കുണ്ടറ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വേദന അനുഭവപ്പെട്ട യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം. നാന്തിരിക്കൽ സ്വദേശിനിയായ യുവതിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നോടെയായിരുന്നു സംഭവം.

To advertise here,

വേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ യുവതിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ആംബുലൻസ് വിളിച്ചത്. വാഹനം ഇളമ്പള്ളൂർ എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന കഠിനമായി. തിരുഹൃദയം ആംബുലൻസ് ഡ്രൈവർ ആന്റണി വാഹനം തിരികെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു.

ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും ആംബുലൻസിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ അടിയന്തര ശുശ്രൂഷകൾ നൽകി. പൊക്കിൾക്കൊടി വേർപെടുത്തിയശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. വാർത്തയറിഞ്ഞ മന്ത്രി പി.സി. വിഷ്ണുനാഥ് ആശുപത്രി അധികൃതരുമായി സംസാരിച്ച് ചികിത്സാച്ചെലവ് പൂർണമായും ഒഴിവാക്കിനൽകി.