
കൂരാച്ചുണ്ട് : മലയോരത്തിന്റെ എല്ലാ കഷ്ടതകളും സഹിച്ച് മണ്ണിലധ്വാനിച്ചാണ് കക്കയത്തെ പാലാട്ടിയില്‍ അബ്രഹാമും ഭാര്യ തെയ്യാമ്മയുംചേര്‍ന്ന് ജീവിതം കരുപ്പിടിപ്പിച്ചത്. വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി ഏതാനും വര്‍ഷം മുമ്പ് താമസം അഞ്ച് കിലോമീറ്റര്‍ അകലേക്ക് മാറ്റിയതാണ് അബ്രഹാം. എന്നിട്ടും ആദ്യതാമസ സ്ഥലത്തിനടുത്തുള്ള കൃഷിയിടത്തില്‍വെച്ചുതന്നെ കാട്ടുപോത്ത് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു.
പ്രായം 70 ആയെങ്കിലും പൊന്നുവിളയിച്ച കൃഷിയിടത്തിലേക്കുള്ള പോക്ക് അബ്രഹാം മുടക്കാറില്ല. അടയ്ക്കയും കശുവണ്ടിയും തേങ്ങയുമെല്ലാം പെറുക്കി വീട്ടിലെത്തിക്കാന്‍ ഇടയ്ക്കിടെ പോകും. മുമ്പ് തെയ്യാമ്മയും ഒപ്പമുണ്ടാകുമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന് തളര്‍ന്ന് ഇവര്‍ കിടപ്പിലായി. ഭാര്യയുടെ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയമായിരുന്നു അബ്രഹാം.
ചൊവ്വാഴ്ച രാവിലെ 11-ഓടെ പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പില്‍നിന്നുലഭിച്ച കാര്‍ഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൃഷിയിടത്തില്‍വെച്ച ചാക്കിനരികെ രക്തം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു.
കക്കയം പഞ്ചവടിക്ക് സമീപം ഓടിട്ട പഴയവീട്ടിലാണ് അബ്രഹാമിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ജോബിഷിന് കൂലിപ്പണിയാണ്. ജോബിഷിന് ലൈഫ് പദ്ധിതിയില്‍ ലഭിച്ച വീട് പൂര്‍ത്തിയായിട്ടില്ല. പണിതീരാത്ത വീട്ടിലാണ് താമസം. മറ്റൊരുമകന്‍ ജോമോനും കൂലിപ്പണിയാണ്.
അബ്രഹാമിന്റെ സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച മൂന്നിന് വീട്ടില്‍ ആരംഭിക്കും. കക്കയം പള്ളിയിലെ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലോടെ താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

നടുങ്ങി മലയോരം
കൂരാച്ചുണ്ട്: ജനവാസമേഖലയില്‍ കാട്ടുപോത്തിറങ്ങിയതോടെ രണ്ടുദിവസമായി ഭീതിയുടെ നിഴലിലാണ് കൂരാച്ചുണ്ടിന്റെ ദിനരാത്രങ്ങള്‍ കടന്നുപോയത്. ഒടുവില്‍ കര്‍ഷകന്‍ അബ്രഹാമിനെ കക്കയത്ത് കുത്തിക്കൊന്നുവെന്ന വിവരം എത്തിയതോടെ മലയോരം നടുങ്ങി. ഏറെക്കാലമായി തുടരുന്ന വന്യമൃഗശല്യത്തിനൊടുവില്‍ കാട്ടുപോത്ത് മനുഷ്യന്റെ ജീവനെടുത്തു. കഴിഞ്ഞദിവസം ചാലിടം ഭാഗത്തിറങ്ങിയ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ട് റിസര്‍വോയര്‍ കടത്തിവിട്ടുവെന്ന് ആശ്വസിച്ചിരിക്കെയാണ് കക്കയത്ത് മറ്റൊരു കാട്ടുപോത്ത് കര്‍ഷകനെ കുത്തിക്കൊന്നത്.
കക്കയം ടൗണില്‍നിന്ന് ഡാം സൈറ്റിലേക്കുള്ള വഴിയില്‍ അഞ്ചുകിലോമീറ്റര്‍ അകലെയാണ് അബ്രഹാമിന്റെ കൃഷിയിടം. അബ്രഹാമിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസി കൊച്ചുപുരയില്‍ അമ്മിണിയാണ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതായി ആദ്യം കണ്ടത്. പരിസരവാസികള്‍ എത്തുമ്പോഴേക്ക് കാട്ടുപോത്ത് ഓടിപ്പോയിരുന്നു.
വനമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശമാണിത്. കക്കയം ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ അമ്മയെയും കുട്ടിയെയും ജനുവരി 20-ന് കാട്ടുപോത്ത് ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അതിനുശേഷം കക്കയം വിനോദസഞ്ചാരകേന്ദ്രംവരെ അടച്ചിടുകയുണ്ടായി. അതിനടുത്ത പ്രദേശത്താണ് ഇപ്പോഴത്തെ ആക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രിയോടെയാണ് കാട്ടുപോത്തിന്‍കൂട്ടം കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനവാസമേഖലയിലിറങ്ങിയത്. കാളങ്ങാലി തൊണ്ടിയില്‍ത്താഴ റോഡിലാണ് ആദ്യം എത്തിയത്. ഇവ പിന്നീട് പല ഭാഗങ്ങളിലേക്ക് നീങ്ങി കൃഷിയിടങ്ങളിലേക്കെല്ലാമെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ചാലിടം അങ്ങാടിയില്‍ കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശം വീണ്ടും ഭീതിയുടെ നിഴലിലായി. പ്രദേശത്തെ വീട്ടുമുറ്റത്തേക്കും കാട്ടുപോത്ത് കയറി. വീടുകള്‍ക്കും കടകള്‍ക്കും മുന്നിലൂടെയെല്ലാം ഓടിനടന്ന് നാടിനെയാകെ വിറപ്പിച്ചു. പകല്‍മുഴുവന്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തി. വിദ്യാര്‍ഥികളടക്കം പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയായതോടെ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധിനല്‍കി.
പൂവത്തുംചോല, ഇല്ലിപ്പിലായി, കല്ലാനോട് കോണ്‍വെന്റ്, കല്ലാനോട് താഴെ അങ്ങാടി, തോണിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലെല്ലാം കാട്ടുപോത്തെത്തി. ഇതോടെ കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങള്‍ക്കും അവധിനല്‍കി. വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പിന്തുടര്‍ന്നതോടെ തോണിക്കടവ് ഭാഗത്തുനിന്ന് റിസര്‍വോയറിലൂടെ നീന്തി സമീപത്തെ ഹാര്‍ട്ട് ഐലന്റെന്ന തുരുത്തിലേക്ക് കാട്ടുപോത്ത് കയറിപ്പോകുകയായിരുന്നു

കൂരാച്ചുണ്ടില്‍ വന്യമൃഗ ആക്രമണത്തില്‍ പൊലിയുന്ന രണ്ടാമത്തെ ജീവന്‍
കൂരാച്ചുണ്ട് : വന്യമൃഗ ആക്രമണത്തില്‍ കൂരാച്ചുണ്ടില്‍ മരിച്ച രണ്ടാമത്തെയാളാണ് കക്കയത്തെ അബ്രഹാം. പഞ്ചായത്തിലെ എരപ്പാംതോട് ആലക്കുന്നത്ത് റഷീദാണ് (45) കാട്ടുപന്നിയുടെ ആക്രമണത്തില്‍ വാഹനം അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞവര്‍ഷം മരിച്ചത്.
2021 ഒക്ടോബറില്‍ രാത്രി ഓട്ടോയില്‍ വരുമ്പോള്‍ കട്ടിപ്പാറയ്ക്കടുത്ത് കാട്ടുപന്നി ആക്രമിച്ചതിനെത്തുടര്‍ന്ന് ഓട്ടോമറിഞ്ഞായിരുന്നു അപകടം. ഒപ്പമുള്ള കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒട്ടേറേ വന്യമൃഗാക്രമണങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ പിന്നീടും ഉണ്ടായിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിന് അടുത്തുള്ള കോട്ടൂര്‍ പഞ്ചായത്തില്‍ ഒരാള്‍ 2021-ല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്.
കോട്ടൂര്‍ പൊയില്‍ ബാലനാണ് (69) പകല്‍സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കൂരാച്ചുണ്ട് ടൗണില്‍ 2022 ഫെബ്രുവരിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങി കാറിന് ഇടിക്കുകയും ഒരു വഴിയാത്രക്കാരന് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സമീപത്തെ ചക്കിട്ടപാറ പഞ്ചായത്തിലും വന്യമൃഗആക്രമണത്തില്‍ ഒട്ടേറേ പേര്‍ക്കാണ് അഞ്ചുവര്‍ഷത്തിനിടെ പരിക്കേറ്റത്. ജോലിക്കായി പോകുന്നവരും കടയില്‍ സാധനം വാങ്ങാന്‍ വന്നവരുമെല്ലാം പന്നിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു; താളംതെറ്റി കുടിയേറ്റമേഖല
കോടഞ്ചേരി : നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന വന്യമൃഗശല്യംകാരണം മലയോരമേഖലയിലെ കൃഷി പ്രതിസന്ധിയിലാകുന്നു. വേനല്‍ കടുത്തതോടെ വനാതിര്‍ത്തിയോടുചേര്‍ന്നുള്ള കാര്‍ഷികമേഖലയില്‍ കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യം വര്‍ധിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ, തുഷാരഗിരി, ജീരകപ്പാറ, കണ്ടപ്പന്‍ചാല്‍, കുണ്ടന്‍തോട്, പുതുപ്പാടി പഞ്ചായത്തിലെ മയിലെല്ലാംപാറ, എടുത്തവെച്ചകല്ല്, മുത്തപ്പന്‍പുഴ, കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍, കോനൂര്‍കണ്ടി, പൂവാറന്‍തോട് എന്നിവിടങ്ങളിലെല്ലാം കാട്ടാന കൃഷിനശിപ്പിക്കുന്നത് പതിവായി. ആനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ആവര്‍ത്തനക്കൃഷിയും പുതുകൃഷിയും കര്‍ഷകര്‍ ഉപേക്ഷിച്ചുകഴിഞ്ഞു.
കഴിഞ്ഞയാഴ്ച കൂരോട്ടുപാറയില്‍ കൃഷിനശിപ്പിച്ച കാട്ടാനകളെ തുരത്താന്‍ ദ്രുതകര്‍മസേന ഏറെ കഷ്ടപ്പെട്ടെങ്കിലും അവര്‍ പോയപ്പോള്‍ വീണ്ടും ആന കൃഷിയിടത്തിലിറങ്ങി വ്യാപകമായ നാശംവരുത്തി. കാട്ടുപന്നികളുടെ വിളയാട്ടംമൂലം ഹ്രസ്വകാലവിളകള്‍ നാമമാത്രമായി. മരച്ചീനിയുടെ ഉത്പാദനം മേഖലയില്‍ കുറഞ്ഞു. ചേമ്പും ചേനയും മധുരക്കിഴങ്ങും കൃഷിചെയ്യുന്നവര്‍ വിരളമായി.
പുലിപ്പേടിയില്‍ മലയോരഗ്രാമങ്ങള്‍
കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഏഴുസ്ഥലങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുലിയെ കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെ ഇവിടങ്ങളില്‍ വനം ദ്രുതകര്‍മസേന പരിശോധന നടത്തി. മൂന്നിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. കണ്ടപ്പന്‍ചാലില്‍ ഏതാനുംദിവസംമുമ്പ് ക്യാമറയില്‍ ദൃശ്യമായ പുലിക്കൂട്ടത്തിനായി കൂടൊരുക്കി കാത്തിരിക്കുകയാണ്. ഒന്നുപോലും കൂട്ടില്‍ കുടുങ്ങിയിട്ടില്ല.

ടാപ്പിങ്ങിനാളില്ല, രാത്രിയാത്രയും പ്രഭാതനടത്തവും ഒഴിവാക്കി
വിജനമായ തോട്ടങ്ങളില്‍ ടാപ്പിങ് നടത്താന്‍ പുലിയെയും കാട്ടുപന്നിയെയും പേടിച്ച് തൊഴിലാളികള്‍ തയ്യാറല്ല. അധികകൂലി കൊടുക്കാമെന്നുപറഞ്ഞാലും ആളെ കിട്ടാത്ത അവസ്ഥ. ഒട്ടേറെ കര്‍ഷകര്‍, പുലര്‍ച്ചെ നടത്തിയ ടാപ്പിങ് വൈകുന്നേരമാക്കി. ടാപ്പിങ് നിലച്ച തോട്ടങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്നതോടെ കാടുമൂടിക്കിടക്കുന്ന റബ്ബര്‍തോട്ടങ്ങള്‍ കാട്ടുപന്നിയുടെ ആവാസസ്ഥാനമായി മാറി. പ്രഭാതത്തില്‍ വ്യായാമത്തിനായി നടക്കുന്നവരെ റോഡില്‍ കാണാനില്ല. കാല്‍നടയായി സ്‌കൂളില്‍ വന്നുപോകുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ യാത്ര ബസിലും ഓട്ടോറിക്ഷയിലുമാക്കി. പുലര്‍ച്ചെ ആരാധനാലയങ്ങളിലെത്തുന്നവരുടെ എണ്ണവുംകുറഞ്ഞു. പുലിപ്പേടി ക്ഷീരകര്‍ഷകരെ കാര്യമായി ബാധിച്ചു. വിജനമായ ഇടങ്ങളിലും തോട്ടങ്ങളിലും പശുവിനെ മേയ്ക്കുന്നതും പുല്ലരിയാന്‍പോകുന്നതും പലരും ഒഴിവാക്കി.
വന്യമൃഗശല്യത്തെത്തുടര്‍ന്ന് കോടഞ്ചേരി പഞ്ചായത്തിലെ ഏതാനും ക്രിസ്തീയദേവാലയങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയുടെ സമയത്തില്‍ മാറ്റംവരുത്തി. കൂരോട്ടുപാറ സെയ്ന്റ് മേരീസ് ദേവാലയത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലൊഴികെ രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയാണ് വൈകുന്നേരത്തേക്ക് മാറ്റിയത്.
ആവശ്യങ്ങളേറെ
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ അനുവാദംവേണമെന്നും നടപടികള്‍ ലഘൂകരിച്ച് കൂടുതല്‍പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കണമെന്നും കര്‍ഷകസംഘടനകള്‍ ഏറെക്കാലമായി ആവശ്യമുയര്‍ത്തുന്നു.
കോടഞ്ചേരി, തിരുവമ്പാടി, കട്ടിപ്പാറ, പുതുപ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ 40 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി നിര്‍മാണം കുറവാണ്. ഒന്നാംഘട്ടത്തില്‍ 45 ലക്ഷം രൂപ ചെലവഴിച്ച് 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് വേലി പൂര്‍ത്തിയായത്.
വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജവേലിയുടെ ഏറെഭാഗവും തകര്‍ന്ന അവസ്ഥയിലുമാണ്. വനാതിര്‍ത്തികളില്‍ ട്രഞ്ചും ഹാങ്ങിങ് ഫെന്‍സും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്
Content Highlights: wild gaur attack in koorachund
Published: 06 Mar 2024, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented