ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊമ്പതുകാരി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിക്കുകയും കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പതു മണിയോടെ കടുത്ത വയറുവേദനയും നടുവേദനയുമായാണ് പേഷ്യന്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽ ഒരാൾ മാതൃഭൂമിന്യൂസിനോട് പ്രതികരിച്ചു.
ആർത്തവ സംബന്ധമായ വേദനയാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. കുട്ടിയുടെ വയറ് കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. താനും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരും നേഴ്‌സുമാരുമെല്ലാം പിരിയഡ്‌സ് മിസ്സായിട്ടുണ്ടോ എന്ന് നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ആർത്തവം കൃത്യമാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് കുട്ടി പറഞ്ഞത്. വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്. മുമ്പ് സ്‌കാൻ ചെയ്തപ്പോൾ അങ്ങനെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും പറഞ്ഞു. താൻ ഗർഭിണിയല്ല എന്ന ഉറച്ച നിലപാടിലായിരുന്നു പെൺകുട്ടിയെന്നും ഡോക്ടർ പറയുന്നു. പിന്നീട് ഒബ്‌സർവേഷനിൽ നിൽക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇവിടത്തെ അസിസ്റ്റന്റുമാരും ഡോക്ടർമാരുമെല്ലാം കെട്ടിടത്തിന്റെ പിറകിൽ പോയി നോക്കുമ്പോഴാണ് ഒരു പെൺകുഞ്ഞിനെ കിട്ടിയത്. അപ്പോൾ തന്നെ പ്രാഥമിക ശ്രുശ്രൂഷ നൽകി രണ്ടു പേരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഒബ്‌സർവേഷനിൽ ഇരിക്കെ ചൊവ്വാഴ്ച പുലർച്ചെ ഏകദേശം രണ്ടു മണിയോടെയാണ് 19-കാരി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ വെച്ച് പ്രസവിക്കുന്നത്. പ്രസവശേഷം വിവരം ആരോടും പറയാതെ കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ അവിടെനിന്ന് കണ്ടെത്തിയത്.
എറണാകുളത്ത് പഠിക്കുന്ന പെൺകുട്ടി താൻ ഗർഭിണിയായ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്ന് പോലീസിനോട് സമ്മതിച്ചു. നിലവിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: 19-year-old student concealed pregnancy from family, Gave birth in hospital toilet during observation, Infant found outside after being thrown through a window, Both mother and child are currently stable at Vandanam Medical College, Police investigation underway in Haripad
Published: 26 May 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented