
കല്പറ്റ : താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ മണിക്കൂറുകളോളം വഴിയടഞ്ഞ് വയനാട്. ജില്ലയില്‍നിന്ന് പുറത്തേക്കു പോകാനും ജില്ലയിലേക്കു വരാനും കഴിയാതെ ആളുകള്‍ വലഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതം നിലച്ചതോടെ പിന്നീടുള്ള ആശ്രയം കുറ്റ്യാടി ചുരമായി. ബുധനാഴ്ച കുറ്റ്യാടി ചുരത്തില്‍ വാഹനത്തിരക്കേറിയതോടെ ഗതാഗതക്കുരുക്കായി. അയല്‍ജില്ലയായ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കും തിരിച്ചങ്ങോട്ടുമുള്ള യാത്ര മണിക്കൂറുകള്‍ നീണ്ടു. താമരശ്ശേരി ചുരം അടഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട്ടിലേക്കുള്ള ഗതാഗതവും തകിടം മറിഞ്ഞു. ആളുകള്‍ യാത്രാക്ലേശത്തില്‍ വലഞ്ഞു.
ചൊവ്വാഴ്ച രാത്രിയെത്തിയ കുറച്ച് ചരക്കുവാഹനങ്ങള്‍ കുറ്റ്യാടിവഴി പോയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയും രാവിലെയും എത്തിയ ചരക്കുവാഹനങ്ങള്‍ ലക്കിടിയില്‍ നിര്‍ത്തിയിടേണ്ടിവന്നു. ലക്കിടിമുതല്‍ ചെറുതും വലുതുമായി ചരക്കുവാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായി. ബുധനാഴ്ച രാത്രിയായിട്ടും ഈ വാഹനങ്ങള്‍ക്ക് പോകാനും സാധിച്ചില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളെ മണ്ണിടിഞ്ഞ ഭാഗത്ത് വഴിയൊരുക്കിയാണ് കടത്തിവിട്ടത്. റോഡിലേക്കു വീണ കല്ലും മണ്ണും മരങ്ങളും മാറ്റുന്നതിനിടെയും ആംബുലന്‍സുകളെ കടത്തിവിട്ടു.
താളംതെറ്റി ബസ് സര്‍വീസുകള്‍
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ജില്ലയിലെ കെഎസ്ആര്‍ടിസി- സ്വകാര്യബസ് സര്‍വീസുകളും താളംതെറ്റി. കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ഡിപ്പോകളില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളെല്ലാം കുറ്റ്യാടി ചുരംവഴി സര്‍വീസ് നടത്തി. ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം വയനാട്ടില്‍നിന്ന് പോയതും വയനാട്ടിലേക്ക് വന്നതുമായ ദീര്‍ഘദൂര ബസുകളുടെയെല്ലാം സമയക്രമം തെറ്റി. മണിക്കൂറുകള്‍ വൈകിയാണ് ബസുകള്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെ ബസ് വൈകുന്ന വിവരം അധികൃതര്‍ ഫോണില്‍ വിളിച്ചറിയിച്ചു. ബസുകള്‍ വൈകിയതോടെ കുറ്റ്യാടി ബസ് സ്റ്റാന്‍ഡിലടക്കം കാത്തുനിന്ന് ജനങ്ങള്‍ വലഞ്ഞു.
കല്പറ്റ ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്ക് കുറ്റ്യാടി വഴി രണ്ടു സര്‍വീസുകള്‍ നടത്തി. കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന മറ്റു ബസുകള്‍ ലക്കിടി-സുല്‍ത്താന്‍ബത്തേരി, ലക്കിടി-മാനന്തവാടി സര്‍വീസുകളായി ഓടി. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ ഒന്നും ഓടിയില്ല. യാത്രക്കാരുടെ ആവശ്യാനുസരണം ലക്കിടിവരെ സര്‍വീസ് നടത്തി. മാനന്തവാടി ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എട്ടു സര്‍വീസുകള്‍ കുറ്റ്യാടി വഴി നടത്തി. മൂന്നു സര്‍വീസുകള്‍ റദ്ദാക്കി. ഗതാഗതക്കുരുക്ക് കാരണം രാവിലെ അയച്ച ബസുകള്‍ വൈകീട്ടാണ് തിരികെയെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടേക്കുള്ള ബൈ റൂട്ട് സര്‍വീസുകള്‍ ലക്കിടിവരെ സര്‍വീസ് നടത്തി മടങ്ങി. കോഴിക്കോട്ടേക്കുള്ള സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല.
