
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാനമുഖമാണ് എ.വി. ജയൻ.
ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനമാണ് തന്നെ വേട്ടയാടുന്നതിലേക്ക് നയിച്ചതെന്നും എ.വി. ജയൻ പറഞ്ഞു. '35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്', ജയൻ ആരോപിച്ചു.
നേരത്തേതന്നെ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാർട്ടി മത്സരിച്ചത്. പൂതാടി പഞ്ചായത്തിൽ ഭരണം നേടുകയും ചെയ്തു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്കാണ് നൽകിയത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
'പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളോട് സഹകരിച്ച് മുന്നോട്ടുപോകാൻ ഇനി എനിക്ക് സാധിക്കില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. കേവലം, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ വിഷയം, കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം വലിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഒന്നൊന്നര വർഷമായി എന്നെ ചിലർ നിരന്തരം വേട്ടയാടുകയാണ്. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം', ജയൻ വ്യക്തമാക്കി.
'അവഗണിക്കുന്ന സ്ഥലത്ത് വീണ്ടും നമ്മുടെ സാന്നിധ്യം അറിയിക്കേണ്ട എന്നാണ് തീരുമാനം. ജനങ്ങൾ തിരഞ്ഞെടുത്ത പഞ്ചായത്ത് മെമ്പർ എന്ന സ്ഥാനം മുന്നോട്ടു കൊണ്ടുപോണമെന്ന് ആഗ്രഹമുണ്ട്', ജയൻ മാതൃഭൂമിയോട് പറഞ്ഞു.
Content Highlights: Poothadi CPM faces severe organizational crisis as Panchayat Member A.V. Jayn announces departure due to alleged isolation and harassment within the party.
Published: 16 Jan 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented