിച്ചടക്കുകയും ഗുര്‍ഖ തലസ്ഥാനം കാഠ്മണ്ഡുവില്‍ സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ സ്ഥാപിച്ച സാമ്രാജ്യമാണ് പിന്നീട് നേപ്പാള്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. തുടർന്നാണ് ആഗ്ലോ നേപ്പാളീസ് യുദ്ധം ആരംഭിക്കുന്നതും.
1814 മുതല്‍ 1816 വരെ നീണ്ടു നിന്ന ആഗ്ലോ-നേപ്പാളീസ് യുദ്ധം അല്ലെങ്കില്‍ ഗൂര്‍ഖ യുദ്ധത്തോടെയാണ് ഗൂര്‍ഖകളുടെ പോരാട്ട വീര്യം പുറത്തുവരുന്നത്. കാഠ്മണ്ഡു പിടിച്ചെടുത്ത പ്രിത്വിഷാ സൈന്യം കൂടുതല്‍ സ്ഥലങ്ങള്‍ നേപ്പാളിനോട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചു. ഇത് മറ്റൊരു യുദ്ധത്തിന് കൂടി വഴിവെച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളിലെ ഗുര്‍ഖകളും തമ്മിലുള്ള പോരാട്ടത്തില്‍ വന്‍ നാശനഷ്ടമാണ് ഇരുഭാഗത്തുമുണ്ടായത്. അതിര്‍ത്തിത്തര്‍ക്കത്തില്‍ ആരംഭിച്ച യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. വലിയ രീതിയിലുള്ള നാശനഷ്ട്ങ്ങള്‍ ഇരുഭാഗത്തുമുണ്ടായിട്ടും ഗൂര്‍ഖകള്‍ കാണിച്ച അസാമാന്യ ധൈര്യം ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ അവരെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കി. യുദ്ധത്തിന് ശേഷം ഗൂര്‍ഖകളെ ബ്രിട്ടീഷുകാര്‍ അവരുടെ സൈന്യത്തിലേക്ക് ക്ഷണിച്ചു. 1815 ഏപ്രില്‍ 24 ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ ഗൂര്‍ഖ റെജിമെന്റ് രൂപീകരിച്ചു. ഇതിനെ നസിറി ബറ്റാലിയന്‍ എന്ന് പേരിട്ടു. ശേഷം സിര്‍മൂര്‍ ബറ്റാലിയന്‍, കുമാണ്‍ ബറ്റാലിയന്‍ എന്നിങ്ങനെ രണ്ട് ബറ്റാലിയന്‍ കൂടെ രൂപീകരിച്ചു.

ഇതിനുശേഷം ഗൂര്‍ഖ-സിഖ് യുദ്ധം, ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍, അഫ്ഗാന്‍ യുദ്ധങ്ങള്‍, 1857 ലെ ഇന്ത്യന്‍ കലാപം അടിച്ചമര്‍ത്തല്‍ എന്നിവയിലും ഇവര്‍ പങ്കെടുത്തു. ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മന്‍ നിരയെ ആദ്യം തകര്‍ത്തെറിഞ്ഞതും ഗൂര്‍ഖ റെജിമെന്റ് ആയിരുന്നു. അവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ വജ്രായുധമായ ഗൂര്‍ഖാ റെജിമെന്റുകള്‍. 1815-ലെ ആഗ്ലോ-നേപ്പാളീസ് യുദ്ധത്തിന് ശേഷമാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മലുണ്ടാക്കിയ കരാര്‍ പ്രകാരം ഗൂര്‍ഖകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ കരസേനയിലെ 27 റെജിമെന്റുകളില്‍ ഏഴെണ്ണം ഗോര്‍ഖാ റെജിമെന്റുകളാണ്. ഇതില്‍ ആറെണ്ണം ബ്രിട്ടീഷ് ആര്‍മിയില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തതും ഒന്ന് സ്വാതന്ത്യത്തിന് ശേഷം രൂപീകരിച്ചതുമാണ്. ഒന്നാം ഗോര്‍ഖാ റൈഫിള്‍സ് 6 ബറ്റാലിയന്‍, മൂന്നാം ഗോര്‍ഖാ റൈഫള്‍ 5 ബറ്റാലിയന്‍, നാലാം ഗോര്‍ഖാ റൈഫിള്‍സ് 5 ബറ്റാലിയന്‍, അഞ്ചാം ഗോര്‍ഖാ റൈഫിള്‍സ് 6 ബറ്റാലിയന്‍, എട്ടാം ഗോര്‍ഖാ റൈഫിള്‍ 6 ബറ്റാലിയന്‍, ഒമ്പതാം ഗോര്‍ഖാ റൈഫിള്‍ 5 ബറ്റാലിയന്‍, 11 ഗോര്‍ഖാ റൈഫിള്‍ 6 ബറ്റാലിയന്‍. ഇങ്ങനെയാണ് നിലവിലെ ഗോര്‍ഖാ റൈഫിളുകള്‍. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടന്‍, റഷ്യന്‍, യുക്രൈന്‍ ആര്‍മികളിലും നേപ്പാളില്‍ നിന്ന് ഗൂര്‍ഖകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

എന്താണ് നിലവിലെ പ്രശ്‌നം
2022 ജൂണ്‍ മാസമാണ് സേനകളിലേക്കുള്ള നിയമനങ്ങള്‍ അഗ്നിപഥ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതായത് സ്ഥിരനിയമനങ്ങള്‍ക്ക് പകരം നിശ്ചിത കാലത്തേക്ക് മൂന്ന് സൈനിക വിഭാഗങ്ങളിലേക്കുമായി ആളുകളെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു അഗ്നിപഥ്. ഇത് നേപ്പാളില്‍ വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഗൂര്‍ഖ നിയമനങ്ങള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് മാറ്റിവെക്കേണ്ടി വന്നു. മാത്രമല്ല ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധിച്ച് അഗ്നിപഥിലൂടെയുള്ള ഗുര്‍ഖ നിയമനങ്ങള്‍ നേപ്പാളും നിര്‍ത്തി. പ്രതിരോധ നിയമനങ്ങളില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളോട് ആലോചിക്കാതെ അഗ്നിപഥ് പ്രഖ്യാപിച്ചതായിരുന്നു നേപ്പാളിനെ ചൊടിപ്പിച്ചത്. ഇതോടെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ്, അസം, ഡാര്‍ജിലിങ് എന്നിവിടങ്ങളിലെ ഗോത്രവിഭാഗക്കാരെ ഉള്‍പ്പെടുത്തി ആള്‍ക്ഷാമം പരിഹരിക്കാനുള്ള ശ്രമമാണ് പ്രതിരോധ മന്ത്രാലയം നടത്തുന്നത്. അഗ്നിപഥ് പ്രഖ്യാപിച്ച ശേഷം ഒരാള്‍ പോലും നേപ്പാളില്‍ നിന്ന് ഗുര്‍ഖാ റെജിമെന്റിലേക്ക് ചേര്‍ന്നിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുമ്പ് 1300 മുതല്‍ 1500 പേര്‍ വരെയങ്കിലും വര്‍ഷാവര്‍ഷം രജിസ്റ്റര്‍ ചെയ്യുമായിരുന്നു.
നേപ്പാളില്‍ മാത്രം ഏകദേശം 125000 ഇന്ത്യന്‍ ആര്‍മി പെന്‍ഷാകാരുണ്ടെന്നാണ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. 1947-ലെ ഇന്ത്യ, നേപ്പാള്‍, ബ്രിട്ടന്‍ ത്രികക്ഷി ഉടമ്പടി പ്രകാരം നേപ്പാളിലെ യുവാക്കളെ ഇന്ത്യയുടേയും ബ്രിട്ടന്റേയും സൈന്യത്തിലേക്ക് തുടര്‍ച്ചയായി റിക്രൂട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. നിലവില്‍ 43 ബെറ്റാലിയനുകളിലായി 25000 ഗുര്‍ഖകള്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായിട്ടുണ്ട്.

