അരൂർ: തീരദേശ റെയിൽപ്പാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പള്ളിപ്പുറം പുൽപ്പറമ്പിൽ കൃഷ്ണന്റെ ഏകമകൾ നേഹാ കൃഷ്ണന്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോടുചേർന്നാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ കടന്നുപോയ ഗുരുവായൂർ ചെന്നൈ എക്സ്‌പ്രസ് തീവണ്ടിയിൽനിന്നും വീണതായാണ് സംശയം.

To advertise here,

എം.എസ്.ഡബ്ല്യു പാസായ നേഹയ്ക്ക് കാമ്പസ് സെലക്ഷനിൽ അസമിൽ ജോലി ലഭിച്ചിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി. ജോലിസംബന്ധമായ യാത്രയ്ക്കിടെ, എറണാകുളത്തുള്ള ഒരു സുഹൃത്തിനെ കണ്ട് പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്.

കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് പിതാവ് കൃഷ്ണൻ. മാതാവ് ഷാലിമ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അരൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഇതേ സ്ഥലത്ത് മാവേലി എക്സ്പ്രസിൽനിന്നും വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്ദുൾ ഹമീദി (37) നും ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.