നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ രാജ ഗൗസിനെ പോലീസ് പിടികൂടി. നാഗ്പുരിലെ ചിഖ്‌ലിയിലുള്ള ക്വാർട്ടേഴ്‌സ് പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സീനിയർ പോലീസ് ഇൻസ്പെക്ടർ വിനായക് ഗോൽഹെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. സ്വന്തം അഭിഭാഷകയും ലിവിങ് ടുഗദർ പങ്കാളിയുമായ യുവതി പോലീസിന് നൽകിയ വിവരങ്ങളാണ് കൊടുംകുറ്റവാളിയെ കുടുക്കിയത്. 

To advertise here,

ദീർഘകാലമായി ഗൗസിന്റെ അഭിഭാഷകയായിരുന്ന യുവതിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ തോക്ക് ചൂണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് മാസങ്ങൾക്ക്മുമ്പ് യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ പരാതിക്കാരിയായ അഭിഭാഷക നൽകിയ രഹസ്യ വിവരങ്ങളാണ് പോലീസിനെ ഒളിത്താവളത്തിൽ എത്തിച്ചത്.

മഹാരാഷ്ട്രയിലെ പ്രമുഖ വ്യാപാരികൾ, കോൺട്രാക്ടർമാർ, സ്വാധീനശക്തിയുള്ള വ്യക്തികൾ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാന രീതി. നാലോളം മോഷണക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനും ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

മുൻപ് മധ്യപ്രദേശിലെ ലഖ്നാദൺ ജയിലിൽനിന്ന് മതിൽ ചാടി ഇയാൾ രക്ഷപ്പെട്ടിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത്പോലും പുറത്ത് തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നത് പോലീസിന് തലവേദനയായിരുന്നു. കസ്റ്റഡിയിലെടുത്ത രാജ ഗൗസിനെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്ന് നാഗ്പുർ പോലീസ് അറിയിച്ചു.