വരുമോ, ബദല്‍പ്പാതകള്‍...
ചുരം പാതയില്‍ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടതോടെ ആശുപത്രിയില്‍ പോകാന്‍പോലും വയനാട്ടിലുള്ളവര്‍ വലഞ്ഞു. യാത്രാദുരിതത്തില്‍ വയനാട്ടിലേക്കുള്ള ബദല്‍പ്പാതകളും ചര്‍ച്ചയായി. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പ്പാത, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്, എയര്‍സ്ട്രിപ്പ് തുടങ്ങിയ പദ്ധതികളാണ് വീണ്ടും ചര്‍ച്ചയായത്. വയനാടിന്റെ യാത്രാദുരിതം മനസ്സിലാക്കി ബദല്‍പ്പാതകള്‍ക്കായി അധികൃതര്‍ കനിയുമോയെന്നാണ് ജനങ്ങളുടെ ചോദ്യം.
സഹായിക്കാന്‍പോലും പറ്റാത്ത സ്ഥിതി
കുറ്റ്യാടിയില്‍നിന്ന് ബസ് കിട്ടാത്തതുകാരണം സഹായം ചോദിച്ച് പലരും വിളിച്ചിരുന്നു. മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞവരാണ് അവരെല്ലാം. ഒരു വാഹനവുമായി ചെന്ന് കൂട്ടിക്കൊണ്ടുവരാനോ, അല്ലെങ്കില്‍ കുറ്റ്യാടിയില്‍നിന്ന് ഒരു വാഹനസൗകര്യം ഏര്‍പ്പെടുത്താനോ ചുരത്തിലെ കുരുക്ക് കാരണം കഴിഞ്ഞില്ല. പലരും വലിയ തുക കൊടുത്ത് ടാക്‌സിയും ട്രാവലറുമൊക്കെ വിളിക്കേണ്ട അവസ്ഥ വന്നു. എന്നാലും കുരുക്കില്‍ കുടുങ്ങി ഏറെസമയം പിന്നിട്ടാണ് എത്തുക. ഏതെങ്കിലും ഒരു ബദല്‍പ്പാതയുണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥയുണ്ടാവില്ലായിരുന്നു.
അന്‍വര്‍ സാദത്ത്
വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തംഗം
സാഹസികദൗത്യം
താമരശ്ശേരി: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ച താമരശ്ശേരി ചുരത്തില്‍ ഗതാഗതപുനഃസ്ഥാപനത്തിനായി ബുധനാഴ്ച നടന്നത് സാഹസികവും കഠിനവുമായ ദൗത്യം. ഉയരമുള്ള ചെങ്കുത്തായ ചുരംപാതയോരത്തെ പാറക്കെട്ടില്‍നിന്ന് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡിലേക്ക് പൊട്ടിയടര്‍ന്ന കൂറ്റന്‍പാറക്കല്ലുകളും മണ്ണും വന്‍മരങ്ങളുമെല്ലാം മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് നീക്കംചെയ്യാന്‍ സാധിച്ചത്.
ഇടിഞ്ഞ് റോഡ് നിറഞ്ഞുകിടക്കുന്ന കല്ലുകള്‍ക്കും മണ്ണിനും മീതേ ചക്രം കയറ്റിയായിരുന്നു എസ്‌കവേറ്ററുകളും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം പ്രവര്‍ത്തിപ്പിച്ചത്. വലിയ ഭാരമുള്ള കല്ലുകളും മരത്തടികളുമെല്ലാം മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് നീക്കിയതും, ടിപ്പര്‍ലോറികളിലേക്ക് നിറച്ചൊഴിവാക്കിയതുമെല്ലാം വളരെ ശ്രമകരമായിരുന്നു. ഇതിനിടെ അതിരാവിലെമുതല്‍ ചുരത്തില്‍ മൂടിയ കോടമഞ്ഞ് തീര്‍ത്ത കാഴ്ചകളിലെ അവ്യക്തതയും ഇടയ്ക്കിടെ പെയ്തെത്തിയ മഴയുമെല്ലാം സ്ഥിതി പ്രതികൂലമാക്കി. ഉച്ചയോടെ തീര്‍ക്കാനാവുമെന്ന് കരുതിയ പ്രവൃത്തി പിന്നെയും മണിക്കൂറുകള്‍ നീണ്ടു.