ബിപിന്‍ റാവത്ത്; ഗുര്‍ഖ റെജിമന്റിന്റെ കരുത്ത്
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവിയായിരുന്ന ബിപിന്‍ റാവത്ത് 41 വര്‍ഷക്കാലമാണ് ഗോര്‍ഖാ റെജിമന്റിന്റെ ഭാഗമായി സേവനം അനുഷ്ടിച്ചത്. 11-ാം ഗോര്‍ഖാ റൈഫിള്‍സിലായിരുന്നു ബിബിന്‍ റാവത്തിന്റ സേവനം. ഇതിന് പുറമെ ആദ്യ കരസേനാ മേധാവിയിരുന്ന സാംമനേക്ഷിയടക്കം ഗോര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ചത് അദ്ദേഹമായിരുന്നു. 12-ാം ഫ്രോണ്ടിയര്‍ ഫോഴ്‌സ് റജിമെന്റില്‍ സേവനം ആരംഭിച്ച അദ്ദേഹം വിഭജനത്തിനു ശേഷം സ്വന്തം റജിമെന്റ് പാകിസ്ഥാനില്‍ ചേര്‍ന്നതോടെ എട്ടാം ഗോര്‍ഖാ റൈഫിള്‍സിന്റെ ഭാഗമാവുകയായിരുന്നു.
അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ ജനറല്‍ ബേവൂര്‍ പതിനൊന്നാം ഗോര്‍ഖാ റൈഫിള്‍സിലാണ് സേവനമാരംഭിച്ചത്. 2014 ല്‍ കരസേനാ മേധാവിയായ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് അഞ്ചാം ഗോര്‍ഖ റൈഫിള്‍സിന്റെ ഭാഗമായിരുന്നു. അഞ്ചാം ഗോര്‍ഖ റൈഫിള്‍സിന്റെ തന്നെ ഭാഗമായിരുന്ന മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോയുടെ ജീവിതകഥ പറഞ്ഞ ഗുര്‍ഖ എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. അക്ഷയ്കുമാറാണ് ചിത്രത്തില്‍ ഇയാന്റെ വേഷമിട്ടത്. ഇന്ത്യന്‍ സൈന്യത്തിലേക്ക് ഗൂര്‍ഖകള്‍ക്ക് അവസരം കുറഞ്ഞതോട പലരും റഷ്യന്‍ യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമാവാനും പോവുന്നുണ്ട്. ഒരു വര്‍ഷം സൈനിക സേവനം നടത്തിയാല്‍ റഷ്യന്‍ പൗരത്വമടക്കം ലഭിക്കുമെന്നതാണ് ഇവരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും ഗോര്‍ഖാ റജിമെന്റുകള്‍ മികച്ച സേവനം നടത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയായ പരംവീര്‍ചക്ര പല തവണയാണ് ഗോര്‍ഖാ റജിമെന്റിലെ വീരന്മാര്‍ക്കു ലഭിച്ചത്. അശോക ചക്ര, മഹാവീര്‍ ചക്ര, കീര്‍ത്തിചക്ര, വീര്‍ചക്ര എന്നിങ്ങനെ സൈനിക മെഡലുകള്‍ നിരന്തരം അവരെ തേടിയെത്താറുണ്ട്. ഇതിനു പുറമെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും ഗൂര്‍ഖാ സൈനികര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഗുര്‍ഖകള്‍ ചൈനയിലേക്കോ?
നേപ്പാള്‍ സര്‍ക്കാര്‍ ബ്രിട്ടന് പുറമെ ചൈനയിലേക്കും ഗുര്‍ഖകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട് നേപ്പാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതിന് രഹസ്യധാണയുണ്ടാക്കിതായും ആരോപണമുണ്ടായിരുന്നു. ഇത് നേപ്പാള്‍ സര്‍ക്കാരുമായുള്ള ഇന്ത്യയുടെ നല്ല ബന്ധത്തിന് വിഘാതം സൃഷ്ടിച്ചതായും പറയപ്പെടുന്നു.
