പാലക്കാട് : പുതുപ്പരിയാരം പൂച്ചിറയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശി മീരയെയാണ് (32) ബുധനാഴ്ച ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

To advertise here,

മുറിയിലുണ്ടായിരുന്ന നോട്ട്ബുക്കിലാണ് കുറിപ്പെഴുതിയിരുന്നത്. ഭര്‍ത്താവ് അനൂപിന് കുഞ്ഞിനോടും തന്നോടും സ്‌നേഹം കുറഞ്ഞെന്നും പരിഗണിക്കുന്നില്ലെന്നും പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയതെന്നുമാണ് കുറിപ്പിലുള്ളതെന്ന് ഹേമാംബികനഗര്‍ പോലീസ് പറഞ്ഞു. അനൂപിനെ കസ്റ്റഡിയിലെടുക്കാന്‍ മാത്രം ഗുരുതര ആരോപണങ്ങള്‍ കുറിപ്പിലില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്. രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവര്‍ഷംമുന്‍പാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ടുമാസംമുന്‍പും മീര സ്വന്തം വീട്ടിലെത്തിയിരുന്നു. മകളെ മുറിയില്‍ അടച്ചിട്ട് തന്നെ മര്‍ദിച്ചെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെന്നും പ്രശ്‌നം പരിഹരിച്ച് തിരിച്ചയക്കുകയാണ് ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും വഴക്കിനെത്തുടര്‍ന്ന് മീര സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 12 മണിയോടെയാണ് അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ അയല്‍വാസി ഫോണില്‍ വിളിച്ച് മീര ആശുപത്രിയിലാണെന്നും സ്റ്റേഷനില്‍ ബന്ധപ്പെടണമെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് അടുത്തദിവസം സ്റ്റേഷനിലെത്തി പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.