മണ്ണിടിച്ചിലിന്റെ കാരണവും തുടര്‍സാധ്യതയും തേടിയുള്ള വിദഗ്ധസംഘത്തിന്റെ പരിശോധനയും സാഹസികമായിത്തന്നെയായിരുന്നു. നടന്നെത്താവുന്ന ഭാഗത്തുനിന്ന് കയറി മണ്ണിടിച്ചിലുണ്ടായ മീറ്ററുകളോളം ഉയരമുള്ള പാറക്കെട്ടിന്റെ മുകള്‍ഭാഗത്തിന് സമീപമെത്തി അവിടെനിന്ന് കയര്‍ കെട്ടിത്താഴ്ത്തി അതില്‍ പിടിച്ചായിരുന്നു കയറ്റവും ഇറക്കവും.
മണ്ണിടിച്ചിലിന്റെ വ്യാപ്തി പരിശോധിക്കാനായി ഡ്രോണും ഉപയോഗപ്പെടുത്തി. പാറക്കല്ലിനും മണ്ണിനുമൊപ്പം വീണ മരങ്ങള്‍ മാറ്റുകയെന്നതുതന്നെ ആയാസമുള്ള പ്രവൃത്തിയായിരുന്നു. മരങ്ങള്‍ യന്ത്രക്കൈകള്‍കൊണ്ട് തട്ടി താഴോട്ട് ഇടുന്നതിനിടെ കുടുങ്ങിയ ഒരു വന്‍മരത്തടി, കല്പറ്റ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ കോരിയില്‍ കയറി കയറുകെട്ടിയശേഷമാണ് താഴോട്ട് വലിച്ചിട്ടത്.
കല്പറ്റ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്കൊപ്പം ചുരം ഗ്രീന്‍ ബ്രിഗേഡ്, ചുരംസംരക്ഷണസമിതി തുടങ്ങിയ വിവിധസംഘടനകളിലെ സന്നദ്ധപ്രവര്‍ത്തകരും ദൗത്യത്തില്‍ പങ്കാളികളായി. മണ്ണിടിഞ്ഞഭാഗം ഏതുസമയവും ഇടിഞ്ഞുവീഴാവുന്നതരത്തിലാണ് നിലകൊണ്ടതെന്നതിനാല്‍ ജാഗ്രതയോടെയായിരുന്നു പ്രവൃത്തി. ഇടിഞ്ഞ ഭാഗത്തിനുമുകളില്‍ ഒരു പാറക്കെട്ട് വീഴാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെ ആ മുകള്‍ഭാഗത്തുനിന്ന് യന്ത്രക്കൈ ഉപയോഗിച്ച് കല്ലുകള്‍ വലിച്ചുനീക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തി. അതിനിടെ വൈകീട്ട് നാലുമണിയോടെ ഇടിഞ്ഞഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞത് ആശങ്ക പരത്തി.
ചുരംപാത അടച്ചതായി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി ചരക്കുലോറികള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ ചുരംപാതയിലേക്കെത്തി. അവയെല്ലാം അടിവാരത്തും ലക്കിടിയിലുമായി പോലീസ് പിടിച്ചിട്ടു. ഗതാഗതതടസ്സമൊഴിയുന്നതും കാത്ത് രാത്രിവരെ അടിവാരത്ത് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന ലോറികളുടെ നിര അടിവാരം ടൗണ്‍മുതല്‍ ഗദ്സമേന്‍ ഗ്രോട്ടോ പരിസരംവരെ നീണ്ടു.
എംഎല്‍എമാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ രേഖ, വയനാട് സബ് കളക്ടര്‍ അതുല്‍ സാഗര്‍, എഡിഎം കെ. ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍, കല്പറ്റ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍, കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ്, പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ സി. രാജേഷ് ചന്ദ്രന്‍, എഎക്സിഇ കെ.വി. സുജീഷ്, അസി.എന്‍ജിനിയര്‍ എം. സലീം, വയനാട് ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്‍ജുമോന്‍, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അസി.എന്‍ജിനിയര്‍ എം. സിയൂസ്, വയനാട് ജില്ലാ ഹാസാര്‍ഡ് അനലിസ്റ്റ് പി. അരുണ്‍, കനലാട് എസ്എഫ്ഒ ടി.വി. ഷൈരാജ് തുടങ്ങി ഒട്ടേറെപ്പേര്‍ സ്ഥലത്ത് സന്നിഹിതരായി.
വഴിതുറക്കാന്‍ അതിസാഹസികദൗത്യവുമായി അഗ്‌നിരക്ഷാസേനയും വനംവകുപ്പും
ലക്കിടി : ചുരത്തിലെ വഴിതുറക്കാന്‍ അതിസാഹസികദൗത്യവുമായി അഗ്‌നിരക്ഷാസേനയും വനംവകുപ്പും. ബുധനാഴ്ച വൈകീട്ട് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കല്ലും മണ്ണും മാറ്റുന്നതിനിടെ മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് വീണ്ടും മണ്ണും കല്ലും ഇളകിവീഴാന്‍ തുടങ്ങിയതോടെയാണ് കല്പറ്റയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളും കല്പറ്റ റെയ്ഞ്ചിലെ വനംവകുപ്പധികൃതരും സാഹസികദൗത്യത്തിന് മുതിര്‍ന്നത്. കല്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ. കൃഷ്ണന്റെയും കല്പറ്റ റെയ്ഞ്ച് ഓഫീസര്‍ കെ. ഹാഷിഫിന്റെയും നേതൃത്വത്തിലുള്ള സംഘം വനത്തിലൂടെ മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രത്തിലെത്തി. ശേഷം മരത്തില്‍ കയറുകെട്ടി മണ്ണിടിഞ്ഞ ഭാഗത്തുകൂടി താഴേക്കിറങ്ങി എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന മണ്ണും കല്ലും ഇളക്കി താഴെയിട്ടു. ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കോരി നീക്കി. ഗതാഗതം പുനഃസ്ഥാപിച്ചതിനുശേഷം അവശേഷിക്കുന്ന കല്ലും മണ്ണും റോഡിലേക്ക് വീഴുന്നതൊഴിവാക്കാനായിരുന്നു സാഹസികദൗത്യം. കല്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ. കൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷാഹുല്‍ ഹമീദ്, കെ.ആര്‍. ദീപു, വനംവകുപ്പ് ആര്‍ആര്‍ടി അംഗം സി. ഷഫീഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. സാജന്‍ എന്നിവരാണ് കയറിലൂടെ താഴേക്കിറങ്ങിയത്.
മണ്ണിടിച്ചിലുണ്ടായശേഷം കല്പറ്റ റെയ്ഞ്ച് ഓഫീസര്‍ കെ. ഹാഷിഫിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുതവണയാണ് മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ കയറി പ്രാഥമികപരിശോധന നടത്തി. ബുധനാഴ്ച രാവിലെ വിദഗ്ധസംഘത്തോടൊപ്പം വീണ്ടും കയറി. വൈകീട്ട് അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം സാഹസികദൗത്യത്തിനായും കയറി. ആര്‍ആര്‍ടി അംഗം സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, വാച്ചര്‍ ദീപ്തിഷ്, എന്നിവരും ദൗത്യത്തില്‍ പങ്കാളികളായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണവും ഉണ്ടായിരുന്നു.
കുറ്റ്യാടി ചുരത്തില്‍ ഗതാഗതക്കുരുക്കും കനത്തമഴയും
തൊട്ടില്‍പ്പാലം: താമരശ്ശേരി ചുരത്തില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിരിച്ചുവിട്ട വാഹനങ്ങള്‍ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ബുധനാഴ്ച പുലര്‍ച്ചെവരെ വലിയ ഗതാഗതക്കുരുക്ക്. രാത്രി പത്തുമണിമുതല്‍ രാവിലെ ഒന്‍പതുമണിവരെ ഗതാഗതം താറുമാറായി. തൊട്ടില്‍പ്പാലം പോലീസും ചുരം ഹെല്‍പ്പ് ഡസ്‌ക് വൊളന്റിയേഴ്‌സും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും പുലര്‍ച്ചെവരെ പ്രയത്‌നിച്ചാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കര്‍ണാടകയിലേക്കും വയനാട്ടിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോയത്. പുലര്‍ച്ചയോടെ വലിയ ഗതാഗതക്കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30-ഓടെ ഇടയ്ക്കിടെയുള്ള സമയങ്ങളില്‍ മേലെപൂതംപാറയില്‍ ഉള്‍പ്പെടെ ഏറെനേരം വീണ്ടും ഗതാഗതക്കുരുക്കായിരുന്നു.
ചുരത്തില്‍ കനത്ത മഴ
ബുധനാഴ്ച രാവിലെമുതല്‍ ചുരത്തില്‍ ശക്തമായ മഴയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാലാം വളവിലും എട്ടാം വളവിലും പത്താം വളവിലും മണ്ണിടിഞ്ഞഭാഗം ഏതുനിമിഷവും വീഴാനായി നില്‍ക്കുകയാണ്. മഴ കനക്കുന്നതോടെ മണ്ണ് പാതി ഇളകിയിട്ടുണ്ട്. പത്താംവളവിലാണ് ആറുമീറ്റര്‍ ഉയരത്തിലുള്ള കൈയാല റോഡിലേക്കുപതിച്ച് കഴിഞ്ഞദിവസം ഗതാഗതം തടസ്സപ്പെട്ടത്. മഴയില്‍ മണ്ണ് കുതിര്‍ന്ന് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കൈയാല നിലംപതിക്കുകയാണെങ്കില്‍ പത്താം വളവിലെ കടകള്‍ പൂര്‍ണമായും തകരും.
റോഡില്‍ കുഴികള്‍, അപകടം പതിവ്
കോഴിക്കോട്, വടകര, ഭാഗങ്ങളില്‍നിന്ന് മൈസൂരുവിലേക്ക് ദൂരം കുറഞ്ഞ റോഡായതിനാലും രാത്രിയാത്രാ നിരോധനമില്ലാത്തതിനാലും ഒട്ടേറെ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. കൂടാതെ തമിഴ്നാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന കുറ്റ്യാടി ചുരത്തില്‍ കുണ്ടും കുഴിയുമാണ്. ചുരം തുടങ്ങുന്ന പൂതംപാറ മുതല്‍ പതിനൊന്നാം വളവുവരെ റോഡില്‍ മുഴുവന്‍ കുഴികളാണ്. റോഡിന്റെ ഇരുഭാഗത്തും ഓവുചാല്‍ ഇല്ലാത്തതിനാല്‍ മഴപെയ്യുമ്പോള്‍ റോഡിലൂടെയാണ് വെള്ളം ഒഴുകിപ്പോകുന്നത്. ഇതോടെ റോഡിന്റെ മധ്യഭാഗം മുതല്‍ റോഡിന്റെ അറ്റംവരെ റോഡ് പൊട്ടിപ്പൊളിഞ്ഞു. ചുരം റോഡ് മലയോര ഹൈവേയുടെ ഭാഗമായതിനാല്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് കെആര്‍എഫ്ബിയാണ്. ബുധനാഴ്ച പുലര്‍ച്ചെ ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ ആന്ധ്ര സ്വദേശി റാവുള്ളപള്ളിക്ക് പരിക്കേറ്റു. ചുരം ഇറങ്ങിവരവെ നിയന്ത്രണംവിട്ട വാന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Content Highlights: Landslide at Thamarassery Ghat isolates Wayanad, causing traffic chaos and stranding travelers
Published: 28 Aug 2025, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented