കൊല്ലം: കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും വസ്ത്രം ഉരിഞ്ഞുള്ള പ്രതിഷേധവും. പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎല്‍എയെ വാഹനം തടഞ്ഞിനിര്‍ത്തിയാണ് ആക്ഷേപിച്ചത്. 

To advertise here,

ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എയുടെ വാഹനം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടഞ്ഞുനിര്‍ത്തിയത്. പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി. പ്രവര്‍ത്തകരിലൊരാള്‍ മുണ്ടുരിഞ്ഞ് പ്രദര്‍ശിപ്പിച്ചു. 

തന്റെ വീട്ടില്‍ സമരത്തിന് എത്തുകയും പൊതുപരിപാടികളില്‍ തടയുകയും വാഹനം ആക്രമിക്കുന്നതും ശരിയാണോയെന്ന് പ്രതിഷേധക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. 
 
നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോവൂര്‍ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോശക്കാരായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ്  എം.എൽ.എക്ക് എതിരേ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

Content Highlights: Youth Congress workers protest against Kovur Kunjumon MLA