കോതമംഗലം: നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കോതമംഗലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയായ ആന്‍ മേരിയാണ് മരിച്ചത്. ഇതേ കോളേജില്‍ പഠിക്കുന്ന ബൈക്ക് ഓടിച്ച അല്‍ത്താഫ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് കട്ടപ്പന ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പുറപ്പെട്ടുകൊണ്ടിരിക്കേയാണ് അപകടം. 

To advertise here,

ബൈക്ക് കടന്നുപോകവേ, റോഡിന് സമീപത്തുണ്ടായിരുന്ന പന കാട്ടാന മറിച്ചിടുകയായിരുന്നു. ബൈക്കിന് പിറകിലായിരുന്ന ആന്‍ മരിയയുടെ ദേഹത്തേക്കാണ് മരം പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ആനിനെ നേര്യമംഗലത്തെ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഇരുവര്‍ക്കും 21 വയസ്സാണ്. 

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് മരിച്ച ആന്‍ മരിയ. അല്‍ത്താഫ് എറണാകുളം കോതമംഗലം സ്വദേശി. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവരാണ് മരം നീക്കി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.