ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്ന് രാജ്യത്തെ വിളർച്ചരോഗബാധിതരെ കണ്ടെത്താനുള്ള ചോദ്യാവലി പുറത്ത്.

To advertise here,

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലെ രാജ്യാന്തര ജനസംഖ്യാ പഠനകേന്ദ്രം (ഐ.ഐ.പി.എസ്.)മേധാവിയായിരുന്ന പ്രൊഫ. കെ.എസ്. ജയിംസിനെതിരായ നടപടിക്കും രാജിക്കുമിടയാക്കിയ വിവാദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് ചോദ്യാവലി ഒഴിവാക്കിയതെന്നാണ് സൂചന. രാജ്യത്ത് വിളർച്ചരോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്ന കഴിഞ്ഞ സർവേയിലെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ കുടുക്കിയിരുന്നു. മുഖം രക്ഷിക്കാനാണ് ചോദ്യാവലി തന്നെ വേണ്ടെന്നു വെച്ചതെന്നാണ് ആരോപണം. വിളർച്ചയുമായി ബന്ധപ്പെട്ട പരിശോധന ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഐ.ഐ.പി.എസിലെ ഡയറക്ടറുടെ ചുമതലയുള്ള എസ്.കെ. സിങ് സ്ഥിരീകരിച്ചിട്ടുണ്ട്.

സർവേയുടെ ആറാമത്തെ പതിപ്പിൽനിന്നാണ് രാജ്യത്തെ വിളർച്ചരോഗബാധിതരെ കണ്ടെത്താനുള്ള ചോദ്യാവലി ഒഴിവാക്കിയത്. ഐ.ഐ.പി.എസ്. പ്രസിദ്ധീകരിച്ച ബയോ മാർക്കർ ചോദ്യാവലിയിൽ വിളർച്ചയെക്കുറിച്ചുള്ള ചോദ്യങ്ങളില്ല. കഴിഞ്ഞ സർവേഫലത്തിലെ കണ്ടെത്തൽ ചർച്ചയായതും വിളർച്ചരോഗബാധിതർ കൂടുന്നത് വിദേശങ്ങളിൽ രാജ്യത്തിന്റെ ദൈന്യചിത്രം വെളിപ്പെടുത്തുമെന്ന തോന്നലുമാണ് ആറാം പതിപ്പിൽനിന്ന് ചോദ്യാവലി ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. അടുത്ത വർഷം ഡിസംബറോടെയാണ് 2023-’24 വർഷത്തെ ആറാം പതിപ്പിന്റെ അന്തിമഫലം പുറത്തുവരുക.

1992-’93 വർഷത്തിലാണ് രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ സർവേ ആരംഭിച്ചത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജനസംഖ്യ, ആരോഗ്യസ്ഥിതി, പോഷകാഹാരം തുടങ്ങിയവയിലെ പ്രശ്നങ്ങൾ കണ്ടെത്തുകയാണ് പ്രധാനമായും സർവേയുടെ ലക്ഷ്യം. ഈ റിപ്പോർട്ടിനെക്കൂടി അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനാവശ്യമായ നയതീരുമാനങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കൈക്കൊള്ളുന്നത്. ഒന്നാം പതിപ്പ് മുതൽ ഒടുവിൽ നടന്ന 2019-’21 കാലത്തെ അഞ്ചാംപതിപ്പുവരെയും വിളർച്ചരോഗബാധിതരെ കണ്ടെത്താനുള്ള പരിശോധന സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.

രാജ്യത്ത് എല്ലാം ഭദ്രമല്ലെന്ന പൊതുധാരണ രൂപപ്പെടാതിരിക്കാനുള്ള നീക്കമാണ് ഈ ഒഴിവാക്കലിന്റെ പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്. വിളർച്ചനിരക്ക് കൂടിയെന്ന വെളിപ്പെടുത്തൽ, നൂറ് ശതമാനം വെളിയിട മുക്തരാജ്യമെന്ന സർക്കാരിന്റെ അവകാശവാദം പൊളിക്കുന്ന കണ്ടെത്തലുകൾ എന്നിവയുൾപ്പെട്ട കഴിഞ്ഞ സർവേ റിപ്പോർട്ട് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു.

കുഞ്ഞുങ്ങളിലെ വിളർച്ചനിരക്ക് 10 ശതമാനം കൂടി

കഴിഞ്ഞ സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകൾ:

- 6 മുതൽ 59 മാസംവരെ പ്രായമുള്ള കുഞ്ഞുങ്ങളിലെ വിളർച്ചനിരക്ക് 2015-’16-ൽ 58.6 ശതമാനമായിരുന്നത് 2019-’21-ൽ 67.1 ശതമാനമായി.

- 15- 49 വയസ്സിനിടയിലെ ഗർഭിണികളിൽ: 2015-’16-ൽ 53.2 ശതമാനം, 2019-’21-ൽ 57.2 ശതമാനം.

- 15- 19 പ്രായക്കാർക്കിടയിൽ 2015-’16-ൽ 54.1 ശതമാനം, 2019-’21-ൽ 59.1 ശതമാനം.

- 15- 49 പ്രായത്തിലെ പുരുഷന്മാരിൽ 2015-’16-ൽ 22.7 ശതമാനം, 2019-’21-ൽ 25 ശതമാനം

-15-19 പ്രായത്തിലെ പുരുഷന്മാരിൽ 2015-’16-ൽ 29.2 ശതമാനം, 2019-’21-ൽ 31.1 ശതമാനം

-കുഞ്ഞുങ്ങളിലെ വിളർച്ചനിരക്ക് ഏറ്റവും കുറവ് കേരളത്തിൽ: 39.4 ശതമാനം, കൂടുതൽ ലഡാക്കിൽ: 93.9 ശതമാനം, രണ്ടാം സ്ഥാനത്ത് ഗുജറാത്ത്: 79.7 ശതമാനം, താരതമ്യേന കുറവ് ദക്ഷിണേന്ത്യയിൽ

-സ്ത്രീകളുടെയും പുരുഷന്മാരുടെയും കണക്കിൽ ഏറ്റവും കുറവ് ലക്ഷദ്വീപിൽ 5.6 ശതമാനം, കൂടുതൽ ലഡാക്കിൽ 75.6 ശതമാനം, ചണ്ഡീഗഢിൽ 9.2 ശതമാനവും കേരളത്തിൽ 17.6 ശതമാനവും.