ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ച് തളച്ച മൂന്നുവയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന്. ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിഞ്ഞിരുന്നില്ല.

To advertise here,

പരിക്കുകള്‍ക്ക് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നും വായയിലെ മുറിവ് പുഴുവരിച്ച നിലയിലാണെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജഡപരിശോധനയ്ക്കുശേഷം ആറളം വന്യജീവിസങ്കേതത്തില്‍ സംസ്‌കരിച്ചു.

അന്വേഷണം തുടങ്ങി

ആന പന്നിപ്പടക്കം കടിക്കാന്‍ ഇടയായ സംഭവത്തില്‍ വനം വകുപ്പ് ആന്വേഷണം ശക്തമാക്കി. കൊട്ടിയൂര്‍ റെയ്ഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വനം വകുപ്പിന്റെയും പോലീസ് ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ ആറളം ഫാമിലെ ഒന്ന്, മൂന്ന്, ആറ് ബ്ലോക്കുകളില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. ജനവാസ മേഖലയില്‍നിന്നോ ആറളം ഫാം കൃഷിയിടത്തില്‍നിന്നോ ആകാം ആന പന്നിപ്പടക്കം കഴിക്കാന്‍ ഇടയായതെന്ന നിഗമനത്തിലാണ് അധികൃതര്‍. കാട്ടാന ഫാമില്‍നിന്നാണ് കക്കുവ പുഴ കടന്ന് ആറളം പഞ്ചായത്തിലെ ജനവാസ മേഖലയായ വട്ടപ്പറമ്പില്‍ എത്തിയത്.

സ്ഫോടകവസ്തു ഉപയോഗിച്ച് ഫാമില്‍ മൃഗവേട്ട നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു.

ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നുമുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ വനം നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഉത്തരവിട്ടത്. രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

വനം നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ഇല്യാസ് റാവുത്തര്‍, ചരള്‍ വെറ്ററിനറി ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശരണ്യ, അടയ്ക്കാത്തോട് വെറ്ററിനറി സര്‍ജന്‍ റെജിന്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജഡപരിശോധന. ആനയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചു.