ന്യൂഡൽഹി: നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട് തുരങ്കപാതയ്ക്ക് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി ലഭ്യമാക്കിയതെന്ന് രേഖകൾ. സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി ചെയർമാൻ വിരമിക്കുന്ന ദിവസം വയനാട് തുരങ്കപാതയും മറ്റൊരു അജൻഡയും മാത്രമുൾപ്പെടുത്തി തിടുക്കത്തിൽ അംഗീകാരം നൽകി കേന്ദ്രത്തിനയക്കുകയായിരുന്നു.

To advertise here,

കേന്ദ്ര വിദഗ്‌ധപരിശോധനാ സമിതിയാകട്ടെ, ഇത്രയും വലിയ പാരിസ്ഥിതികാഘാത പഠനം ആവശ്യമുള്ള പദ്ധതിപ്രദേശം സന്ദർശിക്കുകപോലും ചെയ്യാതെ അനുമതി നൽകി. മേഖലയിലെ ഭൗമയാഥാർഥ്യം മനസ്സിലാക്കാൻ മെനക്കെട്ടില്ല. പദ്ധതിക്കരാർ ലഭിച്ച ദിലീപ് ബിൽഡ്‌കോണാകട്ടെ, മുൻപ്‌ കരിമ്പട്ടികയിൽപ്പെട്ട കമ്പനിയാണ്.

ഇവയുൾപ്പെടെ ഗുരുതരമായ വീഴ്ചകൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി തണ്ണീർത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം എന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കള്ളാടിയിൽ കഴിഞ്ഞ ദിവസത്തെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്നുപറഞ്ഞുകൊണ്ടാണ് അടിയന്തര ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

നിർമാണപ്രവൃത്തികൾ അടിയന്തരമായി നിർത്തണമെന്നും പാരിസ്ഥിതികാനുമതി നൽകിയതിലും ചട്ടലംഘനങ്ങളിലും ദുരന്തത്തിനിടയാക്കിയ സുരക്ഷാവീഴ്ചയിലും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൂണ്ടിക്കാട്ടിയ മറ്റ് പ്രധാന ക്രമക്കേടുകൾ

* പാരിസ്ഥിതികാഘാതപഠന (ഇ.ഐ.എ.) റിപ്പോർട്ട് തയ്യാറാക്കിയ കൊങ്കൺറെയിൽവേക്ക്‌ വൻകിട അടിസ്ഥാനസൗകര്യപദ്ധതികളുടെ ഇ.ഐ.എ. നിയമപരമായി നടത്താനുള്ള ദേശീയ അക്രെഡിറ്റേഷനില്ല.

* 2007-ലെ വാളംകോട് ദുരന്തത്തിന്റെയും 2024-ലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെയും ഡേറ്റകൾ സംയോജിപ്പിച്ചുള്ള പഠനം ഇ.ഐ.എ.യിലുണ്ടായില്ല.

* പാറപൊട്ടിക്കൽ, ഭാരമേറിയ ടണൽ ബോറിങ് മെഷീനുകളുടെ ഉപയോഗം എന്നിവയുടെ സ്വാധീനമെങ്ങനെയെന്ന് റിപ്പോർട്ടിലില്ല.

* തുരങ്കപാതയിലൂടെ ഭാരമേറിയ വാഹനങ്ങളുടെ അടിക്കടിയുള്ള സഞ്ചാരം പരമ്പരാഗത ആനത്താരകളെ തടസ്സപ്പെടുത്തും. അതുവഴി മനുഷ്യ-വന്യജീവി സംഘർഷം കൂടും.

* പാരിസ്ഥിതികാഘാത ലഘൂകരണം തടയാൻ പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനിലേക്ക് കരാർക്കമ്പനി നീക്കിവെച്ച 1.02 കോടിയുടെ വിഹിതം 15.04 കോടിയാക്കാൻ സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി നിർദേശിച്ചത് ഇ.ഐ.എ. യഥാർഥമല്ലെന്നതിന് തെളിവ്.

* സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ പാരിസ്ഥിതികാഘാത പഠനം നിർദേശിക്കാതെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയത്. ഈ അടിസ്ഥാന സർവേകൾ നടത്തിയില്ലെന്ന് സമ്മതിച്ചെങ്കിലും അനിവാര്യമല്ലെന്നുപറഞ്ഞ് 17.263 ഹെക്ടർ വനഭൂമി ഇല്ലാതാക്കാൻ അനുമതി.

* 2019-ൽ ദുരന്തമുണ്ടായ പുത്തുമലയോടും മുണ്ടക്കൈ-ചൂരൽമലയോടും ചേർന്നുള്ള പശ്ചിമഘട്ടത്തിലെ അതിദുർബല പ്രദേശമായിട്ടും അനുമതിക്കാര്യത്തിൽ അതൊന്നും കണക്കിലെടുത്തില്ല.