റിവാൾഡോ പ്ലീസ് കം ബാക്ക്... മസിനഗുഡി കാത്തിരിക്കുന്നു.... ഡ്രോണടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് റിവാൾഡോയെ തേടി വനമേഖലയിൽ തമിഴ്നാട് വനംവകുപ്പ് മൂന്ന് മാസത്തോളമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
മുതുമലയുടെയും മസിനഗുഡിയുടെയും ഹൃദയമിടിപ്പായിരുന്നു റിവാൾഡോ. വെറുമൊരു വന്യമൃഗത്തിനപ്പുറം, ആ ഗ്രാമത്തിലെ ഓരോ മനുഷ്യന്റെയും കുടുംബാംഗത്തെപ്പോലെയാണ് ഈ കൊമ്പൻ ജീവിച്ചിരുന്നത്.
റിവാൾഡോയുടെ ജീവിതം മാറ്റിമറിച്ചത് പ്രശസ്ത വന്യജീവി സംരക്ഷകൻ ഇ.ആർ.സി. ദാവിദാരുടെ മകൻ മാർക്ക് ദാവിദാറുമായുള്ള അപൂർവ്വ സൗഹൃദമാണ്. ബ്രസീലിയൻ ഫുട്ബോളിനെ സ്നേഹിച്ചിരുന്ന മാർക്ക് ആണ് ഈ കൊമ്പന് റിവാൾഡോ എന്ന പേര് നൽകിയത്. മാർക്കിന്റെ വീടിനു മുന്നിലൂടെ സ്ഥിരമായി പോയിരുന്ന ആനക്കൂട്ടത്തിലെ ഈ കൊമ്പൻ മാർക്കുമായി ഒരു പ്രത്യേക ഹൃദയബന്ധം സ്ഥാപിച്ചെടുക്കുകയായിരുന്നു.
ഒരിക്കൽ മാരകമായ വെടിയേറ്റ മുറിവുമായി തുമ്പിക്കൈ ഉയർത്താൻ പോലും കഴിയാതെ തീറ്റയെടുക്കാനാവാതെ റിവാൾഡോ മാർക്കിന് മുന്നിലെത്തി. തന്റെ പ്രിയപ്പെട്ട ആനയുടെ അവസ്ഥ കണ്ട് സഹിക്കാനാവാതെ മാർക്ക് നേരിട്ട് റിവാൾഡോയുടെ വായയ്ക്കുള്ളിലേക്ക് ഭക്ഷണം വെച്ചു കൊടുക്കുമായിരുന്നു. മാർക്കിന്റെ ആ സ്നേഹവും പരിചരണവുമാണ് മരണത്തിന്റെ വക്കിൽ നിന്ന് റിവാൾഡോയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മാർക്കിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ സുഹൃത്തായ മുത്തുവുമായിട്ടായിരുന്നു റിവാൾഡോയുടെ അടുത്ത ബന്ധം. ഗ്രാമത്തിലെ വീടുകൾക്ക് മുന്നിലെത്തുന്ന റിവാൾഡോയെ നാട്ടുകാർ വന്യമൃഗമായിട്ടല്ല, മറിച്ച് വീട്ടിൽ വളർത്തുന്ന പശുവോ മറ്റോ ആയാണ് കണ്ടിരുന്നത്. "റിവാൾഡോ" എന്ന് സ്നേഹത്തോടെ വിളിച്ചാൽ അവൻ തിരിഞ്ഞു നോക്കുമായിരുന്നുവെന്നും ആരോടും ഉപദ്രവം കാണിക്കാത്ത പ്രകൃതക്കാരനായിരുന്നു അവനെന്നും നാട്ടുകാർ നാട്ടുകാർ പറയുന്നു.
ഇടയ്ക്കിടെ മാസങ്ങളോളം കാട്ടിലേക്ക് അപ്രത്യക്ഷനാകുന്ന റിവാൾഡോ പിന്നീട് ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്താറാണ് പതിവ്. രാത്രികാലങ്ങളിൽ ഗ്രാമത്തിൽ കറങ്ങുന്ന അവൻ വീടുകളിലെ ടാങ്കുകളിൽ നിന്ന് വെള്ളം കുടിക്കുകയും ആളുകളുമായി അടുത്തിടപഴകുകയും ചെയ്യുമായിരുന്നു എന്ന് നാട്ടുകാർ ഓർക്കുന്നു. കാടിറങ്ങി പുഴകൾ താണ്ടി അവൻ വീണ്ടും തങ്ങൾക്കിടയിലേക്ക് എത്തുമെന്നും ആ സൗഹൃദം തുടരുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾ വിഫലമാക്കി നീലഗിരിയുടെ പ്രിയപ്പെട്ട 'റിവാൾഡോ' ഓർമ്മകളിലേക്ക് മടങ്ങി.
കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചിൽ നിന്ന് റിവാൾഡോയെ കാണാതായിരുന്നു. എന്നാൽ 15 ദിവസം മുൻപാണ് അവൻ വീണ്ടും ഈ മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. തിരികെ എത്തിയപ്പോൾ റിവാൾഡോയുടെ ശരീരത്തിൽ മറ്റ് കാട്ടാനകളുടെ കുത്തേറ്റ മാരകമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് വനപാലകർ കണ്ടെത്തി. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോൾ തന്നെ അവൻ അതീവ ക്ഷീണിതനായിരുന്നു.
പരിക്കേറ്റ് അവശനായ റിവാൾഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തിൽ വീണത്. അവനെ എഴുന്നേൽപ്പിക്കാനും കൃത്യമായ ചികിത്സ നൽകാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥർ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവിൽ ഇന്ന് ഉച്ചയോടു കൂടി ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ആ പ്രിയപ്പെട്ട കൊമ്പൻ ചരിഞ്ഞു.
Content Highlights: inspiring tale of Rivaldo, an elephant who survived a gunshot, returned from the wild, and was loved by a village.
Published: 13 Feb 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented