കോതമംഗലം: കനത്തമഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി. മലയാറ്റൂര്‍ ഡിവിഷനുകീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടുകൊമ്പനാനകളും ഇടമലയാര്‍ റെയ്ഞ്ച് പരിധിയില്‍ പിടിയാനയും കുഞ്ഞും വാഴച്ചാല്‍ ഡിവിഷിന് കീഴിലെ അതിരിപ്പിള്ളി റെയ്ഞ്ചിലെ അയ്യമ്പുഴ സ്റ്റേഷന്‍ പരിധിയിലെ ആറാം ബ്ലോക്കില്‍ ഗര്‍ഭിണിയായ ആനയും ആണ് ചരിഞ്ഞത്.

To advertise here,

കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടിപുഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിനുസമീപത്ത് പിടിയാനയുടെ ജഡവും ചപ്പാത്തില്‍നിന്ന് ഉദേശം 300 മീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് കൊമ്പന്റെ ജഡവുമാണ് കണ്ടെത്തിയത്. രണ്ട് ആനകള്‍ക്കും 15 വയസ്സില്‍ താഴെ കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു. ജഡത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ട്. പൂയംകുട്ടി പുഴയിലെ പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍നിന്ന് താഴേക്ക് പതിച്ചതാകാമെന്നാണ് നിഗമനം. 

വീഴ്ചയില്‍ രണ്ട് ആനകളുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞ് രക്തസ്രാവം സംഭവിച്ചതായി വനം അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പാലോട് വെറ്ററിനറി ലാബില്‍ പരിശോധനയ്ക്ക് അയക്കും. കൊമ്പുകള്‍ രണ്ടും കുട്ടംപുഴ റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി. 

മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക്, കോടനാട് അഭയാരണ്യത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയ് സി. ബാബു, ഡോ. സിറിള്‍ അലോഷ്യസ്, കുട്ടംപുഴ റെയ്ഞ്ച് ഓഫീസര്‍ വി.പി. മുരളീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡങ്ങള്‍ വനത്തില്‍ സംസ്‌കരിച്ചു.

അയ്യമ്പുഴ ആറാം ബ്ലോക്ക് ഭാഗത്ത് തോട്ടിലെ കലുങ്കിനു സമീപത്താണ് പിടിയാനയുടെ ജഡം വ്യാഴാഴ്ച രാവിലെ കണ്ടത്. ഉദ്ദേശം 20 വയസ്സ് തോന്നിക്കുന്ന ആന ആറുമാസം ഗര്‍ഭിണിയായിരുന്നു. ഏതാനും ദിവസം മുന്‍പും ആനയ്ക്ക് വീഴ്ചയില്‍ പരിക്കേറ്റിരുന്നിരുന്നു. രണ്ടാമത്തെ വീഴ്ച മരണകാരണമായി. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജഡം സംസ്‌കരിച്ചു.

ഇടമലയാര്‍ ഡാമില്‍ കണ്ടെത്തിയ പിടിയാനയുടെയും കുഞ്ഞിന്റെയും ജഡത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ഡാം സൈറ്റില്‍നിന്ന് 20 കിലോമീറ്റര്‍ മാറി കപ്പായത്തിന് പോകുന്ന വഴിയില്‍ വെണ്‍മുഴി ഭാഗത്ത് വെള്ളച്ചാട്ടത്തിന് താഴെയാണ് പിടിയാനയുടെ ജഡം. വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റര്‍ മാറിയാണ് ആറുമാസമായ കുട്ടിയാനയുടെ ജഡം കിടക്കുന്നത്. വെള്ളച്ചാട്ടം കുറുകേ കടക്കുമ്പോള്‍ കുഞ്ഞും അമ്മയും താഴ്ചയിലേക്ക് വീണുണ്ടായ മരണമെന്നാണ് നിഗമനം. 

അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ ആദിവാസികളാണ് വ്യാഴാഴ്ച ആനകളുടെ ജഡം ഡാമില്‍ കിടക്കുന്നതുകണ്ട് വനപാലകരെ വിവരം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ വെറ്ററിനറി ഡോക്ടര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.