കൊച്ചി: സംസ്ഥാന ഫിഷറീസ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭരണഘടനയില്‍ 'മതേതരത്വം', 'സോഷ്യലിസം' എന്നീ വാക്കുകള്‍ അപ്രത്യക്ഷമായി. ഇത് കണ്ടുപിടിച്ച കൊച്ചി മുന്‍ മേയര്‍ കെ.ജെ. സോഹന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍വകലാശാല പ്രധാന കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലുകൂടിനുള്ളിലെ ഭരണഘടനയുടെ ആമുഖത്തില്‍നിന്നാണ് ഈ വാക്കുകള്‍ അപ്രത്യക്ഷമായത്.

To advertise here,

പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പോടെ ഔദ്യോഗിക എക്‌സ്, ഇന്‍സ്റ്റാ ഹാന്‍ഡിലുകളില്‍ ഈ വാക്കുകള്‍ ഇല്ലാത്ത ഭരണഘടനയുടെ ആമുഖം പങ്കുവെച്ചതും വിവാദത്തിലായിരുന്നു.

ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, പിന്നീടുവന്ന ഭേദഗതിയില്‍ ഈ രണ്ടു വാക്കുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങളിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണിപ്പോള്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ (കുഫോസ്) ഭരണഘടന ആമുഖ താള്‍ വിവാദത്തിലാകുന്നത്. സര്‍വകലാശാലയില്‍ ഷോക്കേസിലാണ് ഭരണഘടന സൂക്ഷിച്ചിരിക്കുന്നത്.

സര്‍വകലാശാല സന്ദര്‍ശിച്ചപ്പോള്‍ താനിത് തുറന്നുനോക്കുകയും അപ്പോഴാണ് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് കണ്ടതെന്നും കെ.ജെ. സോഹന്‍ പരാതിയില്‍ പറയുന്നു. പരാതിക്കൊപ്പം ഈ ഭരണഘടനാ ആമുഖത്താളിന്റെ ചിത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഭരണഘടന അച്ചടിച്ചു വിതരണം ചെയ്യുന്നതിനെതിരേയും പ്രദര്‍ശിപ്പിക്കുന്നതിന് എതിരേയും ശക്തമായ നടപടി വേണമെന്ന് കെ.ജെ. സോഹന്‍ ആവശ്യപ്പെടുന്നു.