മലപ്പുറം: കരുളായിയിൽ വനത്തിൽ ജോലിക്കുപോയ വയോധികയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മൂത്തേടം ബാലങ്കുളം വടക്കേത്തല സൈനബ(62)യ്ക്കാണ് പരിക്കേറ്റത്. വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ജോലിക്ക് പോകുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.

To advertise here,

വനത്തിനുള്ളിലെ ശങ്കരങ്കോട്ടിൽ തേക്ക് തൈകൾ വെയ്ക്കുന്നതും കുഴിയെടുക്കുന്നതുമടക്കമുള്ള പണികളാണ് സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ ചെയ്യുന്നത്. ചീനിക്കുന്ന് ഭാഗത്തുനിന്ന് കാട്ടിൽ പ്രവേശിച്ച് ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ കാട്ടാന ഇവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ആനയെ കണ്ട് കൂടെയുള്ളവരെല്ലാം പലവഴിക്ക് ചിതറിയോടി. സൈനബ ഓടിയെത്തിയ ഭാഗത്താണ് ആനയുമെത്തിയത്. ഇവിടെവെച്ച് ആന സൈനബയെ ആക്രമിക്കുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.

ഉടനെ മറ്റു തൊഴിലാളികളും വനപാലകരും ചേർന്ന് സൈനബയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നട്ടെല്ലിനും വാരിയെല്ലിനും പരിക്കുണ്ട്.

വയനാട്ടിൽ ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെയാണ് തിരുനെല്ലി കാട്ടിക്കുളത്തുവെച്ച് ആക്രണമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാജു മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.