അഗ്നിപഥ് പദ്ധതി പ്രകാരം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാവുമെന്നാണ് നേപ്പാള്‍ കരുതുന്നത്. ഇത് മറ്റ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് നേപ്പാളിനെ ചിന്തിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അഗ്നിപഥ് പദ്ധതി പ്രകാരം ഇന്ത്യന്‍ സൈന്യത്തിലേക്ക് നേപ്പാളില്‍ നിന്ന് സൈനികരെത്തിയാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ തിരിച്ച് നാട്ടിലേക്കെത്തും. പെന്‍ഷനോ മറ്റ ആനൂകൂല്യമോ ലഭിക്കുകയുമില്ല. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ ബാധിക്കുമെന്നും നേപ്പാള്‍ കരതുന്നുണ്ട്. നിലവില്‍ 125000 ല്‍ അധികം വിരമിച്ച ഇന്ത്യന്‍ സൈനികരാണ് നേപ്പാളിലുള്ളത്. ഏകദേശം 620 ഡോളറാണ് പെന്‍ഷനായി വര്‍ഷത്തില്‍ വിരമിച്ച സൈനികരുടെ കയ്യിലെത്തുന്നത്. 2016-17 വര്‍ഷം മാത്രം 2796 കോടി രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്ത് കഴിഞ്ഞുവെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കര- നാവിക- വ്യോമ സേനകളിലേക്ക് 17നും 19നും ഇടയില്‍ പ്രായമുള്ള 30000 മുതല്‍ 40000 വരേയുള്ള യുവജനങ്ങളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയെന്നതാണ് അഗ്നിപഥ് പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് വഴി പെന്‍ഷന് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന വലിയ തുകയില്‍ കുറവ് വരുത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. നിലവില്‍ വാര്‍ഷിക പ്രതിരോധ ബജറ്റിന്റെ 23 ശതമാനാണ് സൈനിക പെന്‍ഷന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത്. അഗ്നിപഥിലൂടെ നിയമനം നടത്തിയാല്‍ ഈ ഇനത്തിലുള്ള വലിയ ബാധ്യതയെ ഒഴിവാക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
അഗ്നിപഥിനെതിരേ വലിയ വിമര്‍ശനമുയരുമ്പോഴും നിശ്ചിത വര്‍ഷത്തെ സേവനത്തിന് ശേഷം കരാര്‍ അവസാനിപ്പിക്കുന്ന അഗ്നിവീറുകള്‍ക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലിസാധ്യതയും ഒരുക്കിക്കൊടുക്കും. നാല് വര്‍ഷത്തെ സൈനിക സേവനത്തിലൂടെ അഗ്നിവീറുകള്‍ ഒരു ജോലി നേടാനുള്ള എല്ലാ യോഗ്യതയും നേടിയിരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇത് അംഗീകരിക്കാന്‍ നേപ്പാള്‍ തയ്യാറാവുന്നില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

ചോര കാണാതെ തിരിച്ചുവെക്കാത്തെ കുക്രി
ഗുര്‍ഖകളുടെ യുദ്ധരംഗത്തെ പ്രധാന ആയുധമാണ് കുക്രി കത്തി. ഇവരുടെ കയ്യില്‍ ഇത്തരത്തിലുള്ള രണ്ട് കത്തികളുണ്ടാവും. ഒന്ന് ആചാരത്തിന്റെ ഭാഗമായും മറ്റൊന്ന് യുദ്ധത്തിന്റെ ഭാഗമായും. ഇവ ഉറയില്‍ നിന്ന് ഊരിയാല്‍ ചോരകാണാതെ തിരിച്ചുവെക്കിലെന്നാണ് വിശ്വാസം. ചില സാഹചര്യത്തില്‍ പുറത്തെടുത്താല്‍ സ്വന്തം കൈവിരല്‍ ചെറുതായി മുറിച്ച് രക്തം വരുത്തിച്ചെങ്കിലും ഇങ്ങനെ ചോര വരുത്തിക്കുമെന്നാണ് പറയപ്പെടുന്നത്. വെറുമൊരു കത്തിയെന്നതിനപ്പുറം ഗൂര്‍ഖകളുടെ ധൈര്യത്തിന്റേയും കൂറിന്റേയും അടയാളം കൂടിയാണ് കുക്രി കത്തികള്‍. ഇവരുടെ പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായതു കൊണ്ടു തന്നെ കുക്രി തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഇതിന് പുറമെ ഗുര്‍ഖകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം കുക്രിക്ക് പ്രത്യേക സ്ഥാനവും ബഹുമാനവുമുണ്ട്.
Content Highlights: Is Agnipath Became End Of Gurkha Recruitments?
Published: 01 Feb 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented